നബിയെ കാണാനാവാത്ത കവിയുടെ യാത്ര
തിരുജീവിതത്തിന് തിരശ്ശീല വീഴുന്നു - ഭാഗം നാല്
അബൂ ദുഐബ്. ഹുദൈൽ ഗോത്രത്തിലെ പ്രമുഖനാണ്, കവിയാണ്. ഇസ്‍ലാമിന്റെ വെളിച്ചം അദ്ദേഹത്തെ സ്വാധീനിച്ചിരിക്കുന്നു, പക്ഷെ നബിﷺയെ ഇത് വരെ കണ്ടിട്ടില്ല. കാണണമെന്ന് വല്ലാത്ത ആഗ്രഹം അദ്ദേഹത്തെ അലട്ടുന്നതിനിടയിലാണ് നബിയുടെ രോഗ വിവരം അറിയുന്നത്.
“അതോടെ ഞാൻ ഏറെ സങ്കടത്തിലായി. ആ രാത്രി ജീവിത്തത്തിലെ ഏറ്റവും നീളമേറിയതായി എനിക്ക് അനുഭവപ്പെട്ടു. എത്രയായിട്ടും കൂരിരുട്ട് നീങ്ങുന്നില്ല. നേരം പുലരുന്ന ലക്ഷണവുമില്ല. ആ കാള രാത്രിയുടെ നീളം അളന്നുകൊണ്ടോയിരിക്കുകയാണ് ഞാൻ...
പക്ഷേ പുലരിക്ക് മുമ്പ് എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി. പെട്ടെന്നൊരു ആർത്ത നാദം എന്റെ ചെവികളിൽ അലയടിച്ചു..
ഈന്തപ്പന തോട്ടങ്ങൾക്കും
ഉയർത്തികെട്ടിയ
വീടുകൾക്കുമിടയിലായി
ഞങ്ങൾക്കായി കാത്തുവെച്ചത്
ഇത്ര വലിയ ദുരന്തമോ
തിരൂദൂതരേ
അങ്ങയുടെ വിയോഗത്തില്‍
തോരാതെ പെയ്യുന്നു
ഞങ്ങളുടെ കണ്ണുകള്‍
അതു കേട്ടു ഞാന്‍ ഉറക്കത്തിൽ നിന്നു ചാടിയെഴുന്നേറ്റു. പ്രവിശാലമായ ആകാശത്തേക്ക് നോക്കിയപ്പോള്‍ അവിടെ കണ്ടത് മകര രാശിയില്‍ പെട്ട കശാപ്പുകാരന്റെ ഭാഗ്യം എന്നറിയപ്പെടുന്ന (സഅദ് അല്‍-ദാബിഹ്) ഇരട്ട നക്ഷത്ത്രത്തെയാണ്. അറബ് സമൂഹത്തിൽ എന്തോ സംഭവിക്കുന്നുവെന്ന് എനിക്ക് തോന്നി.
അതോടെ നബിﷺയുടെ മരണം ഞാൻ ഉറപ്പിച്ചു. ഞാൻ വേഗം എന്റെ ഒട്ടകപ്പുറത്ത് കയറി നേർത്തു വരുന്ന ഇരുട്ടിൽ മുന്നോട്ട് നീങ്ങി. നേരം വെളുത്തു തുടങ്ങിയപ്പോൾ ലക്ഷണം തേടിയുള്ള കാഴ്ചകൾക്കായി എന്റെ കണ്ണുകൾ പരതി.
അപ്പോൾ ഒരു മുള്ളൻ പന്നി പാമ്പുമായി മൽപിടുത്തത്തത്തിലാണ്. പാമ്പ് അതിനെ ചുറ്റിവരിയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മുള്ളൻ പന്നി അതിനെ കടിച്ചുമുറിച്ചു അകത്താക്കാന് തുടങ്ങി. ഞാനാകാഴ്ച വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. മുള്ളൻ പന്നി ഒരു പ്രധാന സംഭവമാണ്. പാമ്പ് ചുറ്റി തിരിഞ്ഞത് പോലെ ജനങ്ങൾ നബിക്ക് ശേഷം സത്യത്തിൽ നിന്നു ചുറ്റി തിരിഞ്ഞേക്കാം. പക്ഷേ നബിﷺയുടെ പകരക്കാരന് അത്തരക്കാരെ കീഴടക്കുമെന്നാണ് ആ കാഴ്ച ഓർമിപ്പിക്കുന്നത്.
