ഇനി വരുന്നത് വസന്തമാണ്.. നമ്മുടെ ചിന്തകളും സുഗന്ധ പൂര്‍ണ്ണമാവട്ടെ..
അറബിക് കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉല്‍അവ്വലാണ് ഇനി വരാനിരിക്കുന്നത്. പ്രവാചകജന്മം കൊണ്ട് മഹത്തരമായ മാസമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ട മാസം. ലോകമുസ്‍ലിംകളില്‍ വലിയൊരു വിഭാഗം ഏറെ ആവേശത്തോടെയും അതിലേറെ ആത്മാനുരാഗത്തോടെയും വരവേല്‍ക്കുന്ന മാസം. ആദ്യവസന്തം എന്ന ആ പേരിന് തന്നെ വല്ലാത്തൊരു സുഗന്ധവും സൌരഭ്യവുമുണ്ടെന്ന് തോന്നുന്നു.
അതേ സമയം, പ്രവാചകരോ സ്വഹാബതോ ആദ്യകാലപണ്ഡിതരോ സച്ചരിതരോ ഇങ്ങനെ ഒരു ദിനം ആഘോഷിച്ചിട്ടില്ലെന്നും അതിനാല്‍ അത് ബിദ്അതാണെന്നും പറയുന്ന മറ്റൊരു വിഭാഗവും നമുക്കിടയിലുണ്ട്. വിവിധ വിശ്വാസ-കര്‍മ്മ കാര്യങ്ങളില്‍ മുസ്‍ലിം ലോകത്തെ അഭിപ്രായവൈജാത്യങ്ങള്‍ എല്ലാവര്‍ക്കുമറിയുന്നതാണ്. അശ്അരീ-മാതുരീദീ എന്നീ പേരുകളിലറിയപ്പെടുന്ന വിശ്വാസകാര്യങ്ങളിലെ വ്യത്യസ്ത ധാരകളെയും ശാഫിഈ-ഹനഫീ-മാലികീ-ഹമ്പലീ എന്നീ പേരുകളിലറിയപ്പെടുന്നതും അല്ലാത്തതുമായ കര്‍മ്മ ശാസ്ത്ര സരണികളെയും ഉള്‍ക്കൊണ്ടവരാണ് നാം. അത് കൊണ്ട് തന്നെ അഭിപ്രായാന്തരങ്ങള്‍ സ്വാഭാവികമെന്നേ പറയേണ്ടതുള്ളൂ. എന്നാല്‍, ഈ അന്തരങ്ങളെ സമീപിക്കുന്നതിലും വിരുദ്ധ ആശയക്കാരനോട് വര്‍ത്തിക്കുന്നതിലും മാന്യമായ രീതിയും ശൈലിയും സൂക്ഷിക്കാനാവുമ്പോഴാണ് ഏതൊരാളുടെയും ഇസ്‍ലാം പൂര്‍ണ്ണമാവുന്നത്. അത് എല്ലാ കാലത്തും എല്ലാ ദേശത്തും അങ്ങനെത്തന്നെ.
പറഞ്ഞുവരുന്നത്, റബീഉല്‍ അവ്വല്‍ സമാഗതമാവുന്നതോടെ, അതിനെതിരെ, മൌലിദ് പാരായണത്തിനും ആഘോഷത്തിനുമെതിരെ ഇതരമതസ്ഥരുടെയിടയില്‍ പോലും സമുദായത്തെ അപമാനപ്പെടുത്തും വിധമുള്ള സോഷ്യല്‍മീഡിയാ യുദ്ധങ്ങളോ തെരുവ് തോറും മൈകും എല്‍സിഡിയുമായുള്ള ഘോരഘോര പ്രഭാഷണങ്ങളോ നടത്തി ഈ മാസം തള്ളിനീക്കുന്ന ശൈലി ഇനിയെങ്കിലും അത്തരക്കാര്‍ ഒഴിവാക്കണമെന്ന് തന്നെയാണ്.
ബിദ്അത് കാണുന്ന സമയത്ത് തടയേണ്ടത് ദാഇയുടെ ബാധ്യതയല്ലേ എന്നൊക്കെ ഒരു പക്ഷേ, ഇത് ബിദ്അതാണെന്ന് പറയുന്നവര്‍ ന്യായമായി പറഞ്ഞേക്കാം, അല്ലെങ്കില്‍ തോന്നിയേക്കാം. എന്നാല്‍, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാവുമെന്ന് പേടിച്ച് ശിര്‍ക് ചെയ്യുന്നത് പോലും വിലക്കാതെ മാറി നിന്ന ഹാറൂന്‍ (അ) ന്റെ ചരിത്രവും ഖുര്‍ആന്‍ പറയുന്നത് കാണാതെ പോയിക്കൂടാ. തന്റെ സമൂഹത്തിന് നല്ലത് മാത്രം കാംക്ഷിക്കുക (നസ്വീഹത്) തന്നെയാണ് ഏറ്റവും പ്രധാനമെന്നര്‍ത്ഥം. ഈ അടിസ്ഥാനകാര്യമെങ്കിലും അവര്‍ ഓര്‍ക്കേണ്ടതാണ്.
ആഘോഷിക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ട്. പ്രവാചക പ്രണയത്തില്‍ മതിമറന്നവര്‍ അവരുടെ കൂട്ടത്തിലുണ്ട്, ആ സ്നേഹത്തിന്റെ പ്രകടനമെന്നോണം തങ്ങള്‍ ചെയ്യുന്നത് പ്രതിഫലാര്‍ഹമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ് അവരെല്ലാവരും. സ്നേഹത്തിനും അതിന്റെ പ്രകടനത്തിനും രീതികളേറെയാണ്. പ്രവാചകരുടെ വിയോഗാനന്തരം ഇനി മദീനയില്‍ നില്‍ക്കാന്‍ എനിക്കാവില്ലെന്ന് പറഞ്ഞ് നാട് വിട്ടവരും പ്രവാചകര്‍ ഇവിടെയാണെന്നതിനാല്‍ ഇനി മദീന വിട്ട് എങ്ങോട്ടുമില്ലെന്ന് പറഞ്ഞ് പുറം കടക്കാത്തവരും സ്വഹാബതിലുണ്ടായിരുന്നുവല്ലോ. രണ്ടും ശരി തന്നെയാണ് താനും.
പ്രവാചക പ്രകീര്‍ത്തനം നടത്തുന്നതും അതിന് സന്നിഹിതരായവര്‍ക്ക് ഭക്ഷണം വിളമ്പുന്നതും സല്‍കര്‍മ്മമല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അവരെ കേവലം ഉദരംഭരികളായോ ശാപ്പാട്ട് രാമന്മാരായോ മുദ്രകുത്തുമ്പോള്‍, അവിടെ ഇല്ലാതെയാവുന്നത് പ്രബോധകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ പ്രഥമപ്രധാന വിശേഷണമായ നസ്വീഹത് (ഗുണകാംക്ഷ)യാണ്. അത് ഇല്ലാതെ നടത്തുന്നതൊന്നും പ്രബോധനം അല്ല തന്നെ.
ബിദ്അത് ആണെന്ന് പറയുന്നവരും അത് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരും പറയുന്നവരും തന്നെയായിരിക്കാം. അത് കൊണ്ട് തന്നെ അവരെയും നമുക്ക് വെറുതെ വിടാം. അതിന്റെ പേരില്‍ അവരെ നാം പ്രവാചകസ്നേഹമില്ലാത്തവരെന്നോ അനുരാഗവിരോധികളെന്നോ ആരോപിക്കേണ്ടതില്ല.
ആയതിനാല്‍, ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക. അഭിപ്രായാന്തരങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളുക. പരസ്പരം ഭിന്നിക്കുന്നതിന് മുമ്പായി ഭിന്നിക്കുന്നതിന്റെ മര്യാദ പഠിക്കാന്‍ നാം തയ്യാറാക്കുക. ഈ മാനസികോന്നതിയിലേക്ക് വളരുന്നതിലൂടെ, സമാന വിഷയങ്ങളില്‍ സമുദായം അനുഭവിക്കുന്ന ഒട്ടു മിക്ക പ്രശ്നങ്ങള്‍ക്കും വളരെ ലളിതമായ പരിഹാരം സ്വയം ജന്മം കൊള്ളും. വിജ്ഞാനത്തിന്റെ മര്‍മ്മവും ആഴവും പരപ്പും അറിഞ്ഞ നമ്മുടെ മുന്‍ഗാമികളൊക്കെ ഭിന്നിച്ചത് അങ്ങനെ മാത്രമായിരുന്നു.
പല മസ്അലകളിലും ഒരേ അഭിപ്രായത്തിലെത്തി, അവസാനം ഒരു മസ്അലയില്‍ വിരുദ്ധ അഭിപ്രായത്തിലെത്തിപ്പെട്ടതിനെ തുടര്‍ന്ന് തന്റെ സദസ്സില്‍നിന്ന് പിണങ്ങിപ്പോയ പണ്ഡിതന്റെ വീട്ടുവാതില്‍ക്കലെത്തി മുട്ടി വിളിച്ച്, വിയോജിക്കാന്‍ നമുക്ക് ഒരു കാരണമല്ലേയുള്ളൂ, യോജിക്കാന്‍ നൂറ് നൂറ് കാരണങ്ങളില്ലേ എന്ന് ചോദിച്ച ഇമാം ശാഫിഈ(റ) ആയിരിക്കട്ടെ നമ്മുടെ മാതൃക.
Leave A Comment