തേനിന്റെ ഔഷധ ഗുണം

വളരെ ഔഷധ പ്രാധാന്യമുള്ള ഒരു അല്‍ഭുത മരുന്നാണ് തേന്‍. വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളുമെന്നപോലെ നാടന്‍ ചികിത്സാ ആചാര്യന്മാര്‍വരെ ഇതിന്റെ മേന്മ വ്യക്തമാക്കിയിട്ടുണ്ട്. അനവധി രോഗങ്ങള്‍ക്കുള്ള ശമനം തേനിലുണ്ടെന്ന് ആധുനിക ശാസ്ത്രം പോലും പറയുന്നു. തേനിന്റെ ഔഷധ മൂല്യങ്ങളെ പ്രവാചകന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നിന്റെ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു- മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിക്കൊള്ളുക. പിന്നെ, എല്ലാത്തരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട്, നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട''് (അന്നഹ്ല്‍: 68-69).)) തേനില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ടെന്നാണ് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നത്. ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ പ്രവാചകരും ഇതേ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

തേനിനെ ഒരു ഔഷധമായി കാണുകയും പരിചയപ്പെടുത്തുകയും ചെയ്ത പ്രവാചകന്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ച തേന്‍ വെറും വയറ്റില്‍ കുടിക്കാറുണ്ടായിരുന്നു (സാദുല്‍ മആദ്). അബൂഹുറൈറയില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: എല്ലാ മാസങ്ങളിലും മൂന്നു പ്രഭാതങ്ങളില്‍ ആരെങ്കിലും തേന്‍ കുടിക്കുകയാണെങ്കില്‍ വന്‍ രോഗങ്ങള്‍ അവന് പിടിപെടുകയില്ല (ഇബ്‌നു മാജ). മുഹമ്മദ് ബിന്‍ ബശ്ശാറില്‍നിന്നും നിവേദനം. ഒരാള്‍ പ്രവാചകരുടെ അടുത്തുവന്ന് തന്റെ സഹോദരന് വയറിളക്കം പിടിപെട്ടിട്ടുണ്ടെന്നു പറഞ്ഞു. നീ അവന് തേന്‍ കുടിപ്പിക്കുകയെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. അയാള്‍ സഹോദരന് തേന്‍ നല്‍കി. വീണ്ടും പ്രവാചക സവിധത്തിലെത്തി. തേന്‍ നല്‍കിയിട്ടും രോഗം മാറുന്നില്ലെന്നും രോഗം വര്‍ദ്ധിക്കുകയാണെന്നും പരാധിപ്പെട്ടു. പ്രവാചകന്‍ അതേ മറുപടി തന്നെ ആവര്‍ത്തിച്ചു: 'നീ അവന് തേന്‍ നല്‍കുക.' അയാള്‍ പോയി തേന്‍ നല്‍കി; വീണ്ടും തിരിച്ചു വന്ന് അതേ പരാധി തന്നെ പറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ പറഞ്ഞു: അല്ലാഹു സത്യവാനാണ്. നിന്റെ സഹോദരന്റെ വയറിനാണ് കുഴപ്പം. നീ അവനെ തേന്‍ കുടിപ്പിക്കുക. അങ്ങനെ അദ്ദേഹം തേന്‍ കുടിപ്പിക്കുകയും രോഗം ശമിക്കുകയും ചെയ്തു (തുര്‍മുദി).

അദ്ദേഹം തേന്‍ ദഹിക്കാനുള്ള സമയം കാത്തിരിക്കാതെ ധൃതി കാണിക്കുകയോ രോഗം ശമിക്കാന്‍ ആവശ്യമായ അളവില്‍ തേന്‍ കഴിക്കാതിരിക്കുകയോ ചെയ്തതാവാം രോഗം മാറാതിരുന്നതിന്റെ കാരണമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. എങ്ങനെയാണെങ്കിലും ഇത് വയറിളക്കത്തിനുള്ള മരുന്നാണെന്നാണ് പ്രവാചകന്‍ വ്യക്തമാക്കുന്നത്. പ്രവാചകന്‍ മറ്റൊരിടത്ത് പറയുന്നു: നിങ്ങള്‍ തേന്‍ ഉപയോഗിക്കുക. തേന്‍ സൂക്ഷിക്കുന്ന വീട്ടുകാര്‍ക്കുവേണ്ടി മലക്കുകള്‍ പൊറുക്കലിനെ തേടും. ആയിരം രോഗമുള്ള ഒരു വ്യക്തി അതുപയോഗിച്ചാല്‍ അതത്രയും അവന് സുഖപ്പെടുന്നതാണ് (തസ്ഹീലുല്‍ മനാഫിഅ്: 22).

