അസർബൈജാന്‍ പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ്

കോക്നസ് പർവ്വത നിരകൾക്കും കാസ്പിയൻ കടലിനുമിടയിൽ നീണ്ടു നിൽക്കുന്ന, മനോഹരമായ പ്രകൃതിയുള്ള, ചുറ്റിനും പർവ്വതങ്ങളുള്ള കൊച്ചു രാജ്യമാണ് അസർബൈജാൻ. കിഴക്കൻ യൂറോപിന്റെയും പശ്ചിമ ഏഷ്യയുടെയും അതിർത്തി പ്രദേശമായത് കാരണം യൂറോ ഏഷ്യൻ സംസ്കാരമാണ് ഇവിടെ നിലനിൽക്കുന്നത്. ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങളുള്ളതിനാൽ വിദേശികൾ വളരെയധികം സന്ദർശനം നടത്തുന്ന രാജ്യമാണത്. മുമ്പ് സോവിയേറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഈ രാജ്യം ഇന്ന് ഒരു സ്വതന്ത്ര ഭരണദേശമാണ്.

1920ൽ സോവിയറ്റ് യൂണിയനിൽ ലയിച്ചതിന് ശേഷം 1991 ലാണ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. ഒപ്പനയും നാടകവും ആദ്യമായി അരങ്ങുവാണ ഭൂമിയായതിനാൽ ഇന്നും കലയ്ക്ക് വലിയ സ്വാധീനമാണവിടെയുള്ളത്. 158 രാജ്യങ്ങളുമായി നയതന്ത്രബന്ധം പുലർത്തുന്നതോടൊപ്പം 38 അന്തർദേശീയ സംഘടനകളിൽ അംഗത്വവുമുണ്ട്.

മുസ്‍ലിംകൾ ഭൂരിപക്ഷമുള്ള രാജ്യമാണ് അസർബൈജാൻ. റഷ്യൻ ക്രിസ്ത്യാനികളും അർമേനിയൻ ക്രൈസ്തവരുമാണ് രാജ്യത്തെ പ്രധാന ന്യൂനപക്ഷം. അവിടത്തെ നിവാസികളിൽ അധിക പേരും കൃഷി ചെയ്ത് ജീവിക്കുന്നവരാണ്. എണ്ണ ഖനനം ധാരാളമായി നടന്നിരുന്ന രാജ്യമായതിനാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവർ സാമ്പത്തികമായി ലോകത്തിലെ ഉന്നത രാഷ്ട്രമായിരുന്നു. സോവിയറ്റ് യൂണിയൻ എണ്ണ ഉൽപാദന രംഗത്ത് ചുവടുറപ്പിച്ചതോടെയാണ് അസർബൈജാന് തിരിച്ചടി നേരിട്ട് തുടങ്ങിയത്.

കാസ്പിയൻ കടലിനു ചുറ്റും സ്ഥിതി ചെയ്തിരുന്ന വിശാലമായ എണ്ണപ്പാടങ്ങളുടെ ചൂഷണം, അസർബൈജാനിലെ രാഷ്ട്രീയ അസ്ഥിരത, പ്രദേശത്തുടനീളം രൂപപ്പെട്ട വംശീയ സംഘർഷം, കാസ്പിയൻ വയലുകളെ ചൊല്ലിയുള്ള റഷ്യൻ അവകാശവാദങ്ങൾ, പുതിയ പൈപ്പ് ലൈനുകളുടെ സ്ഥാനം സംബന്ധിച്ച തർക്കങ്ങൾ എന്നിങ്ങനെ രാജ്യത്തിന് നേരിടേണ്ടിവന്ന വിവിധ പ്രശ്നങ്ങൾ കാരണം 1990 കളിൽ അസർബൈജാന്‍ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന അസർബൈജാൻ 1978 ൽ അവരുടെ ഭരണതാത്പര്യങ്ങൾക്കനുസരിച്ച് ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. 1991 ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ആ ഭരണഘടന അസാധുവാക്കി. 1995-ൽ ഒരു പുതിയ ഭരണഘടനക്ക് രൂപം നല്കുകയും അത് ഹിതപരിശോധനയിലൂടെ സര്‍വ്വരാലും അംഗീകരിക്കപ്പെടുകയും ചെയ്തു.

ന്യൂ അസർബൈജാൻ പാർട്ടി, അസർബൈജാൻ പോപ്പുലർ ഫ്രണ്ട്, ന്യൂ ഇക്വാലിറ്റി പാർട്ടി, അസർബൈജാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, അസർബൈജാൻ നാഷണൽ ഇൻഡിപെൻഡൻസ് പാർട്ടി, അസർബൈജാൻ യുണൈറ്റഡ് തുടങ്ങിയവയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന്റെ കാലാവധി 7 വർഷമായിരുന്നെങ്കിലും 2009 ൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടു. 1992 ലാണ് അസർബൈജാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നത്. 1993 ആയതോടെ ഔപചാരികമായി സിഐഎസിലും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

വിനാശകരമായ ഒരു അധിനിവേശം

1992 മെയ് മാസത്തിലാണ് അധിനിവേശ സേന സുപ്രധാന അര്‍മീനിയന്‍ നഗരമായ ഷുഷ അക്രമിച്ച് കീഴടക്കുന്നത്. അസർബൈജാന്റെ സാംസ്കാരിക മുദ്രയായ ഈ പ്രദേശം നഷ്ടമായത് അസർബൈജാനി ജനതയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. 44 ദിവസം നീണ്ട് നിന്ന യുദ്ധം തുടങ്ങുന്നതിന് മാസങ്ങൾക്ക്  മുമ്പ് വിഘടനവാദികളായ "നാഗോർണോ-കറാബഖ് റിപ്പബ്ലിക്" (NKR) അവരുടെ തലസ്ഥാനം സ്റ്റെപാനകേർട്ടിൽ നിന്ന് ഷൂഷയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. വലിയ നാശനഷ്ടങ്ങളാണ് ആ പോരാട്ടത്തില്‍ ഷൂഷ എന്ന സാംസ്കാരിക നഗരത്തിന് സംഭവിച്ചത്. അസര്‍ബൈജാന്റെ സാംസ്കാരിക പൈതൃകം കൂടിയാണ് അതിലൂടെ നശിച്ചത്.

അർമേനിയ അസർബൈജാൻ അക്രമിക്കുന്നതിന് മുമ്പ് നിരവധി മുസ്‍ലിംകൾ അധിവസിക്കുന്ന പ്രദേശമായിരുന്നു ഷുഷ. അനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂളുകളും ലൈബ്രറികളും അന്നുണ്ടായിരുന്നു. അധിനിവേശ ശക്തികളായ അർമേനിയക്കാർ ഈ സാംസ്കാരിക സ്വത്തുക്കളെല്ലാം നശിപ്പിച്ചു. 

1990 കളിൽ നാസി ഭരണകൂടവും ബോസ്നിയൻ സെർബുകളും നടത്തിയ അതിക്രമങ്ങളോട് സമാനമായ ക്രൂരതയാണ് അർമേനിയ അസര്‍ബൈജാനോട് ചെയ്തത്. അസർബൈജാനിൽ ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും പ്രദേശത്ത് നിന്ന് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അക്രമം നടന്നത്. അതിനായി മഖ്ബറകള്‍ പോലും അവര്‍ നശിപ്പിച്ച് കളഞ്ഞു.

പോരാടി നേടിയ വിജയം

നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ സൈനിക സന്നാഹങ്ങൾ മാത്രം പോര, തകർക്കപ്പെട്ട നിർമ്മിതികളെല്ലാം പുനർ നിർമ്മിക്കണമെന്ന ചിന്ത കൂടി ഭരണകൂടത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി വിമാനത്താവളങ്ങൾ, ഹൈവേകൾ, ഹൗസിംഗ് യൂണിറ്റുകൾ, ഹോട്ടലുകൾ, സ്കൂളുകൾ, മെഡിക്കൽ സൗകര്യങ്ങൾ, സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ എന്നിവ നിർമ്മിക്കാൻ വിവിധ ഏജൻസികളെ ഏർപ്പാടാക്കി.

"കറാബാക്കിന്റെ കിരീടം" എന്നറിയപ്പെടുന്ന അസർബൈജാന്റെ സാംസ്കാരിക തലസ്ഥാനമായ ഷൂഷ അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതോടെ വീണ്ടും ഒരു സുപ്രധാന സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായ അവിടെ പ്രൊഫഷണൽ, ബിസിനസ് സംബന്ധമായ പരിപാടികൾ സംഘടിപ്പിക്കാനും സധിക്കും. ഇതിലൂടെ ജനങ്ങൾക്ക് നഷ്ടപ്പെട്ട മനക്കരുത്ത് വീണ്ടെടുക്കാൻ കഴിയുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

ജൂലായ് 21 ന് ഗ്ലോബൽ മീഡിയ ഫോറത്തിന്റെ ത്രിദിന സമ്മേളനം സംഘടിപ്പിച്ചതോടെ രാജ്യം വീണ്ടും ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. 'നാലാം വ്യാവസായിക വിപ്ലവത്തിലെ നവമാധ്യമങ്ങൾ' എന്ന തലക്കെട്ടിൽ നടന്ന ത്രിദിന സമ്മേളനത്തിൽ ടി.ആർടി വേൾഡ്, അൽ ജസീറ തുടങ്ങിയ പ്രമുഖ രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ 50 രാജ്യങ്ങളിൽ നിന്നുള്ള 120 മാധ്യമ സ്ഥാപനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുത്തു.

തുർക്കിയും അസർബൈജാനും 2021 ജൂണിൽ ഒരു പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ പരമ്പരാഗതമായി നിലനിന്നിരുന്ന സാംസ്കാരിക ബന്ധങ്ങൾക്ക് അടിവരയുന്നതായിരുന്നു ഈ ഉടമ്പടി. ഈ ഉടമ്പടി കാരണം ഉഭയകക്ഷികളായ തുർക്കിയുടെയും അസർബൈജാന്റെയും സൈനിക ബന്ധങ്ങളും സൈനിക ശേഷിയും വളരെയധികം വർദ്ധിപ്പിക്കാനും അസർബൈജാന്റെ പരമാധികാരവും പ്രാദേശിക വികസനത്തിലെ സമഗ്രതയും പുനഃസ്ഥാപിക്കാനും സാധിച്ചു.

അര്‍മീനിയ ഇപ്പോഴും പതിയിരിക്കുകയാണ്

പുരോഗമനത്തിന്റെയും തിരിച്ച് പിടിക്കലിന്റെയും പ്രതീക്ഷകളുമായി മുന്നേറുമ്പോഴും, അയല്‍രാജ്യമായ അര്‍മീനിയ ഒരു വെല്ലുവിളിയായി ശേഷിക്കുകയാണ്. പതിറ്റാണ്ടുകളായി യു.എന്നിനെയും അന്താരാഷ്ട്ര നിയമസംവിധാനത്തെയും വെല്ലുവിളിച്ചാണ് അർമേനിയൻ സൈന്യം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അർമേനിയൻ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന പരസ്പരവിരുദ്ധമായ നിലപാടുകളാണ് സകല പാളിച്ചകളുടെയും ഹേതു. അര്‍മീനിയയുടെ ഭാഗത്ത് നിന്ന് അത്തരം ആക്രമണ നീക്കങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് അസര്‍ബൈജാന്‍ ജനത. കൂടെ പ്രതിരോധിക്കാനാവശ്യമായ സന്നാഹങ്ങളുമായി ഭരണകൂടവും സദാ ജാഗരൂകരാണ്. ഇസ്‍ലാമിക ചരിത്രത്തിലെ പ്രതാപ പേരുകളിലൊന്നായ അസര്‍ബൈജാന്‍ തിരിച്ച് വരട്ടെ എന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.

     ജൂലൈ 26ന് ടി.ആര്‍.ടി വേള്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം
     വിവര്‍ത്തനം: നിയാസ് അലി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter