ഈജിപ്ത്
വിഭവശേഷികൊണ്ടും ജനസംഖ്യകൊണ്ടും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഈജിപ്ത്. അറബ് റിപബ്ലിക് ഓഫ് ഈജിപ്ത് എന്ന് ഔദ്യോഗിക നാമം. വടക്കെ ആഫ്രിക്കയില്‍ സ്ഥിതിചെയ്യുന്ന ഇതിനെ പടിഞ്ഞാറ് ലിബിയയും തെക്ക് സുഡാനും കിഴക്ക് ഗാസ-ഇസ്രയേലും അതിരിടുന്നു. വടക്കേ തീരം മെഡിറ്ററേനിയന്‍ കടലും കിഴക്കേ തീരം ചെങ്കടലുമാണ്. ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ഇവിടെ നൈല്‍നദിയെ കേന്ദീകരിച്ചാണ് കൂടുതല്‍ ജനവാസം. വിസ്തീര്‍ണം: 10,01,409 കി.മീ2. ജനസംഖ്യ: 7,75,05,756 (2006). 94 ശതമാനം മുസ്‌ലിംകളാണ്. രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികള്‍. കൈറോയാണ് തലസ്ഥാനം. നാണയം പൗണ്ട്. രാജ്യത്തെ ഔദ്യോഗിക ഭാഷ അറബിയാണ്. ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളും കൈകാര്യം ചെയ്യുന്നുണ്ട്.
ചരിത്രം:
സാമ്പത്തികമായും നാഗരികമായും ഏറ്റവും പുരോഗമിച്ച അറബ് രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകം അതിനുണ്ട്. ബി.സി. 5000 മുതല്‍തന്നെ ഇത് ആരംഭിക്കുന്നു. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പ് ബി.സി. 3200 ല്‍ ആദ്യത്തെ രാജാവ് മിനിസ് സ്ഥാപിച്ച രാജവംശം മുതല്‍ ഏകദേസം 26 രാജവംശങ്ങള്‍ ഈജിപ്ത് ഭരിക്കുകയുണ്ടായി. ബി.സി. 332 ല്‍ അലക്‌സാണ്ടര്‍ ഈജിപ്ത് കീഴടക്കി. അദ്ദേഹമാണ് അലക്‌സാണ്ട്രിയ രഗരം പണികഴിപ്പിച്ചത്. ശേഷം, ടോളമി വംശം വന്നു. ക്ലിയോപാട്രയുടെ മരണത്തോടെ ആ വംശവും അവസാനിച്ചു. ബി.സി. 30 ല്‍ ഈജിപ്ത് റോമന്‍ ആധിപത്യത്തിലായി. എഡി. 324 നു ശേഷം ബൈസാന്റിയന്‍ സാമ്രാജ്യത്തിനു കീഴില്‍ വന്നു. എഡി. 649 ബൈസാന്റിയന്‍ സാമ്രാജ്യത്തെ കീഴടക്കി ഇസ്ലാം ഈജിപ്തിലെത്തി.
മതരംഗം:
ഇസ്‌ലാമിക യുഗത്തിന്റെ ആരംഭം മുതല്‍തന്നെ ഇസ്‌ലാമിക ഖിലാഫത്തിന്റെ ഒരു ഭാഗമായിരുന്നു ഈജിപ്ത്. ഖിലാഫത്തിന്റെ പതനശേഷവും അഖ്ശീദി, തൂലൂനി, ഫാഥിമി, അയ്യൂബി, മംലൂക് തുടങ്ങി പല സ്വതന്ത്ര ഭരണ കൂടങ്ങളും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. എ.ഡി. 640 കളില്‍ ഉമര്‍ (റ) വിന്റെ ഭരണകാലത്താണ് ഇസ്‌ലാം ഈജിപ്തിലെത്തുന്നത്. അംറു ബ്‌നുല്‍ ആസ് (റ) ബൈസാന്റിയന്‍ സാമ്രാജ്യത്തെ പരാചയപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ശേഷം, ഖുലഫാഉര്‍റാശിദീങ്ങളുടെ ഗവര്‍ണര്‍മാര്‍ക്കു കീഴിലായി ഈജിപ്ത്. പിന്നീട്, അമവി, അബ്ബാസി, ഉസ്മാനി ഖിലാഫത്തുകള്‍ അവിടെ ഭരണം നടത്തി.
രാഷ്ട്രീയരംഗം:
1798 ല്‍ ഫ്രാന്‍സ് നെപ്പോളിയന്റെ നേതൃത്വത്തില്‍ ഈജിപ്ത് കീഴടക്കി. 1801 ല്‍ തുര്‍ക്കിയും ബ്രിട്ടീഷ് സൈന്യവും ചേര്‍ന്ന് ഫ്രഞ്ചുകാരെ തുരത്തുകയും ഈജിപ്ത് പിടിച്ചടക്കുകയും ചെയ്തു. 1882 ല്‍ ഈജിപ്ത് പൂര്‍ണമായും ബ്രിട്ടീഷുകാരുടെ കീഴില്‍ വന്നു. 1922 ഫെബ്രുവരി 28 ന് ഈജിപ്തിന്റെ സ്വാതന്ത്ര്യം ബ്രിട്ടീഷ് ഗവണ്‍മെന്റ് അംഗീകരിച്ചു. 1923 ഏപ്രിലില്‍ പുതിയൊരു ഭരണഘടനയും പാര്‍ലമെന്ററി ഗവണ്‍മെന്റും നിലവില്‍ വന്നു. പിന്നീട് വീണ്ടും രാജഭരണം തുടങ്ങി. ഫുവാദ് രണ്ടാമന്‍ ആദ്യരാജാവായി. അദ്ദേഹത്തിനു ശേഷം മകന്‍ ഫാറൂഖ് ഒന്നാമന്‍ അധികാരത്തില്‍ വന്നു. 1952 ല്‍ കേണല്‍ നാസറിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നു. രാജഭരണത്തെ തുടച്ചുനീക്കി. 1952 ജൂണ്‍ 18 ന് ഈജിപ്ത് റിപബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1956 ല്‍ തെരഞ്ഞെടുപ്പ് നടക്കുകയും നാസര്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 392 അംഗമുള്ള ജനകീയ അസംബ്ലി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന രീതി പിന്നീട് നിലനിന്നു. 2011 ല്‍ ഹുസ്‌നി മുബാറകിന്റെ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം നടക്കുകയും ഭരണത്തെ തകര്‍ത്തിടുകയും ചെയ്തു. ശേഷം, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നു. 2012 ജൂണില്‍ മുഹമ്മദ് മൂര്‍സി പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
Leave A Comment