വിശുദ്ധ റമദാനിലെ അനുഷ്ഠാനങ്ങള്‍
സത്യ വിശ്വാസിയുടെ വസന്ത കാലമാണ് വിശുദ്ധ റമളാന്‍. കാരുണ്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മഹിത സന്ദേശമായി അതു കടന്നു വരുന്നു.
സത്യവിശ്വാസിക്കത് പരിശീലന കാലഘട്ടമാണ്. നന്‍മയുടെ സ്വീകരണത്തിനും തിന്‍മയുടെ നിരാകരണത്തിനും അതു വഴിയൊരുക്കുന്നു.
എല്ലാ കാലഘങ്ങളിലും വ്രതാനുഷ്ഠാനമുണ്ടായിട്ടുണ്ട്. വിവിധ മതങ്ങളില്‍ വിവിധ രൂപങ്ങളില്‍ ഒരു പുണ്യകര്‍മമായി അത് അംഗീകരിക്കപ്പെടുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാനിലാണ് റമളാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നത്. വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കി കൊണ്ടുള്ള ഖുര്‍ആന്‍ വിവരണം തുടങ്ങുന്നത് ഇങ്ങനെയാണ്:
”അല്ലയോ സത്യവിശ്വാസിക ളേ, നിങ്ങള്‍ക്കു മുമ്പുള്ളവരില്‍ നോമ്പുനിര്‍ബന്ധമാക്കപ്പെട്ടിരുന്നതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുമൂലം നിങ്ങള്‍ തഖ്‌വ ഉള്ളവരായേക്കും.” (2 : 183)
വിശുദ്ധ ഖുര്‍ആന്റെ അവത രണം കൊണ്ട് അനുഗ്രഹീതമായ റമളാന്‍ മാസത്തിലാണ് നോമ്പ നുഷ്ഠിക്കല്‍ നിര്‍ബന്ധമെന്ന് പിന്നീട് ഖുര്‍ആന്‍ (2:185) ഉണര്‍ത്തി.
വിശുദ്ധ റമളാനിനെ സ്വാഗതം ചെയ്തുകൊണ്ട് ഒരു ശഅ്ബാന്‍ മാസം അവസാനത്തില്‍ നബി(സ) നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. അവിടുന്ന് പറഞ്ഞു:
”ഓ ജനങ്ങളേ, മഹത്തായ ഒരു മാസം നിങ്ങള്‍ക്കു ആസന്നമായിരിക്കുന്നു. അനുഗ്രഹീത മാസമാണത്. അതില്‍ ആയിരം മാസത്തേക്കാള്‍ അത്യുന്നതമായ ഒരു രാത്രിയുണ്ട്. ആ മാസത്തില്‍ പകല്‍ സമയത്ത് വ്രതാനുഷ്ഠാനം അവന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. രാത്രി നിസ്‌കാരം സുന്നത്താക്കിയിരിക്കുന്നു. ആ മാസത്തില്‍ ഒരു സുന്നത്തായ കര്‍മം നിര്‍വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ ഒരു നിര്‍ബന്ധ കര്‍മം നിര്‍വഹിച്ചതു പോലെയാണ്. ഒരു നിര്‍ബന്ധ കര്‍മം നിര്‍വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ എഴുപത് നിര്‍ബന്ധ കര്‍മങ്ങള്‍ നിര്‍വഹിച്ചതു പോലെയും.”
”ക്ഷമയുടെ മാസമാണത്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമെ്രത്ര. പരസ്പര സഹായത്തിന്റെ മാസമാണത്. ആ മാസത്തില്‍ സത്യവിശ്വാസിക്കു ആഹാരത്തില്‍ വര്‍ധനവു ലഭിക്കും. ആ മാസത്തില്‍ ഒരു നോമ്പുകാരനെ ഒരാള്‍ നോമ്പുതുറപ്പിച്ചാല്‍ അതവനു പാപമോചനത്തിനും നരകമുക്തിക്കും കാരണമാവും. കൂടാതെ, നോമ്പനുഷ്ഠിച്ചവന് ലഭിച്ചതിനു തുല്യമായ പ്രതിഫലവും അവന് ലഭിക്കും. എന്നാല്‍, നോമ്പനുഷ്ഠിച്ചവന്റെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും കുറവ് വരികയില്ല.”
സഹാബിമാര്‍ ചോദിച്ചു: ”നോമ്പ് തുറപ്പിക്കാനുള്ള വക ഞങ്ങളുടെ വശമില്ലെങ്കിലോ?” നബി(സ) പറഞ്ഞു: ”ഒരിറക്ക് പാലോ, ഒരു ഈത്തപ്പഴമോ, അല്‍പം വെള്ളമോ നല്‍കി നോമ്പുതുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കുന്നതാണ്.”
”ഇനി നോമ്പ് തുറക്കുമ്പോള്‍ വയറു നിറയെ ഭക്ഷണം കൊടുത്താല്‍ എന്റെ ‘ഹൌളി’ല്‍ (സ്വര്‍ഗപ്രവേശനത്തിനു മുമ്പ് പാനീയം നല്‍കുന്ന ജലാശയം) നിന്ന് അല്ലാഹു അവന് പാനീയം നല്‍കുന്നതാണ്. സ്വര്‍ഗത്തില്‍ കടക്കുന്നത് വരെയും അതിനു ശേഷവും അവന് ദാഹിക്കുകയില്ല.”
”ആ മാസത്തിന്റെ ആദ്യം കാരുണ്യവും മദ്ധ്യം പാപമോചനവും അന്ത്യം നരകമുക്തിയുമാണ്. നാലു കാര്യങ്ങള്‍ നിങ്ങളതില്‍ വര്‍ധിപ്പിക്കുക. അവയില്‍ രണ്ടെണ്ണം കൊണ്ട് നിങ്ങളുടെ നാഥനെ നിങ്ങള്‍ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്കു കൂടാതെ കഴിയാത്തതുമാണ്. അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ലെന്നു സമ്മതിച്ചു പറയുക, അവനോടു നിങ്ങള്‍ മാപ്പിനപേക്ഷിക്കുക എന്നീ രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് നിങ്ങളുടെ നാഥനെ നിങ്ങള്‍ തൃപ്തിപ്പെടുത്തുന്നത്. അല്ലാഹുവിനോട് സ്വര്‍ഗത്തെ ചോദിക്കലും നരകത്തില്‍ നിന്ന് മോചനം തേടലുമാണ് നിങ്ങള്‍ക്കു കൂടാതെ കഴിയാത്തത്.” (ഇബ്‌നു ഖുസൈമ-തര്‍ഗീബ് 2:94,95).
