നോമ്പിനുവേണ്ടി ഒരുങ്ങുന്നതിനു മുമ്പ്
ഒരു നോമ്പുകാലം കൂടി സമാഗതമാവുമ്പോഴാണ് നമ്മുടെ ആയുസ്സിന്റെ പുസ്തകത്തില്‍ ഒരു പേജ് കൂടി മറിക്കപ്പെട്ടുവെന്ന് നമുക്ക് ബോധോദയമുണ്ടാകുന്നത്. ഇത്രവേഗം നോമ്പിങ്ങ് എത്തിയോ...? കഴിഞ്ഞ വര്‍ഷത്തെ നോമ്പ്, കഴിഞ്ഞ മാസം കഴിഞ്ഞതുപോലെ. അതങ്ങനെയാണ്. നമ്മുടെയൊക്കെയും മനസ്സിന് വേഗത കൂടിയിരിക്കുന്നു. ദിവസത്തില്‍ 24 മണിക്കൂര്‍ മതിയാകാത്ത അവസ്ഥ. ലക്കും ലഗാനുമില്ലാതെ നമ്മുടെ മനസ്സും ശരീരവും ആര്‍ത്തലക്കുകയാണ്. ജീവിതം പരമാവധി ആസ്വദിക്കാനുള്ള തത്രപ്പാടുകള്‍. ആധുനിക സൗകര്യങ്ങളുടെ ധാരാളിത്തത്തില്‍ സകലതും മറന്നുകൊണ്ടുള്ള മാത്സര്യത്തിന്റെ മുന്നേറ്റം. ഈ ഓട്ടം മാത്രം പോരല്ലോ നമുക്ക്. ഇന്നല്ലെങ്കില്‍ നാളെ 'അസ്‌റാഈല്‍' നമ്മെയും സമീപിക്കും.
അല്ലാഹുവിന്റെയടുത്തെത്തുമ്പോള്‍ നമ്മുടെ കൈയില്‍ എന്തുണ്ടായിരിക്കും. ജീവിതാവസാനം വരെ, കൈപ്പിടിയിലും പോക്കറ്റിലും കാതോടുകാതോരം കൊണ്ടുനടന്നിരുന്ന മൊബൈല്‍ ഫോണ്‍ നമ്മോടൊപ്പമുണ്ടാവില്ല. താങ്ങും തണലുമായിരുന്ന ജീവിത പങ്കാളിയോ, മക്കളോ ഒപ്പമില്ല. ആറടി മണ്ണറയുടെ ഇരുട്ടില്‍ ഏതാനും തുണിക്കഷ്ണങ്ങള്‍ മാത്രം കൂട്ട്. അല്ലാഹുവിലേക്ക് പറന്നകന്ന ആത്മാവാകട്ടെ ഗതി കിട്ടാതെ അലയേണ്ടി വരുമോ?.. ഒരു വീണ്ടുവിചാരം നമ്മുടെ മനസ്സില്‍ ഓടിയെത്തണം. റമളാന്‍ നമുക്കു തരുന്ന ആദ്യസമ്മാനം അതാണ്. ''എന്റെ ഇന്നത്തെ ജീവിതം ധാര്‍മികതയോട് എത്രമാത്രം നീതി പുലര്‍ത്തുന്നു. സധൈര്യം മരണത്തെ നേരിടാന്‍ തനിക്ക് സാധിക്കുമോ...?''
ഒരുങ്ങുക, റമളാനിനെ വരവേല്‍ക്കാന്‍. ഇന്നുതന്നെ പ്രതിജ്ഞയെടുക്കുക. ഈ നോമ്പ് തന്റെ മനസ്സിനുള്ളതാണെന്ന്. വ്രതസാധനയുടെ വിശുദ്ധിയില്‍ നമ്മുടെ മനസ്സ് കുളിരണിയണം. വിചാരങ്ങളില്‍, വികാരങ്ങളില്‍ ശക്തമായ കടിഞ്ഞാണാണു റമളാന്‍... നമ്മുടെ മനസ്സകങ്ങളില്‍ തിന്മയുടെ വിഷവിത്തുകള്‍ വിതറുന്നതും നന്മയുടെ സുഗന്ധം പരത്തുന്നതും ജീവിത ചുറ്റുപാടുകളാണ്. പതിനൊന്നു മാസക്കാലം സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ നമ്മെ നയിച്ചിരുന്നത് തിന്മയിലേക്കായിരുന്നുവെങ്കില്‍ ഈ വ്രതനാളുകളില്‍ നമ്മുടെ മനസ്സിന്റെ അടിത്തറ തന്നെ പുതുക്കിപ്പണിയണം. വീട്ടില്‍, കുടുംബത്തില്‍, സമൂഹത്തില്‍, ജോലി സ്ഥലങ്ങളില്‍ മറ്റുള്ളവരുമായുള്ള സഹവാസങ്ങളില്‍... ഇങ്ങനെ നാം ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും സത്യവും നീതിയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞുവോ...?
അറിഞ്ഞും അറിയാതെയും നമ്മുടെ ചിന്തകളും പ്രവൃത്തികളും എവിടെയെല്ലാം കയറിയിറങ്ങി. സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സിന് പതര്‍ച്ച സംഭവിച്ച നിമിഷങ്ങള്‍. സ്വന്തത്തെതന്നെ മറന്നുപോയ സന്ദര്‍ഭങ്ങള്‍... ഓര്‍ത്തു നോക്കൂ.... പാളിച്ചകള്‍ ധാരാളം.. തിരുത്ത് വേണമെന്ന് ഇപ്പോള്‍ തോന്നുന്നില്ലേ... അവസരമിതാണ്. വിശുദ്ധ നോമ്പുകാലം. ''റമളാനില്‍ ഒരാള്‍ പ്രവേശിച്ചിട്ടും തന്റെ പാപത്തില്‍നിന്ന് മോചിതനാവാന്‍ സാധിക്കാതെ ആരെങ്കിലും നരകാഗ്നിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവനെ അകറ്റട്ടെ'' (ഇബ്‌നു ഖുസൈമ). ഒരു പ്രവാചക വചനമാണിത്. നോമ്പിനെ സ്വീകരിക്കാന്‍ മാനസികമായി തയ്യാറെടുക്കാത്തവര്‍ക്കാണ് ഈ ഗതികേടുണ്ടാവുക. നോമ്പിന് മനസ്സില്‍ ആതിഥ്യമരുളാത്തവര്‍ക്ക് തീരാനഷ്ടമായിരിക്കുമെന്നു ചുരുക്കം. അശ്ലീല ചിന്തകള്‍ ഇന്ന് വേഗത്തില്‍ മനസ്സില്‍ ആധിപത്യമുറക്കുന്നു.
ദൈവത്തെക്കുറിച്ചും ആരാധനകളെപ്പറ്റിയും ചിന്തിക്കാന്‍ നമുക്ക് സമയമില്ല. മറ്റേതു വിനോദങ്ങള്‍ക്കും സമയമുണ്ട് താനും. ടെലിവിഷന്‍ കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല. നിസ്‌കാരത്തിന്റെ സമയം അതിക്രമിക്കുകയും ചെയ്തിരിക്കുന്നു. പലര്‍ക്കും ഈ 'സുബദ്ധം' പറ്റുന്നു. മനസ്സ് ദിനചര്യകളില്‍ നല്‍കുന്ന മുന്‍ഗണനാക്രമമാണ് ഇതിനു കാരണം. മനസ്സിന്റെ വാതിലുകള്‍ക്ക് പിശാച് കാവലിരിക്കുമ്പോള്‍ നന്മയുടെ കിരണങ്ങള്‍ ഉള്ളില്‍ പ്രവേശിക്കുന്നില്ല. പലപ്പോഴും പിശാചിന്റെ ഇച്ഛകള്‍ക്കനുസരിച്ചാണല്ലോ നാം പ്രവര്‍ത്തിക്കുന്നത്. മനസ്സിന്റെ വാതില്‍പ്പടിയില്‍നിന്ന് പിശാചിനെ ആട്ടിയോടിക്കണമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ...? തോന്നിയാല്‍ മാത്രം പോര നമ്മുടെ കര്‍മങ്ങള്‍ പിശാചിനെതിരിലാവുമ്പോഴേ അവന്‍ നമ്മില്‍ നിന്നകലുകയുള്ളൂ.... മൊബൈല്‍ ഫോണ്‍ വല്ലാത്തൊരു പിശാചാണ്. ആ 'വസ്തു' നമ്മുടെ എത്രമാത്രം സമയമാണ് കവര്‍ന്നെടുക്കുന്നത്. സമയവിനിയോഗത്തെക്കുറിച്ച് കൃത്യമായ ബോധവല്‍കരണമാണ് ഇസ്‌ലാം നല്‍കുന്നത്. കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളെപ്പറ്റിയും നാം വിചാരണ ചെയ്യപ്പെടും. നമ്മള്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും നമുക്കെതിരായി സാക്ഷി പറയുന്ന ഒരു സന്ദര്‍ഭം മഹ്ശറയിലുണ്ടാവും. വീണ്ടുവിചാരം വേണ്ടേ നമുക്ക്... പൈശാചികതയുടെ, ഇരുട്ടിന്റെ വ്യവസ്ഥിതികളില്‍നിന്ന് മനസ്സിനെ വിമുക്തമാക്കാനുള്ള പ്രേരണയാണ് റമളാന്‍.
നോമ്പുകാലത്ത് ധര്‍മനിഷ്ഠമായ മനസ്സും അതിനുശേഷം എന്തു തോന്നിവാസവുമാകാമെന്നുമാണ് ചിലരുടെ ധാരണ. അല്ലെങ്കില്‍ അവരുടെ ജീവിതത്തില്‍നിന്ന് മനസ്സിലാകുന്നത് അതായിരിക്കും. ചിട്ടയായ ഇസ്‌ലാമിക ജീവിതത്തിന്റെ പാഠശാലയാണ് റമളാന്‍. ഒരു മുസ്‌ലിമിന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന കൃത്യമായ നിര്‍വചനം. പക്ഷെ, പലരും നോമ്പുകാലത്തെ തീറ്റയുടെ മാസമായി ചിത്രീകരിച്ചിരിക്കുന്നു. നോമ്പുതുറകളുടെയും സല്‍കാരങ്ങളുടെയും പ്രളയമാത്സര്യങ്ങള്‍ ഈ വേളയുടെ ആത്മീയ മൂല്യത്തെ കളങ്കപ്പെടുത്തുന്നുണ്ടെന്നു പറയാതെ വയ്യ. പകല്‍ പട്ടിണിയും രാത്രി സുഭിക്ഷതയുടെ ആധിക്യവും. നോമ്പിന്റെ ലക്ഷ്യം അതല്ല. വിശപ്പിലൂടെ മനസ്സിനെയും ശരീരത്തെയും വിമലീകരിക്കുന്ന സംസ്‌കൃതിയാണത്. ഭക്ഷണധാരാളിത്തവും പൊങ്ങച്ചവും ആര്‍ഭാടവുമെല്ലാം തെറ്റായ കാര്യങ്ങളാണ്. നോമ്പുപോലുള്ള ആരാധകളോടൊപ്പം അനാചാരങ്ങള്‍ തിരുകിക്കയറ്റുന്നതിനെതിരെയും ജാഗ്രത വേണം. അത്താഴത്തിനും നോമ്പുതുറ വേളയിലും മതിയായ ഭക്ഷണം ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് നമ്മുടെ കാരണവന്മാരോട് ചോദിച്ചു നോക്കുക. വിശപ്പ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വിശപ്പിനെ സന്തോഷത്തോടെ അതിജയിക്കാനുള്ള ശക്തിയും അവര്‍ക്കുണ്ടായിരുന്നു...? ഇന്നോ, അര മണിക്കൂര്‍ ഭക്ഷണസമയം തെറ്റുമ്പോഴേക്കും നമ്മുടെ മനസ്സ് ക്ഷോഭ്യമാവും. ശരീരത്തില്‍ പ്രഷറും പ്രമേഹവും വര്‍ദ്ധിക്കും. സഹനശക്തി ആര്‍ക്കുമില്ല. പക്ഷെ നോമ്പ് അവിടെയും പാഠഭേദമായി മാറുന്നു.
ശക്തമായ ക്ഷമ പഠിപ്പിക്കുകയാണ് റമളാന്‍. ശാരീരികവും മാനസികവുമായ എല്ലാവിധ ചാപല്യങ്ങളെയും ക്ഷമ എന്ന ശക്തമായ നൂലുകൊണ്ട് വരിഞ്ഞു മുറുക്കുമ്പോള്‍ നമ്മള്‍ ഊര്‍ജസ്വലരാകുന്നു. ഇതിനുള്ള മാനസിക മുന്നൊരുക്കമാണ് ഇപ്പോള്‍ നമ്മിലുണ്ടാവേണ്ടത്. റമളാനിനെ ഇഷ്ടപ്പെടുന്നവരില്‍, സ്വീകരിക്കുന്നവരില്‍ ഉജ്ജ്വലമായ ത്യാഗമനഃസ്ഥിതി വൈകാതെ കൈവരും. എന്തും ആര്‍ജ്ജവത്തോടെ നേരിടാനുള്ള ശക്തി ഉണ്ടായിത്തീരും. ആര്‍ത്തി, അസൂയ, വിദ്വേഷം, ഭയം, അപകര്‍ഷത തുടങ്ങി എല്ലാ ദുഷ്പ്രവണതകളെയും ഇല്ലാതാക്കിയ ശേഷം ആത്മവിശ്വാസത്തിന്റെയും ഉത്കൃഷ്ട വ്യക്തിത്വത്തിന്റെയും ഉടമയായിത്തീരാന്‍ നോമ്പ് അവസരം നല്‍കുന്നു. മുന്‍ചൊന്നപോലെ നോമ്പിനെ നോമ്പായി കാണാന്‍ സാധിക്കുന്നവര്‍ക്കാണിത് സാധ്യമാകുകയെന്നു മാത്രം. അസ്വസ്ഥതകളുടെ നീരാളിപ്പിടുത്തത്തിലാണ് നാമെപ്പോഴും. കാരണങ്ങളേതുമില്ലാതെ തന്നെ നാം വൃഥാ വ്യഥയിലാണ്ടുപോകുന്നു. ഒരു കാര്യത്തിലും തൃപ്തിവരാതെ കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള മനസ്സിന്റെ പരക്കംപാച്ചില്‍. ഒടുവില്‍ നിരാശയും തളര്‍ച്ചയും. ഇവിടെ നോമ്പ് നമുക്ക് ദിശാബോധം നല്‍കുന്നു. അശുഭകരമായ ചിന്തകളില്‍നിന്നാണ് അസ്വസ്ഥകളുണ്ടാകുന്നത്. നേടിയെടുക്കാന്‍ കഴിയാത്തതിനെക്കുറിച്ചും, നേടിയത് നഷ്ടമാകുന്നതിനെക്കുറിച്ചുമുള്ള വ്യഥകളില്‍ മനസ്സ് വ്യാകുലമായിരിക്കും. എങ്കില്‍ എല്ലാം അല്ലാഹുവിലര്‍പ്പിക്കാനുള്ള ഒരു മനസ്സുണ്ടായാലോ...? മനസ്സില്‍ യാതൊരു ഉത്കണ്ഠയുമുണ്ടാകുന്നില്ല.
അറിഞ്ഞും അറിയാതെയും അനാവശ്യമായ വ്യഥകളില്‍ ആറാടുന്നവരാണ് സ്ത്രീകള്‍. അപ്പുറത്തെ വീട്ടിലെ സൗകര്യങ്ങളും, തന്റെ വീട്ടിലെ പരിമിതികളും മാത്രം മതി ചിലപ്പോള്‍ സ്ത്രീകളില്‍ ടെന്‍ഷനുണ്ടാക്കാന്‍. കുടുംബ ജീവിതത്തിലെ നിസ്സാര പ്രശ്‌നങ്ങളില്‍പോലും പെണ്‍മനസ്സ് വല്ലാതെ പതറിപ്പോകും. എന്തൊക്കെ പ്രയാസങ്ങളും പരിമിതികളുമുണ്ടായാലും അതെല്ലാം അതിജയിക്കാനുള്ള ശക്തി നോമ്പ് തരും. 'നനച്ചുകുളി'യിലൂടെ നോമ്പിനെ വരവേല്‍ക്കാന്‍ വെമ്പല്‍കൊള്ളുന്ന സ്ത്രീ മനസ്സകം വീണ്ടുവിചാരത്തിന്റെ പാതയിലായിരിക്കണം. നാടും നഗരവും നോമ്പിന്റെ വിളിയാളത്തില്‍ ഉണരുന്നുണ്ട്. പക്ഷേ, ഈ ഉണര്‍ച്ച ഇന്ന് വ്യവസായ വാണിജ്യമേഖലകളിലാണ് കണ്ടു വരുന്നത്. റമളാന്‍ വിപണി റമളാനിമുമ്പേ സജീവമായിക്കഴിഞ്ഞു. ഇനിയുമെന്തേ നമ്മുടെ മനസ്സകങ്ങള്‍ക്ക് ഉണരാന്‍ താമസം? ആണ്ടറുതി മാത്രമായി കാണുന്നവര്‍ക്ക് റമളാന്‍ എന്നും പ്രയാസത്തിന്റേതു മാത്രമായിരിക്കും. നോമ്പില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്താനാവാത്തവര്‍ക്ക് ഇത് പ്രയാസകാലം തന്നെയായിരിക്കും. നോമ്പിന്റെ നന്മകള്‍ക്കു മുമ്പില്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്കും ഇത് അസ്വസ്ഥതയുടെ വേളകളായിരിക്കും. കാരണം നോമ്പിനെ പുല്‍കാനുള്ള മാനസിക പക്വത അവര്‍ക്കില്ലാത്തതുതന്നെ. റമളാനില്‍ അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും നരക വിമുക്തിയുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അടുത്ത റമളാന്‍ വരട്ടെ, സമുചിതമായി നോമ്പനുഷ്ഠിക്കണം, ഖുര്‍ആന്‍ ഖത്തം തീര്‍ക്കണം, മനമുരുകി പ്രാര്‍ത്ഥിക്കണം എന്നൊക്കെ പ്രതിജ്ഞയെടുക്കുന്നവരുണ്ട്. സത്യത്തില്‍ റമളാന്‍ വരുന്നതും പോവുന്നതും അവരറിഞ്ഞുകാണില്ല. അവരുടെ ജീവിതത്തില്‍ ഒരു മാറ്റവും സൃഷ്ടിക്കാന്‍ നോമ്പിനു സാധിച്ചിട്ടില്ല. പിന്നെയും പ്രതിജ്ഞ പുതുക്കും. അടുത്ത റമളാന്‍ വരട്ടെ. കാലങ്ങള്‍ മിന്നി മറയുന്നതിനിടയില്‍ എപ്പോഴോ മരണവും പുല്‍കുന്നു. പലരുടെയും ജീവിത ചക്രമാണിത്.
ആരാധനയായാലും മറ്റെന്തു കര്‍മമായാലും അത് പിന്നേക്ക് മാറ്റിവെക്കാനുള്ള ഒരു വെമ്പല്‍ നമ്മുടെ മനസ്സിലുണ്ട്. അലസതയുടെ രൂപത്തിലുള്ള പിശാചിന്റെ രംഗപ്രവേശമാണിത്. വീണ്ടുവിചാരം വേണം. റമളാന്‍ ഇങ്ങെത്തിക്കഴിഞ്ഞു. പ്രതിജ്ഞയെടുത്തുവോ, വൈകിക്കേണ്ട. ''ഒരാള്‍ ചീത്ത സംസാരവും പ്രവൃത്തിയും വര്‍ജിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ മാത്രം ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ലെ''ന്ന് നബി(സ) പറയുന്നു. നോമ്പ് മനസ്സില്‍നിന്ന് തുടങ്ങണം. ചിന്തയില്‍ പ്രതിഫലിക്കണം. അല്ലാഹുവിനു മുമ്പില്‍ ശക്തമായ പ്രതിജ്ഞയെടുക്കണം. ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കണം. അതാണ് നോമ്പ്. നോമ്പിനെ ആവേശത്തോടെ സ്വീകരിക്കുക. സുകൃതങ്ങളാല്‍ ധന്യമാക്കുക. ഇത് വിശ്വാസത്തിന്റെ, മനസ്സിന്റെ വിജയമാണ്. ഇരുലോകത്തും വിജയിക്കാന്‍ വെമ്പുന്ന മനസ്സിന്റെ ഉടമകളെയാണ് നോമ്പുകാലം സമൂഹത്തിന് സമ്മാനിക്കുന്നത്.
Leave A Comment