ഇവരാണാ മുസ്‌ലിംകള്‍; ഹോളോകാസ്റ്റ് കാലത്ത് ജൂത്മാരെ രക്ഷിച്ചവര്‍
ഫലസ്തീനികളുടെ താമസ്ഥലങ്ങളില്‍ അതിക്രമിച്ച് കയറി വീടുകള്‍ തകര്‍ക്കുന്ന ഇസ്രയേല്‍ ബുള്‍ഡോസറുകളുടെ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിരന്തരം കടന്ന് വന്ന് കൊണ്ടിരിക്കുകയാണ്. 7 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫലസ്തീനെ വെട്ടി മുറിച്ച് ഇസ്രയേല്‍ എന്ന പേരില്‍ ജൂതര്‍ക്ക് മാത്രമായി ഒരു രാഷ്ട്രം ലോകത്തെ വന്‍ ശക്തികളുടെ പിന്തുണയില്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ പശ്ചിമേഷ്യ കടുത്ത സംഘര്‍ഷാവസ്ഥയിലാണ്. ഇതിന് പുറമെ ലോകത്ത് പലയിടത്തും ഇസ്ലാമോഫോബിയ വളര്‍ത്തുന്നതില്‍ ജൂതരുടെ പങ്ക് നിസ്തുലമാണ്. ഇസ്ലാമിനെയും മുസ്ലിം രാഷ്ട്രങ്ങളെയും തകര്‍ക്കാന്‍ നിരന്തരമായ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നവരാണ് സയണിസ്റ്റ് ജൂതന്മാര്‍. ഹോളോകോസ്റ്റ് എന്ന പേരിലുള്ള ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊലയെത്തുടര്‍ന്ന് ലോക മനസ്സാക്ഷിയെ പ്രീതിപ്പെടുത്തിയാണ് സയണിസ്റ്റുകള്‍ ഇസ്രയേല്‍ രൂപീകരിച്ച് ഫലസ്തീനി മുസ്ലിംകള്‍ക്ക് ദുരിതം വിതച്ചത്. എന്നാല്‍ അതേ ഹോളോകോസ്റ്റില്‍ നിന്ന് ജൂതന്മാരെ നിരവധി മുസ്ലിംകള്‍ രക്ഷിച്ചുവെന്നത് ചരിത്രത്തിന്‍റെ തങ്ക ലിപികളില്‍ എഴുതപ്പെട്ട വലിയൊരു യാഥാര്‍ഥ്യമാണ്. അവരില്‍ ചിലരെ ഇവിടെ പരിചയപ്പെടാം.
ടുണിഷ്യക്കാരനായ ഖാലിദ് അബ്ദുല്‍ വഹാബ് ആണ് ഇവരിലൊരാള്‍. ജര്‍മന്‍ അധിനിവേശ കാലത്ത് 25 ഓളം ടുണീഷ്യന്‍ ജുതവിശ്വാസികളെയാണ് നാസി പട്ടാളത്തില്‍ നിന്ന് അദ്ദേഹം രക്ഷിച്ച് തന്‍റെ തോട്ടത്തിലെ ചെറിയൊരു താമസ സ്ഥലത്ത് 4 മാസത്തോളം അഭയം നല്‍കിയത്. തന്‍റെ പരിചയക്കാരായ ഈ ജൂത കൂടുംബങ്ങളിലെ സ്ത്രീയെ അപമാനിക്കാന്‍ നാസികള്‍ തീരുമാനിച്ചതറിഞ്ഞാണ് അദ്ദേഹം ഉടനടി ഇങ്ങനെയൊരു നടപടിയെടുത്തത്. നാസികളുടെ അധിനിവേശം അവസാനിക്കുന്നത് വരെ ജൂത കുടുംബം ഇദ്ദേഹത്തിന്‍റെ സംരക്ഷണത്തില്‍ തന്നെ തുടര്‍ന്നു.
നാസികളുടെ അധിനിവേശ കാലത്ത് മഹ്ദിയ എന്ന കടല്‍ തീര നഗരത്തിലെ പ്രധാനികളിലൊരാളായിരുന്നു ഇദ്ദേഹം. തന്‍റെ സ്ഥാനമുപയോഗിച്ച് നിരവധി ജൂതന്മാരെ നാസികളില്‍ നിന്ന് രക്ഷിക്കന്‍ അദ്ദേഹത്തിന് സാധിച്ചു.
പാരിസിലെ വലിയ പള്ളിയുടെ ഇമാമായിരുന്ന സി കദ്ദൂര്‍ ബന്‍ഗാബ്രിട്ട് ആണ് മറ്റൊരാള്‍. അഞ്ഞൂറിലധികം ജൂതന്മാര്‍ക്കാണ് മുസ്ലിം വേഷം ധരിച്ച് പള്ളിക്കകത്ത് കഴിഞ്ഞ് കൂടാന്‍ അദ്ദേഹം അവസരം നല്‍കിയതാണ് അദ്ദേഹം ചെയ്ത മഹാ സേവനം.
അന്ന ഗുട്മെന്‍ എന്ന ജൂത സ്ത്രീയുടെയും കുടുംബത്തിന്‍റെയും ജീവന്‍ രക്ഷിച്ച ഈജിപ്തുകാരനായ മുഹമ്മദ് ഹെല്‍മിയുടെയും സേവനം വിലമതിക്കാനാവാത്തതാണ്. 2013 ല്‍ ഇതിന്‍റെ പേരില്‍ അദ്ദേഹത്തിന്‍റെ സേവനത്തെ യാഡ് വാഷെം എന്ന സംഘടന പുകഴ്ത്തിപ്പറഞ്ഞിരുന്നു.അബ്ദുല്‍ ഹുസൈന്‍ സര്‍ദാരി എന്ന പാരിസിലെ ഇറാനീ കൗണ്‍സിലര്‍ 1942 ല്‍ 500 ലധികം ജൂതന്മാരെയാണ് തന്‍റെ സ്ഥാനം ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ഇറാനിയന്‍ പാസ്സ്പോര്‍ട്ടുകള്‍ നല്‍കി അവര്‍ക്ക് രാജ്യത്ത് നിന്ന് രക്ഷപ്പെടാനും അദ്ദേഹം അവസരമൊരുക്കിയത് തന്‍റെ ജീവന്‍ പോലും പണയം വെച്ചായിരുന്നു.
റോഡ്സ് ദ്വീപിലെ തുര്‍ക്കി പ്രതിനിധിയായി 1944 ല്‍ ചുമതലയേറ്റ സ്വലാഹുദ്ദീന്‍ ഉല്‍കുമെന്‍ തന്‍റെ സ്ഥാനമുപയോഗിച്ച് അമ്പതിലധികം ജൂതന്മാരെയാണ് നാസികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിന് അദ്ദേഹത്തിന് കനത്ത വില തന്നെ നല്‍കേണ്ടി വന്നു. ജര്‍മന്‍ സൈന്യത്തിന്‍റെ ബോംബ് വര്‍ഷത്തില്‍ അദ്ദേഹത്തിന് സ്വന്തം ഭാര്യയെ നഷ്ടപ്പെട്ടു. ഗ്രീസിലേക്ക് നാട് കടത്തപ്പെട്ട അദ്ദേഹം അച്ചുതണ്ടു ശക്തികളുടെ പരാജയം വരെ അവിടെത്തന്നെ കഴിയാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു.
ഹോളോകോസ്റ്റ് നടക്കുന്ന കാലത്ത് ഫ്രാന്‍സിലെ തുര്‍ക്കീ അംബാസഡറായിരുന്നു ബെഹിക് എര്‍കിന്‍. തന്‍റെ സ്വാധീനമുപയോഗിച്ച് തുര്‍ക്കിയുമായി എന്തെങ്കിലും ബന്ധമുള്ള സകല ജൂതമതവിശ്വാസികള്‍ക്കും തുര്‍ക്കീ പാസ്പോര്‍ട്ട് അനുവദിച്ച് നല്‍കാന്‍ അദ്ദേഹം തയ്യാറായി. ആയിരക്കണക്കിന് ജൂതന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് വഴി അദ്ദേഹത്തിന് സാധിച്ചു.
രണ്ടാം ലോക മഹാ യുദ്ധ കാലത്ത് പാരിസില്‍ തുര്‍ക്കി നയതന്ത്ര പ്രതിനിധിയായിരുന്ന നമിക് കമാല്‍ യോള്‍ഗ നിരവധി ജൂതന്മാരെ നാസികളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്. പാരിസ് ആക്രമിച്ച് കീഴടക്കിയ നാസികള്‍ ജൂതന്മാരെ ഡ്രാന്‍സി ഡിപ്പാര്‍ട്ടേഷന്‍ ക്യാമ്പിലേക്ക് അയക്കാന്‍ തുടങ്ങി. തന്‍റെ കാറില്‍ ഓരോ ജൂതന്മാരെയും ഒളിപ്പിച്ച് കയറ്റി അദ്ദേഹം സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചു. ഈ രീതിയില്‍ നൂറ് കണക്കിന് തുര്‍ക്കിഷ് ജൂതന്മാരെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്.
അല്‍ബാനിയയിലെ മുസ്ലിം കുടുംബങ്ങള്‍ ഹോളോകോസ്റ്റ് കാലത്ത് ജൂതന്മാര്‍ക്ക് വലിയ കാവലായി നിലയുറപ്പിച്ചവരാണ്. അല്‍ബേനിയയിലെ പില്‍കസ് ഫാമിലി ഇങ്ങനെ പ്രശസ്തിയിലേക്കെത്തിയവരാണ്. ജോഹന്ന ന്യൂമാന്‍ എന്ന ജൂത സ്ത്രീക്കും അവരുടെ മാതാവിനും സുരക്ഷിതമായ അഭയസ്ഥാനം അവര്‍ ഒരുക്കി നല്‍കി. ഒരു ഇന്‍റര്‍വ്യൂവില്‍ ന്യൂമാന്‍ പറഞ്ഞതിങ്ങനെയാണ്, "പല യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ചെയ്യാത്ത കാര്യമാണ് ഈ കുടുംബം ചെയ്തത്. അവരെല്ലാവരും ഒരുമിച്ച് നിന്ന് കൊണ്ടാണ് ഞങ്ങള്‍ക്ക് രക്ഷ നല്‍കിയത്. തങ്ങളോട് ശത്രുത കാണിക്കാത്ത മുഴുവന്‍ ജനവിഭാഗങ്ങളോടും മമതയോടെ പെരുമാറണമെന്ന ഖുര്‍ആനിക വചനമാണ് തീര്‍ച്ചയായും മുസ്ലിംകളെ ഇത്തരത്തിലുള്ള മാനുഷിക സമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
Leave A Comment