ദുല്‍ഹിജ്ജയിലെ നഷ്ടങ്ങള്‍
സമസ്തയുടെ ചരിത്രത്തില്‍ ദുല്‍ഹിജ്ജ മാസത്തില്‍ വളരെ നേതാക്കളെ അനുസ്മരിക്കേണ്ടതുണ്ട്. ശിഷ്യസമ്പത്ത് കൊണ്ട് ഏറെ അനുഗ്രഹീതനും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, ജാമിഅ നൂരിയ്യ തുടങ്ങിയവയുടെ വളര്‍ച്ചയില്‍ നിസ്തുല പങ്ക്‌വഹിച്ചവരും സമസ്ത വൈസ് പ്രസിഡണ്ട്, ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, ജാമിഅ പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ചുകൊണ്ട് വിടവാങ്ങിയ ശൈഖുനാ കോട്ടുമല ഉസ്താദ് (ദുല്‍ഹിജ്ജ 5), സമസ്ത വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായിരുന്ന മൗലാനാ അയിനിക്കാട് ഇബ്രാഹീം മുസ്‌ലിയാര്‍ (ദുല്‍ഹിജ്ജ 10-1975), 1945ലെ കാര്യവട്ടം സമ്മേളനം മുതല്‍ സമസ്തയുടെ നേതൃരംഗത്ത് നിറഞ്ഞുനിന്ന മഹാനായ ബാഫഖി തങ്ങള്‍) ദുല്‍ഹിജ്ജ 13, 19-01-1973), സൂഫിവര്യരും അനവധി ത്വരീഖത്തുകളുടെ ശൈഖും മാര്‍ഗദര്‍ശിയുമായിരുന്ന ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (ദുല്‍ഹിജ്ജ 26, 27.11.1978) തുടങ്ങിയവരുടെ വഫാത്ത് ഈ മാസത്തിലാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും മുസ്‌ലിം ലോകത്തിനു കേരളം നല്‍കിയ മഹാപ്രതിഭകളിലൊരാളുമായ മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ വഫാത്ത് ദിനമാണ് ദുല്‍ഹിജ്ജ 25 (ഹിജ്‌റ. 1365). പ്രഗല്‍ഭ പണ്ഡിതന്‍, മുഫ്തി, അനുഗൃഹീത പ്രാസംഗികന്‍, കവി, അനവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, ത്യാഗിവര്യന്‍, മികച്ച സംഘാടകന്‍ തുടങ്ങിയ അനവധി വിശേഷങ്ങളുടെ ഉടമയാണ് മൗലാനാ പാങ്ങില്‍. ഐക്യസംഘത്തിലൂടെ ബിദഈ ചിന്തകള്‍ കേരളത്തില്‍ നാമ്പെടുത്തപ്പോള്‍ അതിനെതിരെ രംഗത്തിറങ്ങാന്‍ അന്ന് മൗലാനാ മാത്രമായിരുന്നു. ആകര്‍ഷക വാചാലതയുമായി തെക്കന്‍ കേരളത്തില്‍ നിന്നു മലബാറിലെത്തിയ യൂസുഫ് ഇസ്സുദ്ദീന്‍ മൗലവിയുടെ വായാടിത്തത്തിന് തടയിട്ടത് മൗലാനാ പാങ്ങില്‍ അവര്‍കളുടെ മാസ്മര ശക്തിയുള്ള പ്രഭാഷണങ്ങളായിരുന്നു. ഹിജ്‌റ 1305 ശവ്വാല്‍ 11നു കുറുവ പഞ്ചായത്തിലെ പാങ്ങില്‍ ജനനം. കേരളത്തില്‍ ഇസ്‌ലാംമത പ്രചാരണത്തിനെത്തിയ മാലിക്ബിനു ദീനാര്‍ (റ) സംഘത്തിലെ പ്രമുഖനായ മാലിക്ബിനു ഹബീബ് (റ) എന്നവരിലേക്കാണ് പരമ്പര എത്തുന്നത്. ഖുതുബുസ്സമാന്‍ മമ്പുറം തങ്ങളുടെ അമ്മാവനായ സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങള്‍ യമനില്‍ നിന്നു കേരളത്തിലെത്തി ആദ്യം കോഴിക്കോട്ടും പിന്നീട് പൊന്നാനിയും താമസമാക്കി. പിന്നീട് തിരൂരങ്ങാടി ഖാസി ജലാലുദ്ദീന്‍ മഖ്ദൂമിന്റെ ക്ഷണപ്രകാരം തിരൂരങ്ങാടിയിലേക്ക് ആതിഥേയത്വം നല്‍കുകയും തങ്ങള്‍ക്കായി തന്റെ വലിയാക്കത്തൊടി' എന്ന പറമ്പും വീടും നല്‍കുകയും ചെയ്ത ഖാജാ മുഹമ്മദുല്‍ ഖാരി എന്ന കമ്മുമൊല്ല പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ നാലാമത്തെ പിതാമഹനാണ്.
മാലിക്ബ്‌നു ഹബീബ് (റ) യുടെ സന്താനപരമ്പരയിലെ മുഹമ്മദുല്‍ ഖാരി എന്ന മമ്മുമൊല്ലയുടെ മകനാണ് കമ്മുമൊല്ല. മമ്മുമൊല്ല എന്നവര്‍ ചാലിയത്ത് നിന്നാണ് തിരൂരങ്ങാടിയിലേക്ക് താമസംമാറ്റിയത്. കമ്മുമൊല്ല എന്നവരുടെ പുത്രിയെയാണ് സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങള്‍ വിവാഹം ചെയ്തത്. പിന്നീട് സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങളും ഭാര്യാകുടുംബവും മമ്പുറത്തേക്ക് താമസം മാറ്റി. മമ്പുറം തറമ്മല്‍ പഴയമാളിയക്കല്‍ വീടായിരുന്നു അവരുടെ താമസസ്ഥലം. സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങള്‍ക്ക് പ്രസ്തുത വിവാഹത്തില്‍ സയ്യിദ് ഫാത്തിമ എന്ന ഏക പുത്രിയാണുണ്ടായിരുന്നത്. 1764ല്‍ (ഹി. 1178) സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങള്‍ വഫാത്തായി. 1768 ഫെബ്രുവരി 8നാണ് (ഹി. 1181 റമളാന്‍ 19) ഖുതുബുസ്സമാന്‍ സയ്യിദലവി തങ്ങള്‍ യമനില്‍ നിന്നു കോഴിക്കോട്ടെത്തുന്നത്. അല്‍പ ദിവസങ്ങള്‍ തന്റെ വലിയ അമ്മാവന്‍ സയ്യിദ് ശിശൈഖ് ജിഫ്‌രി തങ്ങളുടെ അതിഥിയായി കോഴിക്കോട്ട് താമസിച്ചു. പിന്നീട് മമ്പുറത്തു വന്നു മമ്പുറത്ത് പഴയമാളിയക്കല്‍ വീട്ടില്‍ എത്തി സയ്യിദ് ഹസന്‍ ജിഫ്‌രി തങ്ങള്‍ തന്റെ വഫാത്തിനു പറഞ്ഞതു പ്രകാരം സഹോദരി പുത്രനായ സയ്യിദലവി തങ്ങള്‍ ഹസന്‍ ജിഫ്‌രി തങ്ങളുടെ മകള്‍ ഫാത്തിമ (കമ്മുമൊല്ലയുടെ മകളുടെ മകള്‍)യെ വിവാഹം ചെയ്തു മമ്പുറത്ത് സ്ഥിരതാമസമാക്കി. തങ്ങളുടെ നിര്‍ദ്ദേശപ്രകാരം കമ്മുമൊല്ല എന്നവര്‍ പാങ്ങില്‍ വന്നു താമസിച്ച് 'ആറംകോട്ട്' എന്ന പറമ്പിലാണ് വീടുപണിതത്. കമ്മുമൊല്ലയുടെ മകന്‍ തരീന്‍ എന്നവരുടെ മകന്‍ നൂറുദ്ദീന്‍ മകന്‍ അബ്ദുറഹിമാന്‍ എന്നവരുടെ മകന്‍ നൂറുദ്ദീന്‍ എന്നവരാണ് മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ പിതാവ്. ആറംകോട്ട് താമസമാക്കിയ കമ്മുമൊല്ലയുടെ പൗത്രന്‍ നൂറുദ്ദീന്‍ എന്നവര്‍ പുത്തന്‍പീടിയക്കല്‍ എന്ന സ്ഥലത്ത് താമസിച്ചത് കാരണമാണ് മൗലാനയുടെ വീട്ടുപേര്‍ ആറംകോട്ട് പുത്തന്‍പീടിയക്കല്‍ എന്നായത്.
