ത്വവാഫിന്റെ നിബന്ധനകള്

ത്വവാഫിന്റെ വാജിബുകള്‍ എട്ടാകുന്നു:

1) രണ്ട് അശുദ്ധികളില്‍ നിന്നും നജസില്‍ നിന്നും നമസ്‌കാരത്തിനെന്നപോലെ ശുദ്ധിയാക്കല്‍.

2) നഗ്നത മറയ്ക്കാന്‍ സാധിക്കുന്നവര്‍ മറയ്ക്കല്‍-ഈ രണ്ട് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ത്വവാഫിന്നിടയില്‍ നഷ്ടപ്പെട്ടാല്‍ അത് വീണ്ടും ചെയ്തു ത്വവാഫ് പൂര്‍ത്തീകരിച്ചാല്‍ മതിയാകും.

3) കഅ്ബയെ ഇടതുവശത്താക്കി മുന്നിലേക്ക് നടക്കുക.

4) ഇടതുഭാഗം ഹജറുല്‍ അസ്‌വദിനോട് നേരിടുന്ന നിലയല്‍ കഅ്ബയിലേക്ക് മുന്നിട്ടുനിന്ന് ഹജറുല്‍ അസ്‌വദ് കൊണ്ട് ത്വവാഫ് ആരംഭിക്കുക. ഈ അവസരത്തില്‍ മാത്രമേ ത്വവാഫില്‍ ശരീരം മുഴുവന്‍ കൊണ്ടും കഅ്ബക്ക് മുന്നിടല്‍ അനുവദനീയമാകുകയുള്ളൂ. ഹജറുല്‍ അസ്‌വദിനെ അത് നില്‍ക്കുന്ന സ്ഥലത്തില്‍ നിന്ന് പൊളിച്ചെടുത്തെന്ന് സങ്കല്‍പിച്ചാലും (അല്ലാഹു കാത്തുരക്ഷിക്കട്ടെ- ആമീന്‍) അവിടന്ന് തന്നെയാണ് ത്വവാഫ് ആരംഭിക്കേണ്ടത്. ത്വവാഫ് ചെയ്യുമ്പോള്‍ കൈ കഅ്ബയുടെ അടിത്തറക്ക്  ചുറ്റും ഉരുട്ടികെട്ടിയ പാമ്പൂരിക്കല്ലിന്റെ മുകളില്‍ വന്നാലും കഅ്ബയുടെ വടക്കേ വശത്തുള്ള ഹിജ്‌റ് ഇസ്മാഈലിന്റെ രണ്ടു കവാടങ്ങളില്‍ കൂടി കടന്ന് ത്വവാഫ് ചെയ്താലും ശരിയാകുന്നതല്ല.

5) ത്വവാഫ് ഏഴ് പ്രാവശ്യമായെന്ന് ഉറപ്പാവല്‍.

6) ത്വവാഫ് പള്ളിയില്‍ വെച്ചായിരിക്കുക.

7)ഹജ്ജിന്റെയും ഉംറയുടെയും ത്വവാഫല്ലെങ്കില്‍ അതിന്റെ ആരംഭത്തില്‍ 'ഞാന്‍ ത്വവാഫ് ചെയ്യുന്നു' എന്നു കരുതുക.

8) ത്വവാഫ് മറ്റുദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതിരിക്കുക-ഒരാളെ അന്വേഷിച്ചു കഅ്ബയെ വലയം ചെയ്യുന്നത് ത്വവാഫായി പരിഗണിക്കുന്നതല്ല. ത്വവാഫിന്റെ തുടക്കത്തിലും വിശിഷ്യ ഒറ്റയായി വരുന്ന തവണകളിലും ഹജറുല്‍ അസ്‌വദിനെ കൈ കൊണ്ട് തൊടുന്നതും ചുംബിക്കുന്നതും നെറ്റി അതിന്മേല്‍ വെക്കുന്നതും സുന്നത്താണ്. ചുംബിക്കാന്‍ സാധിക്കാതെ വന്നാല്‍ കൈ കൊണ്ട് തൊട്ട് ചുംബിക്കുകയും അതിന്ന് സൗകര്യപ്പെട്ടില്ലെങ്കില്‍ കൈകൊണ്ടോ കൈയിലുള്ള വല്ല സാധനങ്ങള്‍ കൊണ്ടോ അതിലേക്ക് ചൂണ്ടി അതിനെ ചുംബിക്കുന്നതും സുന്നത്താകുന്നു. 'റുക്‌നുല്‍ യമാനി'യെന്ന കഅ്ബയുടെ തെക്ക് പടിഞ്ഞാറെ മൂലയെ കൈകൊണ്ട് തൊട്ട് അഭിവാദ്യം ചെയ്യുന്നതും സുന്നത്താണ്. ആ കൈ ചുംബിക്കുന്നതും അതിനെത്തന്നെ ചുംബിക്കുന്നതും സുന്നത്തില്ല.

(കൈ ചുംബിക്കല്‍ സുന്നത്താണ്. അതാണ് പ്രബലാഭിപ്രായവും. ഈളാഹ്) സ്വഫാ-മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യുന്നതിന്റെ മുമ്പായുള്ള ത്വവാഫിന്റെ ആദ്യത്തെ മൂന്ന് വട്ടങ്ങളില്‍ പുരുഷന്മാര്‍ 'റമല്' നടക്കല്‍ (കാലുകള്‍ അടുപ്പിച്ചു വെച്ച് ധൃതിയില്‍ നടക്കല്‍) സുന്നത്താണ്. തിരക്ക് ഇല്ലാത്തപ്പോള്‍ ത്വവാഫിന്ന് കഅ്ബയുടെ അടുത്ത് കൂടി നടക്കല്‍ സുന്നത്തുണ്ട്. റമല് നടത്തമുള്ള ത്വവാഫിലും അതിന്റെ ശേഷമുള്ള സഅ്‌യിലും പുരുഷന്മാര്‍ മേല്‍ത്തട്ടത്തിന്റെ നടു വലത്തെ ചുമലിന്റെ താഴെയും രണ്ടു അറ്റങ്ങള്‍ ഇടത്തെ ചുമലിന്റെ മുകളിലുമാക്കി ഇടല്‍ സുന്നത്താണ്. ത്വവാഫിന്ന് ശേഷം ഇബ്രാഹീം മഖാമിന്ന് പിന്നിലോ അതിന്ന് സൗകര്യപ്പെട്ടില്ലെങ്കില്‍ ഹിജ്ര്‍ ഇസ്മാഈലിലോ വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ സുന്നത്താകുന്നു. (ഇവ രണ്ടും സൗകര്യപ്പെട്ടില്ലെങ്കില്‍ ഹറമിന്റെ ഏത് ഭാഗത്ത് വെച്ചും നിര്‍വ്വഹിക്കാം.)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter