ത്രിലോക്പുരി ശാന്തമാണ്...!!!
trilokpuri5‘കലാപ’വും നിരോധനാജ്ഞയും ഹര്‍ത്താലുമൊക്കെ കഴിഞ്ഞ് കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക്പുരി വീണ്ടും പഴയ ത്രിലോക്പുരിയിലേക്ക് സാവകാശം മടങ്ങിത്തുടങ്ങുകയാണ്. വെടിയൊച്ചകള്‍ക്കും കല്ലേറുകള്‍ക്കും ശേഷം ശാന്തമായിരിക്കുകയാണ്. ഒരാഴ്ച്ചയിലേറെ അടഞ്ഞു കിടന്നിരുന്ന കടകള്‍ ഏതാണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്, വിജനമായിരുന്ന  റോഡുകളില്‍ വാഹനങ്ങളൊക്കെ ഓടിത്തുടങ്ങി. എന്നാലും പൊടുന്നനെയുണ്ടായ അക്രമപരമ്പരകളുണ്ടാക്കിയ നടുക്കം ഇവിടുത്തെ ജനങ്ങളുടെ മഖത്തു ഇപ്പോഴും ബാക്കിയുണ്ടെന്നതാണ് സത്യം. 1984 ഒക്ടോബര്‍ 31ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊലക്കൊലയോടെയാണ് കിഴക്കന്‍ ദില്ലിയിലെ ത്രിലോക്പുരിയെ കുറിച്ച് ലോകം അറിഞ്ഞു തുടങ്ങുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ നിന്ന് ഏതാണ്ട് 15 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരിക്കല്‍ കൂടി ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് നാം കണ്ടുകഴിഞ്ഞു. ഇക്കഴിഞ്ഞ ദീപാവാലി വേളയില്‍, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 21ന്  ഒരു കൂട്ടം മദ്യപര്‍ക്കിടയിലുണ്ടായ സ്വാഭാവികമായ ഒരു തര്‍ക്കം, ഹിന്ദു മുസ്‍ലിം കലാപമായി രൂപാന്തരപ്പെട്ടതായായിരുന്നു വാര്‍ത്ത. മദ്യപാനവും അതേ തുടര്‍ന്നുണ്ടാവുന്ന വഴക്കും വക്കാണവും സര്‍വസാധാരണമായ ഈ പ്രദേശത്ത് പെട്ടെന്നൊരു വഴക്കിന് കിട്ടിയ അമിത പ്രാധാന്യവും അതിനു പിന്നിലെ സാംഗത്യവും ഒരുപാട് സംശയങ്ങള്‍ക്കിടവരുത്തുന്നുണ്ട്. ദീപാവലിക്കും ഛാതൃ പൂജാ കര്‍മങ്ങള്‍ക്കും വേണ്ടി നിര്‍മിച്ച ഒരു താല്‍ക്കാലിക അമ്പലത്തില്‍- മാതാക്കി ചൌക്കി- ലെ ഉച്ചഭാഷിണിയില്‍ നിന്ന് വരുന്ന ശബ്ദം തൊട്ടടുത്ത പള്ളിയിലെ മുസ്‍ലിം സമുദായാഗംങ്ങള്‍ക്ക് രാത്രി ഇശാനിസ്കാരം നിര്‍വഹിക്കാന്‍ തടസമുണ്ടെന്ന സംസാരമാണ് വര്‍ഗീയ സംഘട്ടനത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. [caption id="attachment_40720" align="alignleft" width="382"]trilokpuri 1 കലാപാനന്തരം തൃലോക്പുരിയിലെ തെരുവ്[/caption] ഡല്‍ഹി നിയമസഭാ ഇലക്ഷന്‍ അടുത്തുവരുന്നതിന് മുമ്പായി ബി.ജെ.പി സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ അജണ്ടയായാണ് പല രാഷ്ട്രീയ വിധഗ്ദരും അക്രമങ്ങളെ കണ്ടത്. ലോക്സഭാ തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബി.ജെ.പി വടക്കന്‍ യു.പിയിലെ മുസഫര്‍നഗറില്‍ സൃഷ്ടിച്ച കലാപത്തിന് സമാനമായ ഒന്നാണ് ത്രിലോക്പുരിയിലും പ്രകടമായത്. കൃത്യമായും മുന്‍കൂട്ടി തയ്യാറാക്കിയ ഈ കലാപം പ്രദേശത്തെ ഭൂരിപക്ഷമായ മുസ്‍ലിം സമുദായത്തിന്റെ വോട്ട് ഭിന്നിപ്പിക്കാനും ഹിന്ദു സമുദായത്തിന്റെ വോട്ട് നേടാനും കഴിയുമെന്നാണ് ബി.ജെ.പി ഇതുവഴി കണക്കു കൂട്ടിയത്. പ്രസ്തുത കലാപത്തിലേക്ക് നയിച്ച സംഭവം നടക്കുന്നതിനു തൊട്ടു മുമ്പ് മുന്‍ ബി.ജെ.പി  എം.എല്‍.എ സ്ഥലത്തെത്തി പ്രേദേശത്തെ ഹിന്ദു സമുദായത്തിലെ യുവാക്കളെ സംഘടിപ്പിച്ച് ഒരു യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരി രണ്ടിന് അധികാരത്തിലേറ്റ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഗവണ്മെന്റ് കേവലം 48 ദിവസം അധികാരത്തിലിരുന്ന് ഫെബ്രുവരി 14ന് രാജിവെച്ചതിനെ തുടര്‍ന്ന് നിലവില്‍ രാഷ്ട്രപതി ഭരണമാണ് ഡല്‍ഹിയില്‍. നിലവിലെ പ്രമുഖ കക്ഷിയായ ബി.ജെ.പിയെ മുന്നണിയുണ്ടാക്കാന്‍ ക്ഷണിക്കണമോ അതോ നിലവിലെ സഭ പിരിച്ചു വിട്ട് പുതിയ ഇലക്ഷന്‍ നടത്തണമോ എന്ന ദീര്‍ഘകാലത്തെ ചര്‍ച്ചക്കൊടുവില്‍ രണ്ടാഴ്ച്ച മുമ്പാണ് സുപ്രീംകോടതി പുതിയ ഇലക്ഷന്‍ നടത്താന്‍ അനുമതി കൊടുത്തത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഏകപക്ഷീയമായ വിജയത്തെ തുടര്‍ന്ന് ഡല്‍ഹി ഇലക്ഷനിലും വിജയം ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും ആര്‍.എസ്.എസും. ഇന്ത്യന്‍ പാര്‍ലമെന്റിന് ഏകദേശം 15 കിലോമീറ്റര്‍ അകലെ യമുനയുടെ തീരത്ത് 30 വ്യത്യസ്ത സെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത്  കൂടുതലായും മറ്റു പ്രദേശങ്ങളില്‍ നിന്ന് പുരധിവസിപ്പിക്കപ്പെട്ടവരാണ് താമസിക്കുന്നത്. മുസ്‍ലിംകളും ദലിത്, സിഖ്, വാല്മീകി വിഭാഗങ്ങളും തിങ്ങിത്താമസിക്കുന്ന ഈ പ്രദേശം അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയാണ് വ്യത്യസ്ത ബ്ലോക്കുകളായി വിഭജിച്ചത്. തലസ്ഥാന നഗരത്തിന്റെ വ്യത്യസ്ത ചേരിപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഇവിടത്തുകാര്‍ 1976-ല്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നന്ന ചേരിപ്രദേശ ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി ഇവിടുത്തേക്ക് മാറ്റിപ്പാര്‍പ്പിക്കപ്പെടുകയായിരുന്നു. ഇവിടത്തെ മുസ്‍ലിംകള്‍ തുര്‍ക്ക്മാന്‍ ഗെയ്റ്റില്‍നിന്ന് വന്നവരും വാല്മീകികള്‍ മന്ദിര്‍ മാര്‍ഗിലെ ബിര്‍ളമന്ദിറിന് പിന്നിലെ ചേരിയില്‍ താമസിച്ചവരുമായിരുന്നു. പല രീതികളിലും സ്വഭാവത്തിലും സംശയങ്ങള്‍ നിലനില്‍കുന്ന കലാപത്തെകുറിച്ച് പ്രദേശവാസികളും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പറയുന്നത്. സംഭവം സൃഷ്ടിച്ച ആധിയില്‍ നിന്നും ആകുലതയില്‍ നിന്നും വിട്ടുമാറാത്ത ജനങ്ങളില്‍ പലരും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിക്കുകയും പ്രതികരിച്ചവരില്‍ പകുതി പേരും വെളിപ്പെടുത്തരുതെയെന്ന് അപേക്ഷിക്കുകയും ചെയ്തു. [caption id="attachment_40722" align="alignleft" width="383"]sikh-riot-3 സിഖ് വിരുദ്ധ കാലപകാലത്തെ ദൃശ്യം[/caption] 1984-ലെ സിഖ് കൂട്ടക്കൊലയേക്കാള്‍ ഭീതിദമായിരുന്നുവെന്നും മുകളിലിരിക്കുന്നവന്റെ ഖുദ്റത്ത് കൊണ്ടാണ് പെട്ടെന്ന് സ്ഥലം ശാന്തമായതെന്നുമാണ് ത്രിലോക്പുരി സെക്ടര്‍ 15 ല്‍ താമസിക്കുന്ന അബ്ദുല്‍ഹമീദ് പ്രതികരിക്കുന്നത്. പരസ്പരസ്നേഹത്തിലും മൈത്രിയിലും ജീവിക്കുന്നവരാണ് ഞങ്ങള്‍. സംഭവം പൊട്ടിപ്പുറപ്പെട്ട സമയത്ത് ആളുകള്‍ ഫോണ്‍ വഴി സന്ദേശം കൈമാറുകയും പുറത്തു നിന്ന് ‘ആളുകളെ’വിളിച്ചു വരുത്തുകയും ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ത്രിലോക്പുരിക്കു പുറമെ ഡല്‍ഹിയിലെ  ഭവാന, ഓഖ്‍ല, ബാബര്‍പൂര്‍ തുടങ്ങി സ്ഥലങ്ങളിലേക്കും ചെറിയ തോതില്‍ കലാപം വ്യാപിച്ചിരുന്നു. അമ്പതിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് മുമ്പ് അവസാനിപ്പിക്കുന്നതില്‍ അമന്‍ പോലുള്ള സന്നദ്ധ സംഘടനകളും നിയമപാലകരും നടത്തിയ സമയോചിതമായ ഇടപെടല്‍ ഏറെ പ്രശംസനീയമായിരുന്നു. ഒറ്റപ്പെട്ട ഒന്നോ രണ്ടോ തുടര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സംഭവസ്ഥലം ഇപ്പോള്‍ ശാന്തമാണ്, സ്ഥലത്തെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംചന്ദ് പറഞ്ഞു. വര്‍ഗ്ഗീയ-രാഷ്ട്രീയ കലാപങ്ങള്‍ക്കും തുടര്‍ന്നുണ്ടാവുന്ന നാനാവിധങ്ങളായ ദുരിതങ്ങള്‍ക്കും ഏറെ പരിചിതമാണ് നമ്മുടെ ഇന്ത്യ. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അരങ്ങേറിയ ഒട്ടുമിക്ക കലാപങ്ങളും തികച്ചും ആസൂത്രിതമോ കൃത്യമായ കരുതലോടെ ഒഴിവാക്കാന്‍ കഴിയുന്നതോ ആയിരുന്നുവെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. 1992 ഡിസംബര്‍ ആറിലെ ബാബരി മസ്ജിദ് ധ്വംസനാനന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ കലാപങ്ങളുടെയും 2002 ലെ ഗോദ്രയില്‍ സബര്‍മതി എക്സ്പ്രസ് കത്തിക്കപ്പെട്ടതിനനുബന്ധമായി നടന്ന ഗുജറാത്ത് കലാപത്തിന്റെയും 1984ല്‍ ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ഇതര പ്രദേശത്തുമരങ്ങേറിയ സിഖ് കൂട്ടക്കൊലയും പല തരത്തിലും സമാനതകളുള്ളവയായിരുന്നു. കലാപങ്ങളുടെ നിറവും വര്‍ണവും അവക്കു പിന്നിലെ കാരണങ്ങളും മാറ്റി നിര്‍ത്തിയാല്‍ പൊതുവേ എല്ലാറ്റിലും