ഞാൻ ഒട്ടകത്തിന് വേഗം കൂട്ടി. വാർത്ത അറിയാനായി ഞാൻ പക്ഷിയെ ഓടിക്കാന്‍ ശ്രമിച്ചു. അതും എന്നോടു പറഞ്ഞത് ആ വിയോഗത്തെക്കുറിച്ച് തന്നെ. വലത് ഭാഗത്തു കൂടി ഒരു കാക്ക കുറുകി പറന്നു പോയി .. അതും എന്നോടു പറഞ്ഞത് മരണ വാർത്ത തന്നെയായിരുന്നു.
വഴിയിൽ കാണുന്ന എല്ലാ തിന്മയിൽ നിന്നും അല്ലാഹുവിനോട് കാവൽചോദിച്ചു. ഞാൻ മുന്നോട്ട് നീങ്ങി.. അങ്ങനെ മദീനയിലെത്തി. അപ്പോൾ മദീന മുഴുവന് കൂട്ടക്കരച്ചിൽ എനിക്ക് ഉയർന്നു കേൾക്കാമായിരുന്നു. ഹജ്ജിന് ഇഹ്റാം കെട്ടുന്ന ഹാജിമാരുടെ ലബ്ബൈക് മന്ത്രം പോലെ.
"എന്താണിത്? ഞാന്‍ ചോദിച്ചു അവർ പറഞ്ഞു: നബിﷺ യാത്രയായിരിക്കുന്നു.
ഞാൻ നേരെ മസ്ജിദ് നബവിയിലേക്ക് നടന്നു. പക്ഷേ അവിടെ ആരെയും കാണാനില്ല.
അപ്പോൾ നബിﷺയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
അവിടെയെത്തിയപ്പോൾ വീടിന്റെ വാതിലുകൾ അടഞ്ഞു കിടക്കുന്നു.
ആരോ വിളിച്ചു പറഞ്ഞു: നബിﷺ മരിച്ചു കിടക്കുയാണ്. വീട്ടിൽ കുടുംബക്കാർ മാത്രമേയുള്ളൂ..
ഞാൻ ചോദിച്ചു: എല്ലാവരും എവിടെപ്പോയി
അവരൊക്കെ അൻസാറുകൾക്കൊപ്പം ബനീ സാഇദ പന്തലിലുണ്ട് അവിടന്ന് ആരോ പറഞ്ഞു.
ഞാനും അങ്ങോട്ട് നീങ്ങി.
Read More: നബിയേ... അങ്ങ് സുഗന്ധമാണ്... ജീവിതത്തിലും മരണത്തിലും..
അവിടെ അബൂബകറും ഉമറും അബൂ ഉബൈദയും സഅദ് ബിൻ ഉബാദയും ഹസ്സാൻ ബിൻ താബിത്തും കഅബ് ബിൻ മാലികുമുണ്ട്.
പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകളിലാണവര്‍. ആറ്റികുറുക്കിയ അബൂ ബക്റിന്റെ വാക്കുകൾ ആർക്കും അംഗീകരിക്കാതിരിക്കാനാവുമായിരുന്നില്ല.
അബൂബക്റിനെ നേതാവായി തെരഞ്ഞെടുത്തു അവർ മടങ്ങിയപ്പോൾ അവരോടപ്പം ഞാനും മടങ്ങി.
ഞങ്ങൾ നബിﷺയുടെ മേൽ മയ്യിത്ത് നിസ്കരിച്ചു. എന്നിട്ട് നബിയെ ഞങ്ങൾ ഖബറിലേക്ക് ഇറക്കിവെച്ചു.
മദീനയിലെ സങ്കടക്കാഴ്ചയെ അബൂ ദുഐബിന്റെ വരികളില്‍ ഇങ്ങനെ വായിക്കാം.
അവരാകെ പരിഭ്രാന്തരാണ്
ലഹ്ദ് വേണമെന്ന് ചിലർ
അല്ല ഖബ്ർ മതിയെന്ന് മറ്റു ചിലർ
ആ വിശുദ്ധ മേനിയെ
മണ്ണോട് ചേർക്കാൻ
അവരുടെ കരങ്ങൾ ഉയരവെ
ദു:ഖത്തിന്റെ കാർമേഘങ്ങൾ
എന്നെയും വലയം ചെയ്തു
ഗ്രഹണം ബാധിച്ച നക്ഷത്രങ്ങളും
വെളിച്ചം കെട്ട ചന്ദ്രനും
ഇളകിയാടുന്ന വീടുകളും
സ്ഥാനം തെറ്റിയ മലകളും
ആടിയുലയുന്ന ഈത്തപ്പനകളും
സങ്കടകാഴ്ചക്ക് സാക്ഷിയായി
ശോകമൂകമാണ് യത്രിബ്
ഞങ്ങളുടെ വാട്സ് ആപ്പ് അനൌണ്‍സ്മെന്റ് ഗ്രൂപ്പില്‍ ചേരാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
Leave A Comment