ജീവകാരുണ്യത്തിലൂടെ മാതൃക തീര്‍ത്ത് ബ്രിട്ടനിലെ മുസ്ലിംകള്‍
വേദനിക്കുന്നവന്റെയും അവശതയനുഭവിക്കുന്നവന്റെയും കണ്ണുനീരൊപ്പലാണ് ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കുള്ള ആശയ സംവേദനത്തിന്റെ ഏറ്റവും ഉദാത്തവും അനുകരണീയവുമായ മാതൃകയെന്ന് യു.കെയിലെ മുസ്ലിംകള്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു വ്യക്തമായ തെളിവാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക ഐക്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം സമൂഹത്തിലെത്തിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്ത അവരുടെ നടപടി. ബ്രിട്ടനില്‍ തുടക്കം കുറിച്ച ഇസ്ലാം ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി ബ്രിട്ടനിലെ നഗരങ്ങളിലും സര്‍വ്വകലാശാലകളിലുമെല്ലാം സമൂഹത്തിന്റെ യാതനകളകറ്റാനും അതു വഴി ഇസ്ലാം വിഭാവനം ചെയ്യുന്ന ആശയാദര്‍ശങ്ങളുടെ യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കാനും ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ബ്രിട്ടനിലെ മുസ്ലിം സമൂഹം.
ബ്രിട്ടനിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ ഇസ്ലാമിക് സൊസൈറ്റി ഓഫ് ബ്രിട്ട(ഐ.എസ്.ബി) ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇസ്ലാമിക ബോധവല്‍ക്കരണ വാരാചരണത്തിന് തുടക്കമായത്. ബഹുസ്വരത മുഖമുദ്രയാക്കിയ ബ്രിട്ടീഷ് ജനതയുടെ ഭാഗമായ തങ്ങള്‍ക്ക് സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും എതിരിട്ട് തോല്‍പ്പിക്കാനുള്ള സാമൂഹ്യ ബാദ്ധ്യത നിര്‍വ്വഹിക്കുവാന്‍ യാതൊരു വിധത്തിലുള്ള വിമുഖതയോ അമാന്തതയോ കഴിവുകേടോ ഇല്ലെന്ന് തെളയിക്കുവാന്‍ ഇതിലൂടെ അവര്‍ക്കായി. ഒപ്പം, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തങ്ങളെ അകറ്റി നിര്‍ത്താനും സാമൂഹ്യ വിരുദ്ധതയുടെ മേലങ്കി ചാര്‍ത്തിത്തന്ന് പൊതു ഇടങ്ങളില്‍ തങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കാനും നിരന്തരം മുറവിളി കൂട്ടുന്ന രാജ്യത്തെ നിയോ ഫാസിസ്റ്റുകള്‍ക്ക് ചുട്ട മറുപടി നല്‍കാനും ഇത്തരം ഇടപെടലുകളിലൂടെ അവര്‍ക്ക് സാധിച്ചു.
ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി 12 പ്രമുഖ ബ്രിട്ടീഷ് നഗരങ്ങളിലും സര്‍വ്വകലാശാലകളിലും ഐ.എസ്.ബി സംഘടിപ്പിച്ച പരിപാടികള്‍ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും വിവിധ മതമേലദ്ധ്യക്ഷന്മാരും ഏറ്റെടുത്ത് ബ്രിട്ടനിലെ ഒരു ദേശീയോത്സവമാക്കി മാറ്റിയിരിക്കുകയാണ്. ഐ.എസ്.ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജൂലി സിദ്ദീഖി അഭിപ്രായപ്പെട്ടത് പോലെ, ബ്രിട്ടനിലെ വ്യത്യസ്ത സമുദായാംഗങ്ങളെ പരസ്പര ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും ഒരുമയുടെയും പാതയില്‍ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തുവാന്‍ ഈ പരിപാടികളിലൂടെ സംഘാടകര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് വ്യക്തമായി കാണാന്‍ കഴിയും.
സമൂഹത്തെ മാനവിക മൂല്യങ്ങളെക്കുറിച്ചും സാമൂഹ്യ ബാദ്ധ്യതകളെക്കുറിച്ചും ഉദ്ബുദ്ധാരാക്കാനും ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിശ്വാസി സമൂഹമായ മുസ്ലിംകളെക്കുറിച്ച് പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ തിരുത്താനുമായി ഐ.എസ്.ബി 1994ല്‍ ആരംഭിച്ച ഈ ബോധവല്‍ക്കരണ വാരാചരണ പരിപാടി ഇന്നതിന്റെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടനിലെ പൊതു സമൂഹത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും നേരെയുള്ള സമീപനത്തില്‍ വന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു. 2001നും 2011നും ഇടക്ക് ഒരു ലക്ഷത്തോളം പേരാണ് ബ്രിട്ടനില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തവരെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 9/11 നു ശേഷം ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും അഭൂത പൂര്‍വ്വമാം വിധം മുന്നോട്ടു വന്ന ജനങ്ങള്‍ക്ക് ഐ.എസ്.ബിയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ സഹായകരമായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ‘ജസ്റ്റ് ഗിവിംഗ്’ എന്ന ജീവകാരുണ്യ വെബ്‌സൈറ്റ് നടത്തിയ സര്‍വ്വെയില്‍ ബ്രിട്ടനില്‍ ഏറ്റവുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മതവിഭാഗമായി മുസ്ലിംകളെ തിരഞ്ഞെടുത്തിരുന്നു. ഇസ്ലാമിക് റിലീഫ് പോലോത്ത അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രവര്‍ത്തന മികവ് തെളിയിച്ചു കഴിഞ്ഞിട്ടുള്ള ജീവകാരുണ്യ കൂട്ടായ്മകളാണ് ഈ നേട്ടം കൈവരിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തച്ചത്. മൈത്രിയിലും സമാധാനത്തിലും അധിഷ്ഠിതമായ സാമൂഹ്യ ജീവിതം ബ്രിട്ടീഷ് ജനതക്ക് ഉറപ്പ് വരുത്താന്‍ രാജ്യത്തെ മുസ്ലിംകള്‍ വഹിക്കുന്ന അനല്‍പമായ പങ്കിന് അംഗീകാരമെന്നോണം ഇന്ന് ബ്രിട്ടനില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മത വിഭാഗമായി മുസ്ലിംകള്‍ മാറിക്കഴിഞ്ഞു. മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കിയ തീവ്ര വലതു പക്ഷ വിഭാഗത്തിനൊഴികെ രാജ്യത്തെ മുസ്ലിംകള്‍ ഇന്ന് സ്വീകാര്യരായിത്തീരുകയും ചെയ്തിരിക്കുന്നു.
പ്രബോധിത സമൂഹത്തിന് ഏറ്റവും ആവശ്യമായത് നല്‍കലാണ് പ്രബോധനത്തിന്റെ മൂല ശിലകളിലൊന്നായ യുക്തിബോധം തങ്ങളോടാവശ്യപ്പെടുന്നത് എന്ന തിരിച്ചറിവാണ് സ്വാന്തന സ്പര്‍ശം കൊതിക്കുന്ന ലോകത്തിന് നേര്‍ക്ക് കാരുണ്യ ഹസ്തം നീട്ടി കടന്നു വരാന്‍ ബ്രിട്ടനിലെ മുസ്ലിംകള്‍ക്ക് പ്രേരണയായത്. സംസ്‌ക്കാരവും മൂല്യ ബോധവും തൊട്ടു തീണ്ടിയിട്ടില്ലാത്ത അറേബ്യര്‍ക്ക് അവ വേണ്ടുവോളം പകര്‍ന്നു നല്‍കിയ പ്രവാചകന്റെ മാതൃക പിന്തുടര്‍ന്ന് വേദനിക്കുന്ന ലോകത്തിന് സ്വാന്തനത്തിന്റെ കൊച്ചു തുരുത്തുകള്‍ പണിതു നല്‍കാന്‍ ബ്രിട്ടനിലെ മുസ്ലിംകളും ശ്രമിക്കുന്നു, കരുണ കാണിക്കുന്നവര്‍ക്കേ കരുണ ലഭിക്കൂ എന്ന നബിവചനം സദാ മനസ്സിലോര്‍ത്തു കൊണ്ട്.
Leave A Comment