നിസ്‌കാരവും ഖുഥുബയും
ജുമുഅ സാധുവാകാന്‍ രണ്ടു ഖുത്വുബ നിര്‍ബന്ധമാണല്ലോ. ഖുത്വുബ നിര്‍വഹിക്കാന്‍ വേണ്ടി ഖത്വീബ് മിമ്പറില്‍ കയറുമ്പോള്‍ വലതുകാല്‍ വെച്ചു കയറണം. മിമ്പറിന്റെ ഓരോ പടവിലും നില്‍ക്കല്‍ കറാഹത്താണ്. തന്റെ പതിവു പ്രകാരം നടത്തത്തില്‍ എങ്ങനെയാണോ പടികയറുന്നതെങ്കില്‍ അങ്ങനെയാണു മിമ്പറില്‍ കയറല്‍ സുന്നത്ത്. അല്ലാത്തത് കറാഹത്താണ്.
പതിവ് പടികയറുന്നതിനു വിരുദ്ധമായി മിമ്പറിന്റെ ഓരോ പടവുകളിലും രണ്ടു കാലും വെച്ച് നിന്നുകൊണ്ട് ചില ഖത്വീബുമാര്‍ മിമ്പറില്‍ കയറുന്നത് സുന്നത്തിന് വിരുദ്ധവും കറാഹത്തുമാണ്. പടി കയറാന്‍ പ്രയാസമുള്ള ഏതെങ്കിലും വ്യക്തിയെ കണ്ടു അനുകരിക്കേണ്ടതല്ല ഇത്.
ഖുത്വുബയില്‍ കൈകൊണ്ടോ മറ്റോ ആംഗ്യം കാണിക്കലും രണ്ടാം ഖുത്വുബയില്‍ തിരിഞ്ഞുനോക്കലും മിമ്പറില്‍ കയറുമ്പോള്‍ പടവുകളില്‍ വാള്‍, കാല്‍ എന്നിവ കൊണ്ട് കുത്തലും കറാഹത്താണ്. ഇത്തരം കാര്യങ്ങള്‍ ചില ഖത്വീബുമാര്‍ ഉണ്ടാക്കിയ അനാചാരങ്ങളാകുന്നു. (ശര്‍വാനി 2/501)
ഖത്വീബ് ഖുത്വുബയുടെ മുമ്പായി മൂന്നു തവണ സലാം ചൊല്ലല്‍ സുന്നത്തുണ്ട്. ഒന്ന്, ഖത്വീബ് പള്ളിയുടെ കവാടത്തിലൂടെ ജനങ്ങളിലേക്ക് അഭിമുഖമാകുന്ന വേളയില്‍. രണ്ട്, മിമ്പറിന്റെ അടുത്തു വെച്ച് (മിമ്പറില്‍ കയറും മുമ്പ്). മുന്ന്, മിമ്പറില്‍ കയറി ഇരിക്കും മുമ്പ്.
ഈ സലാമിനെല്ലാം മറുപടി (സലാം മടക്കല്‍) നിര്‍ബന്ധമാണ്. ഫര്‍ളുകിഫായാണ്. ആരെങ്കിലും മടക്കിയാല്‍ എല്ലാവരും കുറ്റത്തില്‍നിന്ന് മുക്തമാകും. മടക്കിയവനു മാത്രം പ്രതിഫലം ലഭിക്കുകയും ചെയ്യും.
ഖുത്വുബ ഓതാന്‍ വേണ്ടി വരുന്നവന്‍ രാവിലെ പുറപ്പെടല്‍ സുന്നത്തില്ല. ജുമുഅയുടെ സയമത്ത് പള്ളിയില്‍ വരലാണ് അദ്ദേഹത്തിന് സുന്നത്ത്. ഖത്വീബ് രാവിലെ വന്നാലും നേരത്തെ വന്ന പ്രതിഫലം ലഭിക്കില്ല. (തുഹ്ഫ 2/511 പുതിയ പതിപ്പ്.)
ഖുത്വുബ വേളയില്‍ വാള്‍, വടി പോലുളളത് പിടിക്കല്‍ സുന്നത്തുണ്ട്. രണ്ട് ഖുത്വുബയിലും ഇത് സുന്നത്താണ്. മുഅദ്ദിനില്‍ നിന്ന് വലതു കൈക്കൊണ്ട് തന്നെ ഇവ വാങ്ങലും കൊടുക്കലും മുഅദ്ദിനിന്റെ വലതു കൈയില്‍ കൊടുക്കലും സുന്നത്താണ്. (ഖല്‍യൂബി 1/393 നോക്കുക. നിഹായ 2/326.)
ഇസ്‌ലാമിക പ്രചാരണത്തിനും വളര്‍ച്ചയ്ക്കും വാളിന്റെ പങ്ക് പ്രധാനമായിരുന്നുവെന്നതാണ് വാള്‍ പിടിക്കുന്നതിലെ യുക്തി. (കന്‍സുറാഗിബീന്‍ -മഹല്ലി 1/282)
ഇന്ന് ഇസ്‌ലാമിന്റെ വാളിനെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും വസ്തുത പറയേണ്ടത് അനിവാര്യമാണ്.
ഖത്വീബ് മിമ്പറില്‍ കയറി ജനങ്ങളിലേക്ക് അഭിമുഖമായി തിരിയുന്ന വേളയില്‍ തന്നെ ഇടതു കയ്യിലാണ് വാള്‍ ഉണ്ടാവേണ്ടത്. മുഅദ്ദിനില്‍ നിന്ന് വലതു കൈകൊണ്ട് വാങ്ങി ഇടതു കൈയ്യിലേക്ക് മാറ്റണം. ഒരു യോദ്ധാവ് ഇടതുകൈയ്യിലാണല്ലോ വാള്‍ പിടിക്കുക. വലതു കൈയ്യില്‍ പരിചയാണല്ലോ ഉണ്ടാവുക. (മഹല്ലി 1/282)
നിസ്‌കാരത്തിനെക്കാള്‍ ഖുത്വുബ ചുരുങ്ങണം. ഇങ്ങനെ ചെയ്യല്‍ ഇവ്വിഷയകമായി കര്‍മശാസ്ത്രം പഠിച്ചവന്റെ ലക്ഷണമാണ്. (തുഹ്ഫ 3/501) ഇന്ന് ഇതിന്റെ വിപരീതമാണ് കാണുന്നത്. (ശര്‍വാനി 2/501). ഖുത്വുബ വേളയില്‍ ഖത്വീബ് വലത്, ഇടത്, പിന്‍ഭാഗം തുടങ്ങിയ സ്ഥലത്തേക്ക് നോക്കരുത്. (തുഹ്ഫ 2/501) ഖത്വീബ് മിമ്പറില്‍ കയറി അവന്റെ വലതു ഭാഗത്തിലൂടെയാണ് ജനങ്ങളിലേക്ക് തിരിഞ്ഞു നില്‍ക്കേണ്ടത്. (ഖല്‍യൂബി 1/282)
ഇന്നു കാണുന്ന ചില നുബാത്വി ഖുത്വുബയുടെ ഏടില്‍ സ്വലാത്തിന്റെ കൂടെ സലാം കാണുന്നില്ല. സ്വലാത്ത് ഖുത്വുബയുടെ ഫര്‍ളും സലാം സുന്നത്തുമാണ്. സലാം പറയാതെ സ്വലാത്ത് തനിപ്പിക്കല്‍ കറാഹത്താണ്. അതുകൊണ്ട് ‘സ്വല്ലല്ലാഹു വസല്ലമ’ എന്നു പറഞ്ഞാല്‍ സുന്നത്തു ലഭിച്ചു. കറാഹത്ത് ഇല്ലാതായി. ചില നുബാത്വി ഖുത്വുബയില്‍ നബി(സ)യുടെ നാമം വ്യക്തമാക്കാതെ ളമീര്‍ (സര്‍വ്വനാമം) ആണുള്ളത്. അത്തരം സ്ഥലത്ത് പേര് തന്നെ വ്യക്തമാക്കണം. നബി(സ)യുടെ പേര് വ്യക്തമാക്കിപ്പറഞ്ഞു സ്വലാത്ത് നിര്‍വഹിക്കല്‍ ഖുത്വുബയുടെ രണ്ടാമത്തെ ഫര്‍ളാണ്. (തുഹ്ഫ 1/27)
ഖുത്വുബയില്‍ ‘അമ്മാബഅ്ദു’ എന്നു നബി(സ) പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പ്രസ്തുത വാക്യം ജുമുഅ ഖുത്വുബയില്‍ പറയല്‍ സുന്നത്തുണ്ട്. (ശര്‍ഹു മുസ്‌ലിം 1/285) ‘അമ്മാബഅ്ദു ഫയാ അയ്യുഹന്നാസ്’ എന്നു പറഞ്ഞാല്‍ സുന്നത്തു കരസ്ഥമാക്കാമല്ലോ.
ഖുത്വുബയില്‍ ശബ്ദം ഉയര്‍ത്തല്‍ സുന്നത്തുണ്ട്. ശബ്ദം ചുരുക്കല്‍ കറാഹത്താണ്. ഖുത്വുബയുടെ ചില ഭാഗങ്ങള്‍ ഉറക്കെയും മറ്റുചില ഭാഗങ്ങള്‍ പതുക്കെയും നിര്‍വഹ ിക്കുന്ന ചിലരെ കാണാം. അതു സുന്നത്തില്ല.
Leave A Comment