ചില പ്രവാചക ചികിത്സകള്‍

അഞ്ജനക്കല്ല്

പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും (അബൂദാവൂദ്). പ്രവാചകന് ഒരു സുറുമക്കുപ്പിയുണ്ടായിരുന്നു. അതില്‍നിന്ന് എല്ലാ രാത്രിയും ഓരോ കണ്ണിലും മൂന്നു പ്രാവശ്യം വീതം പ്രവാചകന്‍ സുറുമയിടാറുണ്ടായിരുന്നു (തുര്‍മുദി).

കോഴിമുട്ട

കോഴിമുട്ട വളരെ ഉത്തമമുള്ള ഒന്നാണ്. അത് പകുതി വേവിച്ച് കഴിക്കുന്നതാണ് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു മുഖത്ത് തേച്ചാല്‍ വെയില്‍ കൊണ്ടുണ്ടായ അടയാളം ഇല്ലാതാവും. തീ പൊള്ളുന്നതിന് അത് പുരട്ടുന്നത് ഫലപ്രദമാണ്. അത് രക്തരോധം (ഭക്ഷണം തൊണ്ടയില്‍ കെട്ടുന്ന രോഗം), കണ്ണുവേദന, ഒച്ചടപ്പ്, രക്തം, തുപ്പല്‍ എന്നിവക്ക് ഫലപ്രദമാണ്. പല പോഷകാംശങ്ങളും മുട്ടയില്‍ ഉള്‍കൊള്ളുന്നു. കാമവികാരം വര്‍ദ്ധിപ്പിക്കുന്നു (ഥിബ്ബുന്നബവി-ദഹബി). പ്രവാചകന്‍ പറഞ്ഞു: ഒരു പ്രവാചകന്‍ ശക്തി ക്ഷയം സംഭവിച്ച് അല്ലാഹുവിനോട് ആവലാതിപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് മുട്ട കഴിക്കാനാണ് കല്‍പിച്ചത് (ബൈഹഖി).

മൈലാഞ്ചി

ഉമ്മു സലമ (റ) പറയുന്നു: നബി തിരുമേനിക്ക് മുറിവുണ്ടാവുകയോ മുള്ള് കുത്തുകയോ ചെയ്താല്‍ മൈലാഞ്ചി അരച്ചിടാറുണ്ടായിരുന്നു (തുര്‍മുദി, ഇബ്‌നു മാജ). അനസ് (റ) വില്‍നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ മൈലാഞ്ചി കൊണ്ട് ഛായം കൊടുക്കുക. അത് നിങ്ങളുടെ യുവത്വവും ഭംഗിയും കാമശക്തിയും വര്‍ധിപ്പിക്കുന്നതാണ് (അബൂനഈം). നരച്ച താടിക്ക് മൈലാഞ്ചിയിടല്‍ സുന്നത്താണ്. എന്നാല്‍, കൈയിലും കാലിലും പുരുഷന്‍ അതുപയോഗിക്കല്‍ നിഷിദ്ധവുമാണ്.

സുര്‍ക്ക

പ്രാവചകന്‍ പറഞ്ഞു: സുര്‍ക്ക ഒരു നല്ല കൂട്ടാനാണ് (മുസ്‌ലിം). സുര്‍ക്ക വയര്‍ കത്തിക്കാളുന്നത് ശമിപ്പിക്കും. വാതത്തിനും കഫത്തിനും നല്ലതല്ല. ഉണല്‍ (ചെറിയ കുരു), ചൊറി, തീപൊള്ളല്‍, എന്നിവക്ക് ഫലപ്രദം. പനിനീര്‍ എണ്ണയും വെള്ളവും ചേര്‍ത്തു ഉപയോഗിച്ചാല്‍ തലവേദനക്ക് ഫലം ചെയ്യും. വായില്‍ വെച്ചുകൊണ്ടിരുന്നാല്‍ പല്ലുവേദന ശമിക്കും. ദഹനത്തെ സഹായിക്കും.

ഈച്ച

അബൂഹുറൈറയില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: നിങ്ങളാരുടെയെങ്കിലൂം പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ മുക്കിയെടൂത്ത് കളയൂക. കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ രോഗശമനവുമാണ്. രോഗമുള്ള ചിറക് കുത്തിയാണ് അത് വീഴുന്നത്. അതിനാല്‍ അതിനെ മുഴുവനായി മുക്കുക (അബൂദാവൂദ്).

വെണ്ണ

ബുസ്‌റുബ്‌നു സലമിന്റെ രണ്ട് സന്താനങ്ങളില്‍ നിന്നു നിവേദനം. അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവാചകര്‍ക്കു വെണ്ണയും കാരക്കയും നല്‍കി. ഇതു രണ്ടും അവിടന്നു ഇഷ്ടപ്പെട്ടിരുന്നു (അബൂദാവൂദ്).

ഉണക്കമുന്തിരി

തമീമുദ്ദാരി (റ) നിവേദനം ചെയ്യുന്നു. പ്രവാചകരുടെ അടുക്കലേക്കു ഉണക്കമുന്തിരി കൊണ്ടുവന്നപ്പോള്‍ അവിടന്നു പറഞ്ഞു: നിങ്ങള്‍ ഇത് തിന്നുക. വളരെ നല്ല ഭക്ഷണമാണ്. ക്ഷീണം തീര്‍ക്കുകയും ദേഷ്യം അടക്കി നിര്‍ത്തുകയും നാഡിക്ക് ബലം നല്‍കുകയും വായയുടെ ഗന്ധം നന്നാക്കുകയും ചെയ്യുന്നു (അബൂനഈം). അലി (റ) പറഞ്ഞു: ചുകന്ന ഇരുപത്തിയൊന്ന് മുന്തിരി തിന്നുകൊണ്ടിരുന്നാല്‍ അവന്റെ ശരീരത്തില്‍ അനിഷ്ടമായ ഒന്നുമുണ്ടാവില്ല. ഓര്‍മ വര്‍ദ്ധിക്കാനുദ്ദേശമുണ്ടെങ്കില്‍ ഉണക്കമുന്തിരി തിന്നുകൊണ്ടിരിക്കുക (ഇമാം സുഹ്‌രി). മുന്തിരിയും പിസ്തയുടെ കുഴമ്പും മണിക്കുന്തിരിക്കവും കൂടി എല്ലാ ദിവസവും തിന്നുകൊണ്ടിരുന്നാല്‍ ബുദ്ധി ശക്തി വര്‍ദ്ധിക്കും.

നെയ്യ്

നബി പറഞ്ഞു: പശുവിന്‍ പാല്‍ രോഗം ശമിപ്പിക്കുന്നതും നെയ്യ് ഔഷധവുമാകുന്നു. പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ സാധനങ്ങളും തിന്നുന്നതാണ്. അലി (റ) പറയുന്നു: ജനങ്ങള്‍ രോഗശമനത്തിനായി ഉപയോഗിക്കുന്നതില്‍നിന്ന് ഏറ്റവും ഉത്തമം നെയ്യാകുന്നു (അബൂ നഈം).

സുന്നാമക്കി

അസ്മാ (റ) വില്‍നിന്ന് നിവേദനം. പ്രവാചകന്‍ എന്നോട്, നീ എന്താണ് ശോധനക്കു ഉപയോഗിക്കാറുള്ളതെന്ന് ചോദിച്ചപ്പോള്‍ കൈപ്പന്‍ പൂളയാണെന്ന് ഞാന്‍ മറുപടി നല്‍കി. അത് വലിയ ഉഷ്ണമുള്ളതാണല്ലോ എന്ന് അവിടുന്ന് പ്രതിവജിച്ചു. പിന്നീട് സുന്നാമക്കിയാണ് ഉപയോഗിച്ചത്. അതിനെക്കുറിച്ച് തിരുമേനി ഇപ്രകാരം  പറഞ്ഞു: വല്ല ഔഷധവും മരണത്തെ തടുക്കുന്നതായി ഉണ്ടായിരുന്നുവെങ്കില്‍ അത് സുന്നാമക്കിയാകുമായിരുന്നു.

യവം

ആയിശ (റ) യില്‍ നിന്നു നിവേദനം. വീട്ടുകാര്‍ക്ക് പനിയുണ്ടായാല്‍ യവക്കഷായം കുടിക്കാന്‍ തിരുമേനി നിര്‍ദ്ദേശിക്കുമായിരുന്നു (ഇബ്‌നു മാജ). അതിന്റെ കഷായം ചുമക്കും തൊണ്ടവേദനക്കും ഫലപ്രദമാണ്. മൂത്രം സ്രവിപ്പിക്കുകയും ആമാശയം ശുദ്ധിയാക്കുകയും ദാഹം ശമിപ്പിക്കുകയും ഉഷ്ണം കുറക്കുകയും ചെയ്യുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter