സകാത്ത്: ഖുര്‍ആനിക വായന

ഖുര്ആനില്‍ പരമാര്‍ശിക്കപ്പെട്ട മൂന്ന് കാര്യങ്ങള്‍ അവയെ‍ തുടര്‍ന്നു പറഞ്ഞ മറ്റു മൂന്നു കാര്യങ്ങള്‍ കൊണ്ടല്ലാതെ ശരിയും സ്വീകാര്യവുമാവില്ലെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഒന്ന്, പ്രവാചകനെ അനുസരിക്കാതെ അല്ലാഹുവിനെ അനുസരിക്കുന്നത് പൂര്‍ണ്ണമാവുകയില്ല. `സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ വഴിപ്പെടുക. അവന്റെ പ്രവാചകനെയും വഴിപ്പെടുക (നിസാഅ്‌ 59). സമാനാര്‍ത്ഥം വരുന്ന സൂക്തങ്ങള്‍‍ 3/32,132, 5/95, 8/1, 20,47തുടങ്ങിയ പലസ്ഥലങ്ങളിലും ഖുര്‍ആനില്‍‍ കാണാവുന്നതാണ്. ഇവിടെ ദ്വിതീയമായി പരാമൃഷ്ടമായ പ്രവാചകാനുസരണം ഉണ്ടെങ്കിലേ ദൈവികാനുസരണം അംഗീകരിക്കപ്പെടുകയുള്ളൂ.

തിരുമേനി(സ്വ)യെ അംഗീകരിക്കാതെ അല്ലാഹുവിനെ വഴിപ്പെട്ടതായി ഗണിക്കുകയില്ലെന്ന് സാരം. രണ്ട്, മാതാപിതാക്കള്‍ക്ക് നന്ദി കാണിക്കാതെ അല്ലാഹുവിന് നന്ദി ചെയ്യാന്‍ കഴിയുകയില്ല. `നീ എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നന്ദി ചെയ്യുക (ലുഖ്മാന്‍‍ 14) ആയത്തില്‍ രണ്ടാമതായി പറഞ്ഞ മാതൃ-പിതൃബഹുമാനം ഉണ്ടെങ്കിലേ അല്ലാഹുവിന് നന്ദി ചെയ്തതായി പരിഗണിക്കപ്പെടുകയുള്ളൂ. മൂന്ന്, സകാത്ത് കൊടുക്കാതെ നിസ്കാരം പരിപൂര്‍ണമാവുകയില്ല. `നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുകയും നിര്‍ബന്ധദാനം (സകാത്ത്) കൊടുത്ത് വീട്ടുകയും ചെയ്യുക (ഖുര്‍ആന്‍‍). സൂക്തനമ്പര്‍ രേഖപ്പെടുത്തേണ്ടാത്ത വിധം ധാരാളം പ്രാവശ്യം ഖുര്‍ആന്‍ നിസ്കാരം, സകാത്ത് എന്നിവയെ ഒരുമിച്ചാണ് പരാമര്‍ശിച്ചിട്ടുള്ളത്. നിസ്കാരത്തിന്റെ ആന്തരിക ചലനങ്ങളെയും അതില്‍ അടങ്ങിയ ഉപാധികളെയും പരാമര്‍ശിക്കാതെ കേവലം അത് നിര്‍വ്വഹിക്കാന്‍ മാത്രം ആഹ്വാനം ചെയ്യുന്ന ഒട്ടുമിക്ക ആയത്തുകളിലും സകാത്തിനെയും അല്ലാഹു പരാമര്‍ശിച്ചിട്ടുണ്ട്‌. ഇവിടെനിന്നാണ് അര്‍ഹരായ പണ്ഡിതന്മാര്‍ നേരത്തെ പറഞ്ഞ പ്രകാരം സൂക്ഷ്മാര്‍ത്ഥത്തില്‍ നിസ്കാരത്തിന്റെ സ്വിഹ്ഹത്ത് സകാത്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന് മനനം ചെയ്തെടുത്തത്‌. അതുകൊണ്ട് പ്രത്യക്ഷ വായനയില്‍ ഇസ്ലാമിന്റെ ദ്വിതീയ സ്തംഭം നിസ്കാരവും തൃതീയ സ്തംഭം സകാത്തുമാണെങ്കില്‍ പോലും പരസ്പരം അവിഛേദ്യമാം വിധം രണ്ടും പിണഞ്ഞു കിടക്കുകയാണ്‌. മഹാനായ അബൂബക്കര്‍‍(റ) സകാത്ത് നിഷേധികളോട് മതഭ്രഷ്ടരോടെന്നപോലെ പടവെട്ടിയത് ഇവിടെ പ്രത്യേകം ഓര്‍ക്കുക.

സകാത്ത്  പൂര്‍വ്വകാലങ്ങളില്‍‍‍

ശുദ്ധി, വൃത്തി, വളര്‍ച്ച എന്നൊക്കെയാണ് സകാത്തിന്റെ ഭാഷാര്‍ത്ഥം. സാങ്കേതികമായി പറഞ്ഞാല്‍ തങ്ങളുടെ ധനത്തില്‍നിന്ന് നിശ്ചിതമായ ഒരുഭാഗം ദരിദ്രര്‍ക്കും മറ്റ് അര്‍ഹര്‍ക്കും നല്കുക. ഇങ്ങനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സകാത്ത്‌, നിസ്കാരത്തെയും നോമ്പിനെയും പോലെ മുന്‍ഗാമികളായ പല പ്രവാചകന്മാര്‍ക്കും അവരുടെ അനുയായികള്‍ക്കും നിര്‍ബന്ധമായിരുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക: (ഇബ്രാഹീം നബിയെയും അവരുടെ പരമ്പരയില്‍പെട്ട മറ്റു പ്രവാചകന്മാരെയും) നാം നേതാക്കളാക്കി. അവര്‍ നമ്മുടെ ഉത്തരവു പ്രകാരം ആളുകളെ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. നന്മ ചെയ്യാനും നിസ്കാരം നിലനിര്‍ത്താനും സകാത്ത് കൊടുത്തു വീട്ടാനും നാം അവര്‍ക്ക് ദിവ്യബോധനം നല്‍കി. അവര്‍ നമ്മെ മാത്രം ആരാധിക്കുന്നവരായിരുന്നു (അമ്പിയാഅ്‌ 73) മൂസാനബി(അ)യോട് അല്ലാഹു പറയുന്നു: ``എന്റെ ശിക്ഷ ഇഛിക്കുന്നവരെ ഞാന്‍ അനുഭവിപ്പിക്കും. എന്റെ കരുണയാവട്ടെ എല്ലാ വസ്തുവിനെയും ഉള്‍ക്കൊള്ളുന്നതാണ്‌. സൂക്ഷ്മതയുള്ളവര്‍ക്കും സകാത്ത്കൊടുത്ത് വീട്ടുന്നവര്‍ക്കും എന്റെ ദൃഷ്ടാന്തങ്ങള്‍ വിശ്വസിക്കുന്നവര്‍ക്കും അത് ഞാന്‍ നിശ്ചയം രേഖപ്പെടുത്തി വെക്കുന്നതാണ്‌ (അഅ്റാഫ്‌ 156) ഇസ്മാഈല്‍‍(അ)നെ കുറിച്ച് ഇങ്ങനെ വായിക്കാം: അദ്ദേഹം തന്റെ ബന്ധുക്കളോട്‌/ അനുയായികളോട് നിസ്കാരവും സകാത്തും കൊണ്ട് കല്‍പിച്ചിരുന്നു. അദ്ദേഹം തന്റെ രക്ഷിതാവിന്റെ പ്രീതി ഭാജനമായിരുന്നു (മര്‍യം 55).  

ഈസാ നബി(അ) പറയുന്നു, ഞാന്‍ എവിടെയായിരുന്നാലും അല്ലാഹു എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു. ജീവിക്കുന്ന കാലത്തോളം നിസ്കരിക്കുവാനും സകാത്ത് കൊടുക്കുവാനും എന്നോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്ന (മര്‍യം 31) ഇസ്രാഈല്‍ സന്തതികളോട് അല്ലാഹു പറയുന്നു: ഞാന്‍ നിങ്ങളുടെ കൂടെയാണ്. നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിന് നല്ല കടംകൊടുക്കുകയും ചെയ്യുകയായാല്‍ നിസ്സംശയം ഞാന്‍ നിങ്ങളുടെ ദോഷങ്ങള്‍ വിട്ടുപൊറുത്തു തരും (മാഇദ 12) പൂര്‍വ്വഗാമികള്‍ക്ക് സകാത്ത് അനുഷ്ഠിക്കേണ്ടതുണ്ടായിരുന്നു എന്നതിന് ഇനിയും ഖുര്‍ആനും ഹദീസുമടക്കം നിരവധി തെളിവുകള്‍ നിരന്നുനില്‍ക്കുന്നുണ്ട്‌.  ‌ഇനി സകാത്ത് നിര്‍ബന്ധമാക്കാന്‍ ഖുര്‍ആന്‍ ഉന്നയിക്കുന്ന താത്വികാടിത്തറ എന്താണെന്ന് നോക്കാം. ‍‍

ഐഹിക ലോകവും ഖുര്‍ആനും

സമ്പത്തില്‍ ‍നിന്നാണല്ലോ സകാത്ത് നല്‍കേണ്ടത്‌. സമ്പത്ത് ഐഹിക ലോകത്തിന്റെയും ഐഹികലോക ജീവിതത്തിന്റെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. അതുകൊണ്ട് ഇഹലോകത്തെക്കുറിച്ചുള്ള ഖുര്‍ആനിക നിലപാട് ആദ്യം പരിശോധിക്കാം.  അടിസ്ഥാനപരമായി ദുനിയാവ് ഒരു സത്യവിശ്വാസിയുടെ ലക്ഷ്യമല്ല, മാര്‍ഗമാണ്‌. ഒരു യാത്രക്കാരന്റെ റോള് മാത്രമേ വിശ്വാസികള്‍ക്ക് ഇവിടെ അഭിനയിക്കാനുള്ളൂ. ഐഹിക ആഢംബരങ്ങളെപ്പറ്റിയുള്ള ഇസ്ലാമികനിലപാട് ഉരുവം കൊള്ളുന്നത് പ്രസ്തുത സിദ്ധാന്തത്തിന്മേലാണ്. ഇബ്നുഉമറി(റ)ന്റെ തോളത്ത് കൈവെച്ച് നബി(സ്വ) പറഞ്ഞു: നീ ദുനിയാവില്‍ ഒരു പരദേശിയെപ്പോലെയോ വഴിയാത്രക്കാരനെപ്പോലെയോ ആവുക. നിന്നെക്കുറിച്ച് ഖബറാളികളില്‍പ്പെടേണ്ടവന്‍ എന്ന് ഗണിക്കുകയും ചെയ്യുക (ഹദീസ്) എന്നാല്‍ ഒരു സത്യനിഷേധിയെ സംബന്ധിച്ചിടത്തോളം ദുനിയാവ് അവരുടെ ലക്ഷ്യമാവാതിരിക്കാന്‍ തരമില്ല. തിരുമേനി(സ്വ) അവിശ്വാസിയുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിച്ച ഇവിടെ ആസ്വദിക്കാതെ പരലോകവിശ്വാസമില്ലാത്ത ഒരാള്‍ക്ക് ഐഹികജീവിതം എന്തുമാത്രം സാര്‍ത്ഥമായിരിക്കും. ദൈവനിഷേധികളുടെ കാര്യവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. അതുകൊണ്ട് പരലോകം എന്ന മറ്റൊരു സംഗതി കൂടി വരാനുണ്ട് എന്ന ബോധം അരക്കിട്ടുറപ്പിച്ചാണ് ഐഹികജീവിതത്തിന്റെ ക്ഷണഭംഗുരതയെ ഖുര്‍ആന്‍ ദൃഢപ്പെടുത്തുന്നത് ചില സൂക്ങ്ങള്‍ കാണുക: ഒരാള്‍ ഐഹികജീവിതവും അതിന്റെ ആഢംബരങ്ങളും ഉദ്ദേശിച്ചാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അവിടെ വെച്ചുതന്നെ നാം പൂര്‍ത്തിയാക്കും. അതില്‍ അവര്‍ കുറവ് വരുത്തപ്പെടുകയില്ല (ഹൂദ്‌ 15). ദുന്‍യാവിന്റെ കൃഷി ഒരാള്‍ ഉദ്ദേശിച്ചാല്‍ അതില്‍നിന്ന് അവന്ന് നാം നല്‍കും. ആഖിറത്തില്‍ അവന്ന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല (ശൂറ 20) ഐഹികജീവിതം കേവലം വഞ്ചിക്കുന്ന ആഢംബരം മാത്രമാണ്‌ (ആലുഇംറാന്‍‍ 185) സത്യനിഷേധികളെ ഐഹികജീവിതം വഞ്ചിച്ചു (അന്‍ആം 130) ഒറ്റരാത്രികൊണ്ട് അല്ലാഹു നശിപ്പിച്ചേക്കാവുന്ന വിളഞ്ഞ ഭൂമിയാണ് ദുന്‍യാവിന്റെ ഉപമ (യൂനുസ്) ഐഹികജീവിതം കളിയും വിനോദവും മാത്സര്യവും അഹങ്കാരവുമാണ്‌ (ഹദീസ്‌20) കാഫിറുകളെ ദുന്‍യാവില്‍ അല്‍പനേരം സുഖിക്കാന്‍ വിട്ട് പിന്നീട് അവരെ നാം പിടികൂടുന്നതാണ്‌ (ലുഖ്മാന്‍‍ 24) ഇത്രയും ആയത്തുകളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് പുച്ഛഭാവപൂര്‍വ്വമാണ് അല്ലാഹു ദുന്‍യാവിനെ ഖുര്‍ആനില്‍ വിശേഷിപ്പിക്കുന്നത് എന്നാണ്‌.

സമ്പത്ത് ഖുര്ആനില്‍

ഐഹിക ലോക ജീവിതത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് സമ്പന്നതയാണ്. ക്ലേശവും പ്രാരാബ്ധങ്ങളും സഹിച്ച് നാനാവിഭാഗം മനുഷ്യര്‍ അധ്വാനിക്കുകയും പരിക്ഷീണിക്കുകയും ചെയ്യുന്നത് സമ്പാദിക്കാനാണ്. എന്നാല്‍ മേല്‍‍പറഞ്ഞ പ്രകാരം സമ്പത്തിനെയും അടിസ്ഥാനപരമായി ഖുര്‍ആന്‍ അപശംസിക്കുകയാണ് ചെയ്യുന്നത്. ധനവും മക്കളും ഐഹിക അലങ്കാരമാണ്‌ (കഹ്ഫ്‌ 46) ധനം ഒരുമിച്ചു കൂട്ടുന്നവര്‍ക്ക് നാശം. അവര്‍ വിചാരിക്കുന്നു അത് അവരെ ശാശ്വതരാക്കുമെന്ന്‌ (ഹുമസ 1-3) കാഫിറുകളെ ധനവും മക്കളും ശിക്ഷയില്‍നിന്ന് സംരക്ഷിക്കുകയില്ല (ആലുഇംറാന്‍‍ 10) ധനവും മക്കളും ഉപകാരപ്പെടാത്ത ദിവസം (ശുഅറാഅ്‌ 88) ഇത്തരം നിരവധി സൂക്തങ്ങളിലൂടെ ധനത്തെ അല്ലാഹു അപകീര്‍ത്തിപ്പെടുത്തുന്നു. മിക്ക പ്രവാചകന്മാരെയും ആദ്യം തന്നെ നിഷേധിക്കുകയും പരിഹസിക്കുകയും അക്രമിക്കുകയും ചെയ്തവര്‍ അവരുടെ സമുദായത്തില്‍പെട്ട സമ്പന്നരാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല, ഓരോരുത്തരെയും അനുഗമിക്കുന്നത് ദരിദ്രരും നിന്ദ്യരുമാണെന്ന് അവരെ കുറ്റപ്പെടുത്തുക കൂടിചെയ്തു.  അവര്‍ പ്രവാചകനോട് പറഞ്ഞു: ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ, നികൃഷ്ടരല്ലേ നിന്നെ പിന്തുടര്‍ന്നിരിക്കുന്നത്‌ (ശുഅറാഅ്‌ 111) ഫിര്‍ഔനിന്റെ സമുദായത്തില്‍ പെട്ട പ്രമുഖര്‍ പറഞ്ഞു: ഇവന്‍ അറിവുള്ള മാരണക്കാരന്‍ തന്നെ (അഅ്റാഫ്‌ 109) സത്യനിഷേധികളില്‍നിന്നുള്ള പൗരപ്രമുഖര്‍ പറഞ്ഞു: ശുഐബിനെ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ പരാജിതരാണ് (അഅ്റാഫ്90) ഇപ്രകാരം ഹൂദിനോടും സ്വാലിഹിനോടും പറഞ്ഞതായി അതേ സൂറ സൂചിപ്പിക്കുന്നു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മിക്ക ധിക്കാരികളും സമ്പന്നരും അധികാരികളുമായിരുന്നു. ഫിര്ഔന്‍ ഈജിപ്തിന്റെ അധിപനും ബനൂഇസ്രാഈല്യരെ അടിമത്വത്തിന്റെ നുകത്തില്‍ കെട്ടി മനസ്സുഖം അനുഭവിച്ചിരുന്നവനുമായിരുന്നെന്ന് സുവിദിതമാണല്ലോ. ഖാറൂന്‍ ഇസ്രാഈല്യരെ അക്രമിച്ചു. അവന് നാം ശക്തരായ ഒരു സംഘം ചുമക്കാന്‍ മാത്രം താക്കോലുകള്‍ ആവശ്യമായ ഖജനാവു നല്‍കി. അന്നേരം സമുദായം അവനോട്‌ പറഞ്ഞു: നീ (അമിതമായി) സന്തോഷിക്കേണ്ട. അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (ഖസ്വസ്‌ 76) ഖാറൂന്‍‍, ഫിര്‍ഔന്‍‍, ഹാമാന്‍ ഭൂമിയില്‍ അഹങ്കരിച്ചപ്പോള്‍ അവരെ നാം രക്ഷപ്പെടുത്തിയില്ല (അന്‍കബൂത്ത്‌-39) അബൂലഹബിന് അവന്റെ സമ്പത്ത് ഉപകാരപ്പെട്ടില്ല (മസദ്‌ 2) പ്രവാചകന്റെ കൊടിയ ശത്രുവായിരുന്ന വലീദിനെക്കുറിച്ച് പറയുന്നു: പണവും മക്കളും ഉണ്ടായതിന്റെ പേരില്‍ വലീദിനെ) താങ്കള്‍ അനുസരിക്കരുത്‌ (ഖലം 10-14).  

സമ്പത്തും സത്യവിശ്വാസിയും

ഇതുവരെ നാം പറഞ്ഞത് ധനം നാശഹേതുവും വര്‍ജ്യവുമാണെന്നാണല്ലോ. എന്നാല്‍ ഐഹികലോകത്ത് പാര്‍ക്കുന്ന ഒരാളെന്ന നിലയില്‍ ധനം ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ട് സോപാധികം ധനസമ്പാദനത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, ചിലര്‍ക്ക് ഐഹികജീവിത വ്യവസ്ഥയുടെ സന്തുലിതത്വത്തിന്റെ പേരില്‍ അല്ലാഹു സമ്പത്ത് യഥേഷ്ടം നല്കുകയും ചെയ്യുന്നു. ഇതിന് ചില കാരണങ്ങളുണ്ട്‌: (1) മനുഷ്യരെ അല്ലാഹുവിന്റെ ഖലീഫ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്‌. ഈ ഖിലാഫത്ത്‌ (പ്രാതിനിധ്യം) സുഖമമാം വിധം അനുഷ്ഠിക്കാന്‍ സമ്പത്ത് പലപ്പോഴും ആവശ്യമായി വരുന്നു. ഖുര്‍ആന്റെ ചില സൂചനകളിലൂടെ നമുക്കിത് മനസ്സിലാക്കാം. ഹജ്ജിന് പോവുമ്പോള്‍ ആളുകള്‍ ഒരുമിച്ച് കൂടുന്ന ഒരു സ്ഥലം എന്ന നിലക്ക് അവിടെ വെച്ച് വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല (ബഖറ 198) അന്നും ഇന്നും എന്നും ഹജ്ജ്‌വേള ഒരു വ്യാപാരരംഗം കൂടിയാണെന്ന് നിസ്തര്‍ക്കമാണല്ലോ. ഇതിനെയാണ് ഖുര്‍ആന്‍ മാനുഷികപ്രകൃതം പരിഗണിച്ച് അംഗീകരിക്കുന്നത്. നിങ്ങളുടെ ജീവിതോപാധിയാക്കിമാറ്റിയ ധനം ബുദ്ധി ഉറക്കാത്തവര്‍ക്ക് നിങ്ങള്‍ നല്‍കരുത്‌ (നിസാഅ്‌ 5) ധനം എന്നതിനെ ഖിവാം (നിലനില്‍പിന്റെ ഉപാധി) എന്ന് ഇവിടെ ശ്ലാഘിക്കുന്നു. അല്ലാഹു കറാമത്ത് നല്‍കി പ്രത്യേകം അനുഗ്രഹിച്ച അസ്ഹാബുല്‍ കഹ്ഫ്‌/ ഗുഹാവാസികള്‍ പലായനസമയത്ത് തങ്ങളുടെ കൈവശം നാണയങ്ങള്‍ സൂക്ഷിച്ചിരുന്നു (കഹ്ഫ്‌ 19) ഇതിനെ അപഗ്രഥിച്ച് പണ്ഡിതന്മാര്‍ പറയുന്നത് ദൈവമാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ കൂടെ ആവശ്യമായ സമ്പാദ്യവും കരുതണമെന്നാണ് (റാസി) പണ്ടുകാലത്ത് ഹജ്ജിനല്ലേ എന്ന് കരുതി ശൂന്യഹസ്തരായി മക്കയില്‍ വന്നിരുന്ന യമനുകാരെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍‍ (യാത്രക്ക് പുറപ്പെടുമ്പോള്‍ ആവശ്യമായ) പാഥേയം കൂടെ കരുതുക. എന്നാല്‍ ഏറ്റവും നല്ല പാഥേയം തഖവയാണ്‌ (ബഖറ 197) ബാങ്ക് വിളിച്ചാല്‍ കച്ചവടം അവസാനിപ്പിച്ച് ജുമുഅക്ക് വരണം എന്ന് ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ പറയുന്നു: നിസ്കാരം നിര്‍വ്വഹിച്ചാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ ഔദാര്യം കാംക്ഷിക്കുകയും ചെയ്യുക (ജുമുഅ 10) ഖുര്‍ആന്‍‍ 16/14, 17/12,66, 30/46, 45/12 തുടങ്ങിയവയിലും പ്രസ്തുത സൂചനകള്‍ ലഭ്യമാണ്‌. ‌അതിനാല്‍ ഐഹിക ജീവിതം കേവലം കടന്നു പോവാനുള്ള ഒരു പാലമാണെങ്കില്‍കൂടി ഇവിടെ ധനവും സമ്പാദനവും ആവശ്യമായിവരുന്ന സന്ദര്‍ഭങ്ങളുണ്ട്‌. (2) ധനം നല്‍കപ്പെട്ടവര്‍ നന്ദിയുള്ളവരും അവകാശങ്ങള്‍ വേണ്ടവിധം നല്‍കുന്നവരുമാണെന്ന് പരീക്ഷിക്കാന്‍ അല്ലാഹു ചിലരെ സമ്പന്നരാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഐശ്വര്യവും ദാരിദ്ര്യവും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്‌. മനുഷ്യനെ ധനം കൊണ്ട് പരീക്ഷിച്ചാല്‍ അവര്‍ പറയുന്നു, അല്ലാഹു അവനെ ആദരിച്ചു. അവനെ ദാരിദ്ര്യം കൊണ്ട് പരീക്ഷിച്ചാല്‍ അവന്‍ പറയുന്നു: അല്ലാഹു എന്നെ നിന്ദിച്ചു (ഫജ്ര്‍ 15, 16) ദാരിദ്ര്യവും ഐശ്വര്യവും പരീക്ഷണമാണെന്ന് മേല്‍സൂക്തങ്ങള്‍ വ്യക്തമായി അടിവരയിടുന്നു. സമ്പന്നനെ അല്ലാഹു പലരീതിയി‍ല്‍ പരീക്ഷിക്കുന്നുണ്ട്‌. അവന്‍ അഹങ്കരിക്കുന്നുണ്ടോ? തെറ്റായ കാര്യങ്ങള്‍ക്ക് പണം ചെലഴിക്കുന്നുണ്ടോ? തെറ്റായ വഴികളിലൂടെ പണം അഭിവൃദ്ധിപ്പെടുത്തുന്നുണ്ടോ? ധനം അവന്റെ സല്‍ക്കര്‍മങ്ങള്‍ക്ക് വിഘാതമാവുന്നുണ്ടോ? നിര്‍ധനരെ സഹായിക്കുകയോ സകാത്ത് കൊടുത്ത് വീട്ടുകയോ ചെയ്യുന്നുണ്ടോ? അവരെ പുച്ഛിക്കുകയും ധനം തന്റെ സാമര്‍ത്ഥ്യം കൊണ്ട് ലഭിച്ചതാണെന്ന് വിചാരിക്കുകയും ചെയ്യുന്നുണ്ടോ? ഖുര്‍ആനില്‍ സൂചനകളുള്ള ഇപ്പരീക്ഷണങ്ങളെല്ലാം ഒരു ധനാഢ്യന്‍ ഐഹികലോകത്ത് നേരിടേണ്ടതുണ്ട്‌. (3) ചിലരെ ധനാഡ്യന്മാരാക്കുന്നതിലൂടെ അല്ലാഹു സാധുക്കളെയും പരീക്ഷണവിധേയരാക്കുന്നു. പണം കൊണ്ടുള്ള പരീക്ഷണത്തിന്റെ പരിധിയില്‍ ഇതും ഉള്‍പ്പെടുമെന്നതാണ് പണ്ഡിതമതം. അപ്പോള്‍ താന്‍ ദരിദ്രനായി എന്നതിന്റെ പേരില്‍ മറ്റുള്ളവരെ അസൂയാപൂര്‍വ്വം ഒരു ദരിദ്രന്‍ വീക്ഷിക്കുന്നുണ്ടോ എന്ന് അല്ലാഹു എപ്പോഴും നിരീക്ഷിക്കുകയാണ്‌. അതുകൊണ്ട് ചിലര്‍ക്ക് ധനം നല്‍കുക വഴി ധനം ലഭിക്കാത്തവരെയും അല്ലാഹു പരീക്ഷണത്തിന് വിധേയരാക്കുകയാണ് ചെയ്യുന്നത്‌. ധനത്തില്‍നിന്ന് ഐഛികദാനം ഇങ്ങനെ മനുഷ്യവര്‍ഗത്തില്‍നിന്ന് ധനം ലഭിച്ചവര്‍ ഒരിക്കലും അതിനെ പൂജിക്കാതിരിക്കുകയും ആരാധനാമനോഭാവത്തോടെ കാണാതിരിക്കുകയും ചെയ്യല്‍ അനിവാര്യമാണ്. എപ്പോഴും ധനം അല്ലാഹുവിന്റെ ഔദാര്യമാണ്. തന്റെ അവകാശമോ സാമര്‍ത്ഥ്യമോ അല്ല എന്ന വിചാരം ഒരു ധനാഢ്യന്‍ അത്യാവശ്യമാണ്. ഖുര്‍ആനില്‍ പത്തിലധികം തവണ ഇക്കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്‌. ഇവിടെയെല്ലാം ധനം (മാല്‍) എന്നതിന് പകരം ഔദാര്യം (ഫള്ല്‍) എന്നാണ് ഖുര്‍ആന്‍ പ്രയോഗിക്കുന്നത്‌. ഒരാള്‍ മറ്റൊരാള്‍ക്ക് ഔദാര്യപൂര്‍വ്വം വല്ലതും നല്‍കുകയാണെങ്കില്‍ അതിനെയാണ് ഫള്ല് എന്ന് പറയുന്നത്‌. എന്തുകൊണ്ട് ധനം അല്ലാഹുവിന്റെ ഔദാര്യമായി? കാരണം വ്യക്തമാണ്‌. ശക്തിയാണ് ധനസമ്പാദനത്തിന്റെ മാനദണ്ഡമെങ്കില്‍ എത്രയോ ശക്തിമാന്മാര്‍ ദരിദ്രരാണ്. ജ്ഞാനമാണെങ്കില്‍ ധാരാളം ജ്ഞാനികള്‍ നിശൂന്യരായി ലോകത്ത് പാര്‍ക്കുന്നുണ്ട്. ബുദ്ധിയോ സൗന്ദര്യമോ അവസരങ്ങളോ തറവാടിത്തമോ എന്തുതന്നെ പരിശോധിച്ചാലും ഇവയെല്ലാം ഉള്ളവര്‍ ഇവിടെ ദരിദ്രനാരയണന്മാരായി ആയുസ് തള്ളിനീക്കുന്നത് നാം കാണുന്നു. അതുകൊണ്ട് ധനാഢ്യത്വത്തിന്റെ മാനദണ്ഡം എപ്പോഴും ദൈവഔദാര്യം മാത്രമാണ്. ഇത്തരമൊരു ബോധം ഉണ്ടാകുന്ന പക്ഷം പണാസക്തി ഒരു രോഗമായി ആരെയും ഗ്രസിക്കുകയില്ല. അതുകൊണ്ടാണ് അല്ലാഹു തആലാ ഐഛികദാനധര്‍മ്മങ്ങളെ വളരെ പ്രമുഖമായി ഖുര്‍ആനിലും ശരീഅത്തിലും അവതരിപ്പിക്കുന്നത്‌. ഇഷ്ടപ്പെട്ടത് ദാനം ചെയ്യുന്നതുവരെ (ദാനത്തിന്റെ) നന്മ നിങ്ങള്‍ക്ക് ലഭിക്കുകയില്ല എന്നാണ് കര്‍ശന ഭാഷയില്‍ ഇതു സംബന്ധമായ ദൈവിക വെളിപാട്. ഖുര്‍ആന്റെ രണ്ടാം സൂറ ആരംഭത്തില്‍ തന്നെ സത്യവിശ്വാസികളെ പരിചയപ്പെടുത്തുന്നത്  ദാനശീലര്‍ എന്നാണ്‌. ഇവിടെനിന്ന് ആരംഭിച്ച് നിസാഅ്‌, തൗബ, യൂസുഫ്‌, ഇസ്റാഅ്, റൂം തുടങ്ങിയ ധാരാളം സൂക്തങ്ങളില്‍ ദാനധര്‍മ്മത്തിന് അല്ലാഹു പ്രത്യേകം ആഹ്വാനം ചെയ്യുന്നു. സകാത്തിനെ മാറ്റിനിര്‍ത്തിയാല്‍ തന്നെ ഒറ്റവായനയില്‍ നൂറിലധികം ആയത്തുകളിലൂടെ അല്ലാഹു ഐഛികദാനത്തെയും തല്‍സംബന്ധ വിഷയങ്ങളെയും പുകഴ്ത്തുന്നുണ്ട്‌. ‍

നിര്‍ബന്ധദാനം അഥവാ സകാത്ത്

ധനത്തോടുള്ള ആര്‍ത്തിയില്‍നിന്ന് മനുഷ്യരെ ശുദ്ധീകരിക്കുക എന്ന ധര്‍മമാണ് ഐഛികദാനം (സ്വദഖ)നിര്‍വ്വഹിക്കുന്നത് എന്ന് നാം കണ്ടു. എന്നാല്‍‍, ഇത്തരം ഐഛികദാനങ്ങള്‍ക്ക് വഴങ്ങാത്തവരും മനുഷ്യവര്‍ഗത്തില്‍ ധാരാളമാണ്‌. ഇവരുടെ മനസ്സ് ധനാസക്തിയോട് പിളര്‍ത്താന്‍ കഴിയാത്തവിധം സുബന്ധിതമായിരിക്കും. പിശുക്ക് ഇത്തരക്കാരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഇവിടെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നത് കാണാം. പിശുക്കാണ് പൂര്‍വ്വഗാമികളെ നശിപ്പിച്ചത് എന്ന് തിരുമേനി(സ്വ) പറഞ്ഞിട്ടുണ്ട്‌.  ഇത്തരക്കാരുടെ ഹൃദയം മലിനവും സത്യദര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കളങ്കിതവുമായിരിക്കും. തങ്ങളുടെ സമ്പാദ്യത്തില്‍നിന്ന് നയാപൈസ ആവശ്യത്തിനോ അനാവശ്യത്തിനോ ഇറങ്ങുന്നത് ഇവര്‍ക്ക് അസഹനീയമാണ്‌. ഇതാണ് ഒരു മനുഷ്യന്റെ മനസ്സിനെയും ധനത്തെയും ബാധിക്കാവുന്ന ഏറ്റവും വലിയ മാലിന്യം. ഇതിനെ കേവലം ഐഛികദാനം കൊണ്ട് ചികിത്സിക്കുക സാധ്യമല്ല. ഇവിടെ നിര്‍ബന്ധമായും ഒരു ധനാഢ്യന്‍ ദരിദ്രര്‍ക്ക് നല്‍കേണ്ട സകാത്തിന്റെ താത്ത്വിക സാധ്യത തെളിഞ്ഞുവരുന്നു.  നാം നേരത്തെപറഞ്ഞല്ലോ, സംസ്കരണം എന്നാണ് സകാത്തിന്റെ അര്ത്ഥം. സകാത്ത് നല്‍കുക വഴി പ്രഥമമായി മനസ്സിനെയും ദ്വിതീയമായി സമ്പത്തിനെയും സംസ്കരിക്കുകയാണ് ഒരാള്‍ ചെയ്യുന്നത്‌. ഖുര്‍ആന്‍ പറയുന്നു: നബിയേ, താങ്കള്‍ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് സ്വീകരിക്കുക. അത് അവരെ സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. (താങ്കള്‍ അത് സ്വീകരിക്കുമ്പോള്‍‍) അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. താങ്കളുടെ പ്രാര്‍ത്ഥന അവര്‍ക്ക് ആശ്വാസമാണ്‌ (തൗബ 103). മുപ്പതിലധികം ആയത്തുകളില്‍‍ അല്ലാഹു സകാത്ത് നല്‍കാന്‍ നേരിട്ട് ആഹ്വാനം ചെയ്യുന്നുണ്ട്. മാത്രമല്ല, നല്‍കുന്നവര്‍ക്ക് ഇരട്ടി പ്രതിഫലവും നല്‍കാത്തവര്‍ക്ക് കഠിനശിക്ഷയും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ചുരുക്കത്തില്‍ നിസ്കാരത്തിന് നല്‍കുന്ന സമാനമായ പ്രാധാന്യമാണ് സകാതിനും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്.   

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter