പാനൂര്‍ ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ തങ്ങള്‍: പാണ്ഡിത്യത്തിന്റെ രാജപാത

ഇസ്‌ലാമിലെ വിജ്ഞാനീയങ്ങളില്‍ അദ്വിതീയരായ അനേകം പണ്ഡിത പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ നാടാണു കൊച്ചു കേരളമെങ്കിലും അവരില്‍ ആഗോള അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞവര്‍ വളരെ വിരളമാണെന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്. ഗ്രന്ഥരചനാ രംഗത്തെ അസാന്നിധ്യവും ആധുനിക അറബി ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്മകളുമാണ് നമ്മുടെ അമൂല്യമായ വിജ്ഞാനസമ്പത്ത് പുറംലോകം അറിയാതെ പോയതിന്റെ പ്രധാന കാരണം. മഖ്ദൂം കുടുംബത്തിന്റെ മഹത്തായ സംഭാവനകളും ആഗോള പ്രശസ്തി നേടിയ അംഗുലീപരിമിതമായ ഇതര രചനകളും ഒഴിച്ചുനിര്‍ത്തിയാല്‍ ഈ രംഗത്ത് നമ്മുടെ സംഭാവന പരിതാപകരമാണ്. ഇവിടെയാണ് സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ എന്ന മഹാപണ്ഡിതന്റെ വേറിട്ട ശ്രമങ്ങള്‍ ശ്രദ്ധേയമാകുന്നത്. കേരളീയ പണ്ഡിതര്‍ അധികം രചനകള്‍ നടത്തിയിട്ടില്ലാത്ത ഇല്‍മുത്തഫ്‌സീറില്‍ ഇദ്ദേഹം രചിച്ച 'അലാഹാമിശിത്തഫാസീര്‍' എന്ന ഏഴു വാള്യങ്ങളുള്ള ബൃഹദ്ഗ്രന്ഥം വൈജ്ഞാനിക രംഗത്തെ ഒരു മഹാവിസ്മയമാണ്.

