തിരുജീവിതത്തിന് തിരശ്ശീല വീഴുന്നു                    ഒന്ന്: നട്ടുച്ചക്ക് സൂര്യനസ്തമിച്ചപ്പോള്‍

അന്നൊരു തിങ്കളാഴ്ചയായിരുന്നു. നേരം വെളുക്കുന്നതേയുള്ളൂ. വിശ്വാസികൾ പ്രഭാത പ്രാർത്ഥനയിലാണ്. 

തന്റെ സന്തത സഹചാരി അബൂബക്ർ رَضِيَ ٱللَّٰهُ عَنْه അവർക്ക് നേതൃത്വം നല്കുന്നു. പള്ളിയോട് ചേർന്നു കിടക്കുന്ന തന്റെ ചെറുകുടിലിന്റെ വിരി ഉയർത്തി മുത്ത്നബി ആ കാഴ്ച കണ്കുളിർക്കെ നോക്കി നിന്നു. 

തന്റെ ദൌത്യം അവസാനിച്ചിരിക്കുന്നു; താൻ വളർത്തിയെടുത്ത ഈ സംഘം ആ ദൌത്യം മുന്നോട്ട്കൊണ്ടു പോകാൻ സുസജ്ജമാണ്. 
രോഗ പീഢകൾക്കിടയിലും ഈ ആനന്ദ കാഴ്ചയില്‍ ആ തിരുവദനം തിളങ്ങി, മന്ദസ്മിതം തൂകി. ഇത്ര സന്തോഷത്തിൽ നബിയെ ഞാന്‍ കണ്ടിട്ടേയില്ലെന്ന് കൂടെപ്പിറപ്പിനെപ്പോലെ നബി കൂടെ കൊണ്ടുന്നടന്ന അനസ് رَضِيَ ٱللَّٰهُ عَنْه.  


തിരുനബിയെ കണ്ട വിശ്വാസികൾക്ക് പ്രാർഥനക്കിടയിലും സന്തോഷം അടക്കാനായില്ല. 


കഴിഞ്ഞ പത്തു വർഷമായി മദീനയിൽ ഉള്ളപ്പോഴെല്ലാം പ്രാർഥനക്ക് നേതൃത്വം നൽകുന്നത് പുണ്യപ്രവാചകര്‍ തന്നെയായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയായി പനിയും ശാരീരിക അസ്വസ്ഥകളും ഏറെ അലട്ടിയിരുന്നെങ്കിലും ആ പതിവ് തെറ്റിച്ചിരുന്നില്ല. 


പക്ഷേ, കഴിഞ്ഞ മൂന്നു ദിവസമായി അതിനു സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെ മഗ്രിബ് നിസ്കാരത്തിനാണ് അവസാനമായി പൂർണ്ണമായി ഇമാമത്ത്  നിന്നത്. പതിവിൽ നിന്നു വിപരീതമായി (വൽ മുർസലാത്തി ഉർഫൻ) എന്ന അൽപം ദീർഘമായ അദ്ധ്യായമാണ് അന്ന് അവിടുന്ന് പാരായണം ചെയ്തത്. 


പിന്നീട് അല്‍പം ആശ്വാസം തോന്നിയത് കഴിഞ്ഞ ദിവസമാണ്, ഞായറാഴ്ച. അന്ന് മദ്ധ്യാഹ്ന നിസ്കാരത്തിന് ഇടയ്ക്ക് അവരോടപ്പം ചേർന്നിരുന്നു. അനുചരര്‍ തോളോട് തോളുരുമ്മി പ്രിയ കൂട്ടുകാരന്‍ അബൂബക്റിനു  رَضِيَ ٱللَّٰهُ عَنْه പിന്നില്‍ നിസ്കരിക്കുന്നത് കണ്ട് ആ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ഇനി അനുചരരോടൊപ്പം ഒരു നിസ്കാരത്തിന് തനിക്ക് അവസരം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞിട്ടാവാം, അവിടുന്ന് അവരോടൊപ്പം ചേരാന്‍ തന്നെ തീരുമാനിച്ചു.
നടക്കാൻ പ്രയാസമുണ്ട്. ഒരു ഭാഗത്ത് മൂത്താപ്പയുടെ മകൻ ഫദ്ൽ ബിൻ അബ്ബാസിന്റെയും  മറുഭാഗത്ത് പരിചാരകൻ തൌബാന്റെയും താങ്ങിൽ വീട്ടിൽ നിന്നു പള്ളിയിലേക്കുള്ള വാതിലിലൂടെ പതുക്കെ നടന്നു കയറി.   


ആ ഭാഗത്ത് നിന്നുള്ള ആളനക്കം കേട്ടപ്പോൾ തന്നെ, നേതൃത്വം നല്കിയിരുന്ന അബൂബക്റിനു മനസ്സിലായി, അത് പ്രവാചകനല്ലാതെ മറ്റാരുമല്ല. അപ്പോഴേക്കും നിസ്കാരം ഒരു റക്അത്ത് പിന്നിട്ടിരുന്നു. അബൂബക്ർ പിന്നോട്ട് നീങ്ങി നബിക്ക് വഴി ഒരുക്കാൻ ശ്രമിച്ചപ്പോൾ അവിടെ തന്നെ നിൽക്കാൻ അവിടുന്ന് ആംഗ്യം കാണിച്ചു. 
തൊട്ടടുത്തായി ഇരുന്ന് അബൂബക്റിന് പിന്നിൽ തിരുദൂതരും നിസ്കരിച്ചു. 


നബിയുടെ രോഗം ശക്തമാകുന്നുവെന്ന് അറിഞ്ഞ ഇന്നലെ രാത്രി മുതലേ പുരുഷന്മാരും സ്ത്രീകളുമെല്ലാം  പള്ളിയിൽ തന്നെ തടിച്ചുകൂടിയിരുന്നു. പ്രഭാത പ്രാർഥനക്ക് നബിയെത്തിയതോടെ അവർക്കെല്ലാം എന്തെന്നില്ലാത്ത ആശ്വാസമായി. 


പ്രവാചകരെ കൂടുതൽ സന്തോഷവാനായി കണ്ടതോടെ സമ്മതം വാങ്ങി പലരും അവരുടെ ജീവിത ചുറ്റുപാടുകളിലേക്ക് നീങ്ങി. അബൂബക്റും സമ്മതം ചോദിച്ചു, മദീനയുടെ ഒരു കുന്നിൻ മുകളിൽ താമസിക്കുന്ന തന്റെ ഭാര്യ ഹബീബ ബിൻത് ഖാരിജയുടെ അടുത്തേക്ക് പോകാൻ. നബി അനുവദിച്ചു. 


പള്ളിയിലെ ഒരു ഈന്തപ്പന തടിയിൽ ചാരിയിരുന്നു നബി എല്ലാവരോടും സംസാരിച്ചു. പലരും വന്നു സലാം പറയുകയും ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. 


ഉസാമയോട് رَضِيَ ٱللَّٰهُ عَنْه തന്നെ ഏല്പിച്ച ദൌത്യവുമായി പുറപ്പെടാൻ നബി നിർദ്ദേശിച്ചെങ്കിലും നബിക്ക് പൂർണ്ണ ആശ്വാസം വന്നതിനു ശേഷം പോകാമെന്ന ഉസാമയുടെ അഭിപ്രായത്തിന് മൌന സമ്മതം നല്കി. 


അൽപം കഴിഞ്ഞ് നബി വീട്ടിലേക്ക് മടങ്ങി. അതോടെ ജനങ്ങളും പിരിഞ്ഞു പോകാൻ ആരംഭിച്ചു. ആഇശയുടെ വീട്ടില്‍ ഒരുമിച്ചു കൂടിയ പ്രവാചകപത്നിമാരും അവരവരുടെ വീടുകളിലേക്ക് നീങ്ങി.


സമയം ഉച്ചയോട് അടുത്തുകൊണ്ടിരിക്കുന്നു. നബിയുടെ ആരോഗ്യ അവസ്ഥ കൂടുതൽ സങ്കീർണ്ണമാകാൻ തുടങ്ങി. ബോധം വന്നും പോയുമിരിക്കുന്നു.


ഇടയ്ക്ക് ചോദിച്ചു ഇന്നേതാ ദിവസം... തിങ്കളാഴ്ച.. ഇന്ന് തന്നെ എന്റെ സമയം... അവിടുന്ന് ആത്മഗതം ചെയ്തു.


അല്ലെങ്കിലും തിങ്കളാഴ്ച പുണ്യ നബിക്ക് വല്ലാത്തൊരു ഇഷ്ടമാണ്. തിങ്കളാഴ്ച തന്നെയാണല്ലോ ആ അനുഗ്രഹീത ജന്മത്തിനു സാക്ഷ്യം വഹിച്ചത്. നന്ദി സൂചകമായി ആ ദിവസം വ്രതവും പതിവാണ്.  


മാസം റബീഉൽ അവ്വൽ. തന്റെ ജനനത്തിനും ഹിജ്റക്കും സാക്ഷ്യം വഹിച്ച മാസം. സമയം ഉച്ചയോട് അടുത്തിരിക്കുന്നു: തന്റെ പ്രിയതമ ആഇശയുടെ رَضِيَ ٱللَّٰهُ عَنْها നെഞ്ചിന്റെ ചൂടേറ്റു തലചായ്ച്ചു കിടക്കുയാണ് തിരുമേനി .


പെട്ടെന്ന് അവിടേക്ക് ആഇശയുടെ رَضِيَ ٱللَّٰهُ عَنْها സഹോദരൻ അബ്ദുർറഹ്മാൻ കടന്നു വന്നു.

കയ്യിൽ ‘സിവാക്’ ഉണ്ട്. നാഥനു ഇഷ്ടപ്പെട്ട ശുദ്ധിയുടെ പ്രതീകം. ശരീരത്തില്‍ നിന്ന് ആത്മാവ് കുടിയോഴിമ്പോള്‍ ആ യാത്രയെ എളുപ്പമാക്കുന്ന ഘടകം.
പ്രവാചക ദൃഷ്ടി അതിൽ പതിഞ്ഞു. 


പ്രിയതമക്ക് കാര്യം പിടികിട്ടി.  മിസ്‍വാക്ക് ചെയ്തു തരണോയെന്ന് ചോദ്യത്തിന് അവിടുന്ന് തലയാട്ടി. 
കട്ടികൂടിയ ആ അറാക് കഷ്ണത്തിന്റെ പരുപരുപ്പ് പ്രവാചകന് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ആഇശക്ക് മനസ്സിലായി. 


“ഞാനൊന്നു മയപ്പെടുത്തി തരാം” പ്രിയതമ ചോദിച്ചപ്പോൾ പുണ്യനബി വീണ്ടും തലയാട്ടി. 
തന്റെ ഉമിനീരിൽ തന്നെ ആഇശ സിവാക് മൃദുവാക്കിയെടുത്തു.


തന്റെ ചുണ്ട് പതിക്കുന്ന സ്ഥലത്ത് തന്നെ ചുണ്ടുകൾ പതിപ്പിച്ചു പാനം ചെയ്യുന്ന തിരു പ്രണയത്തിന്റെ സന്തോഷ ലഹരി ആ പ്രണയിനിയുടെ മനസ്സിനെ അപ്പോൾ  മദിച്ചുണ്ടാകണം.


ദന്തശുദ്ധി വരുത്തിയത്തോടെ തിരുകരങ്ങളും കണ്ണുകളും മേലോട്ടുയർന്നു. തന്റെ നാഥനെ കണ്ടുമുട്ടാൻ ധൃതികൂട്ടുന്നത് പോലെ. അവിടുന്ന് ചുണ്ടുകൾ അനക്കി എന്തോ പറയുന്നു. 


ആഇശ رَضِيَ ٱللَّٰهُ عَنْها തന്റെ ചെവികൾ ആ ചൂണ്ടുകളിലേക്ക് ചേർത്തുവെച്ചു. 


“നാഥാ നീ അനുഗ്രഹിച്ച പ്രവാചകന്മാർക്കും, സത്യസന്ധർക്കും രക്തസാക്ഷികൾക്കും സച്ചരിതർക്കുമൊപ്പം.. നാഥാ നിന്റെ പൊരുത്തം .. നിന്റെ കാരുണ്യ വർഷം.. സ്വർഗ്ഗത്തിലെ ഉന്നതസ്ഥാനീയർക്കൊപ്പം എന്നെ ചേർക്കണേ..” 


മരണ മാലാഖ കടന്നു വരുമ്പോള്‍ പ്രവാചകന്മാര്‍ക്ക് ദൈവം ജീവിതത്തിനും മരണത്തിനുമിടയില്‍ തെരഞ്ഞെടുപ്പിനു അനുവാദം നല്‍കും. അവരെ കാത്തിരിക്കുന്ന ദിവ്യാനുഗ്രഹങ്ങള്‍ അവര്‍ക്ക് വെളിവാക്കപ്പെടും.


ആഇശയോട് ഇക്കാര്യം തിരുനബി നേരത്തെ പറഞ്ഞിരുന്നു. ദിവ്യ സാന്നിധ്യത്തിലേക്കുള്ള യാത്രയാണ് നബി തെരഞ്ഞെടുക്കുന്നതെന്ന് ആഇശക്ക്‌ മനസ്സിലായി. 


ഒരു റോസാപ്പൂവിനെപ്പോലെ തന്‍റെ ജീവിതത്തില്‍ സൌന്ദ്യരവും സൌരഭ്യവും പടര്‍ത്തിയ ആ ശരീരത്തിന് ഭാരം കൂടുന്നത്പോലെ ആഇശക്ക് അനുഭവപ്പെട്ടു.    
ദിവ്യ വെളിപാടുകള്‍ മാത്രം പറഞ്ഞിരുന്ന ആ ചുണ്ടുകൾ പതുക്കെ അടഞ്ഞു. പട്ടിനെക്കാള്‍ മൃദുവായ ആ കരങ്ങള്‍ ചലനമറ്റു ചാഞ്ഞു.  


തന്റെ ചുറ്റും ഇരുൾ പരക്കുന്നത് പോലെ ആഇശക്ക് അനുഭവപ്പെട്ടു. നട്ടുച്ചക്ക് സൂര്യൻ അസ്തമിച്ചിരിക്കുന്നു. 


പക്ഷേ സങ്കടപ്പെട്ടു ഇരിക്കാനാവില്ലല്ലോ അവര്‍ക്ക്. ഒരു തലയിണയെടുത്ത് നബിയുടെ ശിരസ്സ് തന്റെ മടിയിൽ നിന്നു അതിലേക്ക് മാറ്റി കിടത്തി. 


തങ്ങളുടെ പ്രിയ നായകൻ യാത്രയായ വിവരം ഈ ലോകത്തോട് വിളിച്ചു പറയണം. തന്റെ കൊച്ചു കുടിലിന്റെ വിരിപ്പ് മാറ്റി ആഇശ رَضِيَ ٱللَّٰهُ عَنْها പുറത്തേക്ക് നോക്കി... ആ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു, വാക്കുകള്‍ പുറത്തേക്ക് വരാതെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter