റിപ്പബ്ലിക് ഓഫ് ബോട്സ്വാന

ഏകദേശം ഒരു നൂറ്റാണ്ടിന്റെ ബ്രിട്ടീഷ് ഭരണത്തിന് ശേഷം 1966 ൽ സ്വാതന്ത്ര്യം നേടിയ ചെറിയ രാജ്യമാണ് റിപ്പബ്ലിക് ഓഫ് ബോട്സ്വാന. രണ്ട് ദശലക്ഷത്തോളം ജനങ്ങളുള്ള രാജ്യത്ത്, ജനസംഖ്യയുടെ ഏകദേശം 2-3% മുസ്‍ലിംകളാണ്. ബോട്സ്വാന മുസ്‍ലിംകൾക്ക് ഇസ്‍ലാമിക നിയമങ്ങൾക്കനുസൃതമായി ജീവിക്കാനുള്ള അവകാശം രാജ്യത്ത് ലഭിക്കുന്നുണ്ട്.

കിഴക്കൻ ആഫ്രിക്കയുടെ തീരത്ത് മുസ്‍ലിം രാജവംശം ഭരിക്കുന്ന സമയത്ത് വ്യാപാരികൾ ഈ മേഖലയിൽ ചെറു സന്ദർശനങ്ങൾ നടത്താറുണ്ടായിരുന്നു. ഈ കാലത്താണ് ഇസ്‍ലാം രാജ്യത്ത് ആദ്യമായി കടന്നുവരുന്നത്. എന്നാൽ ഈ പ്രദേശത്ത് മുസ്‍ലിം കോളനികളുണ്ടാകുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.  ബോട്സ്വാനയിൽ ഇസ്‍ലാമിന്റെ വലിയ തോതിലുള്ള വ്യാപനം നടന്നത് ദക്ഷിണാഫ്രിക്കയിൽ ജീവിച്ചിരുന്ന ഇന്ത്യൻ വംശജരായ മുസ്‍ലിംകളുടെ ഇടപെടലുകളിലൂടെയാണ്.

1800-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് മുസ്‍ലിം തൊഴിലാളികളെ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നേറ്റൽ മേഖലയിൽ ജോലി ചെയ്യാൻ കൊണ്ടുപോയിരുന്നു. ഇവരെയാണ് ബോട്സ്വാന മുസ്‍ലിംകളുടെ പൂർവ്വികരായി കണക്കാക്കുന്നത്. 1850 -ൽ ഈ പ്രദേശത്തെ ഒരു കൂട്ടം മുസ്‍ലിംകൾ സ്വർണം തേടി ആദ്യമായി ബോട്സ്വാനയിൽ കാലുകുത്തിയെങ്കിലും സ്ഥിരതാമസം ആരംഭിച്ചിരുന്നില്ല. 1886 -ന് ശേഷമാണ് മുസ്‍ലിംകൾ കൂട്ടത്തോടെ ബോട്സ്വാനയിലേക്ക് വന്നതും വ്യാപാരത്തിൽ ഏർപ്പെട്ട് സ്ഥിരതാമസം തുടങ്ങിയതും.   

Also Read:അംഗോള:ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇസ്‍ലാമുമായി അവസാനം സമ്പർക്കം പുലർത്തിയ രാജ്യം

പ്രാദേശിക ഭരണാധികാരികളുടെയും ജനങ്ങളുടെയും സഹകരണം ആസ്വദിച്ചുകൊണ്ട്, ആദ്യകാലത്തെ മുസ്‍ലിം വ്യാപാരികൾ രാമോട്ട്സ്വവാ മേഖലയിൽ സ്ഥിരതാമസമാക്കുകയും അവിടെ ഒരു മുസ്‍ലിം കോളനി സ്ഥാപിക്കുകയും ചെയ്തു. റെയിൽവേ റൂട്ടിലും പരിസരത്തും ഉള്ള ബദൽ വ്യാപാര കോളനികൾ  ഭീഷണിയാകുമെന്ന് കരുതി ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ പ്രദേശത്തെ മുസ്‍ലിം വ്യാപാരികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചു. പതിറ്റാണ്ടുകളായി അവരുടെ സാമ്പത്തിക പ്രവർത്തനങ്ങളെ ബ്രിട്ടീഷുകാർ നിയന്ത്രിച്ചിരുന്നതിനാൽ, ഈ ചെറിയ മുസ്‍ലിം സമൂഹത്തിന് ഈ മേഖലയിൽ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞില്ല.  

ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷം, 1966 -ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, മുസ്‍ലിംകൾ അവരുടെ മതസ്വാതന്ത്ര്യം നേടുകയും ആദ്യ പള്ളികൾ നിർമ്മിക്കുകയും ചെയ്തു. അതിനുശേഷം ബോട്സ്വാനയിലെ പള്ളികളുടെ എണ്ണം കൂടി വന്നു.

രാജ്യത്ത് ഒരു ഇസ്‍ലാമിക് സ്കൂൾ മാത്രമേ നിലവിലുള്ളൂ. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്  ഒന്നുകിൽ ബോട്സ്വാന സർവകലാശാല അല്ലെങ്കിൽ അയൽരാജ്യമായ റിപ്പബ്ലിക്ക് ഓഫ് ദക്ഷിണാഫ്രിക്കയിലെ സ്ഥാപനമാണ് ആശ്രയം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൗർലഭ്യം കാരണം, മുസ്‍ലിം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന പൊതു വിദ്യാലയങ്ങളിലേക്ക് അയക്കുകയും ഇസ്‍ലാമിക വിദ്യാഭ്യാസത്തിനായി ഉച്ചതിരിഞ്ഞ് പ്രത്യേക ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. 

ബ്രിട്ടീഷ് ഭരണം അവസാനിച്ചതിനു ശേഷം, മുസ്‍ലിംക നിക്ഷേപകരെ രാജ്യത്തെ മിക്കവാറും എല്ലാ കോണുകളിലും ബിസിനസ്സ് ചെയ്യാൻ അനുവദിച്ചു, ഇത് അവരുടെ സാമ്പത്തിക സ്ഥിതിയിൽ മൊത്തത്തിലുള്ള പുരോഗതിക്ക് കാരണമായി. ഇത് മുസ്‍ലിം സമുദായത്തിന്റെ സാമൂഹിക ഘടനയിൽ മാറ്റംകൊണ്ടുവന്നു. തെക്കൻ ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന മുസ്‍ലിം സമുദായങ്ങളിൽ നിന്ന് ബോട്സ്വാന മുസ്‍ലിംകളുടെ സാമൂഹിക ഘടനയിൽ വലിയ മാറ്റം കാണുന്നതും ഇത് കൊണ്ട് തന്നെ. ഈ പ്രദേശത്തെ മിക്ക രാജ്യങ്ങളെയും പോലെ, ജനസംഖ്യയിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന തദ്ദേശീയ ആഫ്രിക്കൻ ജനതയും പിന്നീട് രാജ്യത്ത് സ്ഥിരതാമസമാക്കിയവരും തമ്മിൽ ഗുരുതരമായ സാമ്പത്തിക സാമൂഹിക അന്തരം നിലനില്‍ക്കുന്നുണ്ട്. തദ്ദേശീയരായ ആഫ്രിക്കൻ മുസ്‍ലിംകളുടെ സാമ്പത്തിക സാഹചര്യങ്ങൾ മറ്റ് മുസ്‍ലിംകളെ അപേക്ഷിച്ച് വളരെ മോശമാണ്.
മതപ്രബോധനത്തിന് സ്വാതന്ത്ര്യമുണ്ടെന്നതിനാല്‍, തലസ്ഥാന നഗരമായ ഗാബോറോണിലെ മുസ്‍ലിം സന്നദ്ധ സംഘടനകൾ എല്ലാ മേഖലകളിലും ഇസ്‍ലാമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. പ്രധാനമായും ബോട്സ്വാന സർവകലാശാലയിലും സ്കൂളുകളിലും ജയിലുകളിലും പ്രദർശന കേന്ദ്രങ്ങളിലും വിവിധ സമൂഹങ്ങൾക്കിടയിൽ ഇസ്‍ലാമിനെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter