വെളിച്ചം വീടിനുള്ളില്‍നിന്നുതന്നെ പ്രസരിച്ചുതുടങ്ങണം
നീതി എന്ന വാക്ക്, നയിക്കപ്പെടുക എന്ന അര്‍ഥത്തിലാണു പ്രയോഗ ഭാഷയില്‍ ഉപയോഗിക്കേണ്ടത്. കോടതി വിവക്ഷിക്കുന്ന ന്യായാന്യായങ്ങളുടെ പശ്ചാത്തലം വിട്ടു മറ്റെല്ലാ രംഗത്തും നമ്മെ നയിക്കുന്നതു തന്നെയാണു നീതി. പക്ഷേ ഓരോരുത്തര്‍ക്കും നയിക്കപ്പെടാന്‍ അവനവന്റെ നീതി മാത്രം മതിയാകില്ല. . കാരണം നയിക്കപ്പെടുക എന്ന് പറയുമ്പോള്‍ തന്നെ നമുക്കന്യമായ സ്ഥലവും വ്യക്തികളും ആ പരിധിക്കകത്ത് വന്നു ചേരുക സ്വാഭാവികം. അതുകൊണ്ട് നീതി എന്നത് കേവലം വ്യക്തിഗതമാകുന്നതു ഓരോരുത്തരുടെയും ചിന്തകളില്‍ മാത്രം ഒതുക്കണം. പ്രവര്‍ത്തന പന്ഥാവിലേക്കു കടക്കുനതോടെ ഒരു നീതിയും ഒരാളില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. വളരെ ശ്രദ്ധയോടെ മാത്രം പ്രയോഗിക്കേണ്ടുന്ന ഒരു ഭാഷാ സങ്കേമാണ് നീതി എന്നത്. നീതി അനുഭവ വേദ്യമാകണമെങ്കില്‍, അത് മറ്റുള്ളവരുമായി തട്ടിച്ചും താരതമ്യപ്പെടുത്തിയും മാത്രമേ സാധ്യമാകൂ. അതുകൊണ്ടു തന്നെ നീതിയെ വ്യക്തിഗത നീതിയെന്നും സാമൂഹ്യ നീതിയെന്നും കുടുംബ നീതിയെന്നും പ്രത്യേകം പ്രത്യേകം വക തിരിച്ചുകാണുക തന്നെ വേണം. വ്യക്തിഗത നീതി എപ്പോഴും സാമൂഹ്യനീതിയെക്കൂടി ബന്ധപ്പെടുത്തിയേ നമുക്ക് പരിശോധിക്കാനും അനുഭവിക്കാനും ആകൂ. ഏറ്റവും ചെറിയ ഒരു സാമൂഹ്യ യൂണിറ്റാണു കുടുംബം എന്നത്. അതുകൊണ്ട്, കുടുംബ നീതി സാമൂഹ്യനീതിയുടെ ഒരു ഭാഗം മാത്രമാണു എന്ന് തറപ്പിച്ചു പറയാം.
കുടുംബം എന്ന ഈ ചെറു യൂണിറ്റിനും ഒരു ന്യൂക്ലിയസ്സും മറ്റു അകംപുറം ഘടകങ്ങളും ഘടനകളും നിര്‍ബന്ധമാണല്ലോ. കേന്ദ്ര ബിന്ദുവായ ഈ ന്യൂക്ലിയസ്സിനെയാണ്, നാം ഗ്രഹനാഥന്‍ എന്നോ ഗ്രഹ നാഥയെന്നോ പറയുന്നത്. ആ ഗ്രഹനാഥനും നാഥയും നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ അച്ഛനും അമ്മയും ആണ്. അവര്‍ക്ക് സ്വാഭാവികമായും മറ്റെല്ലാ വ്യക്തികള്‍ക്കും ഉള്ളതുപോലെ ഒരു വ്യക്തിഗത നീതിബോധം തീര്‍ച്ചയായും ഉണ്ടായിരിക്കും. പക്ഷേ, ആ നീതിബോധം ഒരു കാരണവശാലും, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ , മറ്റ് ബന്ധു ജനങ്ങള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാനോ തകര്‍ക്കാനോ ഇട വരരുത്. കുടുംബ നാഥന്റെ അഥവാ നാഥയുടെ റോളിലുള്ളവര്‍ക്ക് ഇത് ബോദ്ധ്യമുണ്ടായിരിക്കണം. ഇത്തരത്തില്‍ നിര്‍ബന്ധിതവും അലംഘനീയവും അതോടൊപ്പം അലിഖിതവുമായ മറ്റൊരു നീതി, (എല്ലാവരോടും തുല്യ നീതി പുലര്‍ത്തുക എന്ന നീതി) നമ്മുടെ സ്വന്തം നീതിയുടെ കൂടെയുണ്ട്, എന്നവിചാരമാണു, ഒരു മനുഷ്യന്റെ യഥാര്‍ഥ നീതിബോധം. അപ്പഴേ ഒരു വ്യക്തി സമൂഹത്തിന്റെ ഭാഗമാകൂ. അല്ലേല്‍ വ്യക്തികള്‍ സമൂഹവുമായി ബന്ധമില്ലാത്ത വ്യക്തികളായി തന്നെ നില്‍ക്കേണ്ടി വരും. അത് അസാധ്യവും ദുര്‍ഘടവുമാണ്.
അതുകൊണ്ടു കുടുംബ നാഥന്‍ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ മുമ്പില്‍ നീതിയുള്ളവന്‍ മാത്രമായാല്‍ പോര, നീതി ബേധ്യപ്പെടുത്തേണ്ടവനും നീതി നടപ്പിലാക്കി തീര്‍പ്പുകള്‍ കല്‍പ്പിക്കേണ്ടവന്‍ കൂടിയായി തീരേണ്ടിവരും. നീതിമാന്‍ നീതിനടത്തിപ്പുകാരന്റെ ചുമതലയിലേക്ക് മാറുമ്പോള്‍ അയാള്‍ കേവലം നീതിമാനായാല്‍ മാത്രം പോര, തന്റെ നീതി ഈ കുടുംബത്തിന്റെ സന്തോഷവും സമാധാനവും കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടയാള്‍ കൂടിയായി മാറണം. അയാളുടെ നീതി ആ കുടുംബത്തിനു പ്രയോജനപ്പെടുന്നില്ലെങ്കില്‍, ആ നീതിബോധത്തിനു യാതൊരു അര്‍ഥവുമില്ലെന്നു പിന്നീട് പശ്ചാത്തപിക്കേണ്ടിയും വരും. ഭാര്യയോടും മക്കളോടും ഉള്ള കടപ്പാടുകളും കര്‍ത്തവ്യങ്ങളും മറന്ന് ഒരാള്‍ പാഠ പുസ്‌തകം വായിക്കും പോലെ, നീതിപാഠങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നാല്‍ അയാളോടു ബഹുമാനം ഉണ്ടാകില്ല എന്ന് മാത്രമല്ല, അപ്രിയവും അനാദരവും തോന്നുക സ്വാഭാവികം മാത്രം . കുടുംബം നോക്കാന്‍ വേണ്ടി നീതിമാന്‍ തന്റെ നീതിവിട്ടു പെരുമാറണം എന്ന് ഇതിനര്‍ഥമില്ല. ഓരോരുത്തര്‍ക്കും അവനവന്റെ നീതിബോധത്തിനു കോട്ടം തട്ടാതെ തന്നെ, മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റും അങ്ങിനെ സ്‌നേഹിക്കുകയും സഹായിക്കുകകയും ചെയ്യുന്ന ഒരാളുടെ നീതിബോധം, മറ്റുള്ളവരെ തന്നിലേയ്‌ക്കടുപ്പിക്കുകയും ചെയ്യും. സത്യവും നീതിയും അല്‌പ്പം പോലും വിട്ടുവീഴ്‌ച്ചയില്ലാതെ പാലിച്ചുകൊണ്ടുതന്നേ, കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമാണ്. കുടുംബത്തില്‍ ഒന്നോ രണ്ടോ അംഗം തന്റെ നീതിമാര്‍ഗത്തില്‍ നിന്നും അകലെയാണ് എന്ന് തോന്നിയാല്‍, അവരേയും തന്നിലേയ്‌ക്കടുപ്പിക്കാന്‍ കഴിയും വിധം സ്വന്തം നീതിയെ തണുപ്പിച്ചും മയപ്പെടുത്തിയും മധുരിപ്പിച്ചും ഇണക്കിയെടുക്കുന്നവനാണു യഥാര്‍ഥ നീതിമാന്‍.
നീതി എന്നത് ആരേയും എടുത്തടിക്കാവുന്ന ഒരു ഉണക്കമരക്കമ്പാണു എന്നാരും കരുതരുത്. മറിച്ച്, അതൊരു വിശറിയായും ഒരു കുടയായും ചിലപ്പോള്‍ ഒരു താങ്ങു വടിയായും മറ്റു ചിലപ്പോള്‍ ഒരു തുണയായും കൂടെ ഉണ്ടാകേണ്ടതാണ്. അത്യാവശ്യം വേണ്ടപ്പോള്‍ ഒരു കൊട്ടുകൊടുത്ത് , ഒന്നനുനയിപ്പിക്കാനും ഈ നീതിയെ ഒരു ചെറു ചൂരലായിട്ടും കാണുന്നതില്‍ തെറ്റില്ല. പക്ഷേ തല്ലല്‍ മാത്രമല്ല നീതിവടിയുടെ ധര്‍മ്മം, തലോടലും അതിന്റെ അവശ്യ ധര്‍മം തന്നെയാണെന്നു കുടുംബ നാഥന്‍, എന്ന നീതിമാന്‍ അറിഞ്ഞിരിക്കണം. അയാള്‍ ഭാര്യയെ സ്‌നേഹിക്കുന്നയാളും ഭാര്യയെ വിശ്വസിക്കുന്നയാളും സര്‍വോപരി ഭാര്യയുടെ കാണപ്പെട്ട ദൈവവുമായിരിക്കണം. ദൈവം എന്നാല്‍ കാരുണ്യസ്വരൂപന്‍ എന്ന ഭാവത്തില്‍ സദാ നിലകൊള്ളുന്നയാള്‍, എന്നുതന്നെയാണ് അര്‍ത്ഥം. കാരുണ്യവാന്റെ മുമ്പില്‍ ഏതു നിയമവും നീതിയും കരുണാമയം തന്നെ ആയിരിക്കും. കരുണാമയനായ ഒരാള്‍ക്ക് തന്റെ ഭാര്യയേയും മക്കളേയും എങ്ങിനെ പുലര്‍ത്തണമെന്നും അവരുടെ ആവശ്യങ്ങള്‍ക്കു മുമ്പില്‍ എങ്ങിനെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അറിവുണ്ടായിരിക്കും അതറിയുന്ന ഒരാളുടെ നീതിബോധം ഒരിക്കലും വീട്ടില്‍ ക്ലാഷോ സംഘട്ടനങ്ങളോ ഉണ്ടാക്കുകയുമില്ല.
കാരുണ്യവാനും നീതിമാനുമായ ഒരാളുടെ മുമ്പില്‍ അദ്ദേഹത്തിന്റെ മക്കളും സന്തുഷ്ടരായിരിക്കും. കാരണം അയാള്‍ക്ക് മക്കളില്‍ ആരോടും അഭിപ്രായ ഭിന്നതയോ താല്‍പ്പര്യക്കുറവോ, പക്ഷ ഭേദമോ ഉണ്ടാവില്ല. തന്റെ അംശം തന്നെയാണു മക്കള്‍ എന്ന് നീതിമാനായ ഒരച്ഛനു കൃത്യമായി നിശ്ചയം ഉണ്ടാകും. അതുകൊണ്ടു അയാള്‍ മക്കള്‍ക്കും, ഭാര്യക്കെന്ന പോലെ നീതിയും സുരക്ഷയും കാരുണ്യവും സ്‌നേഹവും വാത്സല്യവും ഉത്തരവാദിത്തങ്ങളും തുല്യമായി വീതിച്ചു നല്‍കിയിരിക്കും. ആധുനിക മന:ശാസ്‌ത്രത്തില്‍ പറയും പോലുള്ള സിബ്ലിംഗ് റൈവല്‍റി അത്തരം കുടുംബങ്ങളെ ബാധിക്കുകയില്ല.
