പോപ്പ് മുസ്‌ലിമായത്: നാം ഇത്രമാത്രം വികാരജീവികളായാല്‍ എങ്ങനെ?
ഈയടുത്തായി സോഷ്യല്‍നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില്‍ ഏറെ പ്രചരിച്ച രണ്ടു ഇസ്‌ലാം ആശ്ലേഷണ വാര്‍ത്തകളുണ്ടായിരുന്നു. ഒന്ന്, സ്ഥാനമൊഴിഞ്ഞ പോപ്പ് ബെനഡിക്ട് പതിനാറാമന്‍റെത്. രണ്ടാമത്തെത് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബുഷിന്‍റെ മകളുടേത്. രണ്ടും സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങ് സൈറ്റുകളില്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ടു, ലൈകും. ഫൈസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഇതുസംബന്ധമായി പോസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും സ്ഥിരീകരണമില്ലെന്നും വിശദീകരിച്ച് ചില ഓണ്‍ലൈന്‍മാഗസിനുകളും അടുത്ത ദിവസങ്ങളിലായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
കൈമാറുന്ന വിവരങ്ങള്‍ക്ക് ആധികാരികത കുറവാണ് എന്നതാണ് പുതിയ കാലത്തെ സമ്പര്‍ക്കമാധ്യമങ്ങളുടെ (Interactive Media) ഏറ്റവും വലിയ പോരായ്മ. വിവരങ്ങള്‍ പൊതുജനത്തെ വിഡ്ഡികളാക്കാന്‍ കൂടെ ഉപയോഗപ്പെടുത്താമെന്ന് മനസ്സിലാക്കി തരുന്നുണ്ട് ഇന്‍റര്‍നെറ്റിലെ പല വാര്‍ത്തകളും വീഡിയോകളും. അതെന്തോ ആകട്ടെ. (ഈ ലേഖനവും ഇന്‍റര്‍നെറ്റിലെ ഒരു വെബ്സൈറ്റില്‍ ആണ് പ്രസിദ്ധീകരിക്കപ്പെടുക എന്ന് മറന്നുകൊണ്ടല്ല ഈ എഴുത്ത്)
ഇപ്പോഴും പോപ്പിന്‍റെ ഇസ്‌ലാം സ്വീകരണവുമായി ബന്ധപ്പെട്ട് ഫൈസ്ബുക് പേജിലും മറ്റും മുസ്‌ലിം-ക്രിസ്തീയ വാക്കുതര്‍ക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇസ്‌ലാമിനും ക്രിസ്ത്യാനിസത്തിനും വേണ്ടി തന്നെയാണ് ഇരുവിഭാഗവും പേജുകളില്‍ ക്യൂ നിന്ന് കമന്‍റടിക്കുന്നത്, നിരന്തരം തര്‍ക്കിക്കുന്നത്. ഇസ്‌ലാമിനെതിരിലുള്ളത് മാത്രമല്ല, പോസീറ്റീവായുള്ള വാര്‍ത്തകളും വിവരങ്ങളും വരെ നമ്മെ എത്രമാത്രം വികാരജീവികളാക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇത്തരം വാര്‍ത്തകള്‍ സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നാം കാണിക്കുന്ന ശ്രമങ്ങള്‍.
രണ്ടു വാര്‍ത്തകള്‍ക്കും ലിങ്ക് കാണും. പക്ഷെ ലിങ്കുകള്‍ എത്രമാത്രം വസ്തുതാപരമാണെന്ന് നാം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. ലിങ്കുകള് വസ്തുതാപരമാണെന്ന് ഉറപ്പുവരാത്ത കാലത്തോളം ഏത് വിഷയവും അന്യനുമായി പങ്കുവെക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരം വിഷയങ്ങളാകുമ്പോള്‍ പ്രത്യേകിച്ചും. വാര്‍ത്ത എന്തുമാകട്ടെ, സത്യമാണെന്ന് ബോധ്യപ്പെടാതെയുള്ള ആഘോഷം നല്ലതിനല്ലെന്ന് ഓര്‍മപ്പെടുത്താനാണ് ഈ കുറിപ്പ്.
ഇതിലെ സത്യാസത്യത്തിന്‍റെ പ്രശ്നത്തിലുപരി പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടെയുണ്ട്. അതായത്, ഇക്കഥ മനപ്പൂര്‍വം കെട്ടിച്ചമച്ച ഒന്നാണെങ്കില്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ക്രിസ്തീയ മതവിഭാഗത്തെ വേദനിപ്പിക്കുമെന്നതില്‍ സംശയമൊന്നുമില്ല. അത്തരത്തിലുള്ള പ്രതികരണമാണ് ക്രിസ്തീയ പേരുകളിലുള്ള കമന്‍റര്‍മാരില്‍ നിന്ന് ഈ വാര്‍ത്തലിങ്കിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഈ വാര്‍ത്ത നേരെ തിരിച്ചാണെന്ന് സങ്കല്‍പിച്ചു നോക്കുക. അപ്പോള്‍ മാത്രമെ അതിന്‍റെ ആഴം നമുക്ക് ബോധ്യപ്പെടൂ.
എന്ന് മാത്രമല്ല. മുസ്‌ലിംവിഭാഗത്തിന്‍റെ യുക്തരാഹിത്യത്തെ പരിഹസിക്കുന്നതിന് ചിലര്‍ മനപ്പൂര്‍വം ചെയ്ത പണിയാകാനും മതി ഇത്തരം വാര്‍ത്തകള്‍. ഇതിനു മുമ്പു പലപ്പോഴും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അപ്പോള്‍ പിന്നെ ആരുടെയൊക്കെയോ ചൂണ്ടയില്‍ നാം ഇരയായി പോകുകയാണ്. അതില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ നമുക്ക് മാത്രമെ കഴിയൂ എന്ന തിരിച്ചറിവ് അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇസ്‌ലാമിക ലോകത്തെ മോശം വാര്‍ത്തകള്‍ മാത്രമെ ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുള്ളൂവെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. അതിനു പക്ഷെ ഇത്തരം യുക്തിഹീനമായ ഏറ്റുപിടിക്കലുകള്‍ നടത്തി സ്വയം പരഹാസ്യരാകുന്നത് ശരിയല്ല. ആ രണ്ടു വര്‍ത്തകളെ കുറിച്ചുമുള്ള സത്യാവസ്ഥ വ്യക്തമായിട്ടില്ലെന്ന വാദം ശരിയായിരിക്കാം. എന്നാലും അവ രണ്ടും ഇല്ലാക്കഥയായിരുന്നുവെന്നാണ് അവയുടെ ‘ഫോളോഅപ്പു’കള്‍ കാണിക്കുന്നത്.
വത്തിക്കാനില്‍ പുതിയ പോപ്പ് തെരഞ്ഞെടുക്കപ്പെട്ട ദിവസം. ആഗോള ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്‍വ ത്തിക്കാനിലേക്ക് ക്യാമറ തിരിച്ചുവെച്ചിരിക്കുകയായിരുന്നു. അവിടെ പോപ്പുമാരുടെ കോണ്‍ക്ലേവിന്‍റെ ഓരോ നിമിഷവും അപ്പടി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു വെബുപത്രങ്ങള്‍. അവസാനം പോപ്പ് തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകമാധ്യമങ്ങളെല്ലാം വിഷയം റിപ്പോര്‍ട്ട് ചെയ്തു. പലരും അടുത്ത നിമിഷം തന്നെ പുതിയ പോപ്പായ ഫ്രാന്‍സിസിന്‍റെ ജീവചരിത്രവും മറ്റും അപലോഡ് ചെയ്തിരുന്നു.
പ്രസ്തുതദിവസം അതിനും എത്രയോ മുമ്പ് ഫലസ്തീനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത അറബിപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയായിരുന്നു അത്. അന്ന് മുതല്‍ യു.എന്‍ രേഖകളില്‍ ‘ഫലസ്തീന്‍ അതോറിറ്റി’ എന്നതിനു പകരം ‘ഫലസ്തീന്‍ സ്റ്റേറ്റ്’ എന്ന് ഉപയോഗിക്കണമെന്നതായിരുന്നു അറബി വെബുപത്രങ്ങള് ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും പ്രസ്തുത വാര്‍ത്ത ലോകത്തെ അറിയപ്പെട്ട ഒരു ഇന്‍റര്‍നെറ്റ് മാധ്യമത്തിലും ഇടം പിടിച്ചിരുന്നില്ല. ഒരേദിവസത്തെ രണ്ടുവാര്‍ത്തകളെ ഒരു ഉദാഹരണത്തിന് ചര്‍ച്ചക്കെടുത്തുവെന്ന് മാത്രം.
സൂഊദിയിലെ ശുറയിലേക്ക് സ്ത്രീകളെ തെരഞ്ഞെടുത്തത് ഈയടുത്താണ്. അതെ കുറിച്ച് വാര്‍ത്ത കൊടുക്കാതിരുന്ന മാധ്യമങ്ങളും അതിനെതിരില് സുഊദിയിലെ തന്നെ ഒരു പണ്ഡിതന്‍ നടത്തിയ ഫതവാ പരാമര്‍ശം വലിയ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു. ബികിനിയുടുത്ത് വരുന്ന മുസ്‌ലിം മോഡലുകളെ കുറിച്ചുള്ള വാര്‍ത്ത പ്രധാനസ്റ്റോറിയായി വരുന്നതും ഇപ്പറഞ്ഞതിന്‍റെ തന്നെ മറ്റൊരു തലമാണ്.
ഏതായാലും പുതിയ കാലത്തെ നൂതന മാധ്യമങ്ങള്‍ നമുക്ക് മുന്നില്‍ തുറക്കുന്ന ഇടപെടലിന്‍റെ സാധ്യത വളരെ വലുതാണ്. ആഗോള മാധ്യമങ്ങള്‍ തമസ്കരിച്ചു കളയുന്ന വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം ലോകസമക്ഷം അവതരിപ്പിക്കാനുള്ള ഒരിടമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. അത്തരത്തില്‍ ഈയടുത്ത് ശ്രദ്ധിക്കപ്പെട്ട ചില ലിങ്കുകളും ഇല്ലാതില്ല.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മാപ്പിള ലഹള എന്ന ട്രൂപ്പ് പുറത്തിറക്കിയ മ്യൂസിക് ആല്‍ബം ‘നേറ്റീവ് ബാപ്പ’. സോഷ്യല്‍നെറ്റുവര്‍ക്കിങ്ങ് സൈറ്റുകള്‍ വഴി ഏറെ ശ്രദ്ധിക്കപ്പെട്ടു ആ ശ്രമം. സമാനമായ ഒരു ശ്രമം ഗാസയിലെ കുറച്ച് കുട്ടികള്‍ ചേര്‍ന്ന് നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബില്‍ കോടിക്കണക്കിന് ഹിറ്റ്നേടിയ കൊറിയന്‍ ഗാനനൃത്തം ‘ഗഗ്നം സ്റ്റൈലി’നെ അനുകരിച്ചായിരുന്നു അവര് തങ്ങളുടെ വിഷമങ്ങള്‍ ലോകസമക്ഷം അവതരിപ്പിച്ചത്. ഇവ ഒന്നുരണ്ട് ഉദാഹരണങ്ങള്‍ മാത്രം.
മന്‍ഹര്‍ യു.പി കിളിനക്കോട് (കുറിപ്പിലേത് ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. മെയില്‍: manharup@gmail.com)



Leave A Comment