ബലിപെരുന്നാള്‍: ചരിത്രവും സന്ദേശവും
പ്രപഞ്ചം മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി ബലിപെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പിലാണ്. ഏതൊരാഘോഷത്തിനുപിന്നിലും മനുഷ്യനു പാഠമുള്‍ക്കൊള്ളാന്‍ സാധിക്കുന്ന നിരവധി ചരിത്രസംഭവങ്ങളും സന്ദേശങ്ങളുമുണ്ട്. ഇപ്പോള്‍ നാം ആഘോഷിക്കുന്ന ഈദേ ഖുര്‍ബാന്‍, അഥവാ ബലിപെരുന്നാള്‍, നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഐതിഹാസികമായ ചരിത്രസംഭവങ്ങളുടെ നിതാന്ത സ്മരണകളാണ് നമ്മുടെ സ്മൃതിപഥങ്ങളിലേക്ക് കൊണ്ടുവരുന്നത്.
ബാബിലോണിയന്‍ അസീരിയന്‍ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായ, യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ ഇടയില്‍ ‘മെസപ്പൊട്ടോമിയ’ എന്ന പേരിലറിയപ്പെടുന്ന ആധുനിക ഇറാഖിലാണ് ദൈവദൂതനായ ഇബ്‌റാഹീം നബി(അ) ജനിച്ചത്. ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദനാകാതെ, തന്റെ ഇഛകള്‍ മുഴുവനും ദൈവേച്ഛക്കുമുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇബ്‌റാഹീം ചരിത്രത്തിലെത്തന്നെ ഉജ്ജ്വല വിജയം കൈവരിച്ചു.
മനുഷ്യചിന്തയെ അതിശയിപ്പിക്കുംവിധം ഈ ഭൗതിക പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കുകയും സൃഷ്ടിക്കുകയും ചെയ്ത ദൈവം, അതിനിസ്സാരമായ ബീജാണുവില്‍നിന്നും നിരവധി സങ്കീര്‍ണ്ണ പ്രക്രിയകളിലൂടെ മനുഷ്യനെ രൂപപ്പെടുത്തിയെടുത്തു. ദൈവം അവന് വിശേഷബുദ്ധി നല്‍കി. അതിനാല്‍ ബുദ്ധിയുദിച്ച ശേഷം നല്ലതേത്, ചീത്തയേത് എന്നു തിരിച്ചറിയാനുള്ള വിവേകവും നല്‍കി. മാര്‍ഗദര്‍ശനത്തിനായി ദൈവം പ്രവാചകന്‍മാരെ അയച്ചു, വഴികാട്ടി.
അങ്ങനെ ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദ്ദേശങ്ങള്‍ക്കുമുമ്പില്‍ സര്‍വ്വതും ത്യജിക്കാന്‍ മനുഷ്യന്‍ ആജ്ഞാപിക്കപ്പെട്ടു. ആ ആജ്ഞാപനാനുസരണത്തിന്റെ ആള്‍രൂപമായി ഇബ്‌റാഹീം ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു.
ജീവിത പാതയിലെ മുള്‍കിരീടങ്ങള്‍, അഗ്‌നികുണ്ഠം, ശക്തമായ പരീക്ഷണങ്ങള്‍ -ഇവയെല്ലാം ഇബ്‌റാഹീം മനോദാര്‍ഢ്യത്തോടെ നേരിട്ടു. സ്വന്തം തട്ടകത്തില്‍, ബാബിലോണ്‍ ജനതക്കും രാജ്യം ഭരിക്കുന്ന നംറൂദ് ചക്രവര്‍ത്തിക്കും വേണ്ടി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന കുടുംബത്തില്‍, പൗരോഹിത്യ വര്‍ഗത്തില്‍ പിറന്ന ഇബ്‌റാഹീമിന് വേണമെങ്കില്‍, ആ പാരമ്പര്യം ഏറ്റെടുത്ത് സുഖസൗകര്യങ്ങളുടെ മടിത്തട്ടില്‍ ആര്‍ത്തുല്ലസിക്കാമായിരുന്നു. പക്ഷേ, പ്രപഞ്ച നാഥനായ അല്ലാഹുവിനോട് പ്രകൃതി ശക്തികളെ ഉപമിക്കുന്നതും അവയുടെ പ്രതിരൂപങ്ങളാക്കി അവയെ ആരാധിക്കുന്നതും ഇബ്‌റാഹീം വെറുത്തു. തന്റെ ഈറ്റില്ലത്തില്‍നിന്നും തുടങ്ങി രാജ്യത്തും രാജധാനിയിലും അദ്ദേഹം ശിര്‍ക്കിനെതിരെ, ബിംബാരാധനക്കെതിരെ പോരാടി.
ചെറിയ പ്രായത്തില്‍തന്നെ അദ്ദേഹം വീട്ടില്‍നിന്നും നിഷ്‌കാസിതനായി. അവസാനം നംറൂദ് ചക്രവര്‍ത്തിയുടെ തീകുണ്ഠത്തിലെറിയപ്പെട്ടു. എന്നാല്‍, ഈശ്വരകൃപ കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. തുടര്‍ന്ന് നിരന്തരമായ യാത്ര. ജന്‍മദേശം വിട്ട് ‘ഊര്‍’ എന്ന പട്ടണത്തിലേക്ക്. പിന്നെ ഹാറാനിലേക്ക് . പിന്നെ ഫലസ്തീനിലേക്ക്. അദ്ദേഹത്തിന്റെ കൂടെ ഭാര്യയായ സാറയുമുണ്ട്. അല്ലാഹുവില്‍ വിശ്വസിച്ച ഒരേ ഒരു സ്ത്രീ. ലൂഥുമുണ്ട് -വിശ്വസിച്ച ഒരേയൊരു പുരുഷന്‍. വിശ്വാസ സംരക്ഷണത്തിനായി സുഭിക്ഷതയുടെ ഊര്‍വ്വരതയില്‍ നിന്ന് മരുഭൂമിയുടെ ഊഷരതയിലേക്കുള്ള അനന്തയാത്ര. ഫലസ്തീനും കടന്ന് ഇബ്‌റാ ഹീം ഈജിപ്തിലേക്ക് പോയി.
ഇബ്‌റാഹീം ജീവിതത്തിന്റെ സായന്ദനം. സാറ പ്രസവിക്കുകയില്ല. ഈജിപ്തിലെ രാജാവ് ഇബ്‌റാഹീമിന്റെ സേവനത്തിന് ഒരു സ്ത്രീയെക്കൂടി നല്‍കിയിരുന്നു. ഇബ്‌റാഹീം വൃദ്ധനായിട്ടുണ്ട്. ദൈവത്തിലേക്കുള്ള വിളിയുമായി നടന്നകാലം കൊണ്ട് മുടി നരച്ചിരുന്നു. സാറയുടെ ആവശ്യപ്രകാരം, ഈജിപ്ഷ്യന്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട, തൊലി കറുത്ത, മുടി ചുരുണ്ട ഹാജറയെ ഇബ്‌റാഹീം(അ) വേള്‍ക്കുന്നു. ജീവിതത്തിന്റെ സായന്ദനത്തില്‍ തന്റെ പ്രബോധനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഒരു കുഞ്ഞിനുവേണ്ടിയുള്ള നിരന്തരമായ ആഗ്രഹവും പ്രാര്‍ത്ഥനയും ആ വന്ദ്യവയോധികനെ ആലോചനാമൃദനാക്കി. ഹാജറ ഗര്‍ഭം ധരിച്ചു. വീട്ടില്‍ സന്തോഷം കളിയാടി. പത്തുമാസം കഴിഞ്ഞു പ്രസവിച്ചു. വീണ്ടു ശക്തമായ പരീക്ഷണം. ഇബ്‌റാഹീമിനതാ ദൈവകല്‍പന വരുന്നു. ഹാജറയെയും കുഞ്ഞിെനയും പരിശുദ്ധമായ കഅ്ബാലയത്തിനടുത്ത് താമസിപ്പിക്കാനുള്ള കല്‍പന. ഈജിപ്തില്‍നിന്നും കടലും കരയും താണ്ടി തന്റെ കുഞ്ഞിനെയും തോളിലേറ്റി പ്രിയസഖിയുമായി ഊഷരഭൂമിയിലേക്കുള്ള യാത്ര. അങ്ങനെ മക്കയിലെത്തി. വിജനമായ പ്രദേശം. ജീവല്‍സ്പര്‍ശനമില്ല. മരുക്കാറ്റുകളുടെ ആരവമല്ലാതെ തണലേകാന്‍ മരങ്ങളില്ല, ഇലകളില്ലാത്ത സര്‍ഹാ മരമല്ലാതെ.
ഇബ്‌റാഹീം കുഞ്ഞിനെയും ഭാര്യയെയും മരുഭൂമിയില്‍ താമസിപ്പിച്ചു തോല്‍പാത്രത്തിലുള്ള വെള്ളവും അല്‍പ്പം ഈത്തപ്പഴവും നല്‍കി തിരിച്ചു പോരുകയാണ്. തന്റെ പ്രിയതമന്റെ വേര്‍പ്പാടില്‍ മനംനൊന്ത് ഹാജറ കണ്ഠമിടറിക്കൊണ്ട് ഇബ്‌റാഹീമിനോട് ചോദിക്കുകയാണ്: ”ദൈവകല്‍പനയാലാണോ താങ്കള്‍ ഞങ്ങളെ ഇവിടെ താമസിപ്പിക്കുന്നത്?” ”അതെ” എന്ന വാക്കില്‍ ആശ്വാസം കണ്ടെത്തുന്ന വിശ്വോത്തര മാതൃകാവനിതയായ ഹാജറ, വിണ്ണിന്റെ വിഹായസ്സോളം വളരുന്ന ഒരു സംസ്‌കാരത്തിന്റെ ഊടുവെപ്പിനായുള്ള സഹിഷ്ണുതാപൂര്‍ണ്ണമായ ധര്‍മ്മം. ഇബ്‌റാഹീം തിരിച്ചു നടക്കുകയാണ്. തിരിഞ്ഞു നോക്കിക്കൊണ്ട്, കണ്ണുനീര്‍ തൂകിക്കൊണ്ട്, ശേഷമുള്ള പ്രാര്‍ത്ഥന…. കരുതിവെച്ച വെള്ളവും ഭക്ഷണവും കഴിഞ്ഞപ്പോഴുള്ള ഹാജറയുടെ വ്യാധി. മാറിടം വറ്റിവരണ്ട ഉമ്മ. ചുണ്ടു നനക്കാന്‍ ജലാംശമില്ലാതെ പൊട്ടിക്കരയുന്ന പൂംപൈതല്‍. വെള്ളത്തിനു വേണ്ടിയുള്ള ഒരു ഉമ്മയുടെ ഉദ്വേഗത്തോടെയുള്ള അലച്ചില്‍. സഫായില്‍ നിന്നും മര്‍വ്വയിലേക്കുള്ള ഓട്ടം. തിരിച്ചു വരുമ്പോള്‍ ഇസ്മായീലിന്റെ ഇളംകാലിനടിയില്‍ നിന്നും നിര്‍ഗളിക്കുന്ന ജലധാര. സംസം എന്ന നാമകരണം. ജലം കണ്ടു ആളുകള്‍ തമ്പടിക്കാന്‍ തുടങ്ങി. മക്ക ജനനിബിഢമാരംഭിച്ചു.
സംസ്‌കാരത്തിന്റെ കളിത്തൊട്ടിലിനു വേദിയൊരുങ്ങുകയാണ്. ഇബ്‌റാഹീം(അ) ഈജിപ്തില്‍ നിന്നും തിരിച്ചെത്തുന്നു. വീണ്ടും ദൈവത്തിന്റെ അതിശക്തമായ പരീക്ഷണം. ഇബ്‌റാഹീമിന്റെ ക്ഷമ വീണ്ടും അല്ലാഹു പരീക്ഷിക്കുകയാണ്. സ്വപ്നത്തിലിതാ ദിവ്യദര്‍ശനമുണ്ടാകുന്നു. തന്റെ അരുമ പുത്രനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കണമെന്ന്. പിശാചിന്റെ ദുര്‍ബോധനമാണെന്ന് കരുതി തിരിഞ്ഞുകിടന്നു. വീണ്ടും സ്വപ്നദര്‍ശനം. അല്ലാഹുവിന്റെ കല്‍പന നിറവേറ്റാന്‍ ആ പിതാവ് ഉറപ്പിച്ചിറങ്ങി. ഹാജറയോട് കാര്യം പറയുന്നു. ഇസ്മായീലിനോട് വിഷയം അവതരിപ്പിക്കുന്നു. മനസ്സില്‍ വേദനയുടെ മിന്നല്‍ പിണര്‍. എന്നാലും, ദൈവകല്‍പന നിറവേറ്റാന്‍ ആ കുടുംബം മുന്നോട്ടുവന്നു. കുളിച്ചൊരുങ്ങി വസ്ത്രവുമണിഞ്ഞ് ആ മകനും, ഊരിപ്പിടിച്ച കത്തിയുമായി ഇബ്‌റാഹീമും അടുത്തുള്ള മിനയെന്ന പര്‍വ്വത താഴ്‌വരയിലേക്ക് നീങ്ങി. ലോകം തന്നെ വിറങ്ങലിച്ച നിമിഷം. ദൈവകല്‍പന നിറവേറ്റാന്‍ ഒരു പിതാവ് തന്റെ മകന്റെ കഴുത്തില്‍ കത്തിവെക്കാന്‍ ഒരുങ്ങുന്ന ചരിത്രത്തിലെത്തന്നെ അപൂര്‍വ്വ നിമിഷം. മകന്റെ മുഖം കണ്ടാല്‍ തന്റെ നിശ്ചയദാര്‍ഢ്യം ചോര്‍ന്നുപോവുമോ എന്നു ഭയപ്പെട്ടുകൊണ്ട് മകനെ കമിഴ്ത്തിക്കിടത്തുകയാണ് ഇബ്‌റാഹീം. ക്ഷമയോടെ കിടക്കുകയാണ് ഇസ്മായീല്‍. കഴുത്തില്‍ കത്തിവെച്ച് അറുക്കാന്‍ തുടങ്ങി. കഴുത്ത് മുറിയുന്നില്ല. കോപാകുലനായ ഇബ്‌റാഹീം കത്തികൊണ്ട് പാറയില്‍ വെട്ടി. പാറ രണ്ടായി പിളര്‍ന്നു. ദൈവിക മാലാഖ ജിബ്‌രീല്‍ അതാ പ്രത്യക്ഷപ്പെടുന്നു. ഇബ്‌റാഹീമിന്റെ ജീവിതത്തിലെ അത്യുന്നത വിജയത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ആടിനെയുമായി എത്തിയിരിക്കുകയാണ്. അങ്ങനെ ഇസ്മായീലിനു പകരമായി ഇബ്‌റാഹീം ആ ആടിനെ ബലി നല്‍കി. ഈ സംഭവത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ലോകത്തുള്ള വിശ്വാസികള്‍ മുഴുവനും ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍ ദൈവശാസനക്കും നീതിക്കും മുമ്പില്‍, ഭൗതിക പ്രമത്തതക്കു വശംവദരാവാതെ ഈ ലോകത്തും മരണശേഷമുള്ള ജീവിതത്തിലും വിജയം വരിക്കണമെന്നും ലോകത്തുള്ള ജനസമൂഹത്തിന് മുഴുവന്‍ ഇബ്‌റാഹീം മാതൃകയും നേതാവുമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
Leave A Comment