പ്രകടമാവുന്ന ചില വസ്തുതകളുണ്ട്. മുസ്‍ലിം, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലാണ് ഇന്ത്യയിലരങ്ങേറിയ എഴുപത്തഞ്ച് ശതമാനം കലാപങ്ങളും അരങ്ങുതകര്‍ത്തത്. ദൈനംദിന ചെലവിന് കഷ്ടപ്പെടുന്ന, നാളേക്ക് സമ്പാദിച്ചു വെക്കാന്‍ കെല്‍പ്പില്ലാത്ത സാധാരണ മനുഷ്യരാണ് ഈ പ്രദേശങ്ങളിലധികവും അധിവസിക്കുന്നവര്‍. കലാപാനന്തരം നടക്കുന്ന നിരോധനാജ്ഞ, സുരക്ഷാക്രമീകരണങ്ങള്‍, കര്‍ഫ്യൂ തുടങ്ങിയ സാഹചര്യങ്ങളില്‍  ദുരിതമനുഭവിക്കുന്നത് ഇവിടങ്ങളിലെ ബഹുഭൂരിഭാഗം വരുന്ന ഇത്തരം സാധാരണക്കാരാണ്. ഇക്കഴിഞ്ഞ ദീപാവലിക്കു ശേഷം ത്രിലോക്പുരി കണ്ട പ്രത്യക്ഷത്തില്‍ തന്നെ ആസൂത്രിതമെന്നൂഹിക്കാവുന്ന ഈ കലാപവും ഈ വസ്തുത സാധൂകരിക്കുന്നതായിരുന്നു. കലാപാനന്തരം പ്രദേശത്ത് ഒരാഴ്ച്ചയോളം നിരോധനാജ്ഞ നിലനില്ക്കുകയും ജോലിക്കു പോകാന്‍ കഴിയാതെ ഇവിടുത്തുകാരുടെ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നതു കൊണ്ടു തന്നെ അവശ്യ സാധനങ്ങള്‍ ലഭ്യമല്ലാതാവുകയും കിട്ടുന്നവയുടെ തന്നെ വില ഇരട്ടിയിലധികം വര്‍ധിക്കുകയും ചെയ്തു. 1984-ലെ സിഖ് കൂട്ടക്കൊലയുടെ മുപ്പതാം വാര്‍ഷിക വേളയിലാണ് ത്രിലോക്പുരി സംഭവം അരങ്ങേറിയതെന്നത് ശ്രദ്ധേയമാണ്.കലാപത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പേറി ജീവിക്കുന്ന ഒരു സമൂഹം ഇന്നും ഇവിടെയുണ്ട്. പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പങ്കുള്ളതായി ആരോപിക്കപ്പെട്ട സിഖ് വിരുദ്ധ കലാപം നിരവധി അന്വേഷണ വിഭാഗങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും പല കാരണങ്ങാള്‍ പ്രതികളെ അഴിക്കകത്താക്കാനോ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരങ്ങള്‍ നേടിക്കൊടുക്കാനോ സാധിച്ചിട്ടില്ല.. സ്വതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപമായിട്ടാണ് സിഖ് കലാപം വിലയിരുത്തപ്പെട്ടത്. ഈ കലാപത്തിലും സംഭവിക്കുക അതു തന്നെയായിരിക്കും. ഇരകള്‍ എന്നും ഇരകളായി തുടരുകയും അക്രമികളും അവര്‍ക്ക് ഒത്താശ ചെയ്തവരും അധികാരത്തിന്റെ ഉന്നതികളിലേക്കും കയറിപ്പോകുകയും ചെയ്യും. ഓരോ കലാപങ്ങളും ഓരോ പ്രദേശത്തിന്റെയും ഹൃദയത്തിനേല്‍ക്കുന്ന മുറിവാണ്. പുറമേ ശാന്തമായിരിക്കുമെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ അതിന്റെ നീറ്റല്‍ പുറത്തു വന്നുകൊണ്ടിരിക്കും. അതെ, താല്‍കാലികമായി തൃലോക്പുരിയും ശാന്തമാണ്. പക്ഷേ ഏതുസമയത്തും വീണ്ടും പൊട്ടിത്തെറിക്കാമെന്നു മാത്രം !!! (ഡല്‍ഹി എഐഐഎംസി വിദ്യാര്‍ഥിയാണ് ലേഖകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter