ലിബിയ: ഗദ്ദാഫി യുഗം ബാക്കി വെച്ചത്
LIBIYA42 വര്‍ഷം നീണ്ട മുഅമ്മര്‍ ഖദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിന് തിരശ്ശീല വീഴ്ത്തിയ ലിബിയന്‍ വിപ്ലവം രാജ്യത്ത് വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. നാല് പതിറ്റാണ്ട് നീണ്ട ജനാധിപത്യ നിഷേധത്തിന്റെ രക്ത പങ്കിലമായ ചരിത്രം മാറ്റിക്കുറിച്ച് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി തെല്ലൊന്നുമായിരുന്നില്ല ലിബിയന്‍ ജനതയെ സന്തോഷിപ്പിച്ചിരുന്നത്. സുസ്ഥിരവും സുതാര്യവുമായ ഒരു ജനാധിപത്യ സംവിധാനത്തിന് എത്രയും പെട്ടെന്ന് തന്നെ രൂപം നല്‍കാന്‍ ജനങ്ങളെല്ലാം ഒരുപോലെ ആഗ്രഹിച്ചു. നിശബ്ദതയുടെയും ആവിഷ്‌കാര പാരതന്ത്ര്യത്തിന്റെയും ഇരുണ്ട യുഗത്തിന് അന്ത്യമായത് ആഘോഷിച്ച് നിരവധി മാഗസിനുകളും ക്ലബ്ബുകളും സംഘടനകളും സര്‍ക്കാരിതര സംഘടനകളും കൂണ്‍പോലെ മുളച്ച് പൊന്തി. വാനോളമുയര്‍ന്ന നങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ പക്ഷേ ലിബിയന്‍ ജനാധിപത്യത്തിനായില്ല. മിസ്‌തെ, സിന്‍താറ തുടങ്ങിയ പോരാളി വിഭാഗങ്ങള്‍ ട്രിപ്പോളിയുടെ തെരുവുകള്‍ ഒരിക്കല്‍ കൂടി ചെഞ്ചായമണിയിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങള്‍ ആസൂത്രണം ചെയ്യുന്ന ശക്തമായ സ്‌ഫോടനങ്ങളാല്‍ ശബ്ദമുഖരിതമാണിന്ന് ബെന്‍ഗാസി. കൊലയും കൊള്ളിവെപ്പും തട്ടിക്കൊണ്ട് പോവലും പതിവായി മാറിയിരിക്കുന്നു. ആഭ്യന്തര യുദ്ധത്തിന്റെ ഭീകര ചിത്രങ്ങളാണ് ലിബിയന്‍ ജനതയെ ഇന്ന് അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിഭാഗീയതയുടെ തീച്ചൂളയില്‍ വെന്ത് പുളഞ്ഞ് കൊണ്ടിരിക്കുന്ന ലിബിയയിലെ പോരാട്ടം പ്രധാനമായും ഇസ്‌ലാമിസ്റ്റുകളും ജനറല്‍ ഖീലീഫ് ഹഫ്താര്‍ നേതൃത്വം നല്‍കുന്ന 'ഡിഗ്നിറ്റി' പ്രസ്ഥാനവും തമ്മിലാണ്. ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിച്ച് കൊണ്ടിരക്കുന്നത്. നിര്‍ഭയമായി യാത്ര ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ മക്കളെ സ്‌കൂളിലേക്കയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല. രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് അവരുടെ മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ സ്‌കൂള്‍ അധികൃതരും നിസ്സഹായരാണ്. അത്‌വഴി രാജ്യത്തിന്റെ ഭാവി വാര്‍ത്തെടുക്കേണ്ട തലമുറക്ക് അതിനാവശ്യമായ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ലിബിയയുടെ ദുരന്ത ചിത്രങ്ങളിലൊന്ന്. സെപ്റ്റംബര്‍ ആദ്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ട സ്‌കൂളുകളൊന്നും തന്നെ ഇത് വരെ തുറന്നിട്ടില്ല. വിഷയത്തിന്റെ ഗൗരവം സ്‌കൂളധികൃതര്‍ രക്ഷിതാക്കള ഫെയ്‌സ്ബുക്കിലൂടെയും മറ്റും ബോധ്യപ്പെടുത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ പല വിധത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നു. പക്ഷേ, പ്രശ്‌നം മാത്രം പരിഹരിച്ചില്ല. തമ്മിലടിച്ച് ഇല്ലാതാകുന്നത് വരെ ഇരു വിഭാഗവും പോരാട്ടമവസാനിപ്പിക്കില്ലെന്ന പ്രതീതിയാണുള്ളത്. ഇതിലും ഭേദം ഗദ്ദാഫി യുഗമായിരുന്നുവെന്ന് കരുതുന്നവരാണ് ഏറെയും. അന്ന് എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും കൂച്ച്‌വിലങ്ങിട്ടിരുന്നുവെങ്കിലും സമാധാനവും ശാന്തിയുമുണ്ടായിരുന്നുവെങ്കില്‍ ഇന്ന് സ്വാതന്ത്ര്യത്തിന്റെ ഉല്‍സാഹത്തിമര്‍പ്പില്‍ സ്വയം മറന്ന് സംഘര്‍ഷവും സംഘട്ടനവും നിത്യകാഴ്ച്ചയാവുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഗദ്ദാഫിയുടെ കിരാത ഭരണത്തിന്റെ പരിണിത  ഫലമാണ് ഈ കടുത്ത പ്രതിസന്ധിയെന്നതാണ് സത്യം. സര്‍വ്വ അധികാരങ്ങളും ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകൃതമായത് വഴി രാഷ്ട്രീയത്തേക്കാള്‍ ഒരു മാഫിയാ ഘടനയെന്നായിരുന്നു ലിബിയന്‍ സാഹചര്യത്തെ വിശേഷിപ്പിക്കാനെളുപ്പം. അത് കൊണ്ടാണ് ഗദ്ദാഫിയുടെ പതനം ഒരു രാജ്യത്തിന്റെ പതനമായി മാറിയത്. [caption id="attachment_41634" align="alignleft" width="300"]ജനറല്‍ ഖലീഫ ഹഫ്താര്‍ ജനറല്‍ ഖലീഫ ഹഫ്താര്‍[/caption] സുശക്തമായൊരു ദേശീയ സൈന്യമോ പോലീസോ മറ്റു പൊതു വേദികളോ അന്യം നില്‍ക്കുന്ന രാജ്യത്ത് സുസ്ഥിരമായ ജനാധിപത്യ സംവിധാനം സ്ഥാപിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നാണ്  രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒരു ശബ്ദം മാത്രം ഉയര്‍ന്ന് കേട്ടിരുന്ന രാജ്യത്ത് നാനാത്വത്തിന്റെയും ബഹുസ്വരതയുടെയും സുന്ദര ഏടുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് ദുഷ്ക്കരമായ ദൗത്യം തന്നെയായിരിക്കുമെന്നതില്‍ സംശയമേതുമില്ല. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തീവ്രയത്‌നങ്ങള്‍ ഗദ്ദാഫി യുഗത്തില്‍ തന്നെ പലഭാഗത്തും തലപൊക്കിയിരുന്നുവെന്നതാണ് സത്യം. എന്നാല്‍ അവയെല്ലാം ഏകാധിപത്യ ഭരണത്തിന്റെ കടുത്ത നടപടികളില്‍ ലക്ഷ്യം കാണാതെ പൊലിയുകയാണുണ്ടായത്. 1970കളില്‍ ബുദ്ധി ജീവികളും മാര്‍ക്‌സിയന്‍ ചിന്താഗതിക്കാരുമായിരുന്നു ഇതിനായി യത്‌നിച്ചിരുന്നത്, എന്നാല്‍ മുഴുവനാളുകളും തുറങ്കിലടക്കപ്പെടുകയും കിരാത പീഢനങ്ങള്‍ക്ക് ഇരകളാകേണ്ടി വരികയും ചെയ്തു. 1980കളില്‍ നവ ഉദാരീകരണ വക്താക്കളാണ്(Neo-Liberal Advoctes) ഭരണകൂട ഭീകരതയുടെ ഇരകളായത്. തങ്ങളുടെ സമ്പത്തും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ദുരനുഭവമായിരുന്നു അവരെ കാത്തിരുന്നത്. 1990കളിലാവട്ടെ, സമാനുഭവം നേരിടേണ്ടിവന്നത് ഇസ്‌ലാമിസ്റ്റുകള്‍ക്കായിരുന്നു. ജയിലറകളുടെ ഇരുട്ടില്‍ എരിഞ്ഞൊടുങ്ങാനായിരുന്നു അവരുടെ പലരുടെയും വിധി. എങ്കിലും ലക്ഷ്യത്തിലേക്കുള്ള മുള്ള് നിറഞ്ഞ വഴികളില്‍ അല്‍പമെങ്കിലും മുന്നേറാനായത് ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാത്രമാണ്. ഏകാധിപത്യ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി ഒന്നിച്ച് നില്‍ക്കാനായത് അവരുടെ ഏറ്റവും വലിയ നേട്ടമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ ലിബിയന്‍ ജനതക്ക് ശോഭനമായ ഭാവി യാഥാര്‍ത്ഥ്യമാക്കാനും അവര്‍ക്കേ കഴിയൂ എന്ന് വിശ്വസിക്കുന്നവരാണ് ബഹുപൂരിപക്ഷം ലിബിയക്കാരും. ഗദ്ദാഫി ഭരണനയങ്ങള്‍ക്ക് പൂര്‍ണ വിരുദ്ധമാണ് ഇസ്‌ലാമിസ്റ്റുകളുടെ നയങ്ങളെങ്കിലും എതിര്‍ ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയില്‍ ഇരു വിഭാഗവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മറ്റു രാഷ്ട്രീയ വിമര്‍ശകര്‍ക്കും വിപ്ലവം കൊണ്ട് പറയത്തക്ക നേട്ടമൊന്നുമുണ്ടായിട്ടില്ല. ആഴ്ചകള്‍ക്ക് മുമ്പ് രാജ്യത്തെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളായ അബ്ദുല്‍ സലാം അല്‍ മിസ്‌രി ബെന്‍ഗാസിയിലെ ഒരു മസ്ജിദിന് പുറത്ത് വെടിയേറ്റ് മരിച്ചത് ഇതിനോട് വേണം കൂട്ടിവായിക്കാന്‍. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ് മറ്റൊരു മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സല്‍വ ബുഖൈഖിസിന്റെയും രാജ്യത്തെ നിഷ്പക്ഷ ജഡ്‌ജെന്ന് ജനം വിലയിരുത്തുന്ന മര്‍വാന്‍ തഷാനനിയുടെയും സംഗമവേദിയായി. തഷാനിയായിരുന്നു ഇദ്ദേഹത്തിന്റെ മരണവൃത്താന്തം എഴുതിയിരുന്നത്. സംഭവബഹുലമായ അബ്ദുല്‍ സലാം അല്‍ മിസ്‌രിയുടെ ജീവിതം വളരെ ചുരുക്കിയെഴുതില്‍ സല്‍വ തന്റെ പ്രതിഷേധം തഷാനിയെ അറിയിക്കുകയും ഒരു നെടുവീര്‍പ്പോടെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. നമ്മുടേതും അടുത്ത് തന്നെ എഴുതപ്പെടേണ്ടി വരുമല്ലേ! ആര്‍ക്കറിയാം അതാരായിരിക്കും എഴുതുകയെന്ന്. ഈ സംഭവത്തിന് ഒരു വര്‍ഷം തികയും മുമ്പ് ബുഖൈഖിയും അബ്ദുല്‍ സലാം അല്‍ മിസ്‌രിയുടെ സമാന വിധി ഏറ്റ്‌വാങ്ങി. അവരുടെ മരണവൃത്താന്തമെഴുതാനും വിധി കാത്ത് വെച്ചത് തഷാനിയെത്തന്നെയായിരുന്നു. കനത്ത ഭീഷണിയെത്തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായ തഷാനി ഫെയ്‌സ്ബുക്ക് വഴിയാണ് ഈ ചരമക്കുറിപ്പ് പുറത്തറിയിച്ചത്. ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ തഷാനിയും ബുഖൈഖിസും ലിബിയയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരിലൊരാളായ മുഫ്താഹ് ബുസൈദിയുടെയും ഫോട്ടോകള്‍ ഇടം പിടിച്ചിരുന്നു. ഇതിന് താഴെയായി തഷാനി ഇങ്ങനെ എഴുതിച്ചേര്‍ക്കുക കൂടി ചെയ്തു. നിയമവാഴ്ചയും ജനഭിലാഷവും സാധ്യമാക്കാന്‍ തങ്ങളുടെ ജീവന്‍ ബലി നല്‍കിയ ലിബിയയുടെ ധീര പുത്രന്മാര്‍. അസഹിഷ്ണുതയും അടിച്ചമര്‍ത്തലുകളും കൊടിപിടിച്ച ഗദ്ദാഫി യുഗം ഏല്‍പ്പിച്ച ആഴത്തിലുള്ള മുറിവുകള്‍ ഇനിയും ഉണങ്ങിക്കഴിഞ്ഞിട്ടില്ല. എന്നാല്‍ വിപ്ലവത്തെത്തുടര്‍ന്ന് ആ മുറിവുകളെല്ലാം എത്രയും പെട്ടെന്ന് ഉണങ്ങുമെന്നും പുതിയ ജീവിതം കരുപ്പിടിപ്പിക്കാനാവുമെന്നും അവര്‍ ആശിച്ചിരുന്നു. ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള അവരുടെ തീവ്ര യത്‌നങ്ങള്‍ ലക്ഷ്യത്തിന് കൈയെത്തും ദൂരത്ത് എത്തിയതുമാണ്. എന്നാല്‍ പുതിയ സംഭവവികാസങ്ങളില്‍ തട്ടിത്തെറിച്ച് ദിശമാറി നീങ്ങുകയാണ് അവയെല്ലാം. വിപ്ലവത്തിനായി ഉയിര് കൊടുത്ത അതിന്നായി നിദ്രാവിഹീനങ്ങളായ രാത്രികള്‍ ചെലവഴിച്ച ധീര പൗരന്മാരുടെ പോരാട്ടം വെറുതെയാവാതെ സൂക്ഷിക്കേണ്ട ബാധ്യത ഓരോ ലിബിയക്കാരനും തന്നെയാണ്. തങ്ങളുടെ സ്വപ്നങ്ങളെല്ലാം പുലരുന്ന ഒരു ദിനം വന്നണയുമെന്ന ഉറപ്പ് കൈമോശം വരാത്ത കാലത്തോളം അവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്. അവിശ്രമ പരിശ്രമങ്ങളിലൂടെയും പഴുതടച്ച മുന്നേറ്റങ്ങളിലൂടെയും വിജയത്തിലെത്താന്‍ ഇത് വഴി അവര്‍ക്കാവും.  ലിബിയയിലെ പുതിയ സംഭവികാസങ്ങള്‍ ഇതേ വഴിയിലാണ് നീങ്ങുന്നതെന്നത് ഓരോ ജനാധിപത്യ വിശ്വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്  വിപ്ലവത്തിന് ശേഷം രാജ്യത്ത് മടങ്ങിയെത്തിയ ഒരു സന്നദ്ധപ്രവര്‍ത്തകന്റെ സംഭവം ഇവ്വിടെ ഏറെ പ്രസ്താവ്യ യോഗ്യമാണ്. ജീവിതത്തില്‍ അരിക് വത്ക്കരിക്കപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങായി ഇദ്ദേഹം രൂപീകരിച്ച ഒരു സഹായ സംഘടന പലര്‍ക്കും വലിയ ആശ്വാസമായിരുന്നു നല്‍കിയിരുന്നത്. ഒരിക്കല്‍ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈ ആവശ്യത്തിനായി പണമെടുക്കാനെത്തിയ ഇദ്ദേഹം തിരിച്ച് പോകുമ്പോഴാണ് ഒരു കാര്‍ തന്നെ പിന്തുടരുന്നതായി മനസ്സിലാക്കുന്നത്. ഉടനെ ബ്രേക്കിട്ട കാറില്‍ നിന്ന് പുറത്തിറങ്ങിയ ആള്‍ തോക്ക് ചൂണ്ടി പണമാവശ്യപ്പടുകയാണുണ്ടായത്. പാവപ്പെട്ടവരെ സഹായിക്കാനാണ് പണമെന്ന് ഇദ്ദേഹം പറഞ്ഞ് നോക്കിയെങ്കിലും നിര്‍ദാക്ഷിണ്യം അക്രമി പണവുമായി കടന്ന് കളയുകയായിരന്നു. ഈ സംഭവത്തോടെ തന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ച് ഇദ്ദേഹം രാജ്യം വിട്ട് പോവുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നതെങ്കിലും രാജ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക പ്രകടിപ്പിച്ച് തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പ്രകടിപ്പിച്ച് ഇദ്ദേഹം ഏവരെയും വിസ്മയിപ്പിക്കുകയാണുണ്ടായത്. ഇത് പോലുള്ള അനേകം രാജ്യസ്‌നേഹികളാണ് ലിബിയയുടെ മുതല്‍ക്കൂട്ട്. കൈയെത്തും ദൂരത്ത് നിന്ന് വിദൂരമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ വര്‍ണാഭമായ ദിനങ്ങള്‍ ഇവരിലൂടെ സാക്ഷാത്കൃതമാവുമെന്നാണ് ഓരോ ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter