മലയാളി ആര്‍ജിച്ച അറബിയിടങ്ങള്‍
ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതയും കേരളീയ സംസ്‌കാരത്തിന്റെ പൈതൃകവും നാനാത്വത്തില്‍ എകത്വമെന്നതാണല്ലോ. പല പ്രദേശങ്ങളിലും ഇന്നതിനു മങ്ങലേറ്റെങ്കിലും നാനാ ജാതി മതസ്ഥര്‍ ഒരുമയോടെ തിങ്ങി പ്പാര്‍ക്കുന്ന നമ്മുടെ സംസ്ഥാനത്തിന്റെ സമ്പൂര്‍ണവും വൈവിധ്യ പൂര്‍ണവുമായ പാരമ്പര്യവും സര്‍വ്വമത സാഹോദര്യവും ദേശീയ മാതൃകയായി ഇന്നും നിലനില്‍ക്കുന്നു. മാനവികതയ്ക്കും ഭാരതീയ സംസ്‌കാരത്തിനും പ്രാചീന കാലം മുതല്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ പ്രദേശമാണല്ലോ കേരളം. ഭാരതമെന്ന പേര്‍ കേട്ടാലഭിമാന- പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ (വള്ളത്തോള്‍) പൗരാണിക കാലം മുതല്‍ ആഗോള കമ്പോളങ്ങളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ പ്രിയമേറിയവയും ആകര്‍ഷകവുമായിരുന്നു. യവനര്‍, അറബികള്‍, യൂറോപ്പ്യര്‍ (അഫ്‌റഞ്ച്), ഈജിപ്ത്യര്‍ (മിസ്‌രികള്‍), ചൈനക്കാര്‍ (സ്വീനികള്‍) തുടങ്ങിയവര്‍ കച്ചവടത്തിനായി നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെയെത്തി. സമുദ്ര വ്യാപാര രംഗത്ത് അറബിക്കടല്‍ വഹിച്ച പങ്ക് വിവരണാതീതമാണ്. കപ്പല്‍ യാത്ര കാറ്റിന്റെ ഗതിയനുസരിച്ചായതിനാല്‍ ഇന്നത്തെ പോലെ കടല്‍ സഞ്ചാരം അനായാസമായിരുന്നില്ല. 16ാം നൂറ്റാണ്ടില്‍ ഇവിടെ കരക്കണഞ്ഞ പാശ്ചാത്യര്‍ കൈയടക്കി ഭരണം സ്ഥാപിച്ചപ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെയെത്തിയ അറബികള്‍ക്ക് ആദ്യം മുതല്‍ പ്രത്യേക രാഷ്ട്രീയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ആഴ്ചകളും മാസങ്ങളും പാര്‍ക്കേണ്ടി വന്ന അവര്‍ക്ക് വ്യാപാരത്തിലൂടെ പ്രാദേശികമായ സാമൂഹിക സാമ്പത്തിക അഭിവൃദ്ധിയായിരുന്നു ലക്ഷ്യം. സഫലീകൃതമാകാന്‍ തദ്ദേശീയരുമായി കൂടുതല്‍ ഇടപെടലുകള്‍ അനിവാര്യമായി. ഈ കൂട്ടായ്മ ഹേതുവായി കേരളീയ സ്ത്രീകളുമായി വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇന്തോ-അറേബ്യന്‍ വ്യാപാര ശൃംഗല ഇതിനു പച്ചക്കൊടി കാട്ടി. തല്‍ഫലമായി മലബാര്‍ മാപ്പിള (മുസ്‌ലിം) സംസ്‌കാരം രൂപം കൊണ്ടു. അമ്പതാണ്ട് മുമ്പ് വരെ മലബാറിന്റെ തീരപ്രദേശ മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന ഭാര്യാ ഗൃഹത്തില്‍ അന്തിയുറങ്ങല്‍ സമ്പ്രദായം ഉള്‍പ്പെടെ പല ആചാരങ്ങളും ഇതില്‍നിന്നാണത്രെ ഉത്ഭവിച്ചത്. ജനിച്ച സന്താനങ്ങളെ അറബിമാപ്പിള എന്നു വിളിച്ചു. ഐതിഹ്യ മാലയിലെ മഹാജ്ഞാനിയായ വരരുചിയുടെ സഹധര്‍മിണി പറയിയായ പഞ്ചമിയുടെ സന്താനപരമ്പരയെ പരാമര്‍ശിക്കുന്ന മേളത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍- ത്തച്ചനും പിന്നെ വള്ളോന്‍ വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും നായര്‍ കാരയ്ക്കല്‍ മാതാ ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര- ങ്കത്തെഴും പാണനാരും നേരേ നാരായണഭ്രാന്തനുമുടനകവൂര്‍ ചാത്തനും പാക്കനാരും എന്ന പറയിപെറ്റ പന്തീരുകുലം കാവ്യത്തിലെ ഉപ്പുകുറ്റന്‍ അറബി മാപ്പിളയായിരുവെന്നാണ് തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന മഹാ കവി ഉള്ളൂര്‍ എസ് പരമേശ്വര അയ്യരുടെ നിഗമനം. ബ്രാഹ്മണരുടെ പൂണൂല്‍ ധാരണം അടക്കമുള്ള അനുഷ്ഠാനങ്ങളും ആരാധനാ കര്‍മങ്ങളും പ്രാചീന അറബികളുടെ ആചാരങ്ങളുമായി സാമ്യമുണ്ടെന്നാണ് ചരിത്ര പക്ഷം. പുരാതന അറേബ്യന്‍ മഹാകവി ഇംറുല്‍ ഖൈസിന്റെ കവിതക ൡല്‍ കറുത്ത പൊന്നായ കുരുമുളക് വര്‍ണനീയമാണ്. അറബികള്‍ കേരളത്തെ ബിലാദുല്‍ ഫുല്‍ഫുല്‍ (കുരുമുളകിന്റെ നാട്) എന്നാണ് വിശേഷിപ്പിച്ചത്. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ലോകത്തിലെ സമ്പന്ന പരിഷ്‌കൃത അറേബ്യന്‍ ഭരണകൂടമായിരുന്ന യമനും കേരളവും സ്ഥിതിചെയ്യുന്നത് അറബിക്കടലിന്റെ ഇരു കരകളിലാണ്. അവിടത്തെ വേഷങ്ങളും ആചാരങ്ങളും പഴയ മലബാര്‍ മുസ്‌ലിംകളോട് സാദൃശ്യമുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചെങ്കടല്‍ മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്കുള്ള കടല്‍വ്യാപാരം മധ്യകാലഘട്ടം വരെ അറബികളുടെ നിയന്ത്രണത്തിലായിരുന്നു. ഇത് ഇല്ലായ്മ ചെയ്യാന്‍ പോര്‍ച്ചുഗീസ് രാജാവ് ഡോം മാനുവല്‍ ഒന്നാമന്‍ കൊട്ടാരത്തിലെ നാവിക ഉദ്യോഗസ്ഥനായ വാസ്‌കോഡിഗാമയെ നിയോഗിച്ചു. 1947 ജൂലൈ എട്ടാം തിയ്യതി ലിസ്ബനിലെ ബലം തുറമുഖത്തുനിന്ന് സാവോ (സെന്റ്)ഗാബ്രിയല്‍ എന്ന കപ്പലില്‍ പുറപ്പെട്ട ഗാമ ആഫ്രിക്കന്‍ തീരത്തെത്തി. ഇവിടെ നിന്ന് കടല്‍ മാര്‍ഗത്തിലൂടെ കേരളത്തിലേക്ക് ദിശാബോധം നല്‍കിയത് കപ്പലോട്ട വിദഗ്ധനും അറബി പണ്ഡിതനുമായ ഇബ്‌നുല്‍ മാജിദാണ്. പോര്‍ച്ചുഗീസ് രാജാവ് ഗാമ വശം സാമൂതിരിക്ക് കൊടുത്തയച്ച സന്ദേശം അറബിയിലായിരുന്നുവെന്ന് ഗുണ്ടര്‍ട്ടിന്റെ കേരള പഴമയിലുണ്ട്. സാമൂതിരിയുമായി അക്കാലത്ത് സുദൃഢ ബന്ധം പുലര്‍ത്തിപ്പോന്നിരുന്ന കോഴിക്കോട്ടെ മുസ്‌ലിം വര്‍ത്തകപ്രമുഖരാണ് സന്ദേശം വിവര്‍ത്തനം ചെയ്തുകൊടുത്തത്. ലോകത്തിന്റെ പല ഭാഗത്തും അക്കാലത്ത് ഔദ്യോഗിക മാധ്യമം എന്ന നിലയില്‍ അറബി ഭാഷ പ്രചാരത്തിലുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്റെ അവതരണത്തോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന'ഭാഷ എന്ന നിലയില്‍ അറബി ഭാഷയ്ക്ക് ആഗോള തലത്തില്‍ വ്യാപക പ്രശസ്തിയും പ്രചാരവും ലഭിച്ചെങ്കിലും മുസ്‌ലിംകള്‍ അല്ലാത്ത ക്രൈസ്തവര്‍, യഹൂദര്‍ തുടങ്ങിയ ഇതര മതസ്ഥര്‍ക്കും മതേതര വിശ്വാസികള്‍ക്കുമിടയില്‍ മാതൃഭാഷ എന്ന നിലയില്‍ മുഖ്യ സ്ഥാനമുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ ആദ്യ നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാം മതം കേരളത്തിലും സൗഹാര്‍ദ പൂര്‍ണമായ അന്തരീക്ഷത്തില്‍ പ്രചരിച്ചു. മാലിക് ഇബ്‌നു ദീനാറും അനുചരന്മാരും മുതല്‍ ഇവിടെ വന്ന സകല ഇസ്‌ലാമിക പ്രബോധകര്‍ക്കും അറേബ്യന്‍ വ്യാപാര സമൂഹത്തിനും അതത് കാലത്തെ ഹൈന്ദവ ഭരണകര്‍ത്താക്കളില്‍നിന്നും തദ്ദേശീയരില്‍ നിന്നും ആത്മാര്‍ത്ഥമായ പ്രോത്സാഹനവും ആദരവും അംഗീകാരവും ലഭിച്ചു. 13ാം നൂറ്റാണ്ടില്‍ കോഴിക്കോട് ആസ്ഥാനമായി ഭരണമാരംഭിച്ച സാമൂതിരി മുസ്‌ലികള്‍ക്കും അറബി ഭാഷക്കും അര്‍ഹമായ അംഗീകാരവും പ്രോല്‍സാഹനവും നല്‍കി. തുറമുഖാധിപനായി നിയമിച്ചിരുന്ന മുസ്‌ലിം വര്‍ത്തക പ്രമുഖന്‍ ഷാഹ് ബന്ദര്‍ കോയക്ക് നായര്‍ മാടമ്പിമാര്‍ക്ക് നല്‍കിയിരുന്നതുപോലെ എല്ലാ പദവികളും നല്‍കി ആദരിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാര പ്രസംഗ(ഖുതുബ)ങ്ങളില്‍ ഹൈന്ദവ രാജാവായിരുന്നിട്ടുകൂടി സാമൂതിരിയുടെ ക്ഷേമൈശര്യത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. സമ്പന്നമായ കലകളും ഭാഷയും സംസ്‌കാരവും ആയോദ്ധന പാഠവവും സ്വന്തമാക്കി ചുരങ്ങള്‍ കടന്ന് ഇവിടെയെത്തിയ മുസ്‌ലിം വൈദേശികര്‍ സുല്‍ത്താന്മാരായും ചക്രവര്‍ത്തി മാരായും ബാദുഷമാരായും രാജാ ക്കന്മാരായും ഡല്‍ഹിയില്‍ വാണു. എ ഡി 712 മുതല്‍ ഇന്ത്യയില്‍ ആരംഭിച്ച മുസ്‌ലിം ഭരണം അവസാനത്തെ മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ സഫറിനെ 1857ല്‍ മ്യാന്‍മാറിലേക്ക് നാട് കടത്തുന്നതു വരെ തുടര്‍ന്നു. ഈ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍-അറബി ഭാഷകളില്‍ നിന്നുള്ള ധാരാളം പദങ്ങള്‍ ഇന്ത്യന്‍ 'ഭാഷകളിലേക്ക് വ്യാപിച്ചു. ബാര്‍ എന്ന പേര്‍ഷ്യന്‍ പദത്തിനര്‍ത്ഥം നാട്. മല+ബാര്‍=മലബാര്‍=മലനാട്. ഒരുക്കാലത്ത് കേരളത്തെ മുഴുവന്‍ അറബികള്‍ മലബാറെന്ന് വിളിച്ചിരുന്നു.കോഴിക്കോട്, കല്ലായി, പൊന്നാനി, താംബൂലം, നാരിയല്‍, അരിശി എന്നീ പദങ്ങളുടെ രൂപഭേദങ്ങളാണ് കാലിക്കൂത്ത്, കല്‍ ആഅ്, ഫൂനാനി, തംബൂല്‍, നാറജീല്‍, അറുസ് എന്നീ അറബി പദങ്ങള്‍. ഇങ്ങനെ ഇരു ഭാഷകളിലും സാദൃശ്യ പദങ്ങള്‍ നിരവധിയുണ്ട്. അറേബ്യന്‍-മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കു പുറമെ അറബി വ്യാപക പ്രചാരം നേടിയ സംസ്ഥാനമാണ് കേരളം. അഞ്ചു പതിറ്റാണ്ടിനിടയില്‍ ഭാരതവും ഗള്‍ഫ് നാടുകളും തമ്മിലുണ്ടായ പ്രവാസ-നയതന്ത്ര വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച കേരളത്തില്‍ മറ്റു ഭാഷകളെ അപേക്ഷിച്ച് അറബി ഭാഷയ്ക്ക് ഗണ്യമായ തോതില്‍ വികാസം പ്രാപിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് പൂര്‍വോപരി ധാരാളം അറബി പണ്ഡിതന്മാരും സ്ഥാപനങ്ങളും അറബിയില്‍ അസംഖ്യം രചനകളും ഇവിടെയുണ്ടായി. 16-ാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരും മഹാജ്ഞാനികളും നവോത്ഥാന നായകരും ആദ്യകാല മഖ്ദൂമുകളുമായ യുഗപ്രഭാവന്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും(1467-1522) മകന്‍ അല്ലാമാ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും അറബി ഭാഷയുടെ പോഷണത്തില്‍ വഹിച്ച പങ്ക് നിസ്തുല്ല്യമാണ്. ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും അറബി ഭാഷയുടെയും വിശ്വകലാലയങ്ങളായ മക്കയിലെ ഹറം മസ്ജിദ്, ഈജിപ്തിലെ അല്‍ അസ്ഹര്‍ ഇവ രണ്ടിലും പഠനം നടത്തിയ പ്രഥമ മലയാളിയാണ് ശൈഖ് സെനുദ്ദീന്‍ ഒന്നാമന്‍. ഇദ്ദേഹത്തിന്റെ പൗത്രനായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ മക്കയിലെ പഠനകാലത്ത് ലോക പ്രശസ്ത പണ്ഡിത ശ്രേഷ്ഠരുമായി ആരംഭം കുറിച്ച സുദൃഢ ബന്ധം ആജീവനാന്തം നിലനിര്‍ത്തി. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരില്‍ ഭാരതത്തില്‍ ആദ്യമായി കുഞ്ഞാലിമരക്കാര്‍ ഒന്നാമന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ സംയുക്ത സേനയ്ക്ക് രൂപം നല്‍കിയത് സാമൂതിരി രാജാവും ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും ആയിരുന്നു. പറങ്കികളുടെ നരനായാട്ട് രൂക്ഷമായ ഇക്കാലത്ത് സാമൂതിരിമാര്‍ അധികസമയവും രണ്ടാം തലസ്ഥാനമായ പൊന്നാനി തൃക്കാവ് കോവിലകമാണ് ആസ്ഥാനമാക്കിയത്.
സാമൂതിരിയുടെ നിര്‍ദേശമനുസരിച്ച് അറേബ്യന്‍ രാഷ്ട്രത്തലവന്‍മാര്‍ക്ക് കത്തുകളെഴുതിയിരുന്നതും സംയുക്ത സേനയ്ക്ക് ബലമേകാന്‍ ഈജ്പ്തിലെയും തുര്‍ക്കിയിലെയും സൈന്യ ത്തെ ഭാരതത്തിലേക്ക് കൊണ്ടുവരാന്‍ ആസൂത്രണം ചെയ്തതും ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും രണ്ടാമനുമായിരുന്നു. ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കിയതും സാമൂതിരി-മഖ്ദൂം- മരക്കാര്‍ സംയുക്ത സേന രൂപീകരിച്ച് പറങ്കികളെ തറപറ്റിക്കാന്‍ ആരംഭം കുറിച്ചതും പൊന്നാനിയില്‍വച്ചാണ്. 177 വരികളുള്ള തഹ്‌രീള് എന്ന കാവ്യ സമാഹാരത്തിലൂടെ ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം ചെയ്ത സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ തൂലിക തന്നെ അദ്കിയ രചിച്ച് ആത്മീയതയുടെ ഔന്നിത്യത്തിലേക്ക് സമൂഹത്തെ ആനയിച്ചു. അന്നു വരെ ഒരു മലയാളിയില്‍ നിന്നും പിറക്കാത്ത കേരളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്രകൃതി തുഹ്ഫത്തുല്‍ മുജാഹിദീന്‍ (പോരാളികള്‍ക്ക് പാരിതോഷികം) രചിച്ച സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ കരങ്ങള്‍ തന്നെ കര്‍മ ശാസ്ത്ര രംഗത്തെ ആധികാരിക കൃതികളായ ഖുര്‍റതുല്‍ഐനും ഫത്ഹു ല്‍മുഈനും വരദാനമായി നല്‍കി. ഈ ഗ്രന്ഥത്തിന് വിദേശ പണ്ഡിതന്മാരായ അല്ലാമ സയ്യിദുല്‍ ബകരി ഇആനതും സയ്യിദ് അലവി അസ്സഖാഫ് തര്‍ശീ ഹും വ്യാഖ്യാന കൃതികളായി രചിച്ചു. രചനകള്‍ പലതും ഇന്ത്യക്കകത്തും പു റത്തും ദര്‍സുകളും (മതപഠന ക്ലാസ്) കലാശാലകളും യൂനിവേഴ്‌സിറ്റികളും പാഠ്യപദ്ധതിയിലും ഗവേഷണത്തിലും ഉള്‍പ്പെടുത്തി. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ ദ്വിതീയ പുത്രന്‍, രണ്ടാം മഖ്ദൂം, സാമുതിരുടെ ഉപദേശകന്‍, അധിനിവേശ വിരുദ്ധ പോരാട്ട നായകന്‍ തുടങ്ങിയ വിശേഷ ണങ്ങളാല്‍ പ്രശസ്തനാണ് അല്ലാമാ അബ്ദുല്‍ അസീസ്. ഒരേ സമയം പ്രതിഭയും പോരാളിയുമായിരുന്നു. മലബാ റില്‍ പറങ്കികളുടെ തകര്‍ച്ചക്ക് ആരംഭം കുറിച്ച ചാലിയം കോട്ട പിടിച്ചടക്കാന്‍ 1571ല്‍ സാമൂതിരിയും സൈന്യവും പൊന്നാനി തൃക്കാവ് കോവിലകത്തു നിന്ന് പുറപ്പെട്ടപ്പോള്‍ പറങ്കികളുമായി ഘോര യുദ്ധമാണു നടന്നത.്
അടര്‍ ക്കള ത്തില്‍ അടരാടി അല്ലാമാ അബ്ദുല്‍ അ സീസ് ധീരതയും കര്‍ത്തവ്യബോധ വും പ്രകടിപ്പിച്ചു. പതിനൊന്നോളം പ്രശസ്ത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേ ഹത്തിന്റെ രചനകളില്‍ പ്രമുഖ സ്ഥാനമുള്ള മസ്‌ലക്കുല്‍ അദ്കി യ്യയുടെ ആമുഖത്തില്‍ സ്വപിതാവിന്റെ ഹ്രസ്വജീവ ചരിത്രമുണ്ടണ്ട്. ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ചെക്ക്, പേര്‍ഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലേക്കും ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി, കന്നട, തുടങ്ങിയ പല ഇന്ത്യന്‍ ഭാഷകളിലേക്കടക്കം 36 ലോക ഭാഷകളിലേക്ക് തുഹ്ഫ ഭാഷാന്തരം ചെയ്തു. മലയാളത്തില്‍ തന്നെ നാലു പരിഭാഷകള്‍ ഇതിനുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ സഹായത്തോടെ ചരിത്രകാരന്‍ ഡോ: കെ.കെ.എന്‍. കുറുപ്പിന്റെ നേതൃത്വത്തില്‍ പണ്ഡിത സമിതി തയ്യാറാക്കുന്ന സമഗ്രമായൊരു പരിഭാഷ ഉടന്‍ പ്രസിദ്ധീകരിക്കും. നാല് നൂറ്റാണ്ട് മുമ്പ് ഈ കൊച്ചു കേരളത്തില്‍ രചിച്ച ഈ കൊച്ചു കൃതി വൈകാതെ ആഗോള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് ഖ്യാതി നേടിയപ്പോള്‍ ഇന്ത്യന്‍ ഭാഷകളിലും മലയാളത്തിലും പരിഭാഷകള്‍ ഉണ്ടായതും മുഖ്യധാരാ ചരിത്രത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചതും പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്. ആദ്യകാല ചരിത്ര പണ്ഡിതരായ ഡോക്ടര്‍ റവ: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഡച്ച് ഗവര്‍ണര്‍ ഹെന്റിക് ആഡ്രിയാന്‍ വാന്റീഡ്, അര്‍ണോസ് പാതിരി, ഡോ: ഫ്രാന്‍സിസ് ബുക്കാന്‍, വില്യം ലോഗന്‍ തുടങ്ങിയവരുടെ രചനകളില്‍ കേരളത്തിന്റെ ചരിത്രം വിശദീകരിക്കുന്നുണ്ടെ ങ്കിലും ഇവരാരും തന്നെ ജന്മംകൊണ്ടണ്ട് മലയാളികളല്ല. വസ്തുനിഷ്ഠമായ ചരിത്രവേരുകള്‍ തേടി ദേശാടനം നടത്തിയാണ് ശൈഖ് രചന നടത്തിയത്. ഒന്നും രണ്ടും മൂന്നും മഖ്ദൂമുകളുടെ രചനകളെ പോലെ ഗഹനവും പ്രശസ്തവുമായ കൃതികള്‍ പിന്നീട് ഇതുവരെ കൈരളിക്ക് ലഭിച്ചിട്ടില്ല. അറേബ്യന്‍ പണ്ഡിതന്മാരെ പോലും വെല്ലുന്ന കൃതികളാണ് പലതും. ചിലതിന്റെ മുദ്രണം ഈജിപ്തിലും വിദേശ രാജ്യങ്ങളിലുമായിരുന്നു. വ്യാപാരസമൂഹമായും ഇസ്‌ലാം മത പ്രചാരണാര്‍ത്ഥവും അല്ലാതെയും ചെന്നെത്തിയ രാജ്യങ്ങളിലെല്ലാം തദ്ദേശീയ ഭാഷകള്‍ അറബി ലിപിയില്‍ ആശയവിനിമയം നടത്തുന്ന സമ്പ്രദായം അറബികള്‍ക്കുണ്ടായിരുന്നു. ഇതില്‍നിന്നാണ് ഇന്നത്തെ മാപ്പിളപ്പാട്ടുകളുടെ മൂല ഭാഷയായ അറബി-മലയാളത്തിന്റെ ആവിര്‍ഭാവം. എഴുത്ത് അറബിയിലും വായന മലയാളത്തിലുമായ ഭാഷാസാഹിത്യമാണ് അറബി-മലയാളം.
മലയാളം ആര്യനെഴുത്തായും ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് നരക ഭാഷയായും ഭൂരിഭാഗം മുസ്‌ലിംകളും കരുതിയിരുന്ന കാലത്ത് അറബി-മലയാളം മലബാര്‍ മുസ്‌ലിംകളില്‍ വ്യാപക പ്രചാരം നേടിയിരുന്നു. അച്ചടിവിദ്യ വികസിക്കാത്ത കാലത്ത് പോലും മലബാറില്‍ വലിയൊരു വിഭാഗം ഈ ഭാഷയില്‍ സാക്ഷരരായിരുന്നു. അച്ചടി വ്യാപകമായതോടെ നിരവധി ഗദ്യപദ്യ കൃതികള്‍ അറബി മലയാള സാഹിത്യ വിഭാഗത്തിലുണ്ടായി. ദൈനംദിന ജീവിത പരമാര്‍ശിതമായ ധാരാളം ഗാനങ്ങളും കവിതകളും പ്രചരിച്ചു. ബംഗാളി, സിന്ധി, കന്നട, തെലുങ്ക് തമിഴ് തുടങ്ങി പല ഇന്ത്യന്‍ ഭാഷകളോടും അറബി ഭാഷ ചേര്‍ന്ന് മിശ്രിത ഭാഷ രൂപപ്പെട്ടിട്ടുണ്ട്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ഇരുപതാം വയസ്സില്‍ 1872ല്‍ രചിച്ച തീക്ഷ്ണമായ പ്രേമവും വിരഹവും കലര്‍ന്ന പ്രസിദ്ധ കാവ്യസമാഹാരം ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ അറബി, പേര്‍ഷ്യന്‍, മലയാളം, തമിഴ്, കന്നട, ഉറുദു, ഹിന്ദി ഭാഷകളിലെ പദങ്ങള്‍ ഇഴുകി ച്ചേര്‍ന്നതാണ് . അറബി മലയാളത്തിന്റെ കൂടുതല്‍ രചനകളിലും അറബി-മലയാള വാക്കുകള്‍ക്കാണ് പ്രാമുഖ്യം. ചില വരികളിതാ മേടം വ ചിങ്ങം രണ്ടിലും സമാനിയ ഫീ ഇടവമീനം കര്‍ക്കിടത്തില്‍ താസിആ മിഥുനം വ കന്നി രണ്ടിലും ഒമ്പതര- കുഭംതുലാം അഖ്ദാമുദൈനീ പത്തര വൃശ്ചികം വ മകരം രണ്ടിലും പതിനൊന്നേകാല്‍ പതിനൊന്നേമുക്കാല്‍ ഫീ ധനുമാസം യുകാല്‍. 1607ല്‍ രചിക്കപ്പെട്ട മുഹ്‌യിദ്ദീന്‍ മാലയാണ് കണ്ടറിവനുസരിച്ച് ആദ്യത്തെ അറബി മലയാള രചന. ഇതിന്റെ കര്‍ത്താവ് കോഴിക്കോട് സ്വദേശി ഖാസി മുഹമ്മദും എഴുത്തച്ഛനും സമകാലികരായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം ക്രി.വ: അഞ്ചാം ശതകം മുതല്‍ ആരംഭിക്കുന്നുണ്ടെങ്കിലും 14-ാം ശതകം തൊട്ടാണ് ഈ ഭാഷ ബ്രിട്ടനില്‍ ശക്തമായ മേധാവിത്വം പുലര്‍ത്തി തുടങ്ങിയത്. 1476ല്‍ വില്ല്യം കാക്‌സ്റ്റണ്‍ അച്ചടിവിദ്യ കണ്ടു പിടിച്ചതോടെയാണ് ഇംഗ്ലീഷ് ഭാഷയുടെ പ്രസരണത്തിന് വേഗത വര്‍ധിച്ചത്. 16-ാം നൂറ്റാണ്ടു മുതല്‍ ബ്രട്ടീഷുകാര്‍ ലോക ജനതയുമായി ബന്ധം സ്ഥാപിച്ചതും കലാസാഹിത്യാദി രംഗങ്ങളില്‍ വന്ന പുരോഗതിയും ഈ ഭാഷയെ ആഗോള രംഗത്ത് എറ്റവും മികച്ച പ്രചാരമുള്ള ഭാഷയാകാന്‍ വഴിയൊരുക്കി. സ്വാതന്ത്ര്യത്തിനു മുമ്പ് ഭാരതത്തില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിരുന്നുവെങ്കിലും. സ്വാതന്ത്ര്യാനന്തരം തല്‍സ്ഥാനത്ത് ഹിന്ദിയും ഉപഭാഷ ഇംഗ്ലീഷുമാണ്. നമ്മുടെ മാതൃഭാഷയായ മലയാളത്തിന് ലോകഭാഷകളില്‍ 34-ാം സ്ഥാനമുണ്ട്.
Leave A Comment