മക്കള്‍ തമ്മില്‍ ഭിന്നാഅഭിപ്രായവും സംഘട്ടനവും ഉണ്ടാകാന്‍, പലപ്പോഴും അച്ഛനും അമ്മയും തന്നെയാണു കാരണമായി തീരുന്നത്. അവര്‍ കാണിക്കുന്ന മത്സരങ്ങളും ഭേദ ചിന്തകളും തന്നെയാണു മക്കളേയും ബാധിക്കുന്നത്. കുട്ടികളെ എല്ലാവരേയും സമമായി കാണുകയും അവര്‍ തന്മില്‍ ആര്‍ക്കും ആരോടും കൂടുതല്‍ കുറവോ , വ്യത്യാസമോ ഇല്ലെന്നും, കുട്ടിക്കാലം മുതലേ ബോധ്യപ്പെടുത്തി, പരിചയിപ്പിച്ച്, പരിശീലിപ്പിച്ചു കൊണ്ടുവരേണ്ടുന്ന കടമ , നീതിമാനായ അച്ഛന്റെയും അമ്മയുടേയും ബാധ്യതയാണ്. അച്ഛനും അമ്മയും ഭേദചിന്ത എങ്ങും ഒന്നിലും കാണിക്കുന്നില്ല എന്ന് ഉറപ്പായാല്‍, കുട്ടികളില്‍ അത്തരം ഭേദ ചിന്ത ഉടലേടുക്കുകയില്ല . മാത്രമല്ല, അഛനമ്മമാരുടെ നീതിബോധം കുട്ടികളിലേക്ക് ജനറ്റിക് പ്രക്രിയയിലൂടെതന്നെ പകരുക സ്വാഭാവികമാണ് താനും. അച്ഛനും അമ്മയും ഏതു ജനുസ്സാണോ, അതേ ഗുണം തന്നെയായിരിക്കും മക്കള്‍ ക്കും കിട്ടുക. ജനറ്റിക് തത്വ പ്രകാരം ഈ ഗുണഗണങ്ങള്‍ പകരുമെങ്കിലും, വളര്‍ന്നുവരുന്ന സാഹചര്യവും വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടുന്ന എന്‍വയര്‍ മെന്റല്‍ സ്വാധീനം സ്വഭാവത്തെ മാറ്റി മറിക്കാം. അങ്ങനെ മാറി മറിയാതിരിക്കാന്‍ അച്ഛന്റെ നീതിബോധവും സ്‌നേഹവും കാരുണ്യവും സദാ മക്കളിലേയ്‌ക്കു ഒഴുകിക്കൊണ്ടെയിരിക്കണം എന്ന് സാരം.
നമ്മുടെ സ്വന്തം മക്കളേ പോലെതന്നെ വീട്ടില്‍ വന്നുകയറുന്ന മരുമക്കളും, മക്കള്‍ തന്നെയാണെന്നും അവരുടെ സ്വന്ത അച്ഛനമ്മമാരുടെ സ്ഥാനത്താണു തങ്ങള്‍ നില്‍ക്കുന്നത്, അഥവാ നില്‍ക്കേണ്ടത് എന്നു മായിരിക്കും നീതിബോധമുള്ള ഏതൊരച്ഛനും അമ്മയും ചിന്തിക്കുക, മക്കള്‍ വേറെ, മരുമക്കള്‍ വേറെ, എന്ന് കരുതു ന്ന കുടുംബത്തില്‍, മരു മക്കള്‍ക്ക് മാത്രമല്ല സ്വന്തം മക്കള്‍ക്കും സൈ്വര്യമുണ്ടാകില്ല, എന്ന് വിവേകികളായ അച്ഛനമ്മമാര്‍ക്കറി യാം . പണ്ടത്തേതു പോലെ വിവരക്കേടും വെളിവില്ലായ്‌മയും ഇന്നത്തെ അമ്മായിഅമ്മമാര്‍ കാണിക്കാറില്ല എന്നത് അവരുടെ വിദ്യാഭ്യാസത്തിന്റെ യോഗ്യതയാണ്. അതുകൊണ്ടുതന്നെ, പണ്ടത്തേതിലും മെച്ചപ്പെട്ട കുടുംബാന്തരീക്ഷം ഇപ്പോഴത്തെ മരുമക്കള്‍ക്ക് കിട്ടുന്നുണ്ട് എന്നത് സത്യം തന്നെ. അമ്മായി അമ്മമാര്‍ അമ്മയേക്കാള്‍ കൂടുത്തല്‍ സ്‌നേഹമുള്ളവരാവുകയാണു വേണ്ടത്. കാരണം മരുമക്കള്‍ക്ക് അവരുടെ അച്ഛനും അമ്മയും കൂടെയില്ല എന്ന ദു:ഖം ഉണ്ടാകരുത്, എന്നാണ് ഓരോ അമ്മായി അച്ഛനും അമ്മായി അമ്മയും ചിന്തിക്കേണ്ടത്. അതാണു വീട്ടില്‍ പാലിക്കേണ്ടുന്ന നീതിയും.
കുടുംബ കലഹങ്ങളുടെ പ്രധാന കാരണം, സ്‌നേഹവും ദയയും കാരുണ്യവും കലര്‍ന്ന നീതിബോധത്തിന്റെ കുറവുതന്നെയാണ്. ഓരോരുത്തരും തനിക്ക് എന്ത് കിട്ടണം എന്നാശിക്കുന്നുവോ, അത് താന്‍ മറ്റുള്ളവര്‍ക്കു നല്‍കാനും ബാധ്യസ്ഥനാണ് എന്ന കാര്യം മറന്നുപോകുന്നു.
നീതി എന്നത്, പിടിച്ചുവാങ്ങാന്‍ പറ്റിയ ഒന്നല്ല. അത് കൊടുത്തുവാങ്ങാന്‍ എളുപ്പവുമാണ്. കൊടുത്തുകൊടുത്തു നാം മടുക്കാതാകുമ്പോഴാണു നീതി നമുക്ക് തിരിച്ചുകിട്ടാന്‍ തുടങ്ങുന്നത്, എന്ന് നാം തിരിച്ചറിയണം. നീതിക്ക് ബഹുമുഖമാണുള്ളത്. അത് സ്വാര്‍ത്ഥതക്കെതിരെ, ചിലപ്പോള്‍, തിരിയും. മറ്റുചിലപ്പോള്‍, സ്വാര്‍ത്ഥപരമായും തിരിയും. സ്വാര്‍ത്ഥപരമായി തിരിയുമ്പോഴാണു പ്രതീക്ഷിക്കാത്ത കോണുകളില്‍ നിന്ന് പോലും എതിര്‍പ്പുകളുണ്ടകുന്നത്.. വീട്ടില്‍ ആകെ ഒരു ഓറഞ്ച് ഇരുപ്പുണ്ടെന്നു കരുതുക. ഇതില്‍ നാലുമക്കളും ഭാര്യയും ഒരുപോലെ കണ്ണും നട്ടിരിക്കുകയാണ്, എന്നും സങ്കല്‌പ്പിക്കുക. തനിക്കും അത് തിന്നാല്‍ കൊള്ളാമെന്നുണ്ട് എന്ന് അച്ഛനും തോന്നാം. ഒരു ഓറഞ്ച്, ആറായി പങ്കു വച്ചു കിട്ടുന്നതും നീതിയാണ്. അച്ഛനും അമ്മയ്‌ക്കും വേണ്ട, മക്കള്‍ തിന്നോട്ടെ എന്നുകരുതുന്നതും നീതിയാണ്. ഇങ്ങനെ പറയുന്ന അച്ഛനമ്മ മാരോട്, ഞങ്ങള്‍ക്ക് വേണ്ട അച്ഛനുമമ്മയും തിന്നോളൂ എന്ന് മക്കള്‍ പറഞ്ഞാല്‍ അതും നീതിയാണ്. ഉടന്‍ അച്ഛന്‍ പറയുന്നു എനിക്ക് വേണ്ട അമ്മ കഴിച്ചോട്ടെ എന്ന്. അതും നീതിയാകും. അതായതു സ്‌നേഹത്തിലും വിശ്വാസത്തിലും ദയയിലും കാരുണ്യത്തിലും പുരട്ടി പലതും വിട്ടുകൊടുക്കുന്നത്, നേടുന്നതേക്കാള്‍ ഇരട്ടി മധുരമുള്ളതായി തോന്നുന്ന വീട്ടനുഭവങ്ങളും നമുക്ക് കുറവല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ത്യാഗം തന്നെയാണു നീതി എന്ന് തോന്നിപ്പോകും.
സത്യത്തില്‍ ത്യഗമാനോഭാവത്തിന്റെയും ജീവിതത്തെക്കുരിച്ചുള്ള യാഥാര്‍ഥ്യബോധത്തിന്റേയും കുറവ് ആണ്, പല വഴക്കുകള്‍ക്കും മുഖ്യകാരണം. അവനവനു, താന്‍ അര്‍ഹിക്കുന്നതിലേറെ പദവി കല്‍പ്പിക്കുന്നതിലും പന്തികേടുണ്ടു, എന്ന് പലര്‍ക്കും അറിയില്ല. ഭര്‍ത്താവ് എന്നാല്‍ ഭരിക്കുന്നയാള്‍ എന്ന് ചിലരൊക്കെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഭര്‍ എന്ന വാക്കിനു ഭരിക്കുക എന്നല്ല, നിറക്കുക എന്നാണു അര്‍ത്ഥം എന്നും പലര്‍ക്കും അറിയില്ല. അതും കുടുംബ വഴക്കിനു കാരണമാണ്. ഭാര്യയേയും കുഞ്ഞുങ്ങളേയും സ്‌നേഹം കൊണ്ട് നിറയ്‌ക്കേണ്ട വ്യക്തിയാണ് ഭര്‍ത്താവ്. ഭര്‍ത്താവ് എല്ലാവരേയും ശാസിക്കാനും ശിക്ഷിക്കാനും മാത്രം തുടങ്ങിയാല്‍, അവിടെ അശാന്തി സ്വാഭാവികം. അച്ഛന്‍ അങ്ങിനെ ആയിപ്പോയെന്നുകരുതി മക്കള്‍ പ്രത്യാക്രമണത്തിനു തയ്യാറായാല്‍ , പിന്നെ ആര്‍ക്ക് ആരെയാണ് രക്ഷിക്കാനാവുക. അവിടെ അമ്മ കുറേക്കൂടി ബുദ്ധിയും ക്ഷമയും കാണിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരം ഉണ്ടാകും. അതുപോലെ വീട്ടില്‍ ആരുതന്നെ വഴി മാറി ചിന്തി ച്ചാലും, പ്രശ്‌നം വഷളാകും. അത് ബാക്കിയുള്ളവര്‍ ക്ഷമയോടെ ബുദ്ധിപൂര്‍വ്വം ഇടപെട്ടാല്‍ തിരുത്താനുമാകും. ചുരുക്കത്തില്‍ കുടുംബത്തിന്റെ സമാധാനം എന്നത് , ഒരു കൂട്ടുത്തരവാദിത്തമാണെന്നും അതില്‍ ഒരു വിള്ളല്‍ വീഴാന്‍ താന്‍ കാരണക്കാരനാകരുതെന്നും ഓരോ അംഗവും ചിതിക്കണം.
സമ്പത്തും വഴക്കിനു കാരണമാകാറുണ്ടെങ്കിലും, സമ്പത്തല്ല യഥാര്‍ഥ പ്രശ്‌നം എന്നും, മനുഷ്യ മന്‍സ്സുതന്നെയാണ്, എല്ലാം ചിന്തിച്ചു കൂട്ടുന്നതെന്നും, കൃത്യമായ വിലയിരുത്തലില്‍ മനസ്സിലാകും. എല്ലാം നിശ്ചയിക്കുന്നത് നമ്മുടെ മനസ്സാണ്; .മനസ്സില്‍ നിന്നാണ് യുദ്ധവും സമാധാനവും സംജാതമാകുന്നത്. മനസ്സാണു എല്ലാം സഹിക്കുന്നതും ക്ഷമിക്കുന്നതും . മനസ്സാണു ശരിയും തെറ്റും നിശ്ചയിക്കുന്നത്. മനസ്സാണു പൊരുതുന്നതും പൊറുക്കുന്നതും. .എല്ലാത്തിനേം ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും ഈ മനസ്സ് തന്നെയാണെന്നു ചിതിച്ചുനോക്കിയാല്‍ ബോദ്ധ്യമാകും. സത്യത്തില്‍ അങ്ങിനെതന്നെയല്ലേ? സമ്പത്തില്ലാത്തിടത്തു സമ്പത്തിന്റെ വഴക്ക്. സമ്പത്തുള്ളിടത്തും സമ്പത്തിന്റെ വഴക്കോ? അവിടെ ഏറ്റുമുട്ടുന്നതു മനസ്സുതന്നെ, എന്നര്‍ഥം.. ബാഹ്യമായ ഓരോ ഇല്ലായ്‌മകളും നമ്മില്‍ വല്ലയ്‌മയുണ്ടാക്കാം.. പക്ഷേ, അവയെ ലഘൂകരിക്കാനോ ദൃഢീകരിക്കാനോ ഈ മനസ്സ് വിചാരിച്ചാല്‍ സാധിക്കും.
സാരമില്ല, എന്ന ഒരു വാക്ക് നമ്മെ എവിടെയൊക്കെ സഹായിയിക്കുമെന്നോ!? നമ്മെ സഹായിക്കുന്നതോടൊപ്പം അത് മറ്റു പലരേയും സമാധാനിപ്പിക്കുകയും ചെയ്യും. അതേന്നേ, ഈ ജീവിതം നിസ്സാരം. അതില്‍ ഏറ്റക്കുറച്ചിലുണ്ടാവുക സ്വാഭാവികം . സാരമില്ല, നമ്മളതൊക്കെ മാനേജു ചെയ്യും. എന്ന ഒരു ചിന്താഗതി വീട്ടിലെ ഓരൊ അംഗത്തിനും ഉണ്ടെങ്കില്‍ ആ വീടാണ് സ്വര്‍ഗം; . സുഖിച്ചു ജീവിക്കാന്‍ പറ്റുന്ന സ്വര്‍ഗം. നീതി ദേവന്‍ നമ്മിലോരോരുത്തരിലും കുടികൊള്ളുന്നുണ്ട്. അവന്‍ വര്‍ക്കുചെയ്യേണ്ടത് . മറ്റുള്ളവനു കിട്ടേണ്ടുന്ന നീതി സംരക്ഷിക്കാനാണ് എന്ന് കൂടി ചിന്തിക്കുക. അങ്ങിനെ എല്ലാവരും കരുതുമ്പോള്‍ ആര്‍ക്കാണിവിടെ നീതി കിട്ടാതെ വരുക. കൊടുത്താല്‍ തിരിച്ചു കിട്ടുന്നതാണ്, നീതി. സ്വയം പങ്കു വച്ചെടുത്താല്‍ വേഗം തീര്‍ന്നു തീര്‍ന്നു പോകുന്നതുമാണ് ഈ നീതി.
Leave A Comment