മ്യാന്‍മറിലെ ദുരന്ത കാഴ്ചകള്‍
മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം വിരുദ്ധ വംശീയ കലാപം കൂടുതല്‍ രൂക്ഷമാവുകയാണ്.ഭൂരിപക്ഷ വിഭാഗമായ ബുദ്ധ സമൂഹം മുസ്‌ലിംകളെ നരഹത്യചെയ്യുമ്പോള്‍ നിസ്സംഗതയുടെ പടച്ചട്ടയണിയുകയാണ് പോലീസും പട്ടാള ഭരണവും സമാധാനനോബല്‍ ജേതാവ് സാക്ഷാല്‍ ഓങ്‌സാന്‍ സൂചിയും.
രാഖൈന്‍ ജില്ലയിലെ കുഗ്രാമമായ ഇന്‍ബാര്‍ഗിയിലെ മുസ്‌ലിംകളാണിത് .ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ ഗ്രാമം ആക്രമിച്ചതും സര്‍വ്വം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതും ഇവര്‍ ഓര്‍ത്തെടുക്കുന്നു.ഗ്രാമത്തിലെ മസ്‌ജിദ് ആക്രമികള്‍ തകര്‍ത്തെറിഞ്ഞു.
ഗ്രാമത്തില്‍ ബാക്കിയായവരെല്ലാം കടുത്ത ഭീതിയിലാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.കലാപത്തെ തുടര്‍ന്ന് തയാറാക്കിയ അഭയാര്‍ത്ഥി ക്യാംപിലാണ് പലരും അധിവസിക്കുന്നത്.മതിയായ സൗകര്യങ്ങളോ വൃത്തിയോ ക്യാംപിലില്ല.2012 ജൂണില്‍ ആരംഭിച്ച വംശീയ കലാപത്തില്‍ ഒരുലക്ഷത്തിലധികം പേര്‍ ഭവനരഹിതരായിത്തീര്‍ന്നെന്നാണ് യു.എന്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.
കലാപത്തിനിടെ ആക്രമികള്‍ കരിച്ച ഖുര്‍ആന്‍ ഭാഗം ,ഇന്‍ബാര്‍ഗിയില്‍ നിന്നുള്ള കാഴ്‌ചയാണിത്.അക്രമികള്‍ തകര്‍ത്തെറിഞ്ഞ പള്ളിയുടെ അവശിഷ്‌ടങ്ങളുടെ ഇടയില്‍നിന്നാണിത് കണ്ടെത്തിയത്.
എന്തൊക്കെ ചെയ്‌തു?
ഐക്യരാഷ്‌ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈകമ്മീഷനും മറ്റു സര്‍ക്കാരിതര സംഘടനകളും കുടിയിറക്കപ്പെട്ട പതിനായിരങ്ങളുടെ സഹായത്തിനായി കഠിന പ്രയത്‌നം നടത്തുന്നുണ്ടെങ്കിലും വിഭവ ദൗര്‍ലഭ്യത സന്നദ്ധപ്രവര്‍ത്തകരെ ശക്തമായി വലക്കുന്നുണ്ട്. പ്രാദേശിക ആസ്ഥാനമായ സിറ്റ്‌വേയിലാണ് ഭൂരിപക്ഷം പേരും ഇപ്പോള്‍ അഭയം തേടിയിരിക്കുന്നതെങ്കിലും മറ്റു ചിലര്‍ ഇവിടെ നിന്ന് വളരെ ദൂരെ സ്ഥിതി ചെയ്യുന്ന മുഗദാ പ്രവിശ്യയിലും താമസിക്കുന്നുണ്ട്.
ക്യാംപുകള്‍ക്കിടയിലുള്ള ദൂരവും ദേശീയ അന്തര്‍ദേശീയ സഹായലഭ്യതക്ക് വിലങ്ങ് തടിയാവുന്നുണ്ട്. ഇത് മൂലം മിക്ക ക്യാംപുകളിലും പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യങ്ങളില്ല. വിദ്യാഭ്യാസവും ആതുര സേവനവും ഇന്നും അഭയാര്‍ത്ഥികള്‍ക്ക് സ്വപ്‌നമായി അവശേഷിക്കുന്നു.
യുന്‍ കമ്മറ്റി അംഗങ്ങള്‍ ഭക്ഷണ വിതരണ പട്ടിക പരിശോധിക്കുന്നു. സിറ്റ്‌വേയിലെ പാലിന്‍ബിന്‍ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം.
822 കുടുംബങ്ങളാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്. മതിയായ ഭക്ഷണം പോലും ഇനിയും ഇവിടെയുള്ള അഭയാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനായിട്ടില്ല.
മുഹമ്മദ് ഇന്‍സാനു എന്നൊരാള്‍ യുന്‍എച്ച്‌സിആര്‍ പ്രതിനിധികളോട് തനിക്ക് ഏഴ് ദിവസമായി ഭക്ഷണം കിട്ടിയിട്ടില്ലെന്നും തന്റെ എല്ലാ സമ്പത്തും നശിച്ചെന്നും വേദനയോടെ പറയുന്നതും ചിത്രത്തിലുണ്ട്.
ജ്യാനൈസു എന്ന ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അവരുടെ കുടുംബത്തെ രാഖൈനിലെ പോലീസ് പോലും ആക്രമിച്ചെന്ന് ഇന്‍സാനു വിലപിക്കുന്നു. സിറ്റ്‌വേയിലെ ഖല്‍ പിന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്നുള്ള ദൃശ്യം.
എങ്ങനെ പരിഹരിക്കാം?
പ്രശ്‌നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ അവസാനിക്കാന്‍ മാത്രം ചെറുതല്ല. എങ്കില്‍ പോലും ഇപ്പോള്‍ അടിയന്തിരമായി ചെയ്യേണ്ടത് രണ്ട് വിഭാഗങ്ങള്‍ക്കിടയിലും പരസ്‌പര വിശ്വാസം തിരിച്ച് കൊണ്ട് വരാന്‍ പര്യപ്‌തമായ സമാധാന ചര്‍ച്ചകളാണ്. അത് വഴി ഇപ്പോയുള്ള ദുരന്തത്തില്‍ നിന്ന് മുസ്‌ലിംകളെ കരകയറ്റാനാവശ്യമായ കലവറയില്ലാത്ത സഹായങ്ങള്‍ നല്‍കാന്‍ ഐക്യരാഷ്‌ട്ര സഭക്കും മറ്റു എന്‍ജിഒകള്‍ക്കും സാധിക്കും. മതിയായ സൗകര്യങ്ങളോ ഭക്ഷണമോ പോലുമില്ലാതെ അഭയാര്‍ത്ഥി ക്യംപില്‍ നരകയാതന അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമായിരിക്കും ഇത്തരം സഹായങ്ങള്‍. ഈ സഹായങ്ങള്‍ ലഭ്യമാകാത്ത കാലത്തോളം രാഖൈന്‍ കത്തിമുനയില്‍ തന്നെ നിലനില്‍ക്കും.
തെറ്റ്‌കാല്‍ പിന്‍ അഭയാര്‍ത്ഥി ക്യാംപിലെ 75 വയസ്സുളള റസൂല്‍ ഭാനു എന്ന വൃദ്ധ.
ഒക്‌ടോബറില്‍ നടന്ന കലാപത്തില്‍ മാതൃഗ്രാമമായ റാഗ്ഗൊണില്‍ നിന്ന് പാലായനം ചെയ്‌താണ് അവര്‍ ക്യാംപിലെത്തിയിരിക്കുന്നത്. സമീപകാലത്തെ അക്രമങ്ങളില്‍ കടുത്ത സങ്കടം പ്രകടിപ്പിച്ച അവര്‍ തനിക്ക് തിരിച്ച് പോവാന്‍ വീടോ മറ്റു സാമഗ്രികളോ അവശേഷിക്കുന്നില്ലെന്നും വിലപിക്കുന്നു.
രാഖൈനിലെ സയ്‌ദാര്‍മാര്‍ ഗ്രാമത്തിലെ ഒരു റോഹിങ്ക്യന്‍ കുടുംബം.
2012ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ആയരങ്ങളാണ് സ്വദേശത്ത് നിന്ന് പാലായനം ചെയ്‌ത് അഭയാര്‍ത്ഥി ക്യാംപില്‍ അഭയം തേടിയിരിക്കുന്നത്. ആതുര സേവനങ്ങളോ പ്രാഥമികാവശ്യ പൂര്‍ത്തീകരണമോ ശരിയാം വണ്ണം ഇവിടെയൊന്നും നടക്കുന്നില്ല.
-ഫില്‍ബേഹന്‍/മുഹമ്മദ് റാഷിദ് ഒ.പി
Leave A Comment