പണ്ഡിതന്മാരുടെയും സൂഫിവര്യന്മാരുടെയും കുടുംബത്തില്‍പിറന്ന മൗലാനാ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത് സ്വന്തം മാതാപിതാക്കളില്‍ നിന്നു തന്നെ. 14-ാം വയസില്‍ വരെ സ്വദേശത്ത് പഠിച്ചു പിന്നീട് ശൈഖ് അലിയ്യുത്തൂരി (കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍) കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം കാപ്പാട്ട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതന്മാരില്‍ നിന്നു വിജ്ഞാനം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസത്തിനു വെല്ലൂരിലെ ബാഖിയാത്തിലും ലത്വീഫിയ്യയിലും ചേര്‍ന്നു. 1912ല്‍ പഠനം പൂര്‍ത്തിയാക്കി സ്വദേശമായ പാങ്ങില്‍ തന്നെ ദര്‍സ് ആരംഭിച്ചു. 1915ല്‍ മണ്ണാര്‍ക്കാട്ട് മുദരിസായി മലബാര്‍ കലാപം ആരംഭിക്കുന്നതുവരെ അവിടെ തുടര്‍ന്നു. ഖിലാഫത്ത് സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മൗലാനാ 21ലെ മലബാര്‍ കലാപം യഥാര്‍ത്ഥ വഴിക്കു തിരിച്ചുവിടുന്നതിലും സമരഭടന്മാരെ അക്രമങ്ങളില്‍ നിന്നു തടയുന്നതിനും ചെയ്ത പ്രവര്‍ത്തനങ്ങള്‍ മലബാര്‍ കലാപ ചരിത്രത്തില്‍ പ്രസിദ്ധമാണ്. മലപ്പുറത്തെ തുക്കിടി കച്ചേരി കൊള്ളയടിക്കാന്‍ വന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അദ്ദേഹം മലപ്പുറം കുന്നുമ്മല്‍ വെച്ച് പ്രസംഗിച്ചു. പ്രസ്തുത പ്രസംഗം കേട്ടു ഇളകിവന്ന ജനം ശാന്തരായി മടങ്ങിയതും ഖിലാഫത്ത് ചരിത്രത്തിലെ മായാത്ത ഏടുകളാണ്. മലബാര്‍ കലാപം ശാന്തമായശേഷം അദ്ദേഹം താനൂരില്‍ പ്രസിദ്ധമായ വലിയകുളങ്ങര പള്ളിയില്‍ മുദരിസ്സായി. വിദ്യാര്‍ത്ഥികള്‍ അധികരിച്ചു. 1924 ഇസ്‌ലാഹുല്‍ ഉലൂം കോളേജായി ഉയര്‍ത്തി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കോളേജ് വളരെ ഉന്നതിയിലെത്തി. മൗലാനാ താനൂരില്‍ നിന്നു വിടവാങ്ങി പല സ്ഥലത്തും ദര്‍സ് നടത്തി.
ആ കാലത്ത് കോട്ടക്കല്‍ പാലപ്പുറ പള്ളിയില്‍ മുദരിസായിട്ടുണ്ടെന്ന് ആ കാലത്തെ പള്ളി കാരണവരും പിന്നീട് ജനറല്‍ സെക്രട്ടറിയുമായിരുന്ന മര്‍ഹൂം പരവക്കല്‍ വീരാന്‍ ഹാജിയുടെ പഴയകാല ഡയറി കുറിപ്പുകളില്‍ ഈ ലേഖകനു കാണാന്‍ കഴിഞ്ഞു. അവസാന കാലത്ത് പടന്നയിലായിരുന്നു ദര്‍സ്. 1945ല്‍ കാര്യവട്ടം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പടന്നയില്‍ നിന്നു നാട്ടിലേക്ക് വരുമ്പോള്‍ രോഗബാധിതനാവുകയായിരുന്നു. കാര്യവട്ടം സമ്മേളനം നടക്കുമ്പോള്‍ രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. 1925ല്‍ വരക്കല്‍ തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് സമസ്ത സ്ഥാപിക്കാനായി പണ്ഡിത സമ്മേളനം വിളിച്ചുകൂട്ടുന്നതിന് പ്രവര്‍ത്തിച്ചത് പാങ്ങില്‍ അവര്‍കളുടെ നേതൃത്വത്തിലായിരുന്നു. വരക്കല്‍ തങ്ങള്‍ വഫാത്താവുന്നത് വരെ വൈസ് പ്രസിഡണ്ടും 1931 മുതല്‍ വഫാത്താവുന്നതുവരെ പ്രസിഡണ്ടുമായിരുന്നു. 1365 ദുല്‍ഹിജ്ജ 15ന് വഫാത്തായി.
Leave A Comment