സല്‍പ്പേര് സ്വര്‍ഗത്തിലെത്തിക്കും
ജനങ്ങള്‍ക്കിടയില്‍ നല്ലത് പറയിപ്പിക്കലും സല്‍പ്പേരുണ്ടാക്കലും വിശിഷ്ടമായ സ്വഭാവഗുണമാണ്. അതിന്റെ ലക്ഷ്യം പവിത്രവുമാണ്.
പ്രവാചകന്മാരൊക്കെയും അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കണമേ എന്നാണ് ഇബ്രാഹിം നബി (സ്വ) പ്രാര്‍ത്ഥിച്ചിരുന്നത് (ഖുര്‍ആന്‍, സൂറത്തുല്‍ ശുഅറാ 84). നാഥന്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. ലോകത്താകമാനം അദ്ദേഹത്തിന്റെ യശസ്സ് ഉയര്‍ത്തുകയും കുടുംബത്തില്‍ പ്രവാചകന്മാരെക്കൊണ്ടും ദൂതന്മാരെക്കൊണ്ടും അനുഗ്രഹം ചൊരിയുകയും ചെയ്തു. അല്ലാഹു പറയുന്നു നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക് നാം നല്‍കുകയും, അവര്‍ക്ക് നാം ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു (ഖുര്‍ആന്‍, സൂറത്ത് മര്‍യം 50).
നമ്മുടെ നബി പ്രവാചകര്‍ മുഹമ്മദ് നബി (സ്വ.അ) പ്രവാചകത്വലബ്ധിക്ക് മുമ്പ് തന്നെ സത്യസന്ധനും വിശ്വസ്തനുമായിട്ടാണ് അറിയപ്പെട്ടിരുന്നത്. പ്രവാചകനാവുന്നതിന് മുമ്പ് തന്നെ തിരുമേനി (സ്വ.അ) ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയിരുന്നുവെന്നര്‍ത്ഥം. മക്കാനിവാസികള്‍ നബി (സ്വ.അ) യെയാണ് ധനവും സ്വത്തുവകകളും വിശ്വസിച്ചേല്‍പ്പിച്ചിരുന്നത്. അവര്‍ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായവിത്യാസമുള്ളവരായാല്‍ നബി (സ്വ്) തങ്ങളെയാണ് സമീപിക്കാറുള്ളത്. മാത്രമല്ല, അവര്‍ പറയുമായിരുന്നു മുഹമ്മദില്‍ നിന്ന് ഞങ്ങള്‍ ഇതുവരെ കളവ് അനുഭവിച്ചിട്ടില്ല.
അല്ലാഹുവില്‍ നിന്നുള്ള ദിവ്യബോധനം (വഹ്‌യ്) ഇറങ്ങാന്‍ തുടങ്ങിയത് മുതല്‍ തിരുദൂതരുടെ (സ്വ) സല്‍കീര്‍ത്തി ഇഹലോകത്തും പരലോകത്തും ഉയര്‍ത്തുകയായിരുന്നു. അല്ലാഹു പറയുന്നു താങ്കള്‍ക്ക് നാം താങ്കളുടെ ശ്രുതികള്‍ ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു (ഖുര്‍ആന്‍, സൂറത്തുല്‍ ശര്‍ഹ് 4). തിരുമേനി (സ്വ)യുടെ സല്‍കീര്‍ത്തിയും സല്‍സ്വഭാവവും ലെവലേശം സംശയമന്യെ സര്‍വ്വരാലും അംഗീകൃതമായിരുന്നു. ജഅ്ഫര്‍ ബ്‌നു അബൂത്വാലിബ് (റ) പറയുന്നു അല്ലാഹു നമ്മളിലേക്ക് നിയോഗിച്ചത് നമ്മളില്‍ നിന്ന് തന്നെയുള്ള ദൂതരെയാണ്, നമ്മള്‍ക്ക് അവരുടെ കുലവും കുലീനതയും ശാലീനതയും സത്യസന്ധതയും വിശ്വസ്തതയും വ്യക്തമായി അറിയാം.
ഒരിക്കല്‍ റോം രാജാവായിരുന്ന ഹിര്‍ഖല്‍ അബൂസുഫിയാനോട് (മുസ്ലിമാവുന്നതിന് മുമ്പ്) നബി (സ്വ)യെ പറ്റി ചോദിക്കുകയുണ്ടായി. അവര്‍ പ്രബോധനം നടത്തുന്നതിന് മുമ്പ് നിങ്ങളില്‍ ആരെങ്കിലും അദ്ദേഹത്തിനെതിരെ കളവ് ആരോപിച്ചിരുന്നുവോ. അബൂസുഫ് യാന്‍ ഇല്ല. ഹിര്‍ഖല്‍ എനിക്കറിയാം, അദ്ദേഹം സൃഷ്ടാവിന്റെ മേലിലും സൃഷ്ടികളുടെ മേലിലും കളവ് നടത്തുകയില്ല. (ഹദീസ്, ബുഖാരി, മുസ്ലിം)
സല്‍പ്പേരും സല്‍കീര്‍ത്തിയും സല്‍സ്വഭാവവും ഉള്ളവര്‍ സമൂഹത്തില്‍ എന്നും ഓര്‍ക്കപ്പെടും, അവരുടെ ശ്രുതിശോത്രങ്ങള്‍ ചക്രവാളങ്ങള്‍ ഭേദിച്ച് മുന്നേറും. ഹൃദയങ്ങള്‍ അവര്‍ക്കായി തുറക്കപ്പെടും. മാനസങ്ങള്‍ അവര്‍ക്ക് വേണ്ടി വിശാലത പ്രാപിക്കുകയും ചെയ്യും. ഓരോര്‍ത്തരും അവരുടെ സാമീപ്യം കൊതിക്കുകയും നാഥന്‍ അവരുടെ മഹിമ വാനോളം ഉയര്‍ത്തുകയും ജനങ്ങള്‍ക്കിടയില്‍ അവരുടെ അന്തസ്സ് വരുത്തുകയും ചെയ്യും. അപ്രകാരമായിരുന്നു യൂസുഫ് നബി (സ്വ). അദ്ദേഹത്തെപ്പറ്റി സ്ത്രീകള്‍ പറയുന്നത് ഖുര്‍ആന്‍ വിവരിക്കുന്നത് ഇങ്ങനെ ആ സ്ത്രീകളെ വിളിച്ചുവരുത്തി രാജാവ് ചോദിച്ചു യൂസുഫിനെ വശീകരിക്കാന്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു. അവര്‍ പറഞ്ഞു അല്ലാഹു എത്ര പരിശുദ്ധന്‍ ! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദുഷ്‌കരമായതൊന്നും മനസ്സിലാക്കിയിട്ടില്ല (ഖുര്‍ആന്‍ സൂറത്തു യൂസുഫ് 51).
എതോപ്യന്‍ രാജാവായിരുന്ന നജ്ജാശി സുപ്രതിഷ്ഠിതനും സല്‍സ്വഭാവസമ്പന്നനുമായിരുന്നു. അദ്ദേഹത്തിന്റെ നീതിയും കീര്‍ത്തിയും വിശ്രുതമായിരുന്നു. നബി (സ്വ) പറഞ്ഞിട്ടുണ്ട് എതോപ്യയില്‍ (അന്നത്തെ അബ്ശ) ഒരു ഭരണാധികാരിയുണ്ട്, അദ്ദേഹത്തിന്റെയടുക്കല്‍ ഒരാള്‍പോലും അക്രമിക്കപ്പെടുകയില്ല (ഹദീസ് ബൈഹഖി). അങ്ങനെ നജ്ജാശിയുടെ സല്‍പ്പേര് നൂറ്റാണ്ടുകളായി സ്മരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു.
സല്‍പ്പേര് വ്യക്തികള്‍ക്കെന്നപ്പോലെ സമൂഹത്തിനും വരുത്തണം. അല്ലാഹു പറയുന്നു വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹമുണ്ടാക്കിക്കൊടുക്കുന്നതാണ്, തീര്‍ച്ച. (സൂറത്തു മര്‍യം 96).
നല്ല പെരുമാറ്റവും നീതിയുക്തവും ഉത്തരവാദിത്വപൂര്‍ണവുമായ ഇടപാടുകള്‍, ആകര്‍ഷകമായ സമീപനങ്ങള്‍, ഉന്നത സ്വഭാവവിശേഷണങ്ങള്‍, സല്‍പ്രവര്‍ത്തികള്‍ ഇവയൊക്കെയാണ് ഒരുത്തനില്‍ സല്‍പ്പേര് ഉണ്ടാക്കിത്തീര്‍ക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വഭാവമഹിമ കിട്ടണമെങ്കില്‍ വാക്കും പ്രവര്‍ത്തിയും സഭ്യമായിരിക്കണം, സ്വഭാവവും സാമീപ്യവും ശ്ലീലമായിരിക്കുകയും വേണം. വിശ്വാസി എന്നും സല്‍കീര്‍ത്തി കൊതിക്കണം. നബി (സ്വ) പറഞ്ഞിട്ടുണ്ട് ഒരുത്തന്‍ സംശയാസ്പദ കാര്യങ്ങളെതൊട്ട് വിട്ടുനിന്നാല്‍ അവന്‍ അവന്റെ ദീനിനെയും ആത്മാഭിമാനത്തെയും സംരക്ഷിച്ചിരിക്കുന്നു. സല്‍വൃത്തരായ വ്യക്തികള്‍ കൂടുമ്പോഴാണ് സമൂഹത്തിന് സല്‍പ്പേര് ഉണ്ടാവുന്നത്. മകന്റെ സ്വഭാവവൈശിഷ്ട്യം വീടിന്റെ സല്‍പ്പേരിലും പ്രതിഫലിച്ചുക്കണാം. ഉദ്യോഗസ്ഥന്റെ മനക്കരുത്തും കൃത്യതയും ജനങ്ങളുമായുള്ള സുതാര്യ ഇടപാടുകളും അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സല്‍പ്പേര് രൂപപ്പെടുത്തിക്കൊടുക്കും.
സല്‍കീര്‍ത്തി മറ്റുള്ളവരില്‍ മതിപ്പുളവാക്കുകയും അവനില്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമാക്കുകയും ചെയ്യും. സല്‍പ്പേരുള്ള കച്ചവടക്കാരന്റെ സത്യസന്ധതയിലും വിശ്വസ്തതയിലും ആകൃഷ്ടരായി ജനം അവനുമായി വ്യവഹാരം നടത്തുകയും, അത് കാരണം അവന്‍ ഇഹത്തില്‍ ലാഭമുണ്ടാക്കുകയും പരത്തില്‍ വിജയിയായിത്തീരുകയും ചെയ്യും. സ്വഭാവമാഹാത്മ്യമുള്ള അധ്യാപകനെ ആദരവ് പൊതിഞ്ഞുക്കൊണ്ടിരിക്കും. നാടിന്റെ ഖ്യാതി നാട്ടുകാരിലാണ് നിലക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ നാടിനായി ഓരോ നാട്ടുകാരനും മഹിമയും മേന്മയും നിലനിര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു.
(യു.എ.ഇ ഖുത്ബ വിവര്‍ത്തനം)
Leave A Comment