ജനനം, ജീവിതം

സയ്യിദ് ഹുസൈന്‍ കുഞ്ഞിക്കോയ തങ്ങളുടെയും ഫാത്തിമ കുഞ്ഞിബീവിയുടെയും പുത്രനായി 1936ല്‍ കാസര്‍ഗോഡ് ജില്ലയിലെ തളങ്കരയിലായിരുന്നു ജനനം. പിന്നീട് പാനൂരിലേക്ക് താമസം മാറുകയായിരുന്നു. ബുഖാരി പരമ്പരയില്‍പ്പെട്ട അദ്ദേഹത്തിന്റെ പൂര്‍വപിതാക്കളെല്ലാം മതസാമൂഹിക ആത്മീയ രംഗങ്ങളിലെ നിറതേജസ്സുകളായിരുന്നു. കാഞ്ഞങ്ങാട് ഖാസിയും ഗോളശാസ്ത്ര വിശാരദനുമായിരുന്ന പരേതനായ യു.കെ. ആറ്റക്കോയ തങ്ങള്‍ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനാണ്. പണ്ഡിതജ്യോതിസ്സായിരുന്ന സ്വന്തം പിതാവില്‍ നിന്നു തന്നെയായിരുന്നു പ്രാഥമിക പഠനം. കാസര്‍കോട്ടെ ഖാസിയും മുദര്‍രിസുമായിരുന്ന അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അടുക്കലായിരുന്നു അദ്ദേഹവും ജ്യേഷ്ഠന്‍ യു.കെ. ആറ്റക്കോയ തങ്ങളും ദര്‍സ് പഠനത്തിന് തുടക്കം കുറിച്ചത്. 1945 മുതല്‍ 48 വരെ അവിടെ പഠിച്ചു. ഫത്ഹുല്‍ മുഈന്‍ ഓതിയത് അവിടെ വച്ചാണ്. 1948ല്‍ ഇരുവരും ഉള്ളാള്‍ ദര്‍സില്‍ ചേര്‍ന്നു. 1952ല്‍ തങ്ങള്‍ അവിടെ നിന്ന് ഒഴിവായി. ചെമ്മങ്കടവില്‍ മൗലാന അബ്ദുര്‍റഹ്മാന്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയും കുറച്ചുകാലം അവിടെ പഠനം തുടരുകയും ചെയ്തു. ഉള്ളാളം ദര്‍സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ഏകദേശം ഒരു മാസക്കാലം തര്‍ക്കശാസ്ത്രത്തിലെ പ്രമുഖ ഗ്രന്ഥമായ ഖുത്വുബി ഓതിപ്പഠിച്ചു. തങ്ങളവര്‍കള്‍ക്ക് ശംസുല്‍ ഉലമയോട് എക്കാലത്തും അതിരറ്റ ബഹുമാനം നിലനില്‍ക്കാന്‍ ഈ ശിഷ്യത്വം കാരണമായിട്ടുണ്ട്. അധ്യാപനം 1955ല്‍ ഏതാനും മാസങ്ങള്‍ പുറക്കാട്ടേരി(എലത്തൂര്‍) ദര്‍സ് നടത്തി. തങ്ങളുടെ ആദ്യ ദര്‍സായിരുന്നു അത്. പിന്നീട് ചാവക്കാടിനടുത്ത വമ്പേനാട്, പയ്യോളി, ഒളവട്ടൂര്‍, കരുവന്‍തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ കുറഞ്ഞകാലം ദര്‍സ് നടത്തി. പിന്നീട് 1957 ജൂണില്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിനു വേണ്ടി ചേരുകയും 1959 ജനുവരി വരെ അവിടെ പഠനം നടത്തുകയും ചചെയ്തു. മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, മൗലാന ഫഖ്‌റുദ്ദീന്‍ അഹമ്മദ്, മൗലാനാ മുഹമ്മദ് ത്വയ്യിബ് തുടങ്ങിയവരായിരുന്നു അവിടുത്തെ പ്രധാന ഉസ്താദുമാര്‍. തങ്ങള്‍ ദാറുല്‍ ഉലൂമില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മൗലാനാ ഹുസൈന്‍ അഹ്മദ് മദനി അന്തരിച്ചത്. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് തങ്ങള്‍ രചിച്ച അനുശോചന കാവ്യത്തിന് ഒന്നാം സ്ഥാനവും സ്വര്‍ണമെഡലും ലഭിക്കുകയുണ്ടായി. ദയൂബന്ദില്‍നിന്ന് ബിരുദമെടുത്ത ശേഷം പാറക്കടവിലാണ് പിന്നീട് ആദ്യമായി ദര്‍സ് നടത്തിയത്. ശേഷം തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം അറബിക് കോളേജ്, ചെറുകുന്ന്, ഓമച്ചപ്പുഴ, ഉമ്മത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. തങ്ങളുടെ നേതൃത്വത്തിലാണ് 1971ല്‍ ഉമ്മത്തൂരില്‍ സഖാഫത്തുല്‍ ഇസ്‌ലാം അറബിക് കോളേജിനു തുടക്കമിട്ടത്. കേരളത്തില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസം ആദ്യമായി പ്രയോഗവല്‍ക്കരിച്ച സ്ഥാപനങ്ങളിലൊന്നാണ് സഖാഫത്തുല്‍ ഇസ്‌ലാം അറബിക് കോളേജ്. സ്ഥാപനത്തിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ കൂടിയായ തങ്ങളുടെ നേതൃത്വത്തിലാണ് അവിടെ ഈ പരീക്ഷണം നടന്നത്. ഉമ്മത്തൂരില്‍നിന്ന് വിടപറഞ്ഞ ശേഷം തങ്ങള്‍ പുതുതായി നിര്‍മിച്ചതാണ് പാനൂര്‍ തങ്ങള്‍ പീടികയിലെ അല്‍മദ്‌റസത്തുസ്സഹ്‌റാ ഇസ്‌ലാമിക് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. 1974ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് പിന്നീട് ജാമിഅത്തുസ്സഹ്‌റാ എന്നാക്കി മാറ്റുകയായിരുന്നു. ജാമിഅസ്സഹ്‌റാ സ്ഥാപിതമായതു മുതല്‍ ഊണിലും ഉറക്കിലും അതിന്റെ പുരോഗതിക്കുവേണ്ടിയുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. സ്ഥാപനത്തിന്റെ ഭരണപരവും അക്കാദമികവുമായ മേല്‍നോട്ടം നേരിട്ടു വഹിക്കുന്നതോടൊപ്പം തന്നെ ഗ്രന്ഥരചനയ്ക്കും അദ്ദേഹം സമയം കണ്ടെത്തി. മതപഠനത്തോടൊപ്പം സ്‌കൂള്‍ പഠനത്തിനു അഫ്‌ളലുല്‍ ഉലമക്കും അവസരമൊരുക്കികൊണ്ടായിരുന്നു ഈ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് അഫ്‌ളലുല്‍ ഉലമ നിര്‍ത്തലാക്കുകയും പകരം എസ്.എസ്.എല്‍.സിക്ക് ശേഷം പ്രീഡിഗ്രിയും ബി.എ, എം.എ കോഴ്‌സുകളും മതപഠനത്തോടൊപ്പം നല്‍കുകയും ചെയ്തു. ജാമിഅത്തുസ്സഹ്‌റയുടെ സിലബസ്സിലുള്ള നല്ലൊരു ശതമാനം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം രചനകളാണ്. 2010 മെയ് 10ന് തിങ്കളാഴ്ച ഈ ലോകത്തോട് വിടപറയുന്നത് വരെ ജാമിഅത്തുസ്സഹ്‌റയില്‍ കാര്യനിര്‍വഹണവും അധ്യാപനവും ഗ്രന്ഥരചനയുമായി കര്‍മനൈരന്തര്യത്തിന്റെ നേര്‍സാക്ഷിയായി മാറി ആ ജീവിതം.

വിവാഹം

1961 ഫെബ്രുവരി അഞ്ചിനായിരുന്നു തങ്ങളുടെ വിവാഹം. പാനൂര്‍ തങ്ങള്‍പീടികയില്‍ എസ്.എം പൂക്കോയ തങ്ങളുടെയും നഫീസ ബീവിയുടെയും പുത്രി ശരീഫബീവിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്.

രചനകള്‍

ആധുനിക അറബി ഭാഷയിലും സാഹിത്യത്തിലും നൈപുണ്യം നേടിയ തങ്ങള്‍ മനോഹരമായ ശൈലിയിലുള്ള അമൂല്യമായ അനേകം രചനകള്‍ സമൂഹത്തിനു   സമ്മാനിച്ചിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനം, ചരിത്രം, കര്‍മശാസ്ത്രം, വചനശാസ്ത്രം, തര്‍ക്കശാസ്ത്രം പോലുള്ള വിവിധ വിജ്ഞാനങ്ങളില്‍ അദ്ദേഹം ഗ്രന്ഥരചന നടത്തി. ആഴത്തിലുള്ള അപ്രഗ്രഥനവും ആകര്‍ഷകമായ ശൈലിയും ആശയസമ്പന്നതയും അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതകളാണ്. ശുദ്ധ അറബികളെ പോലും വെല്ലുന്ന വിധത്തിലുള്ളഅതിസുന്ദരമായ അറബി ശൈലിയിലാണ് അദ്ദേഹം രചനകള്‍ നടത്തിയത്. പ്രശസ്തി മോഹിക്കുകയോ കാര്യമായ പ്രചാരണ പ്രവര്‍ത്തങ്ങള്‍ നടത്തുകയോ ചെയ്യാത്തതിനാല്‍ അദ്ദേഹത്തിന്റെ രചനകള്‍ പുറംലോകത്ത് കൂടുതല്‍ അറിയപ്പെടാതെ പോയെങ്കിലും അറിഞ്ഞവര്‍ അതിന്റെ ആഴവും പരപ്പും കണ്ട് അത്ഭുതപ്പെടുകയും അവ പ്രചരിപ്പിക്കാനുള്ള എളിയ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ അലാഹാമിശ് അത്താഫീസീര്‍ ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് പരിശോധിക്കാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയെ അവര്‍ ചുമതലപ്പെടുത്തുകയും അതിന്റെ പ്രസാധനം ഏറ്റെടുക്കുകയും ചെയ്തത് മലയാളികള്‍ക്കെല്ലാം ഏറെ അഭിമാനകരമാണ്. അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ താഴെ പറയുന്നവയാണ്. 1) അലാഹാമിശിത്തഫ്‌സീര്‍ 2) അല്‍മദാരിജ് ഫീ തഖ്‌രീറില്‍ ഗായത് വത്തഖ്രീബ് 3) നിഖാതുന്‍ മിന്‍ താരീഖില്‍ ഇസ്‌ലാം 4) അല്‍കലാം ഫീ ശറഹില്‍ അഖാഇദിന്നസഫിയ്യ 5) അല്‍ന്‍തിബ് ഫീ ശറഹത്തഹ്ദീബ് 6) അന്നിബ്‌റാസ് ഫില്‍ മസ്‌ലകില്‍ ഫിഖ്ഹീ-3 ഭാഗം 7) ശദറാത്തുദ്ദഹബ് 8) സഫ്‌വത്തുല്‍ കലാം 9) അദബുല്‍ മുസ്‌ലിം 10) അദ്ദുറൂസുഫി ഹുറൂപില്‍ ഹിജാഅ് 11) അദ്ദുറൂസ് ഫീ തര്‍കീബില്‍ അല്‍ഫാള്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter