ചാലിലകത്തും അറബിമലയാളവും

ഖുര്‍ആന്‍ ശാസ്ത്ര വിഷയങ്ങളെ കുറിച്ച് ഗവേഷണ പ്രൗഢമായ പഠനങ്ങള്‍ പള്ളിദര്‍സുകളിലും, വൈജ്ഞാനിക സാംസ്‌കാരിക നവോത്ഥാനം മദ്രസാ സമ്പ്രദായത്തിലും ഏര്‍പ്പെടുത്തിയ പണ്ഡിത പ്രമുഖനായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. മലയാള നാട്ടിലെ മതശിക്ഷണ സമ്പ്രദായത്തിന്റെ നിലനില്‍പ്പിനുവേണ്ടി കഠിനത്യാഗമനുഷ്ഠിച്ച അദ്ദേഹം എണ്ണമറ്റ ശിഷ്യന്‍മാരെ വാര്‍ത്തെടുത്തിട്ടുണ്ട്.

ഗോളശാസ്ത്രവും ലോകവാര്‍ത്തകളും വിദ്യാര്‍ത്ഥികള്‍ക്കറിയണമെന്ന ശാഠ്യത്തില്‍ അതൊക്കെ ലഭിക്കാനാവശ്യമായ വഴികള്‍ ചാലിലകത്ത് ഒരുക്കി.

ദീനിന്റെ പ്രചരണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ സത്യസന്ധരായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. സ്വതന്ത്രമായി ചിന്തിക്കാനും സത്യം കണ്ടെത്താനും അദ്ദേഹം ശിഷ്യഗണങ്ങളെ പ്രോത്സാഹിപ്പിച്ചു. വിശ്വാസത്തിന്റെ അടിത്തറക്ക് ഇളക്കം തട്ടുന്ന ഒന്നിനെയും അടുപ്പിക്കരുതെന്നും അനിസ്‌ലാമികമായ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാന്‍ മടിക്കരുതെന്നും ദീനീപ്രവര്‍ത്തകരെ അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

ചെറുപ്പക്കാരുടെ ധാരണകളില്‍ തെറ്റ് വരുന്നതിന് മുഖ്യകാരണം അറിവിന്റെ അഭാവമാണെന്ന് അദ്ദേഹം പറയുമായിരുന്നു യാഥാര്‍ത്ഥ്യവും. വ്യക്തമായ വിജ്ഞാനമില്ലാത്ത ഘട്ടത്തിലാണ് ധാരണ പിഴച്ചുപോകുന്നത്. യഥാര്‍ത്ഥ വിശ്വാസമില്ലാത്തിടത്ത് മനുഷ്യനെ അന്ധകാരം മൂടുന്നു. അധികാരത്തില്‍ അവന്‍ തപ്പിനടക്കുകയും അബദ്ധത്തില്‍ ചെന്ന് ചാടുകയും ചെയ്യും.

അജ്ഞതയില്‍ നിന്ന് തെറ്റിദ്ധാരണയും തെറ്റിദ്ധാരണയില്‍ നിന്ന് അന്ധവിശ്വാസവും ഉടലെടുക്കുന്നതിനാല്‍ പള്ളി ദര്‍സുകളും മദ്‌റസകളും അജ്ഞത അകറ്റാനുള്ള കേന്ദ്രങ്ങളാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. തെറ്റിദ്ധാരണയും അന്ധവിശ്വാസവും അനിസ്‌ലാമികതയും ഉന്മൂലനം ചെയ്യാന്‍ മതവിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ ചൈതന്യവത്തായിരിക്കണമെന്നതായിരുന്നു ചാലിലകത്തിന്റെ സന്ദേശം.

പെണ്‍കുട്ടികളായാലും ഭൗതിക വിദ്യാഭ്യാസത്തിനു മുമ്പ് മത വിധിവിലക്കുകള്‍ ആദ്യമെ പഠിച്ചു മനസിലാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ആദൃശ്ശേരിയിലെ പുരാതനവും പ്രസിദ്ധവുമായ കുടുംബത്തില്‍ പ്രശസ്തനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ പുത്രനായി തിരൂരങ്ങാടിയില്‍ ജനിച്ച ചാലിലകത്ത് കുടുംബത്തിലെ പണ്ഡിതന്‍മാരുടെ ശിക്ഷണത്തിലാണ് വളര്‍ന്നത്. മാതൃപിതാവും ഒരു നല്ല മതപണ്ഡിതനായിരുന്നു. അദ്ദേഹമായിരുന്നു തിരൂരങ്ങാടി നടുവിലെ പള്ളിയിലെ ദര്‍സിന്റെ സ്ഥാപകന്‍. ചാലിലകത്തിന്റെ അസാമാന്യ ബുദ്ധിശക്തിയും പഠനത്തിലുള്ള വേഗതയും സഹപാഠികളെയും ഉസ്താദുമാരെയും ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂമില്‍ അദ്ദേഹം പഠിപ്പിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാഷാപരമായ പരിജ്ഞാനം പരിസരങ്ങളില്‍ മുഴുവന്‍ സംസാര വിഷയമായിരുന്നുവത്രെ. ഇംഗ്ലീഷ്, ഉര്‍ദു, തമിഴ്, പാര്‍സി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ചാലിലകത്തിനെ തിരക്കി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ടായിരുന്നു. കുറേ കാലം അറബി മലയാള ലിപി പരിഷ്‌കരണത്തിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചു.

അദ്ദേഹത്തിന്റെ പരിഷ്‌കരിച്ച അറബി മലയാള ലിപി വേഗത്തില്‍ പ്രചരിക്കുകയും പാഠപുസ്തകമായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു. അമ്മാവന്‍ അലി ഹസന്‍ മുസ്‌ലിയാരില്‍നിന്ന് പ്രഭാഷണ കല സ്വായത്തമാക്കാന്‍ ചെറുപ്പത്തിലേ ചാലിലകത്തിന് സാധിച്ചു. മലയാള-അറബി വ്യാകരണങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം വളരെ ഗഹനമായിരുന്നു. അതിനെ കൂട്ടിയിണക്കി ചാലിലകത്ത് പാഠപുസ്തക രചന നടത്തി. വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഈ പുസ്തകം പാഠപുസ്തകമായി അംഗീകരിച്ചിരുന്നു.

അറബി മലയാളത്തിന്റെ സംരക്ഷകനായിരുന്നു ചാലിലകത്ത്. ചാലിലകത്തിന്റെ മരണശേഷമാണ് അറബി മലയാളത്തിനെതിരെ ചിലര്‍ ഉറഞ്ഞു തുള്ളാന്‍ ധൈര്യം കാണിച്ചത്.

മപ്പാട്ടുകര പോക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം ഗോള-ഗണിതശാസ്ത്രങ്ങളെ കുറിച്ച് പഠിക്കാന്‍ ചാലിലകത്തിന് സാഹചര്യമൊരുക്കി. കിതാബ് പഠനത്തിന്റെ കാര്യത്തില്‍ ചാലിലകത്ത് എടുത്ത താല്‍പര്യം അദ്ദേഹത്തെ പൊന്നാനിയിലെ പ്രഗത്ഭ പണ്ഡിതന്‍ വളപ്പില്‍ അസീസ് മുസ്‌ലിയാരുടെ സന്തതസഹചാരിയാക്കി. ഉപരിപഠനാര്‍ത്ഥം വെല്ലൂരിലേക്ക് പോകാന്‍ ചാലിലകത്തിനെ പ്രേരിപ്പിച്ച ഘടകം അസീസ് മുസ്‌ലിയാരുടെ ശിക്ഷണമായിരുന്നു. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് ബിരുദം നേടിയ ചാലിലകത്തിനെ കോളേജ്  അധികൃതര്‍ അവിടെ ജോലി ചെയ്യാന്‍ വളരെ നിര്‍ബന്ധിപ്പിച്ചു. എന്നാല്‍ നാട്ടില്‍ വന്ന് ദര്‍സ് തുടങ്ങുകയാണ് അദ്ദേഹം ചെയ്തത്.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മാഹിയില്‍ മുദര്‍രിസായി പ്രവര്‍ത്തിച്ച ചരിത്രം അറിയുന്ന പഴമക്കാര്‍ ഇന്നില്ല. മാഹി ദര്‍സിന്റെ ചരിത്രം രേഖപ്പെടുത്തി വെക്കാതിരുന്നതു കാരണം പുതിയ തലമുറക്ക് അതറിയാതെ പോയി. ഖുത്വുബി മുഹമ്മദ് മുസ്‌ലിയാരും കടവത്തൂരിലെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുമൊക്കെ ചാലിലകത്തിന്റെ ശിഷ്യന്‍മാരായിരുന്നു. പാനൂരിലും പെരിങ്ങത്തൂരിലുമൊക്കെ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ വേറെയുണ്ടായിരുന്നു. അവരൊക്കെ കാല്‍നട യാത്രയായി വന്നും പള്ളിയില്‍ കിടന്നുമായിരുന്നു പഠിച്ചത്.

മാഹിയിലെ ദര്‍സ്‌വിട്ട് പുളിക്കലേക്ക് പോയ അദ്ദേഹം പണ്ഡിതന്മാരുമായി ഉറ്റ സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാസര്‍ക്കോട് ഖാസി അബ്ദുല്ല മുസ്‌ലിയാര്‍, മങ്കല്ലൂരിലെ സുലൈമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഗ്രന്ഥരചനയിലും മറ്റും ഇവരൊക്കെ ചാലിലകത്തിനെ സഹായിച്ചിരുന്നു. ഖിബ്‌ല കാര്യത്തില്‍ ഉലമാക്കളുടെ കിതാബില്‍ പറഞ്ഞത് കര്‍ശനമായി നടപ്പാക്കാനാണ് ചാലിലകത്ത് മുന്‍കയ്യെടുത്തത്. തര്‍ക്കിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് അറിവ് ഉപയോഗപ്പെടുത്തേണ്ടത് എന്ന പക്ഷക്കാരനായിരുന്നു ചാലിലകത്ത്. വാഴക്കാട് തന്‍മിയത്തുല്‍ ഉലൂം മദ്‌റസയില്‍ ചാലിലകത്ത് നടത്തിയ ദര്‍സായിരുന്നു ഉയര്‍ന്ന ക്ലാസുകളുള്ള കോളേജായി രൂപാന്തരപ്പെട്ടത് എന്നാണ് ചരിത്രം.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യന്‍മാര്‍ നാടിന്റെ നാനാഭാഗങ്ങളിലും പ്രഭപരത്തിയ നാളുകള്‍ അക്ഷരവിപ്ലവത്തിന്റെ കാലഘട്ടമായി അറിയപ്പെടുന്നു. വ്യാഖ്യാനങ്ങള്‍, വ്യാകരണങ്ങള്‍, ഖണ്ഡനങ്ങള്‍ എന്നിങ്ങനെ ചാലിലകത്തിന്റേതായി ഇറങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വിജ്ഞാനം ആഗാധമാണെന്നു മനസിലാക്കാനുപകരിക്കുന്നതായി. 1856-ല്‍ ജനിച്ച് 63-ാം വയസില്‍ 1919-ല്‍ നിര്യാതനായ ചാലിലകത്ത് ഭക്തിയിലും വിശ്വസ്ഥതയിലും വിനയം, ഔദാര്യം എന്നീ സദ്ഗുണങ്ങളിലും ഒരു മാതൃക തന്നെയാണ് സൃഷ്ടിച്ചത്.

കെ.പി. കുഞ്ഞിമൂസ

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter