എന്തുകൊണ്ട് പ്രവാചകന്‍ യുദ്ധം ചെയ്തു?

കറുത്ത 7-ാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നടന്നത് ശ്രദ്ധേയമായ ഇടപെടലുകളാണ്. വിശുദ്ധ മക്കയിലെ ഖുറൈശി കുടുംബത്തില്‍ പിറന്ന മുഹമ്മദ് ബിന്‍ അബ്ദുല്ല (സ.അ) അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം നല്‍കിയ കാണിക്കയാണ് ഇസ്‌ലാം. അല്ലാഹു അതിന്നായി നിശ്ചയിച്ചത് സൗമ്യനും സല്‍സ്വഭാവിയും എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ടവരുമായ മുഹമ്മദ് നബി(സ.അ)യെ ആയിരുന്നു.

ഇസ്‌ലാമിന്റെ ദിവ്യ വെളിപാട് ജനങ്ങളില്‍ മാനസിക പരിവര്‍ത്തനം സാധിക്കുമ്പോള്‍ അതു സഹിഷ്ണുതയോടെ വീക്ഷിക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ അനിവാര്യമായ മാറ്റം അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്ത ഒരു വിഭാഗം ഈ പ്രസ്ഥാനത്തിന്റെ നാശത്തിനു വേണ്ടി എന്തു മാര്‍ഗ്ഗവും സ്വീകരിക്കുന്നു. സ്വാഭാവികമായും അവയെ പ്രതിരോധിക്കുക എന്നത് പ്രസ്ഥാന ബന്ധുക്കള്‍ക്ക് ബാധ്യതയായിത്തീരുന്നു.

കറുത്ത ഹൃദയങ്ങളുടെ ഉടമകളായ ശത്രുക്കളുടെ അടങ്ങാത്ത പക കാരണം നിരന്തരം നിരവധി തവണ നബി(സ) മര്‍ദ്ദിക്കപ്പെട്ടിരുന്നു. ശത്രുക്കള്‍ എല്ലായ്‌പ്പോഴും ഒരു കുറ്റവാളിയോടെന്ന പോലെയുള്ള നിലപാടിലാണ് നബി(സ)യെ പിന്തുടര്‍ന്നത്. വിശ്വാസികളെ പൈശാചിക പീഡനങ്ങള്‍ക്കു വിധേയരാക്കി. അമ്മാര്‍ കുടുംബത്തിന്റെയും, സുമയ്യ(റ) വിന്റെയും കരളലിയിക്കുന്ന കഥകള്‍ തന്നെ ഈ സത്യത്തിലേക്കുള്ള സത്യസാക്ഷിയാണ്. ഇസ്‌ലാമിലെ ഈ പ്രഥമ രക്തസാക്ഷിയെ എത്ര പൈശാചികമായാണ് മക്കക്കാര്‍ വധിച്ചത്! ചരിത്രത്തില്‍ തുല്ല്യത കാണാത്ത പീഡനങ്ങള്‍ക്കവര്‍ വിധേയരാക്കപ്പെട്ടു. സംസ്‌കാരത്തിന്റെയും മനുഷ്യത്വത്തിന്റെയും എല്ലാ സീമകളും ലംഘിച്ചു. (ശുഹദാഉല്‍ ഇസ്‌ലാം: പുറം-169).

ഈ മര്‍ദ്ദനമുറകളെല്ലാം അങ്ങേയറ്റം സഹനത്തോടെ, സംയമനത്തോടെ ക്ഷമിക്കുകയാണ് നബി(സ) ചെയ്തത്. യാതൊരു പ്രതിക്രിയകളും അവിടുന്ന് ചെയ്തിരുന്നില്ല. അവിടുന്നേറ്റെടുത്ത ദൗത്യം നിര്‍വഹിക്കുന്നതില്‍ വ്യാപൃതനാവുകയും തന്റെ സഹാബാക്കളുമൊത്ത് ഇസ്‌ലാമിക പ്രചരണത്തില്‍ മുഴുകുകയുമാണ് ചെയ്തത്. ഒരിക്കല്‍ പോലും ഒരു പ്രത്യാക്രമണത്തിനുള്ള നീക്കമോ, സൂചനയോ നബി(സ)യില്‍ നിന്നും അക്കാലങ്ങളില്‍ ഉണ്ടായിട്ടില്ല. ശത്രുക്കളുടെ മര്‍ദ്ദനങ്ങളുടെ കാഠിന്യം കൂടുകയും, അതുകാരണം അവിടുന്ന് അങ്ങേയറ്റം വിഷമിക്കുകയും ഒന്നിലധികം തവണ അനുചരന്‍മാര്‍ അന്യദേശത്തേക്കു പലായനം ചെയ്യുകയും മൂന്നു വര്‍ഷം പട്ടിണിയില്‍ അകപ്പെടുകയും അവസാനം മറ്റൊരു മാര്‍ഗമില്ലാതെ മദീനായിലേക്ക് അവിടുന്ന് ഹിജ്‌റ പോവുകയും ചെയ്യേണ്ടി വന്നു. ഇത്രയധികം സഹനവും, സഹവര്‍ത്തിത്വവും പുലര്‍ത്തിയിട്ടും ശത്രുക്കള്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ നിരന്തരം നബി(സ) യെ പീഡിപ്പിക്കുകയും, വധിക്കാന്‍ പദ്ധതികളാസൂത്രണം ചെയ്യുകയും ഒരു നിലക്കും ജീവിക്കാനനുവദിക്കാത്ത സാഹചര്യമുണ്ടാക്കുകയുമാണ് ശത്രുക്കള്‍ ചെയ്തത്. ന്യായമായ മാര്‍ഗത്തിലൂടെയുള്ള ആശയപ്രചരണം അനുവദിക്കാത്ത ശത്രുക്കള്‍ കായിക ബലത്തിലൂടെ ഇസ്‌ലാം വിപാടനം ചെയ്യാനാണ് ആദ്യാവസാനം ശ്രമിച്ചത്. ഈ ജുഗുപ്‌സാവഹമായ നയം ശത്രുക്കള്‍ മദീനയിലും നടപ്പിലാക്കിത്തുടങ്ങി. മദീനയിലെ താമസക്കാരായ യഹൂദികളെ കൂട്ടുപിടിച്ചു ഇസ്‌ലാമിനെതിരില്‍ ഗൂഢാലോചനകള്‍ നടത്തുകയും നിരന്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തുപോന്നു.

സ്വന്തം നാട്ടില്‍ ജീവിക്കാനനുവദിക്കാത്ത ശത്രുക്കള്‍ അഭയം തേടിയെത്തിയ മദീനയിലും ജീവിക്കാനും മതപ്രചരണം നടത്താനും അനുവദിക്കാതിരിക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്തു പോന്നു. ഒരു നിലക്കും ജീവിക്കാനും, പ്രാസ്ഥാനിക ചലനത്തിനും ശത്രുക്കള്‍ അനുവദിക്കില്ലെന്നുറപ്പായപ്പോള്‍ മാത്രമാണ് നബി(സ) ശത്രുക്കള്‍ക്കെതിരില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നത്. ഈ സാമ്പത്തിക ഉപരോധ തീരുമാനവും ഇസ്‌ലാം വിരോധികളുടെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. വസ്തുതകള്‍ മനസ്സിലാക്കാതെ ചരിത്രം വായിച്ചവരാണ് ഈ വിമര്‍ശകര്‍. മുസ്‌ലിംകളുടെ സാമ്പത്തിക മാര്‍ഗങ്ങളെല്ലാം ശത്രുക്കള്‍ കയ്യടക്കി വെക്കുകയും, മുസ്‌ലിംകളുടെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമാകുന്ന വാണിജ്യനയം മക്കക്കാര്‍ സ്വീകരിക്കുകയും അതുവഴി മുസ്‌ലിംകളെ കൂടുതല്‍ പീഡിപ്പിക്കാനും പൊതുവെ കാര്‍ഷിക മേഖലയായ മദീനയെ സാരമായി ബാധിക്കുന്ന കച്ചവടക്രമം നടപ്പിലാക്കുക വഴിയും മുസ്‌ലിംകളെ പട്ടിണിയിലേക്ക് തള്ളിവിടാനുമാണ് മക്കക്കാര്‍ മുതിര്‍ന്നത്. മുസ്‌ലിംകളുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ മുഴുവന്‍ മക്കയിലാണുണ്ടായിരുന്നതെന്നും മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന നാടു വിട്ടു വെറുംകൈയ്യോടെ മറ്റൊരു നാട്ടില്‍ അഭയാര്‍ത്ഥികളായി എത്തിയതാണെന്നും, മുസ്‌ലിംകള്‍ ഉപേക്ഷിച്ചുപോന്ന സാമ്പത്തിക വ്യൂഹം മക്കക്കാരുടെ കൈകളിലാണുള്ളതെന്നും പ്രത്യേകം ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ ശാമില്‍ (സിറിയ) നിന്ന് കച്ചവടച്ചരക്കുമായി വരുന്ന മക്കക്കാരായ ഖുറൈശികള്‍ക്ക് സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുക എന്ന നീതി മാത്രമായിരുന്നു ഒന്നാം യുദ്ധമായ 'ബദ്ര്‍' യുദ്ധത്തിലേക്ക് വഴി തെളിച്ചത്.

യാതൊരു നിലക്കും ഒരായുധ മത്സരത്തിന്റെ ഒരുക്കത്തോടെയല്ല നബി(സ)യും 313 സഹാബാക്കളും കച്ചവട സംഘത്തെ തേടി പുറപ്പെട്ടതെന്ന് അവരവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളുടെ കണക്കുകള്‍ തന്നെ സംസാരിക്കുന്നു. നബി(സ) ഒരിക്കലും ഒരക്രമത്തിനു കൂട്ടുനിന്നില്ല. ഹിജ്‌റയുടെ രണ്ടാം വര്‍ഷം സ്വഫര്‍ 12നാണ് യുദ്ധത്തിനുള്ള അനുമതി ലഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter