ഡോക്യുമെന്ററി നിരോധനവും ആവിഷ്‌കാര സ്വാതന്ത്ര്യവും

ഏറെ കോളിളക്കം സൃഷ്ടിച്ച അവകാശ പോരാട്ടങ്ങളുടെ ബൗദ്ധിക ആവിഷ്‌കാരങ്ങള്‍ പോലും രാജ്യത്ത് വിലക്കുകവഴി പീഡിതന്റെ അവസാനത്തെ ഞെരുക്കവും ജനശ്രദ്ദയില്‍നിന്നും മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കശ്മീരിന്റെ ദയനീയതയും ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളുടെ പിന്നാമ്പുറങ്ങളും ദലിതന്റെ അവകാങ്ങള്‍ക്കു വേണ്ടി ആത്മബലി നടത്തിയ രോഹിത് വെമുലയുടെ ധര്‍മങ്ങളും ഉയര്‍ത്തിപ്പിടിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനമാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരിക്കുന്നത്. കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററി പ്രദര്‍ശനത്തിലാണ് ഇവയുടെ പ്രദര്‍ശനത്തിനുള്ള വിലക്ക്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദനകളും ഞെരുക്കങ്ങളും ഓര്‍ക്കുന്നതുപോലും ക്രിമിനല്‍ കുറ്റങ്ങളായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. ഓര്‍മകള്‍ക്കു പോലും താഴിയിടുന്ന ഈ കേന്ദ്രസര്‍ക്കാര്‍ നിലപാട് ഫാസിസ്റ്റ് പോളിസിയല്ലാതെ മറ്റൊന്നുമല്ല.

ഫാസിസ്റ്റ് കാലത്ത് വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് തങ്ങളുടെ പൗരാവകാശങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് പുതുതായി പുറത്തുവന്ന മൂന്നു ഡോക്യുമെന്ററികളും. കശ്മീര്‍ വിഷയം പറയുന്ന In the Shade of Fallen Chinar, ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ചുള്ള March March March, രോഹിത് വെമുലയെക്കുറിച്ചുളള The Unbearable Being of Lightness തുടങ്ങിയവ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ആത്മരോദനങ്ങള്‍ കൂടിയാണ്. ഈ മാസം 16 മുതല്‍ 20 വരെ തിരുവനന്തപുരത്തു നടക്കുന്ന അന്തര്‍ദേശീയ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ഈ മൂന്നു ഡോക്യുമെന്ററികളെയും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് വിലക്കിയിരിക്കുന്നത്. കേരള സംസ്ഥാന ചലചിത്ര അക്കാദമിയാണ് സംഘാടപ്പിക്കുന്ന ഫെസ്റ്റിവെലില്‍ ചില ഡോക്യുമെന്ററികള്‍ക്കെതിരെ കേന്ദ്രം കൈകൊണ്ട ഈ വിവേചന നിലപാടിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

തങ്ങളുടെ ഡോക്യുമെന്ററികളില്‍ ദേശവിരുദ്ധമായി എന്താണുള്ളതെന്നാണ് ഇവയുടെ സംവിധായകര്‍ ചോദിക്കുന്നത്. മൂന്നു സിനിമകളും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഭരണകൂടത്തിന് താല്‍പര്യമില്ലാത്തവയാണെന്ന് ഈ നിരോധന തീരുമാനം വ്യക്തമാക്കുന്നു. പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും അതിന് വിലങ്ങ് നില്‍ക്കുന്നവരെക്കുറിച്ചും സംസാരിക്കാന്‍ ഇന്ന് ഭരണകൂടങ്ങള്‍ക്കുവരെ സാധിക്കുന്നില്ല. ആശയ ലോകത്തുപോലും ഒരു തരം അടിച്ചമര്‍ത്തല്‍ നടപടിയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളുടെ പിന്തുണയോടുകൂടിയാകുമ്പോള്‍ ഇത്തരം നടപടികള്‍ പൗരനമാര്‍ക്ക് അസഹ്യമാകുന്നു. 

ഈ അസഹ്യതയെ തുറന്നുകാട്ടുകയാണ് പുതിയ കാലത്തെ മാധ്യമധര്‍മം. വിലക്കപ്പെട്ട ഡോക്യുമെന്ററികളും നിര്‍വഹിച്ചത് ആ ധര്‍മമാണ്. ഫാസിസ്റ്റ് അസഹ്യതകളെ തുറന്നു കാട്ടി പൗരാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുകയെന്ന ധര്‍മം. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷത്തിനിടയില്‍ മോദി ഗവണ്‍മെന്റിനെ ത്രിശംഖുവില്‍ നിര്‍ത്തിയ വിഷയങ്ങളാണ് ഇവ ഓരോന്നും കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ കാമ്പസുകളുടെ ഫാസിസ്റ്റുവല്‍കരണത്തിനും അവകാശ നിശേധത്തിനുമെതിരെ ആഞ്ഞടിച്ച വിദ്യാര്‍ത്ഥി സമരങ്ങള്‍ അതിലൊന്നാണ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter