സകാത്ത്: ആത്മസംസ്‌കരണത്തിന്റെ വഴി

ഭരണകൂടംപ്രഭാവം കൊള്ളുമ്പോള്‍ വ്യക്തികള്‍ക്കുണ്ടെന്ന്‌ പറയുന്ന സ്വതന്ത്ര കാംക്ഷ എവിടെപോകുന്നു. സ്റ്റേറ്റ്‌ അനായാസം വ്യക്തികളെ മറികടക്കുന്നില്ലേ? 

കിഴക്കാണെങ്കിലും പടിഞ്ഞാറാണെങ്കിലും മനുഷ്യന്‍ സമ്പത്ത്‌, പുരോഗതി, പരിഷ്‌കൃതി എന്നിവയില്‍ ബന്ധിതനാണ്‌. സമ്പത്തിനും പരിഷ്‌കൃതിക്കുമൊപ്പം യുദ്ധവും ഹിംസയും കൊണ്ട്‌ നടക്കാന്‍ അവന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഈ സമാന്യതക്കുള്ള ഉത്തരം അധ്യത്‌മികത മാത്രമാണ്‌ (2011 ജൂലൈ 24. മാതൃഭൂമി ആഴ്‌ചപതിപ്പ്‌) 

ഒ.വി. വിജയനും ചിന്ത രവിയും ധര്‍മ്മപുരാണം എന്ന പുസ്‌തകത്തെ കുറിച്ച ചര്‍ച്ചയില്‍ കമ്മ്യൂണസത്തിന്റെ പരാജയംചര്‍ച്ചക്ക്‌ വരികയാണുണ്ടായത്‌.

സാമ്പത്തിക സോഷ്യലിസം ഭാവനയില്‍ കണ്ട കാറല്‍മാക്‌സും മറ്റും പരാജയപ്പെടുന്നത്‌ മനുഷ്യന്റെ സ്വാര്‍ത്ഥതയെ തോല്‍പ്പിക്കാന്‍ സ്റ്റേറ്റിന്റെ ശക്തി മതിയാകില്ലഎന്ന്‌ തിരിച്ചറിയാന്‍ കഴിയാത്തത്‌ കൊണ്ടാണ്‌. എന്നാല്‍ ഇസ്‌ലാമിക സമ്പത്ത്‌ വ്യവസ്ഥ വിജയിക്കുകയും വളരുകയും ചെയ്യുന്നത്‌ അതിന്റെ അധ്യാത്‌മിക പരിസരത്തുനിന്നുള്ള സ്വാധീനം കൊണ്ടാണ്‌. അതിലേക്കുള്ള നുറുങ്ങുകള്‍ മാത്രമാണ്‌ ഇവിടെ കുറിക്കുന്നത്‌.

സമ്പത്ത്‌ അടിസ്ഥാനം പോലെ അലങ്കാരമായും ആപത്തായും മാറുന്നു. സമ്പത്ത്‌ എന്ന ഗുണം മനസിനാണ്‌ ഉണ്ടാകേണ്ടത്‌. സമ്പത്ത് ‌വഴി ആര്‍ജിക്കുന്ന അധികാരവും മറ്റും വേദാന്തികമേ അല്ലെന്നും മൗലികഗുണങ്ങളില്‍ സമ്പത്തിന്‌ പ്രസക്തിയില്ലെന്നും ത്വാലൂതിന്റെ അധികാരത്തെ ചോദ്യം ചെയ്‌തവരോട്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. പണമുണ്ടെങ്കില്‍ അടിച്ചുപൊളിക്കാമെന്ന്‌ കരുതുന്നതിനെ സംബന്ധിച്ച്‌ ചര്‍ച്ചചെയ്യുന്ന ഇമാംഗസ്സാലി(റ), ഫഖീറിന്റെ ഗുണവും നേട്ടവും വിവരിക്കുകയും മനോഗതിക്കനുസരിച്ച്‌ പ്രതിഫലമനുഭവിക്കേണ്ടിവരുമെന്ന്‌ ഉണര്‍ത്തുന്നുമുണ്ട്‌.

സമ്പത്ത്‌ ആര്‍ജ്ജിക്കാനുള്ള മോഹം വഴിവിട്ടതരത്തിലേക്ക്‌ നീങ്ങരുതെന്നും പരീക്ഷണശാലയില്‍നിന്ന്‌ പരലോകത്തേക്ക്‌ സ്ഥാനം ലഭിക്കാന്‍ സമ്പത്ത്‌ മതിയായ ഒന്നല്ലഎന്നുമാണ്‌ ചുരുക്കം. സ്വര്‍ഗ്ഗം ഉദ്‌ഘാടനം ചെയ്യുന്ന നബി(സ)യോടൊപ്പം പ്രവേശിക്കുന്നത്‌ ദരിദ്രരായിരിക്കുമെന്നാണ്‌ പണ്ഡിതന്‍മാരില്‍ പ്രബലപക്ഷവും അഭിപ്രായപ്പെടുന്നത്‌. കാരുണ്യപ്രവര്‍ത്തകര്‍ ആയിരിക്കുമെന്ന്‌ അഭിപ്രായം പ്രകടിപ്പച്ചവരും പണ്ഡിത ലോകത്തുണ്ട്‌.

വായുവും വെള്ളവും പോലെ ധനവും നിലനില്‍പ്പിനുള്ളതാണ്‌ അടുത്ത തലമുറയുടെ വായുവും വെള്ളവും ചൂഷണം ചെയ്യുന്ന സാങ്കേതിക വിദ്യ(ഭ്യാസം) പ്രകൃതിയുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നു. സാമ്പത്തിക ചൂഷണവും മനുഷ്യനെ നശിപ്പിക്കുന്ന മഹാതന്ത്രങ്ങളായി മാറുന്നു. ആര്‍ത്തി മനുഷ്യനെ സ്വാര്‍ത്ഥനാക്കുമ്പോള്‍ രാഷ്‌ട്രതന്ത്രം സാമ്രാജ്യത്വമാവുകയാണിന്ന്‌. മലിനപ്പെട്ട ഭക്ഷ്യവസ്‌തുക്കളും വായുവും വെള്ളവും മനുഷ്യന്റെ ക്രൂരതയാണ്‌ കാണിച്ചുതരുന്നത്‌. ഭൂമി മുഴുവന്‍ കയ്യിലാക്കാനുള്ള വ്യഗ്രതയില്‍ ആഞ്ഞുപിടിച്ച്‌ കൈകാലുകള് ‍കൊണ്ട്‌ താങ്ങിനിര്‍ത്തിപ്പിടിക്കുമ്പോഴാണ്‌ താരകങ്ങളുമായി ജ്വലിച്ചുനില്‍ക്കുന്ന ആകാശം കാണുന്നത്‌. അത്‌ കിട്ടാനുള്ള താല്‍പര്യമുണ്ടെങ്കിലും കൈവിട്ടാല്‍ ഭൂമി താഴെചാടുമെന്ന്‌ കരുതി ആകാശം വായകൊണ്ട്‌ കടിച്ചു തീര്‍ക്കാനൊരുങ്ങുന്ന ആര്‍ത്തി മൂത്ത മനുഷ്യനെ ചിത്രീകരിക്കുന്നുണ്ട്‌ ഖലീല്‍ ജിബ്രാന്‍.

സകാത്ത്‌ നിര്‍ബന്ധമാക്കുക വഴി സ്വാര്‍ത്ഥനായ ഈ മനുഷ്യനെയാണ്‌ ഇസ്‌ലാം തിരിച്ചുവിളിക്കുന്നത്‌. സകാത്തിന്റെ ആത്മീകത വായിച്ചു തുടങ്ങേണ്ടത്‌ ഈ പരിപ്രേക്ഷത്തിലാണ്‌. സ്റ്റേറ്റിനില്ലാത്ത ശക്തി വ്യക്തികളുടെ സമ്പത്തില്‍ ഇസ്‌ലാമിനുണ്ടാകുന്നത്‌ ഇങ്ങനെയാണ്‌.

നമുക്കിതിങ്ങനെ സംഗ്രഹിക്കാം 1)അല്ലാഹുവിന്റെതാണ്‌ ധനം. വ്യക്തി അതിന്റെ കാവല്‍ക്കാരന്‍.

2) താന്‍ ആര്‍ജ്ജിച്ചതില്‍ പാവപ്പെട്ടവന്‌ അവകാശമുണ്ട്‌.
3) മനസും ശരീരവും സമ്പത്തും ശുദ്ധമായിരിക്കണം.
4)വിളവും കൃഷിയും കന്നുകാലികളും എല്ലാവരിലും ഉണ്ടായിരിക്കണം (എത്തിച്ചേരണം).
5) ദരിദ്രന്റെ മേല് ‍അവകാശമോ ആധിപത്യമോ സ്ഥാപിക്കാതെ സൗഹൃദാന്തരീക്ഷം സ്ഥാപിക്കണം.
6) വാര്‍ഷിക കണക്കെടുപ്പിനും ദരിദ്രനെകുറിച്ചന്വേഷിക്കാനും സൃഷ്‌ടിപരമായ പുരോഗതിയുണ്ടാക്കണം.
7) റിലീഫ്‌ പ്രവര്‍ത്തനത്തിനും നവോഥാന സംരഭങ്ങളായ സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും ഇടയാക്കി (പ്രവാസികളുടെ കഫ്‌തീരിയകളും മറ്റു കച്ചവട രീതികളും ഇതിന്‌ ഉദാഹരണങ്ങളാണ്‌)
9) പാവപ്പെട്ടവന്‌ പുഞ്ചിരിയോടെ വാങ്ങാനുള്ള ഏക സംരഭമായി സകാത്ത്‌ മാത്രമാണുള്ളത്‌.
10) പണക്കാരന് ‍നിര്‍ബന്ധ ബാധ്യത നിര്‍വ്വഹിക്കുമ്പോഴും സ്‌നേഹവും അനുകമ്പയും പ്രാര്‍ത്ഥനയും നന്ദി ബോധവും തിരിച്ച്‌ ലഭിക്കുന്നു.
11) സഹായ മനസ്‌കത സമൂഹത്തില്‍ (ദരിദ്രനി) ല്‍ പോലും വളരുകയും യാചന ഇല്ലാതാകുകയും ചെയ്യുന്നു

ലോകത്ത്‌ പണാധിപത്യവും പലിശാധിഷ്‌ഠിത സമ്പത്‌ വ്യവസ്ഥയും മറികടക്കാനും മാന്ദ്യം വരാത്ത ബദല്‍ സംവിധാനം ചര്‍ച്ചയാകാനും സകാത്ത്‌ വ്യവസ്ഥിതി സഹായമായി. കാരണം സമ്പത്ത്‌ ദാനംചെയ്യുന്നത്‌ ഈമാനുണ്ട്‌ എന്ന്‌ തെളിയിക്കുകയാണ്‌ എന്ന്‌ നബി(സ) ഉണര്‍ത്തി. രോഗശമനത്തിനും മഹ്‌ശറയിലെ തണലിനും അല്ലാഹുവിന്റെ (പ്രകൃതി)കോപം കെടുത്താനും ദാനം സഹായമാകുമെന്ന്‌ വിശ്വാസികള്‍ക്ക്‌ ബോധമുണ്ട്‌. മദീനാപള്ളിയില്‍ ഒരു മാസം ഇഅ്‌തികാഫിലിരിക്കുന്നതിനേക്കാള്‍ കൂട്ടുകാരന്റെ ആവശ്യം നിര്‍വ്വഹിക്കലും വിശപ്പോ, കടമോ, പ്രതിസന്ധിയോ തീര്‍ത്ത്‌ സന്തോഷിപ്പിക്കലുമാണ്‌ അല്ലാഹുവിന്‌ ഇഷ്‌ടമെന്ന നബി(സ) പഠിപ്പിച്ചു. ഭൂമിയില്‍ കാണിക്കുന്ന കാരുണ്യത്തിന്റെ പ്രതിഫലനമാണ്‌ ആകാശ കാരുണ്യമെന്നും വെള്ളം അഗ്നിയെ കെടുത്തുംപോലെ പാപത്തിന്റെ പരിഹാരം സ്വദഖയാണെന്നും ശാരീക ശുദ്ധി അത്‌വഴി സ്ഥാപിക്കുമെന്നും അവനെ ഇസ്‌ലാം ബോധിപ്പിച്ചു. ഇതു വഴി ധനികന്റെ ജീവിതശൈലി ചിട്ടപ്പെടുത്താനും ദയ, കാരുണ്യം, വിട്ടുവീഴ്‌ച, സഹായം തുടങ്ങിയ ദൈവികവിശേഷണങ്ങള്‍ മനുഷ്യനിലെത്തുകയും അവന്‍ അല്ലാഹുവിന്റെ പ്രതിനിധിയാകാനുള്ള യോഗ്യത കൈവരിക്കുകയും ചെയ്യുന്നു. ആര്‍ത്തിയും പിശുക്കും ഇല്ലാതായാല്‍ പിശാച്‌ തോല്‍ക്കുമെന്ന നബിവചനം ഇവിടെ സ്‌മരണീയമാണ്‌.

 

ദാനം ധനത്തെ ചുരുക്കില്ല എന്ന്‌ സത്യം ചെയ്‌ത്‌ നബി(സ) പറഞ്ഞപ്പോള്‍, അല്ലാഹുവിന്‌ നല്ല കടം കൊടുക്കുക എന്ന്‌ ആയത്ത് ഇറങ്ങിയപ്പോള്‍, സ്വദഖ നല്‍കുക, സ്‌ത്രീകളെ, നിങ്ങളെ ഞാന്‍ കൂടുതല്‍ നരകത്തില്‍ കണ്ടു എന്ന്‌ തിരിമേനി അരുളിയപ്പോള്‍ മുതലുകളുമായി മദീനപള്ളി മുറ്റത്തേക്ക്‌ അനുചരര്‍ കുതിക്കുന്നത്‌ ഇസ്‌ലാമിക ചരിത്രമാണ്‌. നിക്ഷേപത്തെ വിമര്‍ശിച്ചുകൊണ്ട്‌ ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ കീശയിലെ നാണയതുട്ടുകള്‍‍ പുറത്തെടുത്ത്‌ ഇത്‌ കയ്യില്‍വെക്കാമോ എന്ന്‌ചോദിക്കുന്നത്‌ തിരുമേനിയുടെ സദസ്സിലെ രംഗങ്ങളാണ്‌. ഈജിപ്‌തിലെ ഗവര്‍ണര്‍ അംറ്‌ബിന്‍ ആസ്വ്‌(റ) മൂന്നാം വര്‍ഷംസകാത്ത്‌ വാങ്ങാനാളില്ലാത്തതുകൊണ്ട്‌ കേന്ദ്രത്തില്‍ ഉമര്‍(റ)ന്റെ പക്കലേക്ക്‌ കൊടുത്തയക്കുന്നു. ഉമര്‍ബ്‌നുഅബ്‌ദില്‍ അസീസ്‌(റ)ന്റ ഇറാഖിലെ ഗവര്‍ണര്‍ അബ്‌ദുല്‍ ഹമീദ്‌ ഇതേപോലെ വാങ്ങാനാളില്ലാതായപ്പോള്‍ ഇറാഖിലെ സകാത്ത്‌മുതല്‍ കേന്ദ്രത്തിലേക്ക്‌ കൈമാറുന്നു. (കിതാബുല്‍ അംവാല്‍). ദരിദ്രന്റെ കയ്യില് ‍കൊടുത്ത കാരക്ക ഉഹ്‌ദ്‌മല പോലെ വളരും എന്ന ഹദീസ്‌ ഉദ്ധരിച്ച്‌ സുഫിയാനുസൗരി(റ) യാചകനെ അണച്ചു ചേര്‍ത്ത്‌ ദുനിയാവിലും ആഖിറത്തിലും നേട്ടം തരുന്നവന്‍ എന്ന്‌ പറയുമായിരുന്നു. തന്റെ പാപം കഴുകുന്നവനെ കണ്ട സന്തോഷത്തില്‍ അവനെ വാരിപുണരുമായിരുന്ന ചിലരുടെപേരുകള്‍  ശഅബി(റ) തന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്‌.

താന്‍ സമ്പത്തിന്റെ കാവല്‍ക്കാരന്‍ മാത്രമാണെന്നും അല്ലാഹുവിന്റെ ഔദാര്യമാണെന്നും തോന്നലുണ്ടായപ്പോള്‍ മാത്രമാണ്‌ ഇസ്‌ലാമിന്‌ വിപ്ലവം സൃഷ്‌ടിക്കാനായത്‌. മറിച്ച്‌ സാമ്പത്തിക ശാസ്‌ത്രങ്ങളുടെ മാത്യൂസിയന്‍ കാഴ്‌ചപ്പാടുകള്‍ പരാജയപ്പെടുകയാല്‍ സോഷ്യലിസം സ്വപ്‌നം മാത്രമാവുകയുമാണ്‌ ചെയ്യുക. സമ്പന്നരില്‍ ഈ ആത്മബോധം വളര്‍ത്തലാണ്‌ ലോകത്തിന്‌ ഇനി ചെയ്യാനാകുന്നത്‌. 

(റഫീഖ്‌ സകരിയഫൈസി, സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter