അത്തിപ്പറ്റ ഉസ്താദ്: സുന്നത്തിനെ ചര്യയാക്കിയ ജീവിതം

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റമദാനില്‍ ദാറുല്‍ ഹുദാ പ്രതിനിധികളായി സുഹൃത്ത് സിംസാറുല്‍ ഹഖിന്റെ കൂടെ നടത്തിയ യു എ യി യാത്രയില്‍ ഒരു ദിവസം ഉച്ചക്ക് ളുഹ്‌റിന് മുമ്പ് അത്തിപ്പറ്റ ഉസ്താദ് ജോലി ചെയ്യുന്ന പള്ളിയില്‍ ചെന്നു. വെയിലത്തിരുന്ന് ഉണക്കി വെച്ച കുറച്ച് റൊട്ടിക്കഷ്ണങ്ങളില്‍ നിന്ന് ഓരോന്നെടുത്ത് പൊടിച്ച് കൊണ്ടിരിക്കുന്നു, ഉസ്താദ് . കൗതുകത്തോടെയുളള നോട്ടങ്ങള്‍ക്ക് ഉസ്താദ് പ്രതിവചിച്ചു. ഇന്നലത്തെ നോമ്പുതുറയില്‍ ആളുകള്‍ ബാക്കി വെച്ചതില്‍ നിന്ന് ആര്‍ക്കും കഴിക്കാന്‍ കഴിയാത്തതെടുത്ത് വെച്ചതാണ്. ഉണക്കിപ്പൊടിക്കുന്നത് അത് ഉറുമ്പുകള്‍ക്ക് ഭക്ഷണമായി കൊടുക്കാനാണ്.

ഒരു തരി പോലും ഭക്ഷണം കളയാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയ, ഭക്ഷണം കഴിക്കുന്നത് ഒരു സംസ്‌കാരവും ആരാധനാകര്‍മ്മവുമാണെന്ന് നിരന്തരം പഠിപ്പിച്ച ഉസ്താദ്, ഒന്നിച്ചിരുന്ന് ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കാന്‍ നിഷ് കര്‍ഷകാണിച്ചു. എപ്പോഴും ഭക്ഷണത്തെ ബഹുമാനിക്കുകയും, ഭക്ഷണം നല്‍കിയവരുടെ കുടുംബത്തോട് പോലും വലിയ സ്‌നേഹം കാണിക്കുകയും ചെയതു.

ഒരു വലിയ മജ്‌ലിസ് കഴിഞ്ഞ്, വന്നവര്‍ക്ക് തയ്യാറാക്കിയ ഭക്ഷണം വിളമ്പിയപ്പോള്‍ ആതിഥേയര്‍ക്ക് ആകെ ഭയം. ചോറ് വേണ്ടത്ര വെന്തിട്ടില്ല. ഉസ്താദ് ആദ്യമായി ഇരുന്നു. അല്‍പം ഭക്ഷണമെടുത്ത് വായിലിട്ട് പറഞ്ഞു, അല്‍ഹംദുലില്ലാഹ് നല്ല ഭക്ഷണം, ആരും കുറ്റം പറയരുത്. എല്ലാവരും ഒരു മുറുമുറുപ്പുമില്ലാതെ ഇരുന്ന് മുഴുവന്‍ കഴിച്ചു തീര്‍ത്തു. 

കഴിഞ്ഞ സപ്തംബറില്‍ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്ന് വന്ന 3 ജില്ലാ പഞ്ചായത്ത് മെംബര്‍മാര്‍ അടക്കമുള്ള പ്രമുഖരുടെ സംഘത്തോട് ഉസ്താദിനെക്കുറിച്ച് പറഞപ്പോള്‍ അവര്‍ക്ക് കാണണമെന്ന് നിര്‍ബന്ധം. മകന്‍ വാഹിദ് ഉസ്താദിനെ വിളിച്ച് അവിടെ ചെന്നു. അതിഥികളെ സ്വീകരിക്കാന്‍ പുറത്ത് വരണം, അതാണ് അതിന്റെ മര്യാദ എന്ന് പറഞ്ഞ് ആ വല്ലാത്ത അവശതയിലും ഉസ്താദ് ഒരുപാട് 'ശാഠ്യം' പിടിച്ചു. അവസാനം വീടിനകത്തേക്ക് വിളിച്ച് അവരെ കണ്ടു. പുറത്ത് വന്ന് സ്വീകരിക്കാന്‍ കഴിയാത്തതില്‍ പല തവണ ആ സംഘത്തോട് ക്ഷമ ചോദിച്ചു. ബീഹാറിലെയും മറ്റും വൈജ്ഞാനിക പദ്ധതികള്‍ക്ക് വേണ്ടി ദുആ ചെയ്തു. എല്ലാവര്‍ക്കും ഈത്തപ്പഴം നല്‍കി. ഭക്ഷണം തന്നേ വിടാവൂ എന്ന് മകനെ ഉണര്‍ത്തി. അതായിരുന്നു അവസാന കൂടിക്കാഴ്ച്ച.

ഇന്ന് ഉച്ചക്ക് ഉസ്താദിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ടുള്ള ആദ്യ കോള്‍ വന്നത് ആ സംഘത്തിലുണ്ടായിരുന്ന അബ്‌സാര്‍ ഭായിയില്‍ നിന്നാണ്. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ മരവിച്ച് നില്‍ക്കുന്ന ശരീരത്തോടൊപ്പം മനസ്സിനേയും ഒരു വല്ലാത്ത മരവിപ്പ് ബാധിച്ചു. ഓര്‍മ്മകള്‍ കണ്ണീരായി പെയ്ത് തുടങ്ങിയിരുന്നു.

ഇതേ ഡല്‍ഹിയിലേക്കാണ് പത്തിരുപതോളം സഹചാരികളുമായി മുമ്പ് ഉസ്താദ് വന്നത്. നിസാമുദ്ദീന്‍ ദര്‍ഗ്ഗയാലും ചിറാഗ് ദില്ലിയിലും മെഹ്‌റൊലിയിലും സിയാറത്തിന് ശേഷം ജെഎന്‍യുവിലെ ഞങ്ങളുടെ മഹാനദി ഫാമിലി റൂമില്‍ അവരെല്ലാവരും കൂടി വന്നത്. ഉസ്താദിനെ കാണാന്‍ വന്ന കൂട്ടുകാര്‍ കൂടി ഉണ്ടായിട്ടും ആ ഇടുങ്ങിയ മുറി അവിടത്തെ മനസ്സ് പോലെ വിശാലമായി. കൂട്ടമായിരുന്ന് ഭക്ഷണം കഴിച്ചു, പ്രാര്‍ത്ഥിച്ചു, ഹൃസ്വമായി സംസാരിച്ചു. മക്കള്‍ക്ക് ഹദ് യയായി വലിയ സംഖ്യകള്‍ കൊടുത്തു. ഉപ്പ വഴിക്ക് ഉസ്താദിന്റെ കുടുംബക്കാരി കൂടിയായ പ്രിയതമയുടെ സല്‍ക്കാരത്തിന് പ്രത്യേകം നന്ദി പറഞ്ഞു. അടുത്ത യാത്ര ദയൂബന്ദിലേക്കായിരുന്നു. കൂടെ പോരാന്‍ പറഞ്ഞു. പുരാനെ ഡല്‍ഹി സ്റ്റേഷനില്‍ നിന്ന് ജനറല്‍ ബോഗിയില്‍ ദയൂബന്ദിലെത്തി. 

അന്നവിടെ പുതിയ അധ്യായന വര്‍ഷത്തില്‍ സ്വഹീഹുല്‍ ബുഖാരിയുടെ ക്ലാസാരംഭ മായിരുന്നു. പതിറ്റാണ്ടുകളായി ബുഖാരി ദര്‍സ് നടത്തുന്ന ഉസ്താദ് മര്‍ഊബ് റഹ്മാന്റെ ക്ലാസിലിരുന്നു, ഒരു വിദ്യാത്ഥിയായി. ക്‌ളാസ് കഴിഞ്ഞ് ആ മഹാനുഭാവന്റെ വീട്ടിലേക്ക് ക്ഷണം. വര്‍ഷങ്ങളായി ഹദീസ് ക്ലാസെടുക്കുന്ന ആ മനുഷ്യന്റെ കൈകളില്‍ ഉസ്താദ് ചുംബിച്ചു. മിഹ്മാന്‍ ഖാനയില്‍ ഒന്നിച്ച് താമസം. ഭക്ഷണം വിളംബിയപ്പോള്‍ ചെറിയ ഡിസ്‌പോസിബ്ള്‍ പ്‌ളൈറ്റുകള്‍ മാത്രം. ഒന്നിച്ച് കഴിക്കാവുന്ന തളികയില്ല. ഉസ്താദ് എല്ലാവരോടും ഈരണ്ടാളുകളായി ഒരു പ്‌ളൈറ്റില്‍ നിന്ന് കഴിക്കാന്‍ പറഞ്ഞു. എനിക്ക് കിട്ടിയത് ഉസ്താദിന്റെ കൂടെ. തീരാറായപ്പോള്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ക്ക് മതിയോ എന്ന്. മതി എന്ന് പറഞ്ഞപ്പോള്‍ ഉസ്താദ് അവസാന വറ്റുകള്‍ വേഗത്തില്‍ തുടച്ച് തിന്ന്, ആ പാത്രത്തില്‍ വെള്ളമൊഴിച്ച് കഴുകി കുടിച്ചു. 

സുബ്ഹി നിസ്‌കാര ശേഷം ദയൂബന്ദിന്റെ സ്ഥാപകരായ പണ്ഡിതരുടെ ഖബറുകള്‍ സന്ദര്‍ശിച്ചു, ദീര്‍ഘമായി ദുആ ചെയതു.
പിന്നീട് കാണുമ്പോഴെല്ലാം ഒരു പ്രത്യേക വാര്‍ത്സല്യം കാണിച്ചു.

സ്‌നേഹ ബഹുമാനത്തോടെ ആ കരങ്ങളില്‍ ചുംബിച്ചപ്പോഴൊക്കെ നമ്മുടെ കരങ്ങളും പിടിച്ച് ചുംബിച്ച, അധികം സംസാരിക്കാതെ, എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറയാതെ പറഞ്ഞു പോയ ആ സ്വാത്വികനെ ഇനി കാണില്ലയെന്നറിയുമ്പോള്‍ കണ്ണുകള്‍ സജലങ്ങളാകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter