വീണ്ടും മാനുഷരെല്ലാരുമൊന്നുപോലെയാക്കിയ കോവിഡ്

ആഗോള സാമൂഹിക സാമ്പത്തിക  രംഗത്ത് വലിയ തിരിച്ചടിയായി  കോവിഡ്- 19 ഭൂരിഭാഗ രാജ്യങ്ങളിലും വ്യാപിച്ചുകഴിഞ്ഞു.  ലോകത്ത് 3.5 ബില്യൺ ജനങ്ങളെ വീട്ടുതടങ്കലിലാക്കി, സമൂഹിക ഘടന  അടിമുടി മാറ്റം വരുത്തി, ഓഫീസുകളും ഷോപ്പുകളുമെല്ലാം അടച്ചുപൂട്ടി അത് മുന്നേറുകയാണ്.

ഡോക്ടർമാരും ആരോഗ്യപ്രവര്‍ത്തകരും രാത്രിയും പകലും ഒരുപോലെ പ്രവർത്തന രംഗത്ത് സജീവമാണ്. ഈ സാഹചര്യത്തിൽ മാനുഷിക ഐക്യവും ഒത്തൊരുമായുമാണ് എല്ലായിടത്തും പ്രകടമാവുന്നത്, ഉണ്ടാവേതും അത് തന്നെ.
ശാസ്ത്രലോകം പ്രതിവിധി കണ്ടെത്താനുള്ള കിണഞ്ഞ ശ്രമത്തിലാണ്. ലോകനേതാക്കളെല്ലാം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി കഴിയുന്നതൊക്കെ ചെയ്യുന്നു. സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരുമെല്ലാം ആരും പട്ടിണി കിടക്കുന്നില്ലെന്നും രോഗം കാരണമോ മറ്റോ ഈ സമയത്ത് ആരും കഷ്ടപ്പെടുന്നില്ലെന്നും ഉറപ്പ് വരുത്താന്‍ ആവുന്നതൊക്കെ ചെയ്യുന്നു. മത നേതാക്കൾ ലോകജനങ്ങളോട് പ്രാർത്ഥനകൾ കൊണ്ട് കൽപിക്കുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ലോക ചർച്ച് കൗൺസിൽ സെക്രട്ടറി പ്രഖ്യാപിച്ചതുപോലെ "ഇപ്പോൾ ഉത്തരവാദിത്വവും ശ്രദ്ധയും കരുതലുമാണ് വേണ്ടത്, അവ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടയാളങ്ങളാണ്".
മനുഷ്യത്വമാണ് ഏറ്റവും വലിയ സത്യമെന്നതാണ് ഇത്തരം മഹാമാരികളും ദുരന്തങ്ങളും നമ്മോട് വിളിച്ച് പറയുന്നത്. എന്നാല്‍, ആ സത്യമുള്‍ക്കൊള്ളാന്‍ ഇങ്ങനെ വല്ലതും ഉണ്ടായേ മതിയാവൂ എന്നതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം. മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പാര്‍ട്ടിയുടെയും സംഘടനുകളുടെയുമെല്ലാം പേരില്‍ തമ്മിലടിക്കുന്ന മനുഷ്യര്‍, ഇത്തരം ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രമാണ് എല്ലാം മറന്ന് ഒന്നാവുന്നത്. അത് പോയിക്കഴിഞ്ഞാല്‍ വീണ്ടും പഴയ പടിയിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു. ഓര്‍ത്തുനോക്കിയാല്‍, ചിന്താശേഷിയുള്ള സമൂഹമെന്ന് വീമ്പ് പറയുന്ന നാം ചെയ്യുന്നത് എത്ര വലിയ വിഢിത്തമാണ്. 
ആയുധശേഖരങ്ങള്‍ക്ക് കാവലിരിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ഇതര നാടുകളില്‍ നടത്തിയ യുദ്ധങ്ങള്‍ക്കും അവ വിതച്ച കെടുതികള്‍ക്കും കൈയ്യും കണക്കുമില്ല. ഇന്ന് അവരും എല്ലാം നിര്‍ത്തി മാളത്തിലൊളിച്ചിരിക്കുന്നു. എല്ലാം അനാവശ്യവും തികഞ്ഞ അക്രമവുമായിരുന്നു എന്നല്ലേ ഇതെല്ലാം വിളിച്ചുപറയുന്നത്. 
അതുപോലെ, പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള നമ്മുടെ മനസ്സും ഇനിയെങ്കിലും മാറ്റപ്പെടേണ്ടതാണ്. വെള്ളം, വായു, പഴങ്ങൾ, സൂര്യപ്രകാശം എന്ന് വേണ്ട അടിസ്ഥാന ആവശ്യമായ മരുന്നുകളില്‍ പോലും ലാഭക്കൊതി മാത്രം ലക്ഷ്യമാക്കുന്ന നമുക്ക് എന്ത് ചിന്താശേഷിയാണ് അവകാശപ്പെടാനാവുക. ആവശ്യമില്ലാതെ ദിവസവും എത്രയെത്ര ഓപ്പറേഷനുകളാണ് നമ്മുടെ ആതുരാലയങ്ങള്‍ നടത്തിയിരുന്നത്. ഇന്ന് അവിടെയും ആരുമില്ല. ഉടന്‍തന്നെ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ മരിച്ചുപോകുമായിരുന്ന ആയിരക്കണക്കിന് പേരാണ് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞ രണ്ട് മാസത്തോളമായി സ്വഛന്ദമായി ജീവിച്ചുകൊണ്ടിരിക്കുന്നത്.
മലിനീകരണവും ഏറെ താഴോട്ട് പോയിരിക്കുന്നു. ഓസോണ്‍ പാളിയിലെ വിള്ളലുകള്‍ക്ക് പോലും ഇതോടെ സാരമായ മാറ്റം വന്നുവെന്ന് ശാസ്ത്രം പറയുമ്പോള്‍, നാം ചെയ്ത്കൂട്ടിയ അതിക്രമങ്ങളുടെ മാപിനിയായി വേറെന്ത് വേണം.
ഇനിയെങ്കിലും നമുക്ക് മാറിചിന്തിച്ചുകൂടേ. നാം ഇതുവരെ ചെയ്തിരുന്നതില്‍ പകുതിയിലധികവും അനാവശ്യമായിരുന്നുവെന്നും ചിലതെങ്കിലും അക്രമമായിരുന്നുവെന്നുമല്ലേ ഈ കോവിഡ് നല്കിയ ലോക്ഡൌണ്‍ നമ്മോട് പറയുന്നത്. മുഴുവന്‍ മനുഷ്യകുലത്തിന് ഒരു പുനരാലോചനക്ക് ഇത് വഴിവെക്കുമെങ്കില്‍, തീര്‍ച്ചയായും ഇത് നന്മയുടെ ഭാഗത്തേക്കുള്ള ഒരു തിരിച്ചുപോക്കായേക്കാം, എങ്കില്‍ തീര്‍ത്തും നല്ലത്. അല്ലാത്ത പക്ഷം, ഇനിയും സംഭവിക്കുന്നത് ഇത്തരം മഹാമാരികളുടെ തിരിച്ചുവരവുകളായിരിക്കാം. നമുക്ക് ശ്രമിക്കാം, നാം മാറിയാലേ സ്രഷ്ടാവും മാറ്റം വരുത്തുകയുള്ളൂ. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter