നിസ്‌കാരത്തിന്റെ മര്യാദകള്‍
നിസ്‌കാരത്തിന് പല ഘട്ടങ്ങളുണ്ട്. ശരീരശുദ്ധിയും അംഗശുദ്ധിയും വേണം. സ്ഥലവും വസ്ത്രവും ശുദ്ധിയായിരിക്കണം. ഔറത്ത് മറക്കുകയും ഖിബ്‌ലക്ക് തിരിയുകയും വേണം. ഇതൊന്നുമില്ലാതെ നിസ്‌കാരത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ഒന്നാമത്തെ ഘട്ടമാണിത്. നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പാണ് ഇതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. തക്ബീറത്തുല്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്നത് മറ്റൊരു ഘട്ടമാണ്. ഇപ്പോള്‍ അനങ്ങാനും സംസാരിക്കാനും പാടില്ല. ഹൃദയം മാത്രമല്ല, പഞ്ചപുച്ഛവും അല്ലാഹുവില്‍ ലയിപ്പിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. മര്‍മ്മപ്രധാനമായ ഘട്ടമാണിത്. മറ്റു ഘട്ടങ്ങള്‍ ഇതിന്റെ അനുബന്ധം പോലെയാണ്. സലാം വീട്ടുന്നതോടെ ഈ അവസ്ഥക്ക് മാറ്റം വരുന്നു. എന്നാല്‍ മുസ്വല്ല വിട്ട് പോകാനായിട്ടില്ല. ഇത് വേറൊരു ഘട്ടമാണ്. ഇപ്പോള്‍ നിബന്ധനകള്‍ക്ക് അല്പം അയവ് വന്നിട്ടുണ്ടെങ്കിലും ദിക്‌റ്-ദുആകള്‍ക്ക് ശേഷമേ സ്ഥലം വിടാവൂ. അത് നിസ്‌കാരത്തിന്റെ അനുബന്ധങ്ങളാണ്. സ്രഷ്ടാവായ റബ്ബിന്റെ പരമാധികാരം അംഗീകരിച്ച് സൃഷ്ടി ചെയ്ത പരമമായ വണക്കത്തിന് ശേഷം തന്റെ ആവശ്യാഗ്രഹങ്ങള്‍ റബ്ബിന്റെ മുന്നില്‍ നിരത്തിവെച്ച് ആവശ്യപ്പെടാനുള്ള അവസരം കൂടിയാണത്. അബുഹൂറൈറ(റ)യില്‍നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ”നിങ്ങള്‍ ഓരോരുത്തരെയും നിസ്‌കാരം തടഞ്ഞ് നിര്‍ത്തുമ്പോള്‍ അവന്‍ നിസ്‌കാരത്തിലാണ്” (ബു.മു.) നിസ്‌കാരത്തിന്റെ ശേഷം അനുബന്ധ ദിക്‌റുകളില്‍ ഏര്‍പ്പെട്ടവനും ഒരു നിസ്‌കാരം കഴിഞ്ഞ് അടുത്ത നിസ്‌കാരം കാത്തിരിക്കുന്നവനും ഉപര്യുക്ത ഹദീസില്‍ ഉണര്‍ത്തിയ നിസ്‌കരിക്കുന്നവരില്‍ പെടേണ്ടതാണ്.
നിസ്‌കരിക്കുന്നവന്റെ മുന്നില്‍ മറവേണം. അത് ചുമരോ തൂണോ ആവാം. നിസ്‌കാരം മറക്ക് പിന്നിലായിരിക്കല്‍ സുന്നത്താണ്. ഉയരമുള്ള ഏത് വസ്തുവും മറക്ക് മതിയാകും. വസ്തുവിന് ഒരു മുഴത്തിന്റെ മൂന്നില്‍ രണ്ടോ (30.2/3 സെ.മീ.) അതിലധികമോ ഉയരവും മുസ്വല്ലയുടെ കാല്‍മടമ്പു മുതല്‍ വസ്തുവിലേക്ക് മൂന്ന് മുഴമോ (138 സെ.മീ.) അതില്‍ കുറവോ അകലവും ആകണമെന്ന് നിബന്ധനയുണ്ട്. ഈ നിബന്ധന പാലിക്കപ്പെടാത്തപക്ഷം മറ മറയായി പരിഗണിക്കപ്പെടുന്നതല്ല. മുന്നിലെ സ്വഫ്ഫ് പിന്നിലെ സ്വഫ്ഫിനും ഇമാമിന്റെ മറ മഅ്മൂമിനും മറയായിരിക്കുന്നതാണ്.
ഇപ്രകാരം മറയാക്കി നിര്‍ത്താന്‍ പറ്റിയ ഒന്നും ലഭിക്കാതെ വന്നാല്‍ മുന്നില്‍ ഒരു വടി നാട്ടി വെക്കല്‍ സുന്നത്തുണ്ട്. വടി വെക്കുന്നതിന്റെ നിബന്ധന മുമ്പ് വിവരിച്ചത് പോലെ ഒരു മുഴത്തിന്റെ മൂന്നില്‍ രണ്ടിനേക്കാള്‍ ഉയരം കുറയാതിരിക്കുകയും മൂന്ന് മുഴത്തേക്കാള്‍ മറയുമായി അകലാതിരിക്കുകയും ചെയ്യുക എന്നത് തന്നെയാണ്. ഇനി വടി നാട്ടിവെക്കാനും കഴിയാത്തപക്ഷം മുന്നില്‍ ഒരു നിസ്‌കാരപ്പടം (മുസ്വല്ല) വിരിക്കല്‍ സുന്നത്തുണ്ട്. മുസ്വല്ല വിരിക്കാനും കഴിയാതെവന്നാല്‍ മുന്നില്‍ ഒരു വരവരക്കല്‍ സുന്നത്താകുന്നു. വര നീളത്തിലോ വീതിയിലോ ആവാം. മൂന്ന് മുഴത്തേക്കാള്‍ കൂടുതല്‍ അകലരുത് എന്നത് മുസ്വല്ലയിലും വരയിലും നിബന്ധനയാണ്. നബി(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ നിസ്‌കരിക്കുമ്പോള്‍ അവന്‍ മുന്നില്‍ (ചുമര് പോലെ) ഒരു വസ്തു ആക്കട്ടെ. അത് ലഭിച്ചില്ലെങ്കില്‍ ഒരു വടി നാട്ടട്ടെ. അവന്റെ കൂടെ വടിയുമില്ലെങ്കില്‍ ഒരു വര വരക്കട്ടെ. പിന്നെ അവന്റെ മുന്നില്‍ കൂടി നടക്കുന്ന ഒന്നും അവനെ ബുദ്ധിമുട്ടാക്കുകയില്ല.” (അബൂദാവൂദ്) ഉദ്ദേശം വ്യക്തമാക്കുന്നതില്‍ വരയെക്കാള്‍ ഉത്തമം മുസ്വല്ലയായതുകൊണ്ട് ഫുഖഹാഅ് അതിന് മുന്‍ഗണന നല്‍കി.
ഇവിടെ മറ നിര്‍ദ്ദേശിക്കപ്പെട്ടത് ക്രമപ്രകാരമാണ് എന്ന വസ്തുത വിസ്മരിക്കരുത്. അഥവാ ഒന്നാമത് ചുമര്‍ / തൂണ്. അതില്ലെങ്കില്‍ വടി. അതുമില്ലെങ്കില്‍ മുസ്വല്ല. അതുമില്ലെങ്കില്‍ വര എന്നീ ക്രമപ്രകാരമാണ്. അപ്പോള്‍ ചുമര്‍ / തൂണ് എന്നിവയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കാന്‍ സാധിക്കുന്നിടത്ത് വടി, മുസ്വല്ല, വര മുതലായവ മറയായി ഗണിക്കപ്പെടുകയില്ല.
അംഗീകരിക്കപ്പെടുന്ന മറയിലേക്ക് തിരിഞ്ഞ് നിന്ന് നിസ്‌കരിക്കുന്നവന്റെ മുന്നില്‍ കൂടി നടക്കല്‍ ഹറാമാണ്. നബി(സ) പറഞ്ഞു: നിസ്‌കരിക്കുന്നവന്റെ മുന്നില്‍കൂടി നടക്കുന്നവന്‍ അവന്റെ മേലിലുള്ള ശിക്ഷ എന്താണെന്ന് അറിയുകയാണെങ്കില്‍ നാല്‍പത് (അവിടെ കാത്ത്) നില്‍ക്കല്‍ അതിലെ നടക്കുന്നതിനേക്കാള്‍ അവന് ഗുണമായിരിക്കും” റാവി പറഞ്ഞു: ”നാല്‍പത് ദിവസമെന്നോ, നാല്‍പത് മാസമെന്നോ, നാല്‍പത് വര്‍ഷമെന്നോ നബി(സ) പറഞ്ഞതിന്റെ ഉദ്ദേശമെന്ന് ഞാനറിയില്ല.” (ബു.മു.)
അംഗീകരിക്കപ്പെട്ട മറയിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കുന്നവന്റെ മുന്നില്‍ നടക്കുന്നവനെ തടയാന്‍ തനിക്കും മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. ഈ നടത്തം കൊണ്ട് അവന്‍ നിയമത്തിന്റെ പരിധി ലംഘിച്ചു എന്നതാണ് കാരണം.
തടയുന്നതിന് ആദ്യം ലഘുവായ മാര്‍ഗത്തിലും പിന്നെ ആവശ്യാനുസരണം ശക്തി കൂട്ടിക്കൊണ്ടുമായിരിക്കണം. ഇപ്രകാരം തടയുമ്പോള്‍ അവന്‍ എതിര്‍ത്താല്‍ പ്രതിരോധിക്കുന്നതിന് വിരോധമില്ല. ഈ പ്രതിരോധത്തില്‍ മുന്നിലുള്ളവന്‍ കൊല്ലപ്പെട്ടാല്‍ പ്രതി കൊല ഇല്ലെന്നാണ് കര്‍മ്മശാസ്ത്ര നിയമം. നബി(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ജനങ്ങളെ തൊട്ട് അവനെ മറക്കുന്ന ഒരു വസ്തുവിലേക്ക് തിരിഞ്ഞുനിന്നു നിസ്‌കരിക്കുമ്പോള്‍ മറ്റൊരാള്‍ തന്റെ മുന്നില്‍കൂടി നടന്നുപോകാന്‍ ഉദ്ദേശിച്ചാല്‍ നിസ്‌കരിക്കുന്നവന്‍ അവനെ തടയട്ടെ, (തടച്ചില്‍) അവന്‍ വകവെക്കുന്നില്ലെങ്കില്‍ മുസ്വല്ലി അവനുമായി യുദ്ധം ചെയ്യട്ടെ. കാരണം അവന്‍ ശൈത്വാനാണ്.” (ബു.മു.)
നടന്നുപോകുന്നവന് വഴി വേറെയില്ലെങ്കിലും നിസ്‌കരിക്കുന്നവന്റെ മുന്നില്‍കൂടി നടക്കാന്‍ പാടില്ല. എന്നാല്‍ ജനങ്ങള്‍ സാധാരണ നടക്കുന്ന വഴിയിലോ മുന്നിലെ സ്വഫ്ഫില്‍ ഒഴിവുണ്ടായിരിക്കെ പിന്നിലെ സ്വഫ്ഫിലെ നിസ്‌കരിക്കുന്നവര്‍ വീഴ്ച വരുത്തിയത് കൊണ്ട് ഈ നിയമം അവര്‍ക്ക് ബാധകമല്ല. അവരുടെ മുന്നില്‍ നടക്കല്‍ ഹറാമാകുന്നതുമല്ല. നടന്നവനെ തടയാന്‍ അവര്‍ക്കവകാശവുമില്ല. മുന്നില്‍ ഒഴിവ് കണ്ടാല്‍ പിന്നിലുള്ളവരും പുതുതായി വരുന്നവരും പിന്‍സ്വഫ്ഫുകള്‍ കീറിക്കടന്ന് മുന്നിലെ ഒഴിവില്‍ പോയി നില്‍ക്കണണെന്നാണ് നിയമം.
സഫ്ഫില്‍ നില്‍ക്കുമ്പോള്‍ ചുമലും മടമ്പുകാലും ഒപ്പിച്ച് തെറ്റാതെയും വളയാതെയും അടുത്തടുത്ത് ചേര്‍ന്ന് നില്‍ക്കണം. ഇടയില്‍ ഒഴിവ് വന്നാല്‍ അവിടെ ശൈത്വാന്‍ കേറിനില്‍ക്കും. തെറ്റി നിന്നാല്‍ ഹൃദയങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടാകും. സ്വഫ്ഫ് മുറിച്ചാല്‍ ഖൈറായ കാര്യത്തെ അല്ലാഹു അവനെ തൊട്ട് മുറിച്ചുകളയും. സ്വഫ്ഫ് ശരിപ്പെടുത്തേണ്ടതിന് അല്പം മുന്തുകയോ പിന്തുകയോ ചെയ്യാനോ പിന്നില്‍ തനിച്ച് നില്‍ക്കുന്നവന് തുണയാകാന്‍ വേണ്ടിയോ വല്ലവനും തന്റെ കൈപിടിച്ചാല്‍ അനുസരണമുള്ളവനായി വര്‍ത്തിക്കണം. അബ്ദുല്ലാഹി ബ്‌നു തുമലി(റ)വില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: ”സ്വഫ്ഫുകളെ നിങ്ങള്‍ നിലനിര്‍ത്തുക, ചുമലുകളുടെ ഇട നിങ്ങള്‍ നേരെയാക്കുക, ഒഴിവുകളെ നിങ്ങള്‍ അടക്കുക, നിങ്ങളുടെ സഹോദരന്മാരുടെ കൈകളില്‍ നിങ്ങള്‍ മയമാവുക, ശൈത്വാനുവേണ്ടി ഒഴുവുകള്‍ നിങ്ങള്‍ ഉപേക്ഷച്ചിടരുത്. വല്ലവനും സ്വഫ്ഫിനെ മുറിച്ചാല്‍ അല്ലാഹു അവനെ മുറിക്കും.” (അബൂദാവൂദ്)
അനസി(റ)ല്‍ നിന്ന്- നബി(സ) പറഞ്ഞു: നിങ്ങളുടെ സ്വഫ്ഫുകള്‍ ചേര്‍ത്ത് നിര്‍ത്തുക. അവക്കിടയില്‍ അടുപ്പിക്കുക. പിരടി കൊണ്ട് (സ്വഫ്ഫ്) നേരെയാക്കുക. അല്ലാഹുവാണെ സത്യം, സ്വഫ്ഫിന്റെ ഇടയില്‍ കൂടി ശൈത്വാന്‍ പ്രവേശിക്കുന്നത് ഞാന്‍ കാണുന്നു. അത് കറുത്ത ചെറിയ ആട്ടിന്‍കുട്ടിയെപ്പോലെ.” (അബൂദാവൂദ്) നുഅ്മാനുബ്‌നു ബശീറി(റ)ല്‍നിന്ന്: നബി(സ) പറയുന്നത് ഞാന്‍ കേട്ടു: ”നിങ്ങളുടെ സ്വഫ്ഫുകള്‍ നേരെയാക്കുക. അല്ലെങ്കില്‍ അല്ലാഹു നിങ്ങളുടെ മുഖങ്ങളില്‍ മാറ്റമുണ്ടാക്കും.” (ബു.മു.) മുഖങ്ങളില്‍ മാറ്റമുണ്ടാക്കും എന്നതിനു പണ്ഡിതന്മാര്‍ പല അര്‍ത്ഥങ്ങളും പറയുന്നു: 1. മുങ്ങളെ പിന്നിലേക്കാക്കും. 2. മറ്റ് ജീവികളുടെ മുഖംപോലെയാക്കും. 3. നിങ്ങളുടെ ഹൃദയങ്ങളിലെ ആശയങ്ങള്‍ വ്യത്യസ്തമാക്കും.
മുന്നിലുള്ള സ്വഫ്ഫുകളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. പിന്നീടു അതിനോടടുത്തത്. മുന്നിലെ സ്വഫ്ഫില്‍ ഒഴിവുണ്ടായിരിക്കെ പിന്നിലെ സ്വഫ്ഫില്‍ നിന്നാല്‍ ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടും. അനസി(റ)ല്‍നിന്ന്: നബി(സ) പറഞ്ഞു: മുന്നിലെ സ്വഫ്ഫ് നിങ്ങള്‍ പൂര്‍ത്തിയാക്കുക. പിന്നെ അതിനോടടുത്തത്. വല്ല കുറവും വന്നാല്‍ അത് പിന്നിലെ സ്വഫ്ഫിലാകട്ടെ.” (അബൂദാവൂദ്)
പള്ളിയില്‍ ഇരിക്കുന്നവരുടെ പിരടി ചാടിക്കടന്ന് നടക്കല്‍ കറാഹത്താണെന്നും ഹറാമാണെന്നും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ മുന്നിലെ സ്വഫ്ഫില്‍ ഒഴിവു കാണുകയും ആ ഒഴിവിലേക്കെത്താന്‍ പിരടി ചാടിക്കടക്കേണ്ടിവരികയും ചെയ്താല്‍ അതിന് വിരോധമില്ല. അതുപോലെ മിഹ്‌റാബിലെത്താന്‍ കഴിയാതെ വഴിമുട്ടിയ ഇമാമിനും നിര്‍ബന്ധിതാവസ്ഥയില്‍ അത് അനുവദനീയമാണ്. ഇരിക്കുന്നവരുടെ നിരുപാധിക സമ്മതമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും പിരടി ചാടിക്കടന്ന് പോകാം. നബി(സ) ഖുതുബ ഓതിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ ജനങ്ങളുടെ പിരടി ചാടിക്കടക്കുന്നത് കാണുകയുണ്ടായി. അപ്പോള്‍ നബി(സ) അയാളോട് പറഞ്ഞു: ”ഇരിക്കൂ, നീ ബുദ്ധിമുട്ടിച്ചു.” (ഹ.ശ.) നിഹായ 339/2)
ഇരിക്കുന്നവനെ തന്റെ തൃപ്തി ഇല്ലാതെ എഴുന്നേല്‍പ്പിച്ച് തല്‍സ്ഥാനത്ത് ഇരിക്കല്‍ ഹറാമാണ്. അല്പം നീങ്ങിയിരുന്ന് തനിക്കും ഇരിക്കാന്‍ സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളെ, നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തികൊടുക്കുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തി കൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തി തരുന്നതാണ്.” (വി.ഖു. 11/58)
Leave A Comment