സകാത്ത്: എങ്ങനെ വിതരണം ചെയ്യണം?

സകാത്ത്‌ വിതരണത്തിന്‌ മൂന്ന്‌ രീതികളാണ്‌ ഇസ്‌ലാംമുന്നോട്ടുവെക്കുന്നത്‌.

1. ഉടമനേരിട്ടുകൊടുക്കുക.
2. കൊടുക്കാന്‍ മറ്റൊരാളെവക്കാലത്താക്കുക.
3. സകാത്ത്‌ മുതല്‍ ഖലീഫയെഏല്‍പിക്കുക.
ഇവിടെ രണ്ടാമത്തെ രൂപത്തില്‍ പറഞ്ഞ വക്കാലത്താക്കപ്പെട്ട വ്യക്തി അവകാശിക്ക്‌ എത്തിച്ചു കൊടുത്താലേ ഉടമയുടെ ബാധ്യതവീടുകയുള്ളൂ. എന്നാല്‍ ഇസ്‌ലാമിക ഭരണമുള്ള സ്ഥലത്ത്‌ ഖലീഫയെ ഏല്‍പിക്കലോടുകൂടി അവന്റെ ബാധ്യത അവസാനിച്ചു. കാരണം അവകാശികളുടെ പ്രതിനിധിയായി ഖലീഫയെ അല്ലാഹു നിയമിച്ചതാണ്‌. ഇക്കാര്യത്തില്‍ ഇമാം നവവി(റ) വിവരിക്കുന്നു:
നമ്മുടെ നാട്ടില്‍ ഇസ്‌ലാമിക ഭരണമില്ലാത്തതുകൊണ്ട്‌ രണ്ട്‌ രീതികളാണ്‌ പ്രായോഗികം. അതില്‍ തന്നെ സ്വന്തമായി കൊടുക്കലാണ്‌ ഉത്തമം.
സകാത്ത്‌ കമ്മിറ്റി മുകളില്‍ പറഞ്ഞ ഒരിനത്തിലും പെടാത്തതു കൊണ്ട്‌ കമ്മിറ്റിക്കു കൊടുത്താല്‍ ബാധ്യത വീടുകയില്ല. കാരണം കമ്മിറ്റിയെന്നതു ഒരു നിര്‍ണിത വ്യക്തിയല്ല. ഒരു നിര്‍ണിതവ്യക്തിയെ മാത്രമേ വകീലാക്കാന്‍ പറ്റുകയുള്ളൂ.
കമ്മിറ്റിയുമായി ബന്ധപ്പെട്ട്‌ ഒരു സുഹൃത്ത്‌ പറഞ്ഞ അനുഭവം ഇവിടെ ചേര്‍ത്തുവായിക്കണം. നാട്ടിലെ ഉല്‍പതിഷ്‌ണുക്കളുടെ സകാത്ത്‌ കമ്മിറ്റിയില്‍ അദ്ദേഹം സകാത്ത്‌ കൊടുക്കാറുണ്ടായിരുന്നുവത്രെ. വര്‍ഷാവസാനം ജനറല് ‍ബോഡിയില്‍ കണക്കു വായിച്ചപ്പോള്‍ സകാത്ത്‌ ഇനത്തില്‍ പിരിച്ചെടുത്ത സംഖ്യയില്‍നിന്ന്‌ ഇത്ര സംഖ്യ ബാക്കി എന്നുവായിച്ചുപോല്‍! അന്നുമുതല്‍ അദ്ദേഹം ആ കമ്മിറ്റിയുമായി ബന്ധപ്പെട്ടിട്ടില്ല. അങ്ങനെ എത്രയാളുടെ സകാത്തുകള്‍ ഇന്നും അവകാശികള്‍ക്ക്‌ ലഭിക്കാതെ പല സ്ഥലങ്ങളിലും കിടക്കുന്നുണ്ടാകും. ഇബാദത്തുകളില് ‍പോലും തോന്നിവാസങ്ങള്‍ കലര്‍ത്തുന്ന പ്രക്രിയയില്‍നിന്നു സമുദായത്തെ രക്ഷിക്കേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌.
ഇവിടെ ഉടമകള്‍ക്കു വേണമെങ്കില്‍ താന്താങ്ങളുടെ സകാത്തുവിഹിതം വെവ്വേറെ എടുത്ത്‌ നിയ്യത്ത്‌ ചെയ്‌ത ശേഷം ഒരുമിച്ചുകൂട്ടി അവകാശികള്‍ക്കു വിതരണം ചെയ്യാവുന്നതാണ്‌. ഇതും കമ്മിറ്റിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. ഇവിടെ ഓരോവ്യക്തികള്‍ തന്നെയാണ്‌ സകാത്ത്‌  കൊടുക്കുന്നത്‌. ശാഫിഈ മദ്‌ഹബില്‍ പ്രചാരത്തിലുള്ള `ഉംദ‘യില്‍ കാണാം:
“ഒരുകൂട്ടം ആളുകള്‍ താന്താങ്ങള്‍ കൊടുക്കുവാന്‍ കടപ്പെട്ട ഫിത്വ്‌ര്‍ സകാത്ത്‌ വെവ്വേറെ ശേഖരിക്കുകയും എന്നിട്ട്‌ അവര്‍ അത്‌ ഒന്നിച്ചു കൂട്ടുകയും ചെയ്‌തുകൊണ്ട്‌ ഉടമകളായ അവര്‍ ഓരോരുത്തരും തന്നെ അവകാശികള്‍ക്കു വിതരണം ചെയ്യുകയോ അവരില്‍ ഒരാള്‍ മറ്റുള്ളവരുടെ സമ്മതപ്രകാരം വിതരണം ചെയ്യുകയോ ചെയ്‌താല്‍ അതിന്ന്‌ വിരോധമില്ല.”
ഇനി എത്ര കൊടുക്കണമെന്നതാണ്‌ അടുത്ത പ്രശ്‌നം. എട്ട്‌ വിഭാഗങ്ങളില്‍നിന്ന്‌ നിലവിലുള്ളവര്‍ക്ക്‌ മുഴുവനും കൊടുക്കാനുള്ള സകാത്ത്‌ മുതലുണ്ടെങ്കില്‍ അങ്ങനെ ചെയ്യണം. അല്ലെങ്കില്‍ ഓരോവിഭാഗത്തില്‍നിന്നും മൂന്നു പേര്‍ക്കെങ്കിലും കൊടുക്കണം. വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവ്യത്യാസം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഒരു വിഭാഗത്തിലെ അംഗങ്ങള്‍ക്കിടയില്‍ തുല്യതപാലിക്കല്‍ നിര്‍ബന്ധമില്ല. ഫിത്വ്‌ര്‍ സകാത്ത്‌ അവകാശികളില്‍പെട്ട മൂന്നുപേര്‍ക്കുകൊടുക്കല്‍കൊണ്ട്‌ വീടുമെന്നു ഒരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഒരാള്‍ക്ക്‌ കൊടുത്താലും വീടുമെന്ന അഭിപ്രായമുണ്ട്‌.
ഏതെങ്കിലും ഒരു വിഭാഗത്തിനു കൊടുത്താല്‍ തന്നെ സകാത്ത്‌ വീടുമെന്നു ഇമാം അബൂഹനീഫ(റ) പറയുന്നു. (ഫത്‌ഹുല്‍ മുഈന്‍)
സമ്പാദിക്കാനോ കച്ചവടം നടത്താനോ കഴിവില്ലാത്ത ഫഖീറിനും മിസ്‌കീനിനും അവന്റെ ശരാശരി ആയുഷ്‌കാലത്തിന്‌ ആവശ്യമായ വരുമാനമാര്‍ഗത്തിനുള്ള വിലയാണ്‌ സകാത്ത്‌ ഇനത്തില്‍ നല്‍കേണ്ടത്‌. ഭരണസംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത്‌ കൃത്യമായി നടത്താം. അല്ലാത്ത സ്ഥലങ്ങളില്‍ ധനികന്മാര്‍ വിചാരിച്ചാല്‍ നടപ്പാക്കാവുന്നതേയുള്ളൂ.
ശരാശരി ആയുഷ്‌കാലം കൊണ്ടുദ്ദേശിക്കുന്നത്‌ അറുപതിന്റെയും എഴുപതിന്റെയും ഇടയിലാണ്‌. അപ്പോള്‍ ഒരു ഫഖീറിനു ഇനി അറുപത്‌ വയസ്സാകാന്‍ എത്ര വര്‍ഷമുണ്ടോ അത്രയും വര്‍ഷത്തേക്കുള്ള വരുമാനമാര്‍ഗത്തിനുള്ള വില സകാത്ത്‌ വിഹിതത്തില്‍നിന്നു നല്‍കണമെന്നര്‍ത്ഥം (തുഹ്‌ഫ 7/164, 165 നോക്കുക).
ജോലിയെടുക്കാന്‍ കഴിവുള്ളയാളാണെങ്കില്‍ അതിന്റെ ആയുധം വാങ്ങാനുള്ള വിലയും കച്ചവടം നടത്താന്‍ കഴിവുള്ള ആളാണെങ്കില്‍ അതിന്റെ മൂലധനവും നല്‍കണം.
തൊഴിലുകള്‍ക്കനുസരിച്ച്‌ കൊടുക്കേണ്ട തോതിലും മാറ്റം വരും. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു.
ആശാരിപ്പണി, തയ്യല്‍ തുടങ്ങി നാട്ടില്‍ നടക്കുന്ന തൊഴിലുകള്‍ എണ്ണിയെണ്ണി ഇമാമുകള്‍ ഇവിടെ പറഞ്ഞിരിക്കുകയാണ്‌. കഴിവിന്റെ പരമാവധി ദാരിദ്ര്യം നിര്‍മാര്‍ജനം സാധ്യമാക്കണമെന്നാണ്‌ കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്‌.
സകാത്തിനുപുറമെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന്‌ ഇസ്‌ലാം വേറെവഴികളും മുന്നോട്ടുവെക്കുന്നു. ഫര്‍ള്‌ കിഫാ (സമൂഹബാധ്യത)യെക്കുറിച്ചു പറഞ്ഞ ഭാഗത്ത്‌ നാട്ടിലെ അശരണരുടെയും പാവപ്പെട്ടവരുടെയും പ്രയാസങ്ങള്‍ നീക്കല്‍ ധനികന്റെ ബാധ്യതയാണെന്ന്‌ എല്ലാ ഫിഖ്‌ഹിന്റെ കിതാബുകളും വിവരിച്ചിട്ടുണ്ട്‌. ഒരുവര്‍ഷം തനിക്കും ആശ്രിതര്‍ക്കും ജീവിക്കാനാവശ്യമായതുക കഴിച്ച്‌ മിച്ചമുള്ളവരാണ്‌ ഇവിടെ ധനികന്‍ എന്നതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം തുടങ്ങിയ ദരിദ്രരുടെ എല്ലാ മൗലികാവകാശങ്ങളും പൂര്‍ത്തിയാക്കിക്കൊടുക്കേണ്ടത്‌ ഇത്തരം ധനികന്മാരാണ്‌.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സാമ്പത്തിക പരാതീനതകള്‍ ഇല്ലാതാക്കാനും ഇത്രയും കൃത്യമായ മാര്‍ഗരേഖ ഇസ്‌ലാം മുന്നോട്ടു വെച്ചിട്ടും നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റാതെ സമ്പത്ത്‌ ലഭിച്ചതില്‍ അഹങ്കരിക്കുകയാണ്‌ അധിക ധനികരും. ഇതിന്റെഭവിഷ്യത്ത്‌ തന്നില്‍ മാത്രമല്ലപിന്‍തലമുറയിലേക്കും പടര്‍ന്നുപിടിക്കും എന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌. 

(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter