കോല്‍ക്കളിയുടെ മുഖങ്ങള്‍
മുസ്‌ലിം കലാരൂപങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്നാണ് കോല്‍ക്കളി. പ്രത്യേകം തയ്യാറാക്കിയ കമ്പുകള്‍ കൊണ്ട് മാപ്പിളപ്പാട്ടിന്റെ അകമ്പടിയോടെ വശ്യമായ താളത്തിലും ഈണത്തിലും പരസ്പരം അടിച്ചും മുട്ടിയും ഒരു അസാധാരണ വശ്യത കൈവരുത്തുന്ന സംഭവമാണിത്. വളരെ ഏറെ ഏകാഗ്രത ആവശ്യമുള്ളതും നീണ്ട കാലത്തെ പരിശീലനത്തിലൂടെ മാത്രം സ്വായത്തമാക്കിയെടുക്കാന്‍ സാധിക്കുന്നതുമായ ഒരു കലയാണിത്. സ്വായത്തമായാല്‍പിന്നെ ഏറെ ചാരുതയോടെ ആസ്വദിക്കാന്‍ സാധിക്കുന്ന കലാരൂപം കൂടിയാണ്. മാപ്പിള കലാ ശേഷിപ്പിന്റെ ഒരു വലിയ സംഭാവനയായി ഇതിനെ കാണാവുന്നതാണ്. കേരളത്തിലെ വിവിധ സമുദായക്കാര്‍ക്കിടയില്‍ കോല്‍ക്കളിയോട് സമാനമായ പല കളികളും നിലനിന്നിരുന്നു. കോലടിക്കളി, കമ്പടിക്കളി തുടങ്ങിയ നാമങ്ങളിലും കോല്‍ക്കളി അറിയപ്പെടുന്നു. മലബാറിലെ ഹിന്ദുക്കളിലെയും ക്രിസ്ത്യാനികളിലെയും മുസ്‌ലിംകളിലെയും കോല്‍ക്കളില്‍ പ്രകടമായ വ്യത്യാസം കാണാവുന്നതാണ്. വന്ദനക്കളി, വട്ടക്കോല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റല്‍, ചുറഞ്ഞ് ചുറ്റല്‍, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങള്‍ കോല്‍ക്കളിയുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്. സാധാരണ ഗതിയില്‍ പുരുഷന്മാരാണ് കോല്‍ക്കളി നയിക്കാറുള്ളത്. കോലുകള്‍ ഉപയോഗിച്ചുകൊണ്ട് സ്ത്രീകള്‍ കളിക്കുന്ന കളിക്ക് കോലാട്ടം എന്നാണ് പറയുന്നത്. വട്ടത്തില്‍ ചുവടുവെച്ച് ചെറിയ മുട്ടുവടികള്‍കൊണ്ട് താളത്തില്‍ അടിക്കുന്ന ഒരു രംഗമാണ് കോല്‍ക്കളി. നൃത്തം പുരോഗമിക്കുന്നതിനനുസരിച്ച് കോല്‍ക്കളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചെറുതാവുകയും ചെയ്യുന്നു. പശ്ചാത്തല ഗീതം സ്ഥായി കൂടുകയും കുറയുകയും ചെയ്യുന്നു. മാപ്പിളമാര്‍ക്കിടയില്‍ നിലനിന്നിരുന്ന കോല്‍ക്കളി പലതുകൊണ്ടും ഇവയില്‍നിന്നെല്ലാം വ്യതിരിക്ത പുലര്‍ത്തുന്നതായിരുന്നു. ഒന്നാമതായി, അതിന്റെ ആത്മാവ് തന്നെ. തീര്‍ത്തും ഒരു മുസ്‌ലിം ചിന്ത നിലനിര്‍ത്തുന്നതായിരുന്നു മാപ്പിള കോല്‍ക്കളി. അതിന്റെ ഒരുക്കവും ചുവടുകളും ചലനങ്ങളും പാട്ടുകളും എല്ലാം വശ്യമായ ആത്മീയാനുഭൂതിയാണ് നല്‍കിയിരുന്നത്. പ്രവാചകരെയോ ഖലീഫമാരെയോ സംബന്ധിയായ മാപ്പിളപ്പാട്ടുകളാണ് അവക്ക് താളം പകര്‍ന്ന് അവതരിപ്പിക്കപ്പെട്ടിരുന്നത് എന്നതിനാല്‍ വല്ലാത്തൊരു അനുഭൂതി അതില്‍ അടങ്ങിയിരുന്നു. 'എട്ട്, പത്ത്, പന്ത്രണ്ട് എന്നിങ്ങനെ ഇരട്ടയായിട്ടാണ് കോല്‍ക്കളിസംഘം ഉണ്ടായിരുന്നത്. പ്രത്യേകം അളവിലും രൂപത്തിലുമുള്ള കോലുകള്‍ താളാത്മകമായി കൂട്ടിമുട്ടി ശബ്ദവീചികളുയര്‍ത്തി ഒപ്പം ഗാനാലാപനത്തോടെ ചുവടുകള്‍ ദ്രുതഗതിയില്‍ ചലിപ്പിച്ച് വട്ടത്തില്‍ ഓടിക്കൊണ്ട് കളി മുറുക്കുന്നു. സംഘത്തിലെ നേതാവിനെ ഗുരുക്കള്‍ എന്നാണ് വിളിക്കുന്നത്. ഓരോ സംഘവും തങ്ങളുടെ കളി നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ വാചികമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ടാണ്. ചില വേളകളില്‍ പാട്ട് പാടുന്നതും ഗുരുക്കള്‍ തന്നെയായിരിക്കും. തകൃത-ത്തിതകൃത ത്താകൃത ബില്ലത്തൈ.... എന്നിങ്ങനെയാണ് കളിയുടെ മുറുക്കം കൂട്ടാന്‍ ഗുരുക്കള്‍ ഇടക്കിടെ ഉരുവിടുന്നത്. കളരിപ്പയറ്റിലെ അഭ്യാസങ്ങളെ അനുസ്മിരിപ്പിക്കുന്ന വിധം മെയ് വഴക്കത്തോടെ അകത്തേക്കും പുറത്തേക്കുമായി ഇടവലം പിരിഞ്ഞു കള്ളിക്കാന്‍ വൃത്തങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. നിര്‍ത്തത്തിന്റെ പരിതി ഏറുകയും കുറയുകയും ചെയ്യുന്നു. അതോടെ ഉള്ളിലെയും പുറത്തെയും ജോഡികള്‍ തമ്മില്‍ മാറിയും മറിഞ്ഞും തിരിഞ്ഞും കോലുകള്‍ ആഞ്ഞു മുട്ടിക്കളി തകര്‍ക്കുന്നു. അതോടൊപ്പം ഓരോ ജോഡിയിലേയും അകവും പുറവും കൂട്ടിമുട്ടി അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. അങ്ങനെ കളിക്കുന്നതിനിടയില്‍ ഓരോ ഘട്ടത്തിലും ഗുരുക്കള്‍ വൃത്തത്തിന് അകത്ത് കടന്ന് കളിക്കാര്‍ക്ക് ആവേശം പകരാന്‍ ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കുന്നു. മറിഞ്ഞികളി, തിരിഞ്ഞികളി, ഒഴിച്ചളി, മുല്‍ക്കളി എന്നിങ്ങനെയാണ് അയാള്‍ വിളിച്ചു പറയുക. പലരീതികളിലുള്ള പ്രകടനങ്ങള്‍ക്കു ശേഷം മൂപ്പന്റെ ശബ്ദം വീണ്ടും ഉയരുന്നു: തകൃത-ത്തിതകൃത ത്താകൃത ബില്ലത്തൈ... അതോടെ കളി അവസാനിക്കുന്നു. താള ഭംഗിയും അഭ്യാസ ചാതുരിയും ചേര്‍ന്ന കലാരൂപമാണിത്. കള്ളി മുണ്ടും ബനിയനും തലയില്‍ ഉറുമാലുമാണ് വേഷം. പാട്ടില്ലാതെയും കോല്‍ക്കളി കളിക്കാറുണ്ട്. പക്ഷെ, കളിയുടെ ആത്മാവ് മാപ്പിളപ്പാട്ടാണ്. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടാണ് സാധാരണ പാടാറുള്ളത്.' (മുസ്‌ലിംകലകള്‍, കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രം: 231) യുദ്ധപ്പാട്ടുകള്‍, കെസ്സുപാട്ടുകള്‍, ചരിത്രപാട്ടുകള്‍ തുടങ്ങിയവയെല്ലാം കോല്‍ക്കളി വേളകളില്‍ ആലപിക്കാറുണ്ട്. വളരെ സാധാരണ ഗതിയിലാണ് പാട്ട് തുടങ്ങുന്നതെങ്കിലും ക്രമേണ കളി ശക്തമാകുന്നതിനനുസരിച്ച് പാട്ട് സ്പീഡ് കൂടുകയും മുറുകയും ചെയ്യുന്നു. അവസാന ഭാഗമാവുമ്പോഴേക്കും വന്‍ മുറുക്കത്തിലായിരിക്കും ഉണ്ടായിരിക്കുക. കല്യാണ പരിപാടികളോട് ചേര്‍ന്നോ മറ്റു ആഘോഷങ്ങളോടനുബന്ധിച്ചോ ആണ് സാധാരണ ഇത് അരങ്ങേറുന്നത്. ഓണം പോലോത്ത ആഘോഷവേളകളിലും ഇത് അവതരിപ്പിക്കപ്പെടാറുണ്ട്. മാപ്പിളമാര്‍ക്കിടയില്‍തന്നെ വിവിധ രൂപത്തിലും ഭാവത്തിലുമാണ് കോല്‍ക്കളി നിലനില്‍ക്കുന്നത്. പല നാടുകളിലും പല ശൈലിയിലാണ് അതിലെ ചുവടുകള്‍. താലക്കളിയാണ് അതിലൊന്ന്. കോല്‍ക്കളിയുടെ ലളിതമായ ശൈലിയാണിത്. പല തീരദേശ ഏരിയകളിലും ഈയൊരു ശൈലിയാണ് കാണപ്പെടുന്നത്. കോഴിക്കോട്, പരപ്പനങ്ങാടി, വള്ളിക്കുന്ന്, ചാലിയം, ബേപ്പൂര്‍ തുടങ്ങിയയിടങ്ങളിലെല്ലാം ഇത് അനുവര്‍ത്തിച്ചുവരുന്നു. കുരിക്കളും കുട്ടികളുമാണ് മറ്റൊന്ന്. സംഗീതങ്ങളുടെയും പാട്ടുകളുടെയും പശ്ചാത്തലത്തിലുള്ള അല്‍പ്പംകൂടി മാറിയ ഒരു ശൈലിയാണിത്. മലപ്പുറം പോലോത്ത ഉള്‍പ്രദേശത്താണ് ഇത് കാണപ്പെട്ടുന്നത്. കളരിപോലെ ശരീരവഴക്കത്തിന്റെ അഭ്യാസങ്ങളും ഇതില്‍ വരുന്നു. ഇതിലെ നായകന്മാര്‍ കുരിക്കള്‍ എന്നോ ഗുരുക്കള്‍ എന്നോ ആണ് അറിയപ്പെടുന്നത്. ഉറപ്പുള്ള വൃക്ഷ കമ്പുകളോ വേരുകളോ ഉപയോഗിച്ചാണ് സാധാരണ ഗതിയില്‍ കോല്‍ക്കലിക്ക് കോലുകള്‍ ഉണ്ടാക്കിയിരുന്നത്. ഒരഗ്രം അല്‍പം കട്ടികൂടിയതും മറ്റേത് അല്‍പം കുറഞ്ഞതുമായ നിലയിലായിരിക്കും അതിന്റെ രൂപം. ഉറപ്പിനായി എണ്ണ തേച്ച് ഉണക്കി കൊഴുപ്പിച്ചിരിക്കും. മുമ്പ് പറഞ്ഞപോലെ, ഈരണ്ടായി ആറു മുതല്‍ പതിനാറ് വരെയാണ് ഇതിലെ അംഗങ്ങളുടെ എണ്ണം. കളിയിലെ ഓരോ ഘട്ടങ്ങളും അടക്കം എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. കളിയുടെ അവസാനം അടക്കം വെക്കല്‍ എന്ന പേരിലും. തുടക്കത്തല വായ്ത്താരിയും അടക്കത്തല വായ്ത്താരിയും ഇതിന്റെ ഭാഗമായി വരുന്നു. കളിയെ മുന്നോട്ട് നയിക്കുന്നതിന് കുരിക്കള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് വായ്ത്താരികള്‍ക്കൊണ്ട് വിവക്ഷിക്കുന്നത്. അത്തരം വായ്ത്താരികള്‍ ഇടക്കിടെ ചുരുങ്ങിയ നിലയില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കളിയുടെ ഇടയില്‍ മുഴങ്ങുന്ന വേറിട്ട ശബ്ദമാണിത്. കൂടുതല്‍ സമയവും മാപ്പിളപ്പാട്ടുകള്‍ തന്നെയാണ് ഉണ്ടാകുന്നത്. അടക്കത്തിലെയും വായ്ത്താരിയിലെയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് കളി തന്നെ മാറിപോവുകയോ പുതിയ രൂപം പ്രാപിക്കുകയോ ചെയ്യുന്നു. വായ്ത്താരികളോ അടക്കങ്ങളോ മാറിയതിനനുസരിച്ച് മാറിയതിന് ഉദാഹരണങ്ങളാണ്: ചെറു കളി, ചെറിയ താലംകളി, വലിയ താലം കളി, ചെറിയ ഒഴിച്ചാലിമുട്ട്, കുടുകുടുത്തായ്, മൂന്നടി നേരെ മാറ്, അനുക്കാലി തുടങ്ങിയവ. കോല്‍ക്കളിയെ പരിപോഷിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സംഭാവനകള്‍ നല്‍കിയ അനവധിയാളുകളുണ്ട്. ചാലിയം കുഞ്ഞി മുഹമ്മദ് കുരിക്കള്‍, ബിച്ചിക്കോയ കുരിക്കള്‍, അബ്ദു കുരിക്കള്‍, മുഹമ്മദ് കോയ കുരിക്കള്‍, ഇമ്പിച്ചിക്കോയ കുരിക്കള്‍, ആലിക്കുട്ടികുരിക്കള്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. കോല്‍ക്കളിയില്‍ പുതിയ ചുവടുകള്‍ കൊണ്ടുവന്ന് അതിനെ അലങ്കരിച്ച് മനോഹരമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ആളായിരുന്നു ചാലിയം മുഹമ്മദ് കുരിക്കള്‍. ഈ പുരോഗതികളുടെ എല്ലാ ക്രഡിറ്റും അദ്ദേഹത്തിലേക്കാണ് മടങ്ങുന്നത്.
Leave A Comment