നിര്‍ബന്ധം ആര്‍ക്കെല്ലാം
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമളാന്‍ നോമ്പ്. അത് നിര്‍ബന്ധമാണെന്ന് ഇസ്‌ലാം ഐകകണ്‌ഠ്യേന അംഗീകരിച്ചതാണ്. ദീനില്‍ പരസ്യമായി അറിയപ്പെടുന്നതും. തന്നിമിത്തം, അത് നിഷേധിച്ചാല്‍ കാഫിറാകും. അലസമായി നോമ്പുപേക്ഷിക്കുന്നവരെ ഇസ്‌ലാമിക ഭരണാധികാരി(ഇമാം)യോ പ്രതിനിധിയോ ജയിലിലടക്കുകയും പകല്‍ ഭക്ഷണ പാനീയങ്ങള്‍ തടയുകയും വേണം. അപ്പോള്‍ നോമ്പിന്റെ ഒരു ബാഹ്യ രൂപം അവനുണ്ടാകുന്നു. മാത്രമല്ല ഇതാണവന്റെ ശിക്ഷ എന്നവന്‍ മനസ്സിലാക്കുമ്പോള്‍ രാത്രി നിയ്യത്തു ചെയ്ത് കൊണ്ട് നോമ്പെടുക്കാന്‍ അവന്‍ തയ്യാറാവും. (ഇത്ഹാഫു അഹ്‌ലില്‍ ഇസ്‌ലാം : 73).
പ്രായപൂര്‍ത്തിയും ബുദ്ധിയും ശുദ്ധിയും ഉള്ള (ഹൈള് നിഫാസുകള്‍ ഇല്ലാതിരിക്കുക.) അനുഷ്ഠിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്‌ലിമിനും റമളാന്‍ നോമ്പ് നിര്‍ബന്ധമാണ്.
കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും ഏഴു വയസ്സായാല്‍, അനുഷ്ഠിക്കാന്‍ കഴിവുണ്ടെങ്കില്‍ നോമ്പ് പിടിക്കാന്‍ ഉപദേശിക്കണം. പത്തു വയസ്സായാല്‍ നോമ്പ് ഉപേക്ഷ വരുത്തിയാല്‍ അവരെ അടിക്കണം. രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണത്. ഇസ്‌ലാമിക സ്വഭാവത്തോടെ കുട്ടികളെ വളര്‍ത്താനും അനുഷ്ഠാനങ്ങളില്‍ പരിശീലനം നല്‍കാനുമാണ് ഇങ്ങനെ നിയമമുണ്ടായത്. മുന്‍ഗാമികള്‍ ഇതില്‍ ബദ്ധശ്രദ്ധാലുക്ക ളായിരുന്നു. മുഹര്‍റം പത്തിലെ സുന്നത്തു നോമ്പനുഷ്ഠിക്കാന്‍ പോലും അവര്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.
ഭ്രാന്തു കാരണം ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. ഭ്രാന്ത് സുഖപ്പെ ട്ടാല്‍ ഖളാഅ് വീട്ടുകയും വേണ്ട.
പ്രസവം, ആര്‍ത്തവം എന്നീ കാരണങ്ങളാല്‍ സ്ത്രീക്ക് നോമ്പ് നിര്‍ബന്ധമില്ല; നിഷിദ്ധമാണ്. പ്രതിബന്ധം നീങ്ങിയ ശേഷം ഖളാഅ് വീട്ടണം. നോമ്പനുഷ്ഠിക്കാന്‍ കഴിയാത്ത വിധം അസഹ്യമായ രോഗമുള്ളവര്‍ക്ക് നോമ്പ് ഒഴിവാക്കാം. രോഗം ഭേദപ്പെട്ട ശേഷം ഖളാഅ് വീട്ടണം. ഒരിക്കലും സുഖപ്പെടാത്ത മാറാരോഗികള്‍ നോമ്പൊഴിവാക്കുമ്പോള്‍ ഒരു നോമ്പിന് ഒരു മുദ്ദ് വീതം നാട്ടിലെ സാധാരണ ഭക്ഷ്യധാന്യം സാധുക്കള്‍ക്ക് നല്‍കണം. ഒരു മുദ്ദ് ഏകദേശം 800 മി. ലിറ്ററാണ്. നോമ്പ് പിടിക്കാന്‍ കഴിയാത്ത വിധം വാര്‍ധക്യം ബാധിച്ചവരുടെ വിധിയും ഇതുതന്നെ. നോമ്പനുഷ്ഠിക്കുന്നത് കാരണം ക്ഷീണമുണ്ടാവുമെന്ന് ഭയപ്പെടുന്ന ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഒഴിവാക്കാം. പിന്നീടവര്‍ നോറ്റു വീട്ടണം. കുഞ്ഞുങ്ങളുടെ കാരണത്താലാണവര്‍ നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ നോറ്റു വീട്ടുന്നതിനോടൊപ്പം ഓരോ നോമ്പിനും ഒരു മുദ്ദു വീതം നാട്ടിലെ സാധാരണ ഭക്ഷ്യ-ധാന്യ വസ്തുക്കള്‍ സാധുക്കള്‍ക്ക് കൊടുക്കണം.
ചുരുങ്ങിയത് 82 മൈല്‍ (132 കി.മീറ്റര്‍) ദൂരമുള്ള യാത്രകളില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. പിന്നീട് ഖളാഅ് വീട്ടണം. കഴിയുമെങ്കില്‍ നോമ്പനുഷ്ഠിക്ക ലാണ് ഉത്തമം. നോമ്പനുഷ്ഠിക്കു ന്നതു കൊണ്ട് ബുദ്ധിമുട്ടുള്ളവര്‍ നോമ്പുപേക്ഷി ക്കലാണ് ഉത്തമം.
തുടക്കവും ഒടുക്കവും
ശഅ്ബാന്‍ 30 പൂര്‍ത്തിയാവുക യോ, ഇരുപത്തി ഒമ്പതിന് സൂര്യന്‍ അസ്തമിച്ച ശേഷം മാസപ്പിറവി കാണുകയോ ചെയ്താല്‍ റമളാന്‍ നോമ്പ് നിര്‍ബന്ധമാവും. നഗ്ന നേത്രം കൊണ്ടു കണ്ടാല്‍ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ. കണക്ക് ഈ വിഷയത്തില്‍ അംഗീകരിക്കപ്പെടുകയില്ല. നബി(സ)യുടെ വാക്കു തന്നെ തെളിവ്. അവിടുന്ന് പറഞ്ഞു: ”(റമളാന്‍) മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. ശവ്വാല്‍ മാപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുക (പെരുന്നാളാഘോഷിക്കുക). ആകാശം മേഘാവൃതമായാല്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക. (ബുഖാരി മുസ്‌ലിം).
നബി(സ) രണ്ടു വിധത്തിലും നോമ്പനുഷ്ഠിച്ചിട്ടുണ്ട്. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട ശേഷം ഒമ്പതു കൊല്ലം നബി(സ) നോമ്പനുഷ്ഠിച്ചു. അതില്‍ ഒരു കൊല്ലം മാത്രമെ മുപ്പതു തികഞ്ഞിട്ടുള്ളൂ.
മാസപ്പിറവി ഖാസി സ്ഥിരീകരിച്ചു പ്രഖ്യാപിക്കുമ്പോഴാണ് വ്യാപകമായി എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാകുന്നത്. ഖാസി സ്ഥിരീകരിച്ചു പ്രഖ്യാപിക്കണമെങ്കില്‍ സാക്ഷിക്കു പറ്റിയ ഒരാള്‍ മാസപ്പിറവി കണ്ടതായി നിശ്ചിത വചനമനുസരിച്ച് മൊഴി നല്‍കണം. ഇബ്‌നു ഉമര്‍(റ) താന്‍ മാസം കണ്ടതായി നബി(സ)യുടെ മുമ്പില്‍ സാക്ഷി നില്‍ക്കുകയും നബി(സ) നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയുമുണ്ടായി. (അബൂദാവൂദ്)
ഒരു നാട്ടില്‍ മാസപ്പിറവി കണ്ടതായി സ്ഥിരപ്പെട്ടാല്‍ ഉദയം വ്യത്യാസപ്പെടാത്ത അയല്‍നാട്ടിലേക്കും അതു ബാധകമാണ്. റമളാന്‍ മാസപ്പിറവി കണ്ടതായി സ്ഥിരപ്പെട്ട ഒരു നാട്ടില്‍നിന്ന് സ്ഥിരപ്പെടാത്ത നാട്ടില്‍ വന്നു താമസിച്ചാല്‍ ചെന്ന നാട്ടിലുള്ളവരോടൊപ്പം മാത്രമെ അവനു പെരുന്നാളാഘോഷിക്കാവൂ. അവനു മുപ്പത്തി ഒന്നു നോമ്പു നോല്‍ക്കേണ്ടി വന്നാലും. ഉദാഹരണം, മക്കത്ത് റമളാന്‍ ഒന്നു ബുധനാഴ്ചയും കേരളത്തില്‍ വ്യാഴാഴ്ചയും ആണ് എന്നു കരുതുക. മക്കക്കാരോടൊപ്പം ബുധനാഴ്ച നോമ്പെടുത്തു തുടങ്ങിയ ഒരാള്‍ പിന്നീട് കേരളത്തില്‍ വന്നു എന്നാല്‍ കേരളക്കാരോടൊപ്പമാണ് അയാള്‍ പെരുന്നാളാഘോഷിക്കേണ്ടത്. അയാള്‍ മുപ്പത്തി ഒന്ന് നോമ്പനുഷ്ഠിക്കേണ്ടി വന്നാല്‍ പോലും.
മാസം കാണാത്ത നാട്ടില്‍നിന്ന് കണ്ട നാട്ടില്‍ ചെന്നാല്‍ ചെന്ന നാട്ടുകാരോടൊപ്പം അവന്‍ പെരുന്നാള്‍ ആഘോഷിക്കണം. അവനു ഇരുപത്തിയെട്ട് നോമ്പേ കിട്ടിയിട്ടുള്ളൂവെങ്കില്‍ പിന്നീടവന്‍ ഒരു നോമ്പ് ഖളാഅ് വീട്ടണം.
ഉദാഹരണം: ബുധനാഴ്ച മക്കത്ത് നോമ്പ് ഒന്ന്. കേരളത്തില്‍ വ്യാഴാഴ്ചയും. വ്യാഴാഴ്ച കേരളത്തില്‍ നിന്നൊരാള്‍ നോമ്പു തുടങ്ങി. പിന്നീടവന്‍ മക്കത്തു ചെന്നു. അവിടെ ഇരുപത്തി ഒമ്പതിന് മാസം കണ്ടാല്‍ കേരളത്തില്‍നിന്ന് ചെന്നവനു ഇരുപത്തി എട്ടു നോമ്പേ ആവുകയുള്ളൂ. എന്നാലും അവന്‍ മക്കക്കാരോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുകയും പിന്നീടൊരു നോമ്പ് ഖളാഅ് വീട്ടുകയും വേണം.
ഇനി പെരുന്നാള്‍ ആഘോഷിക്കുന്ന ഒരു നാട്ടില്‍നിന്ന് ഒരാള്‍ പെരുന്നാളില്ലാത്ത നാട്ടില്‍ ചെന്നാല്‍ ചെന്നത് മുതല്‍ അവന്‍ നോമ്പുകാരനെപ്പോലെ കഴിയണം. ഉദാഹരണം: മക്കയില്‍ നിന്ന് കാലത്ത് പെരുന്നാളില്‍ പങ്കെടുത്ത ശേഷം അന്നു പകല്‍ തന്നെ കേരളത്തിലെത്തിയ ഒരാള്‍ കേരളത്തില്‍ നോമ്പാണെങ്കില്‍ എത്തിയ സമയം മുതല്‍ നോമ്പുകാരനെപ്പോലെയായി കഴിയണം.
യ്യത്തോടുകൂടി പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയ-ഭോഗാതികളുപേക്ഷിക്കലാണ് നോമ്പ്. ബാഹ്യവും ആന്തരികവുമായ രൂപങ്ങളുണ്ടതിന്. ഫര്‍ളുകളും സുന്നത്തുകളുമുള്‍ക്കൊണ്ടതാണ് ബാഹ്യ രൂപം. അവ പാലിക്കുന്നതോടൊപ്പം നോമ്പിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടാലേ നോമ്പുകാരനു പൂര്‍ണ ഫലസിദ്ധിയുണ്ടാവുകയുള്ളൂ.
അവിഭാജ്യ ഘടകങ്ങള്‍
നോമ്പിന്റെ അവിഭാജ്യ ഘടകങ്ങള്‍ (ഫര്‍ളുകള്‍) രണ്ടാണ്. ഒന്ന്) നിയ്യത്ത്, രണ്ട്) നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കല്‍.
റമളാന്‍ നോമ്പാവട്ടെ അല്ലാത്തതാവട്ടെ നിയ്യത്തു കൂടാതെ നോമ്പു സാധുവാകയില്ല. നബി(സ) പറയുന്നു: ”എല്ലാ കര്‍മങ്ങളും നിയ്യത്തു കൊണ്ടാണ് (സാധുവാകുന്നത്). ഓരോരുത്തര്‍ക്കും അവനവന്‍ കരുതിയതാണ് ലഭിക്കുക.”(ബുഖാരി)
”നിസ്‌കാരം പോലെ സ്വന്തമായ ഒരു ആരാധനാകര്‍മമാണ് നോമ്പ്. അത്തരം കര്‍മങ്ങള്‍ നിയ്യത്തു കൂടാതെ സാധുവാകയില്ല.” (മുഹദ്ദബ് 9:288)
‘ഇക്കൊല്ലത്തെ റമളാന്‍ മാസത്തിലെ അദാആയ ഫര്‍ളായ നാളത്തെ നോമ്പ് അല്ലാഹു തആലാക്കു വേണ്ടി നോറ്റുവീട്ടുവാന്‍ ഞാന്‍ കരുതി’ -ഇതാണ് നിയ്യത്തിന്റെ പൂര്‍ണ രൂപം.
നിയ്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മനസ്സില്‍ ഉറപ്പിച്ചു കരുതലാണ് നിയ്യത്ത്. നാവു കൊണ്ട് ഉച്ചരിച്ചാല്‍ മാത്രം മതിയാവുകയില്ല. മനസ്സില്‍ കരുതല്‍ നിര്‍ബന്ധവും നാവുകൊണ്ട് ഉച്ചരിക്കല്‍ സുന്നത്തുമാണ്.
2. ഫര്‍ളു നോമ്പിനു രാത്രി തന്നെ നിയ്യത്തു ചെയ്യല്‍ നിര്‍ബന്ധമാണ്. മഗ്‌രിബു മുതല്‍ സ്വുബ്ഹി വരെയുള്ള സമയമാണ് രാത്രി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ”നോമ്പനുഷ്ഠിക്കാന്‍ രാത്രിയില്‍ നിയ്യത്തു ചെയ്യാത്തവന് നോമ്പില്ല”(നസാഈ), ”പ്രഭാതത്തിനു മുമ്പു നിയ്യത്തു ചെയ്യാത്തവനു നോമ്പില്ല.” (അഹ്മദ്, ബൈഹഖീ) തുടങ്ങിയ ഹദീസുകളാണ് തെളിവ്.
രാത്രി നിയ്യത്തു ചെയ്ത ശേഷം ഭക്ഷണം കഴിക്കുക, സ്ത്രീ പുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ നോമ്പു മുറിയുന്ന കാര്യങ്ങള്‍ ഉണ്ടാവുന്നതിനോ, ഉറങ്ങുന്നതിനോ വിരോധമില്ല. വീണ്ടും നിയ്യത്തു ചെയ്യേണ്ടതുമില്ല. എന്നാല്‍ ഒരാള്‍ നിയ്യത്തു ചെയ്ത ശേഷം പിറ്റേന്നു നോമ്പു നോല്‍ക്കുന്നില്ല എന്നു തീരുമാനിച്ചു എന്നു വെക്കുക. അതു നോമ്പിന്റെ നിയ്യത്തിനെ നിഷ്ഫലമാക്കും. അതുകാരണം പിറ്റേന്നു നോമ്പു നോല്‍ക്കണമെന്നുണ്ടെങ്കില്‍ നിയ്യത്തു പുതുക്കണം.
3. സുന്നത്തു നോമ്പാണെങ്കില്‍ രാത്രി തന്നെ നിയ്യത്തു ചെയ്യണമെന്നു നിര്‍ബന്ധമില്ല. നോമ്പിനെ മുറിക്കുന്ന കാര്യങ്ങള്‍ പകല്‍ സമയത്ത് ഉണ്ടായിട്ടില്ലെങ്കില്‍ ഉച്ചക്കു മുമ്പ് നിയ്യത്തു ചെയ്താല്‍ മതിയാവും. ആയിശാ(റ) പറയുന്നു: ”ഒരിക്കല്‍ നബി(സ) എന്റെ അടുക്കല്‍ വന്നു ചോദിച്ചു: നിങ്ങളുടെ അടുത്ത് (ഭക്ഷിക്കാന്‍ പറ്റുന്ന) വല്ലതുമുണ്ടോ? ഇല്ലെന്നു പറഞ്ഞപ്പോള്‍ ‘എന്നാല്‍ ഞാന്‍ നോമ്പനുഷ്ഠിക്കുകയാണെ’ന്ന് നബി
(സ) പറഞ്ഞു.” (മുസ്‌ലിം)
4. ഓരോ നോമ്പിനും വെവ്വേറെ നിയ്യത്തു ചെയ്യണം. ഇന്ന നോമ്പാണ് അനുഷ്ഠിക്കുന്നതെന്ന് (ഉദാ: റമളാന്‍) നിയ്യത്തില്‍ നിര്‍ണ്ണയിക്കല്‍ നിര്‍ബന്ധമാണ്. ”ഓരോരുത്തര്‍ക്കും അവനവന്‍ കരുതിയതു മാത്രമേ ലഭിക്കൂ.” എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ റമളാന്‍, കഫാറത്ത്, ഖളാആയ നോമ്പ് തുടങ്ങിയ ഫര്‍ളായ നോമ്പുകളൊക്കെ ഈ നിര്‍ണയം കൂടാതെ സാധുവാകയില്ലെന്ന് ഇമാം ശാഫിഈ(റ)ഉം അനുചരന്‍മാരും പറഞ്ഞിട്ടുണ്ട്. (ശറഉല്‍ മുഅദ്ദബ് 6:294)
5. ഒരാള്‍ റമളാനിന്റെ രാത്രി നിയ്യത്തു ചെയ്യാന്‍ മറന്നാല്‍ അവന്റെ നോമ്പ് ശരിയാകയില്ല. എന്നാല്‍ സൂര്യനസ്തമിക്കുന്നതു വരെ നോമ്പുകാരനെപ്പോലെ അന്നപാനീയങ്ങള്‍ അവന്‍ വര്‍ജ്ജിക്കണം. ‘ഇംസാക്’ എന്നാണതിന്റെ പേര്. പിന്നീടവന്‍ നോമ്പ് ഖളാഅ് വീട്ടണം.
നോമ്പു മുറിയുന്ന കാര്യങ്ങള്‍
നോമ്പു മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കലാണല്ലോ രണ്ടാമത്തെ അവിഭാജ്യ ഘടകം. അവ താഴെ വിവരിക്കുന്നു.
1. സംയോഗം ചെയ്യല്‍. സ്ഖലനമുണ്ടായിട്ടില്ലെങ്കിലും സംയോഗം കൊണ്ടു നോമ്പു മുറിയും.
2. ഇന്ദ്രിയം സ്ഖലിപ്പിക്കല്‍. സംയോഗമല്ലാത്ത ഇതര പ്രവര്‍ത്തികള്‍ മുഖേന ഇന്ദ്രിയം സ്രവിപ്പിച്ചാല്‍ നോമ്പു മുറിയും. എന്നാല്‍ സ്വപ്നത്തിലോ, ദര്‍ശനം, ചിന്ത എന്നിവ കൊണ്ടോ സ്ഖലനമുണ്ടായാല്‍ നോമ്പു മുറിയുന്നതല്ല. എന്നാല്‍ മറയില്ലാതെ സ്പര്‍ശനം, ചുംബനം, ആലിംഗനം എന്നിവ കാരണം സ് ഖലനമുണ്ടായാല്‍ നോമ്പു മുറിയും.
3. ഉണ്ടാക്കിഛര്‍ദ്ദിക്കല്‍: ഉള്ളിലേക്ക് ഒന്നും ഇറങ്ങിപ്പോയിട്ടില്ലെങ്കിലും ഉണ്ടാക്കിഛര്‍ദ്ദിക്കല്‍ കൊ ണ്ട് നോമ്പു മുറിയും. എന്നാല്‍ രോ ഗത്താലോ മറ്റോ അനിയന്ത്രിതമാ യി വരുന്ന ഛര്‍ദ്ദി കൊണ്ട് നോമ്പു മുറിയുന്നതല്ല. നബി(സ) അതു പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്)
കഫം ഉള്ളില്‍നിന്ന് വലിച്ചെടുക്കുന്നതുകൊണ്ട് നോമ്പു മുറിയുകയില്ല. എന്നാല്‍ അത് കണ്ഠത്തില്‍നിന്ന് വായയുടെ ബാഹ്യാതിര്‍ത്തിയില്‍ വന്ന ശേഷം, തുപ്പിക്കളയാന്‍ കഴിവുണ്ടായിരിക്കെ അതു വിഴുങ്ങിയാല്‍ നോമ്പു മുറിയും. എന്നാല്‍ തുപ്പിക്കളയാന്‍ കഴി യാതെ അനിയന്ത്രിതമായി കീഴ് പ്പോട്ടിറങ്ങിയാല്‍ മുറിയുകയില്ല.
4. സ്ഥൂല വസ്തുക്കള്‍ അകത്തു കടക്കല്‍:- വായ, മൂക്ക്, ചെവി, മലമൂത്ര ദ്വാരങ്ങള്‍ തുടങ്ങിയ തുറന്ന ദ്വാരങ്ങളിലൂടെ തടിയുള്ള വസ്തു അകത്തു പ്രവേശിച്ചാല്‍ നോമ്പു മുറിയും. കണ്ണില്‍ മരുന്നൊഴിക്കുക, സുറുമയിടുക, ശരീരത്തിലോ ശിരസ്സിലോ എണ്ണ തേക്കുക, ഇഞ്ചക്ഷന്‍ ചെയ്യുക തുടങ്ങിയവ കൊണ്ടു നോമ്പു മുറിയുകയില്ല. കാരണം അവയൊന്നും മുകളില്‍ പറഞ്ഞ ദ്വാരങ്ങളിലൂടെയല്ല ചെയ്യുന്നത്.
വാസനയോ, രുചിയോ മാത്രം ഉള്ളിലേക്കു ചേരുന്നതു കൊണ്ടും നോമ്പു മുറിയുകയില്ല. കാരണം, അവയൊന്നും തടിയുള്ള വസ്തുക്കളില്‍ ഉള്‍പെടുകയില്ല. അപ്പോള്‍ ഭക്ഷണത്തിന്റെ അംശം ഉള്ളിലേക്കു ചേരാതെ രുചി നോക്കുന്നതുകൊണ്ടു നോമ്പു മുറിയുകയില്ല.
കലര്‍പ്പില്ലാത്ത ഉമിനീര്‍ ഇറക്കുന്നതുകൊണ്ടും നോമ്പു മുറിയുകയില്ല- വായക്കകത്ത് ശേഖരിച്ച ശേഷമാണെങ്കിലും. എന്നാല്‍ വെറ്റില, രക്തം തുടങ്ങിയ വസ്തുക്കള്‍ ഉമിനീരില്‍ കലര്‍ന്നാല്‍ അതു തുപ്പിക്കളയണം. കീഴ്‌പ്പോട്ടിറങ്ങിയാല്‍ നോമ്പു മുറിയും.
നോമ്പു മുറിയുന്ന കാര്യം മനഃപൂര്‍വം ചെയ്താലേ നോമ്പു മുറിയുകയുള്ളൂ. നബി(സ) പറയുന്നു: ”ഒരു നോമ്പുകാരന്‍ മറന്നു കൊണ്ടു തിന്നുകയോ, കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പിനെ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. (നോമ്പു മുറിയുകയില്ല.) അവനെ അല്ലാഹു ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തതാണ്.” (ബുഖാരി, മുസ്‌ലിം)
വഴിയിലെ ധൂളികളോ, അടിക്കാട്ടു പൊടിയോ, അടുക്കളയില്‍നിന്നോ മറ്റോ വരുന്ന പുകയോ അവിചാരിതമായോ അനിയന്ത്രിതമായോ അകത്തു ചെല്ലുന്നതു കൊണ്ട് നോമ്പു മുറിയുകയില്ല. എന്നാല്‍ മനഃപൂര്‍വം പുകവലിക്കുന്നതുകൊണ്ട് നോമ്പു മുറിയും.
നോമ്പുകാരന്‍ വുളൂഅ് എടുക്കുമ്പോള്‍ അമിതമായി കൊപ്ലിക്കലും മൂക്കില്‍ വെള്ളം കയറ്റലും കറാഹത്താണ്. അതുമൂലം വെള്ളം അകത്തു കടന്നാല്‍ നോമ്പു മുറിയും. എന്നാല്‍ അതിരു കവിയാത്തവിധം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റുകയും ചെയ്യുമ്പോള്‍ വെള്ളം അകത്തു കടക്കുന്നതുകൊണ്ടു നോമ്പു മുറിയുകയില്ല.
നോമ്പുകാരനു മുങ്ങിക്കുളിക്കല്‍ കറാഹത്താണ്. മുങ്ങിക്കുളിക്കുമ്പോള്‍ വെള്ളം അകത്തു കടന്നാല്‍ നോമ്പു മുറിയും. നിര്‍ബന്ധമോ സുന്നത്തോ ആയ കുളികള്‍ വെള്ളത്തില്‍ മുങ്ങാതെയാണ് നടത്തുന്നതെങ്കില്‍ മനഃപൂര്‍വമല്ലാതെ വെള്ളം അകത്തു കടന്നാല്‍ നോമ്പു മുറിയുകയില്ല. എന്നാല്‍ ശരീരം തണുപ്പിക്കാനോ, ഉന്‍മേഷത്തിനോ വേണ്ടി മാത്രം കുളിക്കുമ്പോള്‍ വെള്ളം അകത്തു ചേരുന്നതുകൊണ്ട് നോമ്പു മുറിയും (ഇആനത്ത് 2:229)
5. ആര്‍ത്തവം, 6. പ്രസവം, 7. പ്രസവ രക്തം പുറപ്പെടല്‍, 8. മുര്‍ത്തദ്ദാവല്‍ (ഇസ്‌ലാമില്‍നിന്ന് പുറത്തു പോവല്‍), 9. പകല്‍ മുഴുവന്‍ അബോധാവസ്ഥയിലാവുക (പകലില്‍ അല്‍പ സമയമെങ്കിലും ബോധം തെളിഞ്ഞാല്‍ നോമ്പിനു കുഴപ്പമില്ല).
10. ഭ്രാന്തനാവുക: പകല്‍ അല്‍പ സമയം മാത്രം ഭ്രാന്തുണ്ടായാലും നോമ്പു മുറിയും.
സുബ്ഹി വാങ്കും വായിലിട്ട ഭക്ഷണവും
ഭക്ഷണം കഴിക്കുമ്പോഴോ, സംയോഗം നടത്തിക്കൊണ്ടിരിക്കുമ്പോഴോ സുബ്ഹി ആയാല്‍ ഉടന്‍ വിരമിക്കണം, എന്നാല്‍ നോമ്പിന് ഭംഗം വരികയില്ല. വായിലെ ഭക്ഷണം തുപ്പിക്കളയുകയും ചെയ്യണം. ഇല്ലെങ്കില്‍ നോമ്പ് നിഷ്ഫലമാവും.
‘വാങ്കു കേട്ടാലും ഭക്ഷണം കഴിക്കല്‍ തുടരാം, നിറുത്തേണ്ടതില്ല’ എന്നാണ് ചില പുത്തന്‍വാദികളുടെ നിലപാട്. ‘വാങ്കു കേള്‍ക്കുമ്പോള്‍ ഭക്ഷണപാത്രം കയ്യിലുള്ളവര്‍ തന്റെ ആവശ്യം മുഴുവന്‍ നിര്‍വഹിച്ച ശേഷം പാത്രം വെച്ചാല്‍ മതി’ എന്ന ഹദീസാണ് അവര്‍ തെളിവായി ഉദ്ധരിക്കുന്നത്. വാസ്തവത്തില്‍ ഈ ഹദീസില്‍ പറഞ്ഞ വാങ്ക് അര്‍ധരാത്രിക്കുശേഷം കൊടുക്കുന്ന ഒന്നാമത്തെ വാങ്കാണ്. സുബ്ഹിയുടെ യഥാര്‍ത്ഥ സമയത്തുള്ള വാങ്കല്ല. ഇന്നും മക്കത്തും മദീനത്തും മറ്റു മുസ്‌ലിം രാജ്യങ്ങളിലും സുബ്ഹിക്കു രണ്ടു വാങ്കുണ്ട്. നബി(സ)യുടെ കാലത്തു തുടങ്ങിയതാണത്. അര്‍ദ്ധരാത്രിയായാല്‍ ബിലാല്‍(റ) വാങ്കു കൊടുക്കും. തഹജ്ജുദ് നിസ്‌കാരത്തിനും അത്താഴത്തിനും സമയമായെന്ന് ഈ വാങ്കു കൊണ്ട് അവര്‍ മനസ്സിലാക്കുമായിരുന്നു. സുബ്ഹിയുടെ യഥാര്‍ത്ഥ സമയമായാല്‍ അബ്ദുല്ലാഹിബ്‌നു ഉമ്മു മഖ്ദൂം(റ) വാങ്കു കൊടുക്കും. പിന്നെ നോമ്പുകാരനു ഭക്ഷണം കഴിക്കാനോ, നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യാനോ പാടില്ല. അഥവാ അങ്ങനെ ചെയ്താല്‍ നോമ്പു നിഷ്ഫലമാവും. നിരവധി ഹദീസുകളില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇബ്‌നുഉമര്‍(റ)വിനെത്തൊട്ട് വന്ന ഹദീസില്‍ ഇങ്ങനെ വിവരിക്കുന്നു: അവിടന്ന് പറഞ്ഞു: നബി(സ)ക്കു രണ്ടു വാങ്കുകാരുണ്ടായിരുന്നു. ബിലാല്‍, ഉമ്മുമഖ്ദൂം(റ). അതുകൊണ്ടു നബി(സ) പറഞ്ഞു: ”തീര്‍ച്ചയായും ബിലാല്‍ രാത്രിയില്‍ വാങ്കു കൊടുക്കുന്നു. അതുകൊണ്ട് ഇബ്‌നു ഉമ്മുമഖ്ദൂം വാങ്കു കൊടുക്കുന്നതു വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.” (മുസ്‌ലിം)
നോമ്പിന്റെ സുന്നത്തുകള്‍
മുകളില്‍ പറഞ്ഞ അവിഭാജ്യ ഘടകങ്ങള്‍ കൊണ്ടു മാത്രം നോമ്പു പൂര്‍ണമാകയില്ല. ഒട്ടനവധി സുന്നത്തായ കാര്യങ്ങള്‍ കൂടി പാലിക്കണം. അപ്പോഴേ നോമ്പ് തികച്ചും സ്വീകാര്യവും ഗുണസമ്പൂര്‍ണവുമാവുകയുള്ളൂ. ”വിശപ്പും ദാഹവുമില്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്രയെത്ര നോമ്പുകാരുണ്ടെന്ന ” തിരുവചനം (ദാരിമി) അതു കുറിക്കുന്നു.
നോമ്പിന്റെ സുന്നത്തുകളില്‍ സുപ്രധാനമായ ചിലതു വിവരിക്കാം.
1. അത്താഴം കഴിക്കല്‍
നബി(സ) പറയുന്നു: ”നിങ്ങള്‍ അത്താഴം കഴിക്കുക. നിശ്ചയം അതില്‍ ബറക്കത്തുണ്ട്.” (ബുഖാരി)
ഇബാദത്തിനു ശക്തി നേടുകയോ, അത്താഴമില്ലാതെ വ്രതമനുഷ്ഠിക്കുന്ന വേദക്കാരോട് വ്യതിരക്തത പുലര്‍ത്തുകയോ ചെയ്യുകയെന്നതാണ് അത്താഴം കഴിക്കുന്നതിന്റെ യുക്തി. (ഫത്ഹുല്‍ മുഈന്‍)
അത്താഴം കാരക്ക കൊണ്ടാവല്‍ സുന്നത്തുണ്ട്. ഭക്ഷണം ആവശ്യമില്ലാത്തവനും അതു ലഭിക്കാത്തവനും അല്‍പം പച്ചവെള്ളം കുടിച്ചാലും അത്താഴം കഴിച്ച പുണ്യം ലഭിക്കും. അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു: ”അത്താഴം ബറക്കത്താണ്. അത് ഒഴിവാക്കരുത്. ഒരിറക്ക് വെള്ളം കുടിച്ചാണെങ്കിലും. കാരണം, അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്തു ചൊല്ലുന്നതാണ്.” (അഹ്മദ്)
2. അത്താഴം പിന്തിപ്പിക്കലും നോമ്പുതുറക്കല്‍ ഉളരിപ്പിക്കലും.
രാത്രി പകുതിയാവുന്നതോടെയാണ് അത്താഴത്തിന്റെ സമയം തുടങ്ങുന്നത്. എന്നാല്‍ അതു പിന്തിപ്പിക്കല്‍ സുന്നത്താണ്. അതുപോലെ, സമയമായാലുടന്‍ നോമ്പു തുറക്കലും. നബി(സ) പറയുന്നു: ”സമയമായാലുടന്‍ നോമ്പു തുറക്കുകയും അത്താഴം പിന്തിപ്പിക്കുകയും ചെയ്യുന്ന കാലത്തൊക്കെ എന്റെ സമുദായം നന്‍മയിലായിരിക്കും.” (അഹ്മദ്) അത്താഴ സമയത്തു സുഗന്ധദ്രവ്യം ഉപയോഗിക്കല്‍ സുന്നത്താണ്.
3. ഇത്തപ്പഴമോ, വെള്ളമോ കൊണ്ടു നോമ്പു തുറക്കല്‍.
നബി(സ) പറയുന്നു: ”നിങ്ങളിലൊരാള്‍ നോമ്പുകാരനാണെങ്കില്‍ കാരക്ക കൊണ്ട് നോമ്പു തുറക്കട്ടെ. അതില്ലെങ്കില്‍ വെള്ളം കൊണ്ട്.” (തിര്‍മുദി)
4. നോമ്പു തുറക്കുമ്പോള്‍ പ്രാര്‍ത്ഥിക്കല്‍.
പ്രാര്‍ത്ഥനക്കു പ്രത്യേകം ഉത്തരം ലഭിക്കുന്ന നേരമാണത്. നബി(സ) പറയുന്നു: ”നോമ്പുകാരനു നോമ്പു തുറക്കുമ്പോള്‍ തള്ളപ്പെടാത്ത ഒരു പ്രാര്‍ത്ഥനയുണ്ട്.” (ഇബ്‌നു മാജ)
”അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ നോമ്പനുഷ്ഠിച്ചു. നിന്റെ ഭക്ഷണം കൊണ്ടു ഞാന്‍ നോമ്പു തുറക്കുകയും ചെയ്തു. ദാഹം ശമിച്ചു. ഞരമ്പുകള്‍ നനഞ്ഞു. പ്രതിഫലം സ്ഥിരപ്പെട്ടു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍.” എന്നര്‍ത്ഥം വരുന്ന പ്രാര്‍ത്ഥന നബി(സ) നോമ്പു തുറക്കുമ്പോള്‍ ചൊല്ലിയിരുന്നു. (അബൂദാവൂദ്)
5. അന്യരെ നോമ്പു തുറപ്പിക്കല്‍.
നോമ്പുകാരനു ഭക്ഷണം നല്‍കി നോമ്പു തുറപ്പിക്കണം. അതിനു സാധിക്കാത്തവര്‍ കാരക്കയോ, വെള്ളമോ നല്‍കി തുറപ്പിക്കുക. ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാല്‍ അതവനു പാപമോചനത്തിനും നരക മുക്തിക്കും കാരണമാവും. കൂടാതെ, നോമ്പുകാരനു ലഭിക്കുന്നതിനു തുല്യമായ പ്രതിഫലവും ലഭിക്കും. ഒരിറക്കു പാലോ, ഒരു ഈത്തപ്പഴമോ, അല്‍പം വെള്ളമോ നല്‍കി നോമ്പു തുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കും. എന്നാല്‍ ‘വയറു നിറയെ ഭക്ഷണം കൊടുത്താല്‍ ഹൗളുല്‍കൗസറില്‍നിന്ന് അവനു പാനീയം ലഭിക്കുന്നതാണ്. പിന്നീടവനു ദാഹിക്കുകയില്ല’ എന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (ഇബ്‌നുമാജ)
6. വലിയ അശുദ്ധിയുള്ളവര്‍ സുബ്ഹിക്കു മുമ്പ് കുളിക്കല്‍.
നോമ്പിന്റെ രാത്രിയില്‍ ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു വിരോധമില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”നോമ്പിന്റെ രാത്രിയില്‍ സ്വന്തം ഭാര്യയുമായി സംസര്‍ഗം ചെയ്യല്‍ നിങ്ങള്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്നു.” (2:187)
എന്നാല്‍ ഭാര്യാഭര്‍തൃബന്ധം മുഖേനെയോ അല്ലാതെയോ വലിയ അശുദ്ധിയുണ്ടായവന്‍ സുബ്ഹിക്കു മുമ്പു തന്നെ കുളിക്കല്‍ സുന്നത്താണ്. ശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കല്‍ അതു മുഖേന അവനു കഴിയുന്നു.
7. അനാവശ്യ വാക്കുകളും പ്രവൃത്തികളും ഒഴിവാക്കുക.
മനുഷ്യനില്‍ നന്‍മകള്‍ നട്ടു പിടിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും തിന്‍മകളില്‍നിന്ന് വിട്ടു നിര്‍ത്തിയും യഥാര്‍ത്ഥ ഭക്തനും വിനയാന്വിതനുമാക്കുകയും ചെയ്യണം നോമ്പ്. അതുകൊണ്ടാണ് മറ്റു കാലങ്ങളില്‍ വര്‍ജ്ജിക്കേണ്ട കാര്യങ്ങള്‍ നോമ്പു കാലത്തു പ്രത്യേകം വര്‍ജ്ജിക്കണമെന്നു പറയുന്നത്. അതില്ലെങ്കില്‍ നോമ്പിന്റെ ലക്ഷ്യം നഷ്ടപ്പെടും. പ്രതിഫലം ശൂന്യമാവും. നബി(സ) പറയുന്നു: ”നോമ്പുകാരന്‍ കള്ളം പറയുന്നതും തദനുസൃതം പ്രവര്‍ത്തിക്കുന്നതും ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല.” (ബുഖാരി)
ഒരു നോമ്പുകാരനെ മറ്റൊരാള്‍ ചീത്ത പറഞ്ഞു, അല്ലെങ്കില്‍ അവനോട് കലഹിക്കാന്‍ വന്നു. എന്നാല്‍ ‘ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍ പറഞ്ഞു കൊള്ളെട്ട’ എന്നാണ് നബി(സ) പഠിപ്പിക്കുന്നത്. (ബുഖാരി). എന്തു പ്രകോപനമുണ്ടായാലും നോമ്പുകാരന്‍ ആത്മനിയന്ത്രണം പാലിക്കണമെന്നു താത്പര്യം.
ചുരുക്കത്തില്‍ നോമ്പുകാരന്‍ കളവ്, ഏഷണി, പരദൂഷണം, അസഭ്യം പറയല്‍, ചതി, വഞ്ചന, അക്രമം തുടങ്ങി എല്ലാ ദുഷിച്ച വാക്കു-കര്‍മങ്ങളും വര്‍ജ്ജിക്കണം. ദേഹേച്ഛയെ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ നോമ്പു കൊണ്ടൊരു ഫലവുമുണ്ടാവുകയില്ല. വെറും വിശപ്പും ദാഹവും മാത്രം മിച്ചമുണ്ടാവും. ‘എത്രയെത്ര നോമ്പുകാര്‍, വെറും വിശപ്പും ദാഹവുമല്ലാതെ അവര്‍ക്കൊന്നും നേടാനായില്ല’ എന്ന തിരുവചനം ഇവിടെ സ്മരണീയമാണ്.
8. ദാനധര്‍മങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
നബി(സ) ജനങ്ങളില്‍വെച്ച് ഏറ്റവും വലിയ ധര്‍മ്മിഷ്ഠനായിരുന്നെന്നും റമളാനില്‍ കൂടുതല്‍ ധര്‍മം ചെയ്തിരുന്നെന്നും ഹദീസില്‍ (ബുഖാരി) വന്നിട്ടുണ്ട്. റമളാന്‍ മാസം പ്രവേശിച്ചാല്‍ നബി(സ) ബന്ധിതരെ മോചിപ്പിക്കുകയും ചോദിച്ചവര്‍ക്കെല്ലാം നല്‍കുകയും ചെയ്തിരുന്നുവെന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. (ബൈഹഖീ)
9. ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കുക.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണ മാസമാണ് റമളാന്‍. അതുകൊണ്ടു തന്നെ റമളാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കല്‍ പ്രത്യേകം സുന്നത്താണ്.
10. ഇഅ്തികാഫ്.
പള്ളിയില്‍ ഇഅ്തികാഫ് (ഭജനമിരിക്കല്‍)എല്ലാ കാലത്തും സുന്നത്താണ്. റമളാനില്‍ പ്രത്യേകിച്ചും. അതില്‍ അവസാനത്തെ പത്തില്‍ ഏറെ പ്രതിഫലം ലഭിക്കുന്നു. നബി(സ)യുടെ മഹത്തായ മാതൃകയാണത്. വഫാതു വരെ നബി(സ) തങ്ങള്‍ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരുന്നതായി ആയിശ(റ) പറഞ്ഞിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം)
”അല്ലാഹുവിന് വേണ്ടി ഈ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഞാന്‍ കരുതി” എന്ന നിയ്യത്തോടു കൂടി പള്ളിയില്‍ താമസിക്കുന്നതിനാണ് ‘ഇഅ്തികാഫ്’ എന്നു പറയുന്നത്. പള്ളിയില്‍ ഇരിക്കണമെന്നി ല്ല, പള്ളിയില്‍ കിടന്നാലും അതിലൂടെ നടന്നാലും ഇഅ്തികാഫ് ആകും. പക്ഷെ നിയ്യത്തു വേണം.
റമളാനിലാകട്ടെ അല്ലാത്ത കാലത്താവട്ടെ പള്ളിയില്‍ പ്രവേശിക്കുമ്പോഴെല്ലാം ഇഅ്തികാഫ് കരുതാന്‍ ശ്രദ്ധിക്കേണ്ടതാണ്. അദ്ധ്വാനമില്ലാതെ മഹത്തായ പ്രതിഫലം ലഭിക്കുന്ന ഒരു ഇബാദത്താണത്.
11. തറാവീഹ് പോലുള്ള ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കുക.
Leave A Comment