മുന്‍കാല പണ്ഡിതന്മാര്‍ തേനിന്റെ ഔഷധ രഹസ്യം മനസ്സിലാക്കിയവരും അത് പല രോഗങ്ങള്‍ക്കും മരുന്നായി സേവിക്കുന്നവരുമായിരുന്നു. ഔഫ് ബിന്‍ മാലികുല്‍ അശ്ജഈ ഖുര്‍ആന്‍ വാക്യമനുസരിച്ച് തേന്‍കൊണ്ട് സുറുമയിടുകയും അതിനെ പലവിധ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗികുക്കയും ചെയ്തിരുന്നു (മുഅ്്ജിസാത്തുശ്ശിഫാഅഫാ). തേനിന്റെ ഔഷധ മൂല്യം ആധുനിക ശാസ്ത്രവും വ്യക്തമാക്കിയിട്ടുണ്ട്. ബാക്ടീരിയയുടെ നിലനില്‍പിന്നാവശ്യമായ ഈര്‍പ്പം നശിപ്പിക്കുന്ന പൊട്ടാസ്യം തേനില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, ബാക്ടീരിയകള്‍ക്ക് അതില്‍ പ്രവേശനം സാധിക്കുകയോ തേനിനെ നശിപ്പിക്കാന്‍ കഴിയുകയോ ചെയ്യുന്നില്ല. തേനില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് മറ്റു കൃത്രിമ പഞ്ചസാരകളുടെ ഇരട്ടിയാണത്രെ.

ഇതിലെ ഫേക്‌ടോസ്, ഗ്ലൂക്കോസ്, സക്‌റോസ്, മാല്‍റ്റോസ് തുടങ്ങിയ പഞ്ചാസരകളുടെ ഇനങ്ങള്‍ പതിനഞ്ചിലേറെ വരും. മനുഷ്യശരീരത്തിനാവശ്യമായ അനവധി വിറ്റാമിനുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, ബി-2, ബി-3, ബി-4, ബി-5, ബി-6, ഡി, കെ, യു, എച്ഛ്, ഫോളിക് ആസിഡ്, നിക്കോളിക്ക് ആസിഡ് തുടങ്ങിയവ അതില്‍ ചിലതാണ്. അനേകം ഭക്ഷണ സാധനങ്ങളില്‍ പരന്നു കിടക്കുന്ന വിറ്റാമിനുകള്‍ ഒരു തേന്‍തുള്ളിയില്‍നിന്നും ലഭിക്കുന്നു. കൂടാതെ, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം, അയഡിന്‍, പൊട്ടാസ്യം, സോഡിയം, ക്ലോറിന്‍, കോപ്പര്‍, ക്രോമിയം, നിക്കല്‍, ലഡ്, സിലിക്കണ്‍, മാന്‍ഗനീസ്, അലൂമിനിയം, ബോറോണ്‍, ലിഥിയം, ടിന്‍, സിങ്ക്, ടൈറ്റാനിയം തുടങ്ങിയ ലവണങ്ങളും ധാതുക്കളും തേനില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യനെ സൃഷ്ടിക്കാന്‍ അല്ലാഹു ഉപയോഗിച്ച മണ്ണിന്റെ ഘടകങ്ങളാണ് ഇവയെന്നതാണ് അല്‍ഭുതകരം. തേനില്‍ മനുഷ്യശരീരത്തിന്റെ ജീവസ്സിനും ഉന്മേഷത്തിനും ആവശ്യമായ നിരവധി എന്‍സൈമുകളും (ഫോസ്‌ഫേറ്റ്) ആസിഡുകളും (ഫോര്‍മിക് ആസിഡ്, ലാറ്റിക് ആസിഡ്, സൈട്രിക് ആസിഡ്, താര്‍താരിക് ആസിഡ്) അടങ്ങിയിട്ടുണ്ടത്രെ.

അതുപോലെ മനുഷ്യന് ശക്തിയേകുന്നതും ഉന്മേഷദായകവുമായ നിരവധി ഹോര്‍മോണുകളും കാന്‍സറിനെ പ്രതിരോധിക്കുന്ന ഡ്യുറ്റീരിയം അടക്കം നിരവധി രോഗപ്രതിരോധ ഘഠകങ്ങളും തേനിന്റെ തന്നെ പ്രത്യേകതയാണ്. യഥാര്‍ത്ഥ തേനല്ലാത്തവ തിരിച്ചറിയാന്‍ തേന്‍ തുള്ളികള്‍ ആല്‍ക്കോഹോളുമായി ചേര്‍ത്തുനോക്കിയാല്‍ മതി. രണ്ടും കൂടിച്ചേര്‍ന്നു ഒന്നാകുന്നുവെങ്കില്‍ യഥാര്‍ത്ഥ തേനാണെന്നു മനസ്സിലാക്കാം. അല്ലാത്ത പക്ഷം വേറിട്ട് നൂലുപോലെ മേല്‍ഭാഗത്ത് കാണാന്‍ സാധിക്കും. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തേന്‍ മരുന്നായി ഉപയോഗിക്കാന്‍ നബി തങ്ങള്‍ അരുള്‍ ചെയ്തു. ഇത്രമാത്രം രഹസ്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്നുകൂടി മനസ്സിലാക്കിയാല്‍ തിരുവചനത്തിന്റെ അര്‍ത്ഥസാഗരം നമുക്കു മുമ്പില്‍ തെളിഞ്ഞുവരുന്നു.

തേന്‍കൊണ്ടുള്ള ചില ചികിത്സകള്‍ സ്ത്രീസൗന്ദര്യം

മുഖത്ത് തേന്‍ പുരട്ടി പതിനഞ്ച് മിനുട്ടിനു ശേഷം ചൂടുവെള്ളംകൊണ്ട് കഴുകുക. ഉണങ്ങിയ ശേഷം അല്‍പം സൈതൂനെണ്ണ പുരട്ടുക. ഇപ്രകാരം ഒരാഴ്ച തുടരുക.

മുറിവുകള്‍

തേന്‍ പുരട്ടി കെട്ടുക. മൂന്നു ദിവസത്തിനു ശേഷമല്ലാതെ അഴിക്കരുത്. പേന്, ഈര് തലയില്‍ തേനിട്ട് തലയുടെ അടിഭാഗത്ത് എത്തുവോളം ഉരസുക. ഉറങ്ങുന്നതിനു മുമ്പായി തലമുടി കെട്ടുന്നത് വളരെ ഉപകാരപ്രദമാണ്. രാവിലെ ചൂടുവെള്ളത്തില്‍ കുളിച്ച് മുടി ചീകുക. ഇപ്രകാരം തുടര്‍ച്ചയായി ഒരാഴ്ച ചെയ്യുക.

ഉറക്കമില്ലായ്മ

ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ഒരു ടീസ്പൂണ്‍ തേന്‍ ഉപയോഗിച്ച് മധുരിപ്പിച്ച ഒരു കപ്പ് പാല്‍ കുടിക്കുക.

കണ്ണുരോഗങ്ങള്‍

രാവിലെയും ഉറങ്ങുന്നതിനു മുമ്പും തേനുപയോഗിച്ച് സുറുമയിടുക. ദിനേന ഒരു ടീസ്പൂണ്‍ കുടിക്കുകയും ചെയ്യുക.

മലബന്ധം

വയറിളക്കത്തിനു തേന്‍ മരുന്നായതുപോലെ മലബന്ധത്തിനും അതുപയോഗിക്കാവുന്നതാണ്. രാവിലെയും വൈകുന്നേരവും ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത ഒരു കപ്പ് തണുത്ത പാല്‍ ആമാശയത്തെ ശുദ്ധിയാക്കാന്‍ മതിയായതാണ്.

ഛര്‍ദ്ദി

ഗ്രാമ്പൂ നന്നായി തിളപ്പിച്ച് തേന്‍ ചേര്‍ത്ത് മധുരിപ്പിച്ചത് എല്ലാ ഭക്ഷണത്തിനും മുമ്പായി ഒരു കപ്പ് കുടിക്കുക.

നെഞ്ചുരോഗങ്ങള്‍

മധുരമുള്ളങ്കിയുടെ നീര് ഒരു ടീസ്പൂണ്‍ തേനോടു കൂടെ ഒരു കപ്പ് ചൂടുവെള്ളത്തില്‍ രാവിലെയും വൈകുന്നേരവും കഴിക്കുക. അതുപോലെ മണിക്കുന്തിരിക്കം വെള്ളത്തില്‍ തിളപ്പിച്ചത് തേന്‍കൊണ്ട് മധുരിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശത്തിന് ശക്തിയും ഉന്മേഷവും നല്‍കുന്നു.

വായനാറ്റം

രണ്ട് സ്പൂണ്‍ വെള്ളത്തില്‍ കലക്കി പുകയുണ്ടാകുന്നതുവരെ ചൂടാക്കി പുകക്കുഴലുപയോഗിച്ച് വായ വഴി ആവി പിടിക്കുക. തേന്‍മെഴുക്ക് ചവക്കല്‍ പതിവാക്കുന്നതോടൊപ്പം ഇത് കുറച്ചു ദിവസം തുടരുക.

പകര്‍ച്ചപ്പനി

തേനും ചെറിയ ഉള്ളിത്തൊലിയുരിഞ്ഞതും വെള്ളത്തിലിട്ട് പുകയുയരുന്നതുവരെ തിളപ്പിച്ച് ആവി പിടിക്കുകയും എല്ലാ ഭക്ഷണത്തിനു ശേഷവും ഒരു സ്പൂണ്‍ വീതം തേന്‍ കുടിക്കുകയും ചെയ്യുക.

മോണവേദന

തേന്‍ സുര്‍ക്കയില്‍ കലര്‍ത്തി പ്രഭാതത്തിലും പ്രദോഷത്തിലും കുലുക്കുഴിയുക. തേന്‍കൊണ്ട് മോണ ഉരസുക. പല്ലു തേക്കാന്‍ ബ്രഷും പേസ്റ്റായി തേനും ഉപയോഗിക്കുക. ദന്തക്ഷയത്തിനും പല്ലുകള്‍ക്ക് ശക്തി ലഭിക്കാനും ഇത് സഹായകമാണ്.

ചലക്കുരു

ദിവസേന മൂന്നു പ്രാവശ്യം തേന്‍ പുരട്ടി ലോലമായി ഉരസുകയും എല്ലാ ഭക്ഷണതിനു ശേഷവും ഓരോ സ്പൂണ്‍ തേന്‍ കുടിക്കുകയും ചെയ്യുക.

ചീര്‍ക്കല്‍

തേനീച്ചയുടെ പശയുപയോഗിച്ച് ചീര്‍ത്ത ഭാഗം ബാന്റേജിടുകയും ദിനേന വൃത്തിയാക്കി ബാന്റേജ് മാറ്റുകയും ചെയ്യുക. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുമ്പായി ഒരു സ്പൂണ്‍ തേന്‍ കഴിക്കുക.

ശാസകോശക്ഷയം

പനിനീര്‍ വെള്ളം തേനില്‍ കലര്‍ത്തി രാവിലെയും വൈകുന്നേരവും ഒരു കപ്പ് കഴിക്കുക. നെഞ്ചിലും പിരടിയിലും തേന്‍ ചേര്‍ത്ത സൈത്തൂനെണ്ണ പുരട്ടുക.

ഹൃദയമിടിപ്പ്

ദിവസേന ഭക്ഷണത്തിനു ശേഷം ഒരു മാസത്തോളം ഒരു സ്പൂണ്‍ തേന്‍ കുടിക്കുകയും ഒരു കപ്പ് മുള്ളങ്കി നീരോ മുളച്ചുവരുന്ന ഗോതമ്പിന്റെ നീരോ കുടിക്കുകയും ചെയ്യുക.

ചെവിവേദന

അല്‍പം ലവണം ചേര്‍ത്ത വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുമ്പായി ചെവിയില്‍ ഉറ്റിക്കുക.

വാതരോഗം

തേന്‍ ഒരു സ്പൂണ്‍ കരിഞ്ചീരകമെണ്ണയില്‍ കലര്‍ത്തി ഒരു കപ്പ് ചൂടുവെള്ളത്തില്‍ കുടിക്കുക. അതോടൊപ്പം കരിഞ്ചീരകമെണ്ണയും സൈത്തൂനെണ്ണയും കര്‍പ്പൂരത്തിന്റെ എണ്ണയും സമമായ അളവില്‍ തേനില്‍ കലര്‍ത്തി പുരട്ടുക. ഇത് ഉറങ്ങുന്നതിന് മുമ്പായി രോമത്തുണികൊണ്ട് കൂടുതല്‍ മുറുക്കം കൂടാതെ പൊതിഞ്ഞുകെട്ടുക. അതുപോലെ വാതരോഗം പൂര്‍ണമായി മാറുന്നതിന് വേദനയുള്ള സ്ഥലത്ത് തേനീച്ചയെ കുത്തിക്കുകയും കുത്തിയ സ്ഥലത്ത് തേന്‍ പുരട്ടുകയും ചെയ്യുക.

അരിമ്പാറ, പാലുണ്ണി

തേനീച്ചയുടെ പശ ചൂടാക്കി അരിമ്പാറ, പാലുണ്ണിയുടെ മേല്‍ ശക്കമായി വെച്ചു കെട്ടി, മൂന്നു ദിവസത്തിനു ശേഷം മാറ്റുക. മാറുന്നതുവരെ ഇത് തുടരുക.

വൃക്കയിലെ കല്ല്

ചീരയില വേവിച്ച് മൂന്ന് സ്പൂണ്‍ തേനും ഒരു കപ്പ് പശുവിന്‍ നെയ്യും ശരിയായി കലര്‍ത്തി വൃക്കാസ്വാസ്ഥ്യം അനുഭവപ്പെടുന്ന സമയത്ത് ഒരു കപ്പ് കുടിക്കുക. ഇപ്രകാരം ഒരാഴ്ച തുടരുക.

സ്ത്രീരോഗങ്ങളും സുഖപ്രസവവും

പ്രസവവേദനയുടെ തുടക്കത്തില്‍ സ്ത്രീ ഒരു കപ്പ് തേന്‍ കുടിക്കുന്നത് സുഖപ്രസവം സാധ്യമാക്കുന്നു. പ്രസവശേഷം നാടന്‍ ഗോതമ്പു പത്തിരിയോടുകൂടെ തേന്‍ കഴിക്കുന്നത് സ്ത്രീക്ക് ഉത്തമമാണ്. രാവിലെയും വൈകുന്നേരവും ഉലുവ നന്നനായി തിളപ്പിച്ചത് തേന്‍ മധുരിപ്പിച്ച് ഒരു കപ്പ് കുടിക്കുന്നത് ആര്‍ത്തവം സുഗമമായി പുറത്തുവരുന്നതിനും വേദനകള്‍ ഇല്ലാതാകുന്നതിനും സഹായകമാണ്.

പുനരുല്‍പാദനശേഷി

മൂന്നു ചുവന്നുള്ളി ഇടിച്ച് നീരെടുത്ത് അത്രതന്നെ തേനമായി കലര്‍ത്തി തേനിന്റെ നുരയില്ലാതാകുന്നതുവരെ ചൂടാക്കിയ ശേഷം ഗ്ലാസില്‍ സൂക്ഷിക്കുക. ദിവസേന പ്രഭാത ഭക്ഷണത്തിനു ശേഷം ഒരു സ്പൂണ്‍ സേവിക്കുക. ഇത് കരിഞ്ചീരകവുമായി ചേര്‍ത്താല്‍ വയസ്സേറിയവരായാല്‍പോലും നന്നായി ശക്തി വര്‍ദ്ധിക്കുന്നതാണ്. അതുപോലെയാണ് ഇത് തര്‍ക്കാരിക്കിഴങ്ങിന്റെ വിത്തുകളോടെ ജാം രൂപത്തില്‍ കഴിക്കുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter