ഹജ്ജ് കര്‍മ്മങ്ങള്‍ ഒറ്റ നോട്ടത്തില്‍
ഹജ്ജ് എന്ന മഹത്തായ കര്‍മ്മം ലക്ഷ്യം വെക്കുന്നതോടെ നാം ഓരോരുത്തരും അല്ലാഹുവിന്റെ അതിഥികളാണ്. ഇത് നാം നടത്തിയ യാത്രകളില്‍ ഏറ്റവും പുണ്യകരമായ യാത്രയാണെന്നതില്‍ ഒട്ടും സംശയമില്ല. യാത്രയുടെ മര്യാദകളെല്ലാം പാലിച്ചുകൊണ്ടാണ് നാം യാത്ര തുടങ്ങുന്നത്. കൂടെയുള്ളവരോട് നല്ല നിലയില്‍ പെരുമാറാനും ആര്‍ക്കും ഒരു ബുദ്ധിമുട്ടും വരുത്താതിരിക്കാനും ജീവിതത്തിലുടനീളവും യാത്രയില്‍ വിശേഷിച്ചും ശ്രദ്ധിക്കേണ്ടവരാണ് നാം. ഹജ്ജില്‍ ഭാര്യാബര്‍തൃബന്ധമോ തെമ്മാടിത്തരമോ തര്‍ക്കമോ പാടില്ലെന്ന ഖുര്‍ആന്‍ അധ്യാപനവും ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയാനാവുക അവനോടൊപ്പം യാത്ര ചെയ്യുമ്പോഴാണെന്ന പ്രവാചക വാക്യവുമായിരിക്കട്ടെ നമ്മെ നിയന്ത്രിക്കുന്നത്. മീഖാത് ആണ് നമ്മുടെ ആദ്യലക്ഷ്യം.
താഴെ പറയുന്നവയാണ് മീഖാതുകള്‍ - 1- ദുല്‍ഹുലൈഫ- മദീനയില്‍നിന്ന് വരുന്നവര്‍ ദുല്‍ഹുലൈഫയില്‍നിന്നാണ് ഇഹ്റാം ചെയ്യേണ്ടത്. അബയാര്‍ അലി എന്നാണ് ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. 2- ജുഹ്ഫ, ഈ സ്ഥലം ഇന്ന് ജനവാസമില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള റാബിഗ് ആണ് ഇന്ന് മീഖാത് ആയി പരിഗണിക്കപ്പെടുന്നത്. 3- യലംലം, ഇന്ന് ഇത് സഅ്ദിയ്യ എന്നറിയപ്പെടുന്നു. 4- ഖറനുല്‍മനാസില്‍- സൈല്‍ എന്ന പേരിലാണ് ഇന്ന് ഇത് അറിയപ്പെടുന്നത് 5- ദാതുഇര്‍ഖ്. ളരീബ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം തന്നെ ഇഹ്റാം ചെയ്യാനും അനുബന്ധ കര്‍മ്മങ്ങള്‍ക്കുമായി വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിലൂടെ വരുന്നവര്‍ ആ മീഖാതില്‍നിന്ന് ഇഹ്റാം ചെയ്യേണ്ടതാണ്. ഇതിലൂടെയൊന്നുമല്ലാതെ വരുന്നവര്‍ക്ക് ഈ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്നിനോട് നേരെയാകുമ്പോഴാണ് മീഖാത്. മക്കയിലുള്ളവര്‍ക്ക് മക്ക തന്നെയാണ് മീഖാത്. മീഖാതുകളിലെല്ലാം തന്നെ ഇന്ന് വിപുലമായ സൌകര്യങ്ങളാണ് സൌദി ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നത്. കുളിക്കാനും മറ്റു സുന്നതായ കര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിക്കാനും ആവശ്യമായ എല്ലാ സൌകര്യങ്ങളും അവിടെ ലഭ്യമാണ്. മീഖാതിലെത്തുന്നതോടെ നാം നഖം, നീക്കേണ്ട മുടിരോമങ്ങള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്ത് ഇഹ്റാമിന്റെ സുന്നതായ കുളി ഞാന്‍ കുളിക്കുന്നു എന്ന നിയ്യതോടെ കുളിക്കുന്നു. ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിച്ച് സുഗന്ധം പൂശി, തൊട്ടടുത്തുള്ള പള്ളിയില്‍ പ്രവേശിച്ച് ഇഹ്റാമിന്റെ രണ്ട് റക്അത് സുന്നത് ഞാന്‍ നിസ്കരിക്കുന്നു എന്ന നിയ്യതോടെ രണ്ട് റക്അത് നിസ്കരിക്കുന്നു. ആ നിസ്കാരത്തില്‍ സൂറതുല്‍കാഫിറൂനയും സൂറതുല്‍ ഇഖലാസുമാണ് ഓതേണ്ടത്. ശേഷം അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ചെയ്യുക. ഇനിയാണ് ഇഹ്റാം ചെയ്യേണ്ടത്. ഞാന്‍ ഹജ്ജിനെ ഉദ്ദേശിച്ചു, അത് കൊണ്ട് ഇഹ്റാം ചെയ്യുന്നു എന്ന് കരുതുക. അതോടെ നാം ഇഹ്റാമിലായി. ഇനി നമ്മുടെ മന്ത്രം ലബ്ബൈകിന്റേതാണ്. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇന്നല്‍ഹംദ വന്നിഅ്മത ലക വല്‍മുല്‍ക്, ലാ ശരീക ലക്....അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കി, നിനക്ക് പങ്കുകാരനില്ല, സ്തുതിയും അനുഗ്രഹവും അധികാരവും നിനക്കും നിന്റേതുമാണ്. നിനക്ക് പങ്കുകാരനില്ല. ഈ ഒരേ ഒരു മന്ത്രവുമായി ലക്ഷക്കണക്കിന് ആളുകളാണ് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇഹ്റാം കൊണ്ട് നിഷിദ്ധമായ കാര്യങ്ങളൊന്നും സംഭവിക്കാതെ ഇനി സൂക്ഷിക്കേണ്ടതുണ്ട്. അവ ഇതൊക്കെയാണ്, ഭാര്യാ-ഭര്‍തൃബന്ധം, വിവാഹം , ചുംബനം പോലോത്ത വൈകാരിക പ്രകടനം, മുടി, രോമം, നഖം തുടങ്ങിയ നീക്കം ചെയ്യല്‍, സുഗന്ധം, താടിയിലോ മുടിയിലോ എണ്ണ എന്നിവ ഉപയോഗിക്കല്‍, ഏതെങ്കിലും ജീവികളെ കൊല്ലുകയോ വേട്ടയാടുകയോ ചെയ്യല്‍, പുരുഷന്മാര്‍ തുന്നിയ വസ്ത്രം, പാന്റ്സ് സോക്സ് തുടങ്ങിയവ ധരിക്കല്‍, പുരുഷന്‍ തലമറക്കല്‍, സ്ത്രീ കൈയ്യുറയോ മുഖാവരണമോ ധരിക്കല്‍, മുഖം മറക്കല്‍ - ഇവയില്‍ ഏതെങ്കിലും ഒന്ന് മനപ്പൂര്‍വ്വം സംഭവിക്കുന്നതിലൂടെ അറവ് നിര്‍ബന്ധമാവുന്നതാണ്. നമ്മുടെ യാത്ര തുടരുകയാണ്. മക്കയിലെത്തുന്നതോടെ നാം ആദ്യമായി ഖുദൂമിന്റെ ത്വവാഫ് (ഹറമിലേക്ക് ആദ്യമായി വരുമ്പോഴുള്ള ത്വവാഫ്) ചെയ്യുന്നു. അതിന് ശേഷം ഹജ്ജിന്റെ സഅയും നിര്‍വ്വഹിക്കാവുന്നതാണ്. (സഅയ്, ഹജ്ജിന്റെ ത്വവാഫിന്റെ ശേഷം ചെയ്യാനായി പിന്തിപ്പിക്കാവുന്നതുമാണ്) ഇന്ന് ദുല്‍ഹിജ്ജ എട്ട് - ഇന്നാണ് ഹജ്ജിന്റെ ബാക്കിയുള്ള കര്‍മ്മങ്ങള്‍ തുടങ്ങുന്നത്. രാവിലെ പ്രഭാത കര്‍മ്മങ്ങള്‍ കഴിച്ച് നാം മിനായിലേക്ക് പുറപ്പെടുന്നു. അന്ന് രാത്രി നാം താമസിക്കുന്നത് അവിടെയാണ്. ളുഹ്റ്, അസ്റ്, മഗ്രിബ്, ഇശാ എന്നീ നിസ്കാരങ്ങളെല്ലാം അവിടെവെച്ച് തന്നെ ജംഉം ഖസ്റുമാക്കിയാണ് നാം നിസ്കരിക്കുന്നത്. അന്ന് രാത്രി മിനായില്‍ രാപ്പാര്‍ക്കല്‍ സുന്നതേയുള്ളൂ എന്നത് ഓര്‍ക്കേണ്ടതാണ്. പ്രയാസമുള്ളവര്‍ക്ക് മഗ്രിബിന് ശേഷം മിനായിലെത്തി റൂമിലേക്ക് തന്നെ തിരിച്ചുപോരാവുന്നതുമാണ്.
ഇന്ന് ദുല്‍ഹിജ്ജ ഒമ്പത്- രാവിലെ സുബ്ഹി നിസ്കരിക്കുന്നതോടെ അറഫയിലേക്കുള്ള പുറപ്പാടിന്റെ ഒരുക്കങ്ങളില്‍ മുഴുകുകയാണ് നാം. ളുഹ്റിന് മുമ്പായി നമുക്ക് അറഫയിലെത്തിച്ചേരേണ്ടതുണ്ട്. കാല്‍നടയായി പോകാന്‍ സാധിക്കുന്നവര്‍ അങ്ങനെയും അല്ലാത്തവര്‍ വാഹനങ്ങളിലുമായി അറഫയിലേക്ക് നീങ്ങുകയാണ് ഇപ്പോള്‍ നാം. മിനായില്‍നിന്ന് അറഫയിലേക്ക് ഏകദേശം 10 കിലോമീറ്ററാണ് ഉള്ളത്. മുസ്ദലിഫയിലൂടെയാണ് അറഫയിലേക്ക് പോകുന്നത്. ളുഹ്റിന് മുമ്പായി നാം അറഫയിലെത്തുന്നു. ഇനി സൂര്യാസ്തമയം വരെ നമുക്ക് കഴിച്ചുകൂട്ടാനുള്ളത് അറഫയിലാണ്. ലോകമുസ്ലിംകളുടെ ഏറ്റവും വലിയ സമ്മേളനമാണ് ഇനിയുള്ള ഏതാനും മണിക്കൂറുകളില്‍ അറഫയില്‍ അരങ്ങേറാന്‍ പോവുന്നത്. ആ സംഗമത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹജ്ജിനെത്താത്ത ലോകമുസ്ലിംകളൊക്കെ ആ പകലില്‍ നോമ്പ് അനുഷ്ഠിക്കുകുയം ചെയ്യുന്നു. ളുഹ്റിന്റെ കൂടെ മുന്തിച്ച് ജംആക്കി അസ്റ് കൂടി നിസ്കരിച്ച് സൂര്യാസ്തമയം വരെ ദിക്റും ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനകളുമായി നാം അവിടെ ചെലവഴിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വിവിധ പ്രശ്നങ്ങളുമായി അല്ലാഹുവിലേക്ക് ഒരേ സമയം ഒരേ ഇടത്ത് വെച്ച് കൈകളുയര്‍ത്തുന്ന ദിവസമാണ് അത്. അറഫ വല്ലാത്തൊരു അനുഭൂതിയാണ്. വേഷത്തിലോ സുഖ സൌകര്യങ്ങളിലോ യാതൊരു വ്യത്യാസവും കാണിക്കാതെ നിരന്ന് നില്‍ക്കുന്ന ജനലക്ഷങ്ങളെ കാണുമ്പോള്‍ മഹ്ശറ അനുസ്മരിക്കാതിരിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയില്ല. സൂര്യന്‍ അസ്തമിക്കുന്നതോടെ അറഫയില്‍നിന്ന് നാം മുസ്ദലിഫയിലേക്ക് തിരിക്കുന്നു. ജനങ്ങള്‍ ഒഴുകുന്നിടത്തുകൂടെ നിങ്ങളും ഒഴുകുക എന്ന ഖുര്‍ആനികാധ്യാപനം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ദൃശ്യങ്ങളാണ് നമുക്ക് അവിടെ കാണാനാവുക. ജനലക്ഷങ്ങള്‍ ഒന്നടങ്കം ഒരേ ശബ്ദത്തോടെ ഒരേ ചിന്തയോടെ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് കാണുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു ജനപ്രവാഹം തന്നെ. മഗ്രിബ് നിസ്കാരം ഇശാഇലേക്ക് പിന്തിച്ച് ജംആക്കി മുസ്ദലിഫയില്‍ വെച്ച് ഒന്നിച്ചാണ് നാം നിസ്കരിക്കുന്നത്. ശാരീരിക സൌഖ്യമില്ലാത്തവര്‍ക്ക് അര്‍ദ്ധരാത്രിക്ക് ശേഷം തന്നെ വേണമെങ്കില്‍ മുസ്ദലിഫ വിടാം. അല്ലാത്തവര്‍ സുബ്ഹി വരെ അവിടെ കഴിച്ചുകൂട്ടുന്നു. പ്രാര്‍ത്ഥനകളും ദിക്റുകളും തന്നെയാണ് അവിടെയും നമുക്ക് ചെയ്യാനുള്ളത്. അല്‍പ നേരം ഉറങ്ങുകയും ആവാം. അടുത്ത ദിവസങ്ങളില്‍ ജംറകളില്‍ എറിയാനുള്ള കൊച്ചുകല്ലുകള്‍ പെറുക്കേണ്ടത് ഇവിടെ നിന്നാണ്. ആകെ എഴുപത് കല്ലുകളാണ് പെറുക്കേണ്ടത്. ദുല്‍ഹിജ്ജ പത്തിന് ജംറതുല്‍ അഖബയില്‍ ഏഴും തുടര്‍ന്നുള്ള മുന്ന് ദിവസങ്ങളില്‍ മൂന്ന് ജംറകളിലും ഏഴ് വീതവും (3x3x7=63) ആണ് എറിയേണ്ടത്.
ഇന്ന് ദുല്‍ഹിജ്ജ പത്ത്- സുബ്ഹി നിസ്കരിച്ച് സൂര്യോദയത്തോടെ നാം മിനയിലേക്ക് പോകുന്നു. നേരെ നാം പോകുന്നത് ജംറതുല്‍ അഖബയിലേക്കാണ്. അവിടെയാണ് ഇന്ന് കല്ല് എറിയേണ്ടത്. ളുഹാ സമയമാണ് ഇന്നത്തെ ഏറിന് ഏറ്റവും ഉത്തമം. തക്ബീര്‍ ചൊല്ലിക്കൊണ്ട് ഏഴ് പ്രാവശ്യം എറിയുന്നു. അതോട് കൂടി തല്‍ബിയതിന്റെ സമയം കഴിയുന്നു. അറവ് നിര്‍ബന്ധമുള്ളവര്‍ക്ക് അതിന് ശേഷം അത് നടത്താം. അതും കഴിഞ്ഞ് നാം മുടി കളയുകയോ മുറിക്കുകയോ ചെയ്യുന്നു. അതോടെ ഹജ്ജില്‍നിന്നുള്ള ആദ്യ തഹല്ലുല്‍ ആയി. ഇഹ്റാം കൊണ്ട് നിഷിദ്ധമായവയില്‍ ഭാര്യാ-ഭര്‍തൃബന്ധവും വിവാഹവും അല്ലാത്തവയൊക്കെ ഇതോടെ അനുവദനീയമായിത്തീരുന്നു. ഇനി നമുക്ക് ചെയ്യാനുള്ളത് ഹജജിന്റെ നിര്‍ബന്ധമായ ത്വവാഫ് ആണ് (ഇഫാളതിന്റെ ത്വവാഫ്). ഇത് ഇന്ന് തന്നെ ചെയ്യാവുന്നതാണ്, വേണമെങ്കില്‍ വരും ദിവസങ്ങളിലേക്ക് പിന്തിക്കുകയും ആവാം. ഖുദൂമിന്റെ ത്വവാഫിനോടൊപ്പം സഅയ് ചെയ്യാത്തവര്‍ ഹജ്ജിന്റെ സഅയ് ചെയ്യുന്നു. അവ രണ്ടും നിര്‍വ്വഹിച്ച് നാം മിനയിലേക്ക് തന്നെ തിരിക്കുന്നു. ഇനി വരുന്ന മൂന്ന് രാത്രികളിലും നാം താമസിക്കുന്നത് മിനയിലാണ്. തുടര്‍ന്നുവരുന്ന പകലുകളില്‍ മൂന്ന് ജംറകളിലും ഏഴ് വീതം കല്ലുകള്‍ എറിയലാണ് ഇനി പ്രധാനമായും ബാക്കിയുള്ള കര്‍മ്മം.
ഇന്ന് ദുല്‍ഹിജ്ജ പതിനൊന്ന്- ളുഹ്റിന് ശേഷം ജംറകളിലെത്തി കല്ലെറിയുകയാണ് ഇന്നത്തെ കര്‍മ്മം. ഒന്നാം ജംറയില്‍ (ചെറിയ ജംറ) എറിഞ്ഞ് വലതുഭാഗത്തേക്ക് മാറി ഖിബലക്ക് തിരിഞ്ഞുനിന്ന് നാം ദുആ ചെയ്യുന്നു. ശേഷം രണ്ടാം ജംറ (മധ്യജംറ)യില്‍ എറിഞ്ഞ് ഇടതുഭാഗത്തേക്ക് മാറി ഖിബലക്ക് അഭിമുഖമായി നിന്ന് ദുആ ചെയ്യുന്നു. ശേഷം വലിയ ജംറ (ജംറതുല്‍അഖബ)യിലും ഏഴ് പ്രാവശ്യം എറിഞ്ഞ് റൂമിലേക്ക് തന്നെ തിരിച്ചു പോകുന്നു. അന്ന് രാത്രിയും മിനയില്‍തന്നെയാണ് താമസം.
ഇന്ന് ദുല്‍ഹിജ്ജ പന്ത്രണ്ട്- ഇന്നലത്തെ അതേ കര്‍മ്മങ്ങള്‍ തന്നെയാണ് ഇന്നും നാളെയും ചെയ്യാനുള്ളത്. ദുല്‍ഹിജ്ജ പതിമൂന്നിന് ഉച്ചക്ക് ശേഷം അന്നത്തെ ഏറ് കഴിയുന്നതോടെ ഹജജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാവുന്നു. നേരത്തെ പോവണമെന്നുള്ളവര്‍ക്ക് ദുല്‍ഹിജ്ജ പന്ത്രണ്ടിന്റെ ഏറ് കഴിഞ്ഞ് വിദാഇന്റെ ത്വവാഫ് കഴിച്ച് യാത്ര തിരിക്കാവുന്നതുമാണ്. അത്തരക്കാര്‍ സൂര്യാസ്തമയത്തിന് മുമ്പായി മിന വിട്ടിരിക്കണമെന്ന് നിര്‍ബന്ധമാണ്. വിദാഇന്റെ ത്വവാഫ് (കഅബയോട് യാത്ര പറയുന്ന ത്വവാഫ്) ചെയ്ത് നാം മക്കയില്‍നിന്ന് തിരിക്കുന്നു. ഒരു നിര്‍ബന്ധ ബാധ്യത നിര്‍വ്വഹിക്കാനായതിന്റെ സംതൃപ്തി, അതിലുപരി തെറ്റുകളും കുറ്റങ്ങളും പ്രപഞ്ചനാഥനോട് മനമുരുകി ഏറ്റുപറഞ്ഞതിന്റെ നിര്‍വൃതി, എല്ലാം ചേരുമ്പോള്‍ സ്വീകാര്യമായ ഹജ്ജ് ആയിത്തീരുന്നു. ഇനി ഒരിക്കലും പാപപങ്കിലമായ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറച്ച് തീരുമാനിക്കുന്നതോടെ, ശിഷ്ട ദിവസങ്ങളില്‍ ആ തീരുമാനം നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുന്നതോടെ, ഉമ്മ പെറ്റ കുട്ടിയെപ്പോലെ നിഷ്കളങ്കരാക്കി മാറ്റുന്ന യഥാര്‍ത്ഥ ഹജ്ജ് ആയിത്തീരുന്നു നമ്മുടേത്. നാഥന്‍ തൌഫീഖ് ചെയ്യുമാറാവട്ടെ.
ഹജ്ജിന്റെ മൂന്ന് രീതികള്‍: ഹജ്ജും ഉംറയും ഒന്നിച്ച് ചെയ്യുമ്പോള്‍ മൂന്ന് രീതിയില്‍ നിര്‍വ്വഹിക്കാവുന്നതാണ്. അതില്‍ ഇഫ്റാദ് (ഓരോന്നും ഒറ്റക്ക് നിര്‍വ്വഹിക്കുക) എന്ന രീതിയാണ് ഇതുവരെ വിവരിച്ചത്. ഇതില്‍, ഹജ്ജിന്റെ ഇഹ്റാമില്‍നിന്ന് തഹല്ലുല്‍ ആയ ശേഷം സൌകര്യം പോലെ തൊട്ടടുത്തുള്ള ഉംറയുടെ മീഖാതില്‍ (മസ്ജിദുആഇശ പോലെ)പോയി ഇഹ്റാം ചെയ്ത് ഉംറയും നിര്‍വഹിക്കുകയാണ് ഏറ്റവും ഉത്തമമായ രൂപം. രണ്ടാമത്തെ രൂപം തമത്തുഅ് എന്നറിയപ്പെടുന്നു. ഇതില്‍ നാം ഇഹ്റാം ചെയ്ത് മക്കയിലെത്തിയ ഉടനെ ഉംറയുടെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് മുടി നീക്കം ചെയ്ത് ഇഹ്റാമില്‍നിന്ന് തഹല്ലുലാവുന്നു. ശേഷം എട്ടിന് രാവിലെ റൂമില്‍നിന്ന് തന്നെ ഹജജിന് ഇഹ്റാം ചെയ്ത് മിനയിലേക്ക് പുറപ്പെടുകയും ബാക്കി കര്‍മ്മങ്ങള്‍ നേരത്തെ പറഞ്ഞപോലെ നിര്‍വ്വഹിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഉംറ കഴിഞ്ഞ് തഹല്ലുല്‍ ആയത് മുതല്‍ ഹജ്ജിന് വേണ്ടി രണ്ടാമത് ഇഹ്റാം ചെയ്യുന്നതുവരെയുള്ള സമയത്ത് ഇഹ്റാം കൊണ്ട് നിഷിദ്ധമാവുന്ന കാര്യങ്ങള്‍ അയാള്‍ക്ക് ബാധകമല്ലെന്ന സൌകര്യമുണ്ട് ഇതില്‍. അത് കൊണ്ട് തന്നെ ഇതില്‍ അറവ് നിര്‍ബന്ധമാവുന്നതാണ്. മൂന്നാമത്തെ രൂപം ഖിറാന്‍ (രണ്ടും ഒരുമിച്ച് ചെയ്യല്‍) എന്ന് അറിയപ്പെടുന്നു. ഈ രൂപത്തില്‍, രണ്ടിനും ചേര്‍ത്ത് ഇഹ്റാം ചെയ്ത് ഹജ്ജിന്റെ കര്‍മ്മങ്ങള്‍ മാത്രമാണ് ചെയ്യേണ്ടത്. കര്‍മ്മങ്ങള്‍ രണ്ടും ഏറെക്കുറെ ഒന്നാണെന്നതിനാല്‍ ഹജ്ജിനോടൊപ്പം ഉംറയുടെ പ്രതിഫലം കൂടി ലഭ്യമാവുന്നു. ഈ രൂപം തെരഞ്ഞെടുക്കുന്നവനും അറവ് നിര്‍ബന്ധമാണ്. മേല്‍പറഞ്ഞ രൂപങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഇഫ്റാദ് ആണെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. ശേഷം തമത്തുഇനാണ് ശ്രേഷ്ഠത. തമത്തുഅ് ആണ് ശ്രേഷ്ഠം എന്നും അതല്ല ഖിറാന്‍ ആണെന്നും മറ്റു ചില മദ്ഹബിന്റെ ഇമാമുമാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.
ഹജ്ജിന്റെ അര്‍കാനുകളും വാജിബാതുകളും ഏതൊക്കെയാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഹജ്ജിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ (റുക്നുകള്‍) ആറെണ്ണമാണ്, മീഖാതില്‍നിന്ന് ഇഹ്റാം ചെയ്യല്‍, അറഫയില്‍ നില്‍ക്കല്‍, ഇഫാളതിന്റെ (ഹജ്ജിന്റെ നിര്‍ബന്ധ) ത്വവാഫ്, സഅയ്, മുടി നീക്കം ചെയ്യല്‍, തര്‍തീബ് (ക്രമം പാലിക്കല്‍) (ആദ്യം ഇഹ്റാം, പിന്നെ അറഫയില്‍ നില്‍ക്കല്‍, ഖുദൂമിന്റെ ത്വവാഫിന് ശേഷം സഅയ് ചെയ്തിട്ടില്ലെങ്കില്‍ മുടികളയല്‍, ത്വവാഫ് എന്നിവക്ക് ശേഷം സഅയ് ചെയ്യല്‍ എന്ന ക്രമമാണ് നിര്‍ബന്ധമായും പാലിക്കേണ്ടത്). ഇവയില്‍ ഏതെങ്കിലും നഷ്ടപ്പെട്ടാല്‍, അത് അറവ് കൊണ്ട് പരിഹരിക്കാവുന്നതല്ല.
അറവ് നിര്‍ബന്ധമാവുന്നത് എപ്പോള്‍ ഹജ്ജിന്റെ വാജിബാതുകള്‍ അഞ്ചെണ്ണമാണ്. ഇഹ്റാം മീഖാതില്‍നിന്നായിരിക്കുക, അറഫയുടെ പകലിനെ തുടര്‍ന്ന് വരുന്ന രാത്രിയുടെ രണ്ടാം പകുതിയില്‍ അല്‍പസമയമങ്കിലും മുസ്ദലിഫയില്‍ കഴിയല്‍, അയ്യാമുത്തശരീഖിന്റെ രാത്രികളില്‍ മിനയില്‍ കഴിയല്‍, ദുല്‍ഹിജ്ജ പത്തിനും തുടര്‍ദിവസങ്ങളിലും ജംറകളില്‍ എറിയല്‍, വിദാഇന്റെ ത്വവാഫ് എന്നിവയാണ് അവ. ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ അറവ് നടത്തി അവ പരിഹരിക്കേണ്ടതാണ്. ഉള്ഹിയ്യത് പോലെ അയ്യാമുത്തശരീഖിലെ ഏത് ദിവസത്തിലും അറുക്കാമെങ്കിലും ദുല്‍ഹിജ്ജ് പത്തിന് തന്നെ അറുക്കലാണ് ഏറ്റവും ഉത്തമം. സ്വീകാര്യയോഗ്യമാ ഹജ്ജും ഉംറയും സിയാറതും നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് ചെയ്യട്ടെ. നിങ്ങളുടെ ഹജ്ജ് വേളകളിലും മറ്റും ലോകമുസ്ലിംകളുടെ സുരക്ഷക്കും ഇതരരുടെ സന്മാര്‍ഗദര്‍ശനത്തിനുമായി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയോടെ. -
തയ്യാറാക്കിയത്: അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്- ഇതേ ലേഖനത്തിന്‍റെ വീഡിയോ വിവരണം കാണാന്‍ ഇവിടെ സന്ദര്‍ശിക്കുക.
Leave A Comment