തറാവീഹ്, ലൈലത്തുല്‍ ഖദ്ര്‍
റമദാനില്‍ മാത്രമുള്ള ഒരു ഇബാദത്താണ് തറാവീഹ് നിസ്‌കാരം. ഇശാ നിസ്‌കാരത്തിന്റെയും സുബ്ഹിയുടെയും ഇടയിലാണ് ഇത് നിര്‍വ്വഹിക്കേണ്ടത്. രണ്ടു റക്അത്തു വീതം ഇരുപത് റക്അത്ത് നിസ്‌കരിക്കണം. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടല്‍ നിര്‍ബന്ധമാണ്. നാലു റക്അത്ത് ഒന്നിച്ചു നിസ്‌കരിച്ചാല്‍ ശരിയാവുകയില്ല. തറാവീഹിനു ശേഷം വിത്‌റ് നിസ്‌കരിക്കണം. രണ്ടും ജമാഅത്തായി നിസ്‌കരിക്കല്‍ സുന്നത്താണ്.
നാലു റക്അത്ത് ആകുമ്പോള്‍ സ്വഹാബത്ത് അല്‍പം വിശ്രമിച്ചിരുന്നു. ഈ വിശ്രമത്തിന് 'തര്‍വീഹത്ത്' എന്നാണ് പറയുക. നാലു 'തര്‍വീഹത്തു'കള്‍ ഉള്ളതുകൊണ്ടാണ് ഈ നിസ്‌കാരം 'സ്വലാത്തുത്തറാവീഹ്' (വിശ്രമവേളകളുള്ള നിസ്‌കാരം) എന്ന പേരില്‍ അറിയപ്പെടാന്‍തുടങ്ങിയത്. റമദാനില്‍ മാത്രമുള്ള ഒരു പ്രത്യേക നിസ്‌കാരമാണ് 'തറാവീഹ്' എന്നും അത് ഇരുപത് റക്അത്താണെന്നും പ്രബലമായ ഹദീസുകള്‍ കൊണ്ടും മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) കൊണ്ടും സ്ഥിരപ്പെട്ടതാണ്.
''റമദാന്‍ മാസം പകല്‍ സമയത്ത് വ്രതാനുഷ്ഠാനം അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രി നിസ്‌കാരം അവന്‍ സുന്നത്താക്കുകയും ചെയ്തിരിക്കുന്നു''എന്ന് ഹദീസില്‍ കാണാം. 'അല്ലാഹുവില്‍ വിശ്വസിച്ചും അവനില്‍നിന്ന് പ്രതിഫലം മോഹിച്ചും ഒരാള്‍ റമദാന്‍ മാസം നിസ്‌കരിച്ചാല്‍ അവന്റെ മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന്' നബി(സ) പറയുകയുണ്ടായി. (ബുഖാരി,മുസ്‌ലിം)
നബി(സ)യുടെ നേതൃത്വത്തില്‍ ഏതാനും ദിവസമേ തറാവീഹ് ജമാഅത്തായി നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളൂ. പിന്നീട് നിസ്‌കാരത്തിനായി തങ്ങള്‍ പുറത്തുവന്നില്ല. വീട്ടില്‍ വെച്ചു നിസ്‌കരിച്ചു. അതിനു കാരണമായി അവിടുന്നു പറഞ്ഞത്, 'അത് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു' എന്നാണ്. (ബുഖാരി, മുസ്‌ലിം). മറ്റുള്ളവര്‍ വീട്ടില്‍വെച്ചോ പള്ളിയില്‍ തന്നെ ഒറ്റയായോ കൊച്ചുകൊച്ചു ജമാഅത്തായോ തറാവീഹ് നിര്‍വഹിച്ചുവന്നു. ഉമര്‍(റ)വിന്റെ ഭരണകാലം വരെ ഈ നില തുടര്‍ന്നു. പിന്നീട് ഒരു ഇമാമിന്റെ കീഴില്‍ ജമാഅത്തായി ഉമര്‍(റ) അത് പുനഃസ്ഥാപിച്ചു. ഇരുപത് റക്അത്തായിരുന്നു അവരന്ന് നിസ്‌കരിച്ചിരുന്നത്. സ്വഹീഹായ പരമ്പരയോടുകൂടി ഇമാം ബൈഹഖി(റ) ഇത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ആയിരക്കണക്കായ സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ ഈ പ്രവൃത്തി എതിര്‍ത്തില്ല. ഐകകണ്‌ഠ്യേന അംഗീകരിക്കുകയാണ് ചെയ്തത്. നബി (സ) പഠിപ്പിച്ച തറാവീഹ് നിസ്‌കാരം ഇതാണെന്ന് അവര്‍ മനസ്സിലാക്കിയതു കൊണ്ടാണ് അവര്‍ എതിര്‍ക്കാതിരുന്നത്. പില്‍കാലത്ത് വന്ന മുസ്‌ലിം സമൂഹം ഒന്നടങ്കം ഇത് അംഗീകരിച്ചു. അവര്‍ തറാവീഹ് ഇരുപത് റക്അത്ത് നിസ്‌കരിച്ചു.
തറാവീഹ് ഇരുപത്തിമൂന്ന് റക്അത്തായി ഇമാം മാലിക്(റ) റിപ്പോര്‍ട്ടു ചെയ്തതിനെക്കുറിച്ച് ഇമാം ബൈഹഖീ(റ) പറയുന്നു: ''അത് ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റുമാണ്.'' അതുപോലെ മദീനക്കാര്‍ മുപ്പത്തിആറ് റക്അത്ത് തറാവീഹ് നിസ്‌കരിച്ചതായി കാണാം. യഥാര്‍ത്ഥത്തില്‍ അതു മുഴുവന്‍ തറാവീഹ് അല്ല. ഇരുപത് റക്അത്തു മാത്രമേ അതില്‍ തറാവീഹ് ഉള്ളൂ. അവര്‍ പതിനാറ് റക്അത്ത് സുന്നത്ത് നിസ്‌കാരം തറാവീഹിനൊപ്പം നിസ്‌കരിച്ചിരുന്നു. അതിന്റെ പശ്ചാതലം ഇമാം ഖല്‍യൂബി വിശദീകരിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്: ''തറാവീഹിന്റെ നാലു വിശ്രമ വേളകളില്‍ മക്കക്കാര്‍ ത്വവാഫ് ചെയ്യുമായിരുന്നു. മക്കക്കാര്‍ ഇടവേളകളില്‍ നടത്തുന്ന ത്വവാഫിനു പകരമായി മദീനക്കാര്‍ വിശ്രമ വേളകളില്‍ നാല് റക്അത്തു വീതം സുന്നത്ത് നിസ്‌കരിച്ചു. അങ്ങനെയാണ് മുപ്പത്താറു റക്അത്ത് വരുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഇത് തുടങ്ങിയത്. ഇമാം ശഫിഈ(റ) പറയുന്നു: ''മദീനക്കാര്‍ക്കും ഇരുപത് റക്അത്ത് തന്നെയാണ് ഞാനിഷ്ടപ്പെടുന്നത്.'' എന്നാല്‍ മദീനക്കാരല്ലാത്തവര്‍ക്കു ഇടവേളയിലുള്ള ഈ സുന്നത്ത് നിസ്‌കാരം അനുവദനീയമല്ല. (ഖല്‍യൂബി -മഹല്യ 1:217)
തറാവീഹ് നിസ്‌കാരം ഇരുപതു റക്അത്താണെന്ന മുസ്‌ലിം ലോകത്തിന്റെ ഐകകണ്‌ഠ്യേന(ഇജ്മാഅ്)യുള്ള നിലപാടിനെതിരെ ഈയിടെ ഇറങ്ങിത്തിരിച്ച തിരുത്തല്‍വാദികളുടെ ജല്‍പനങ്ങള്‍ അവഗണിക്കാവുന്നതേയുള്ളൂ. കാരണം, തറാവീഹ് ഇരുപത് റക്അത്താണെന്നും അത് റമദാനിലെ ഒരു പ്രത്യേക നിസ്‌കാരമാണെന്നും ഒരിക്കല്‍ അവര്‍ തങ്ങളുടെ പാഠപുസ്തകത്തിലെഴുതി. പിന്നീട് അത് എട്ടാണെന്ന് മാറ്റിപ്പറഞ്ഞു. ഇപ്പോള്‍ തറാവീഹ് എന്ന ഒരു പ്രത്യേക നിസ്‌കാരംതന്നെയില്ല എന്ന അഭിപ്രായത്തിലാണ്. അവരുടെ ഈ  കുഴഞ്ഞുമറിഞ്ഞ നിലപാടു തന്നെ അവരുടെ ബാലിശമായ വാദത്തിന്റെ നിജസ്ഥിതിയിലേക്ക് വിരല്‍ചൂണ്ടുന്നു.
സ്ത്രീകളും തറാവീഹ് നിസ്‌കാരവും
പുരുഷന്‍മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും തറാവീഹ് നിസ്‌കാരം സുന്നത്തുണ്ട്. ഒറ്റക്കോ ജമാഅത്തോ ആയി അവര്‍ക്ക് നിര്‍വഹിക്കാം. പക്ഷെ പള്ളിയില്‍പോയി പരപുരുഷന്‍മാരോടൊപ്പം അവര്‍ ജമാഅത്തില്‍ പങ്കെടുത്തുകൂടാ. അതുകൊണ്ടവര്‍ക്കു പുണ്യവും ലഭിക്കില്ല.
എന്നാല്‍ തിരുത്തല്‍വാദികളായ പുത്തന്‍പ്രസ്ഥാനക്കാര്‍ സ്ത്രീകളെ പള്ളിയിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കുപ്രചരണങ്ങളില്‍ പെട്ടു പല സ്ത്രീകളും വഞ്ചിതരാകുന്നു. പുണ്യം വിചാരിച്ചാണ് ഈ സ്ത്രീകള്‍ പള്ളിയില്‍പോകുന്നതെങ്കില്‍ അവരോട് നമുക്ക് പറയാനുള്ളത് ഈ പള്ളിയില്‍പോക്കു കൊണ്ട് ഒരു പുണ്യവും ലഭിക്കില്ലെന്നാണ്. കാരണം, വല്ല പുണ്യവും ലഭിച്ചിരുന്നെങ്കില്‍ നബി(സ)യുടെ ഭാര്യമാര്‍ ജുമുഅ-ജമാഅത്തിനായി പള്ളിയില്‍ പോകുമായിരുന്നു. അതുണ്ടായിട്ടില്ല. ഇമാം ശാഫിഈ (റ) പറയുന്നത് കാണുക: ''നബി(സ)യുടെ ഭാര്യമാരില്‍ ഒരാളും ജുമുഅക്കോ ജമാഅത്തിനോ പള്ളിയില്‍ പോയതായി നാം അറിഞ്ഞിട്ടില്ല.'' (ഇഖ്തിലാഫുല്‍ ഹദീസ്)
മദീനാ പള്ളിയില്‍ വന്നു നബി(സ)യോടൊപ്പം ജമാഅത്തായി നിസ്‌കരിക്കാന്‍ അനുവാദം ചോദിച്ച ഉമ്മു ഉബൈദ(റ) എന്ന സ്വഹാബി വനിതയോട് നബി(സ) പറഞ്ഞത്, ''നന്റെ വീട്ടില്‍ വെച്ചു നിസ്‌കരിക്കലാണ് പള്ളിയില്‍ വന്നു എന്നോടൊപ്പം നിസ്‌കരിക്കുന്നതിനേക്കാള്‍ നിനക്കു പുണ്യകരം'' എന്നാണ്. (അഹ്മദ്, ഇബ്‌നു ഖുസൈമ, ഇബ്‌നുഹിബ്ബാന്‍) ഫിത്‌നയും ഫസാദും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇല്ലാത്ത പുണ്യത്തിന്റെ പേരു പറഞ്ഞ് സ്ത്രീ സമൂഹത്തെ പുറത്തിറക്കാന്‍ ശ്രമിക്കുന്നവര്‍ അതിനു കനത്ത വില നല്‍കേണ്ടി വരും, തീര്‍ച്ച.
ലൈലത്തുല്‍ ഖദ്ര്‍
റമദാനിലെ ഒരു വിശിഷ്ഠ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ഖുര്‍ആന്‍ അവതരിച്ചത് ആ രാവിലാണ്. ആയിരം മാസത്തെക്കാള്‍ മഹത്വമുണ്ടതിന്. മലക്കുകളും റൂഹും(ജിബ്‌രീല്‍)ആ രാത്രി ഇറങ്ങിവരും. പ്രഭാതം വരെ ശാന്തസാന്ദ്രമായിരിക്കുമത്. ഖുര്‍ആന്‍ 96-ാം അധ്യായത്തില്‍ അത് വിവരിക്കുന്നുണ്ട്. ''വിശ്വസിച്ചും പ്രതിഫലം മോഹിച്ചും കൊണ്ട് ആ രാത്രി ഒരാള്‍ നിസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.'' (ബുഖാരി, മുസ്‌ലിം)
റമദാന്‍ അവസാനത്തെ പത്തിലെ ഒറ്റ രാവുകളിലാണ് ലൈലത്തുല്‍ ഖദ്ര്‍ ഏറ്റവും പ്രതീക്ഷിക്കപ്പെടുന്നത്. റമദാന്‍ ഇരുപത്തി ഒന്നാമത്തെയോ ഇരുപത്തി മൂന്നാമത്തെയോ രാവാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് ഇമാം ശാഫിഈ(റ)വിന്റെ പക്ഷം. ഇരുപത്തി ഏഴാം രാവാണെന്നാണ് ഇബ്‌നു അബ്ബാസ്(റ) പറയുന്നത്. പുരാതന കാലം മുതലേ ജനങ്ങള്‍ ആദരിച്ചു പോരുന്നതും അധിക പണ്ഡിതന്‍മാരുടെ അഭിപ്രായവും ഇരുപത്തി ഏഴാകുന്നു. (ശര്‍വാനി 3:462 നോക്കുക.)
ഓരോ വര്‍ഷവും വ്യത്യസ്ത രാവുകളിലേക്ക് ലൈലത്തുല്‍ ഖദ്ര്‍ മാറിക്കൊണ്ടിരിക്കും, എല്ലാ വര്‍ഷവും ഒരേ രാവുതന്നെയായിക്കൊള്ളണമെന്നില്ല എന്നാണ് ഇമാം നവവി(റ) ബലപ്പെടുത്തിയിട്ടുള്ളത്. വിവിധ ഹദീസുകളില്‍ വന്ന ഇരുപത്തി ഒന്ന്, ഇരുപത്തി മൂന്ന് തുടങ്ങിയ വൈവിധ്യങ്ങളെ സംയോജിപ്പിക്കാന്‍ ഈ അഭിപ്രായത്തിലൂടെ കഴിയുമെന്നതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായത്തെ ബലപ്പെടുത്തിയത്. (ഇആനത്ത് 2:257 നോക്കുക.) റമദാന്‍ അവസാനത്തെ പത്തില്‍ കൂടുതല്‍ പുണ്യകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെടല്‍ സുന്നത്താണ്. ആ ദിനരാത്രങ്ങളില്‍ ഇബാദത്തിനു വേണ്ടി പ്രത്യേകം തയ്യാറാവണം. നബി(സ)യും സ്വഹാബത്തും അങ്ങനെയാണ് ചെയ്തിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter