എ.കെ കുഞ്ഞാലി മുസ്‍ലിയാര്‍, തൊണ്ണൂറ് പിന്നിട്ടിട്ടും അദ്ദേഹം എഴുതുകയായിരുന്നു

1940 കളുടെ കാലം. സമസ്ത എന്ന പണ്ഡിത സഭ അതിന്റെ സാന്നിധ്യം ഉറപ്പിച്ച് ലക്ഷ്യങ്ങള്‍ ഓരോന്നോരോന്നായി നേടിയെടുക്കുന്ന സമയമായിരുന്നു അത്. വാളക്കുളം അബ്ദുല്‍ബാരി മുസ്‍ലിയാരായിരുന്നു അന്ന് സമസ്തയുടെ പ്രസിഡണ്ട്. കൃത്യമായ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും മുന്നില്‍ വെച്ചായിരുന്നു കാലത്തിന് മുമ്പേ നടന്ന ആ യുഗപുരുഷന്റെ ചുവടുകളോരോന്നും. പുതുപ്പറമ്പില്‍ തന്റെ സ്വന്തം സ്ഥലത്ത് സ്വന്തം ചെലവില്‍ ഒരു മദ്റസ നടത്തിയിരുന്ന അദ്ദേഹം, 1918 മുതല്‍ തന്നെ ഒരു സ്കൂളും സ്ഥാപിച്ച് നടത്തിവന്നിരുന്നു എന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ വേണ്ടുവോളമാണ്. മദ്റസയിലെ മുഅല്ലിമുകളും സ്കൂളിലെ അധ്യാപകരും പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്ഷണത്തിനായി ഒത്ത് കൂടാറ് പോലുമുണ്ടായിരുന്നു. സ്ഥല പരിമിതകളുണ്ടാവുമ്പോള്‍ സ്കൂള്‍ ക്ലാസുകള്‍ക്ക് വേണ്ടി മദ്റസാ കെട്ടിടം ഉപയോഗിക്കുന്നതും അന്ന് പതിവായിരുന്നു.  ഇസ്‍ലാമിക പ്രസിദ്ധീകരണ രംഗം സജീവമാക്കുന്നതിനായി ബയാനിയ്യ പ്രസ് തുടങ്ങിയതും ശേഷം സമസ്തക്ക് കീഴില്‍ അല്‍ബയാന്‍ മാസിക തുടങ്ങിയതുമെല്ലാം പണ്ഡിതനും സമ്പന്നനുമായിരുന്ന ആ ക്രാന്തദര്‍ശിയുടെ ചിന്തയിലും ചെലവിലുമായിരുന്നു. 

തന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിവും പ്രാപ്തിയുമുള്ളവരെയെല്ലാം എവിടെ കണ്ടാലും അദ്ദേഹം കൂടെ കൂട്ടുമായിരുന്നു. അത്തരത്തില്‍ അബ്ദുല്‍ ബാരി മുസ്‍ലിയാര്‍ കണ്ടെത്തിയ ഒരു പ്രതിഭയായിരുന്നു കൊടുവായൂര്‍ എ.കെ കുഞ്ഞാലി മുസ്‍ലിയാര്‍. കുഞ്ഞാലി മുസ്‍ലിയാരുടെ നല്ല കെയ്യക്ഷരമായിരുന്നു അബ്ദുല്‍ ബാരി മുസ്‍ലിയാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. പതിനഞ്ച് വയസ്സ് പോലും തികയാത്ത ആ ബാലനെ അബ്ദുല്‍ ബാരി മുസ്‍ലിയാര്‍ കൂടെ കൂട്ടുകയും തന്റെ പ്രസിലെ എഴുത്ത് ജോലികള്‍ പലതും അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു. അടുത്ത കാലം വരെ കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന മലബാരി ലിപിയിലായിരുന്നു (ഇന്നും വിവിധയിനം ഏടുകളില്‍ ഉപയോഗിച്ച് പോരുന്ന ലിപി) അദ്ദേഹത്തിന്റെ എഴുത്ത്. അദ്ദേഹം എഴുതിയുണ്ടാക്കിയ മഹല്ലി അടക്കമുള്ള കിതാബുകളുടെ കൈയ്യെഴുത്ത് പ്രതികള്‍ ഇന്നും അബ്ദുല്‍ ബാരി ഉസ്താദിന്റെ പള്ളിയായ മസ്ജിദുല്‍ ബാരിയിലെ ഗ്രന്ഥ ശേഖരത്തില്‍ കാണാം.  അതോടൊപ്പം, തന്റെ ദര്‍സിലെ വിദ്യാര്‍ത്ഥിയായി ചേര്‍ത്ത് പഠനം തുടരാനുള്ള സൌകര്യങ്ങളെല്ലാം ഒരുക്കി കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് എ.കെ കുഞ്ഞാലി മുസ്‍ലിയാര്‍ പുതുപ്പറമ്പിലെത്തുന്നത്. പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം പുതുപ്പറമ്പുകാരുടെ കൂടെയായിരുന്നു. 
1951, ലാണ്, കാലത്തിന്റെ ചുവരെഴുത്തുകളുടെ സൃഷ്ടിയെന്നോണം സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോഡ് രൂപീകരിക്കപ്പെടുന്നത്. പ്രസിഡണ്ടായിരുന്ന അബ്ദുല്‍ബാരി മുസ്‍ലിയാരുടെ നാട്ടില്‍ വാളക്കുളം ജുമുഅത് പള്ളിയില്‍, 1951 സെപ്റ്റംബര്‍ 17ന് ചേര്‍ന്ന മണിക്കൂറുകള്‍ നീണ്ട യോഗത്തിലായിരുന്നു ആ തീരുമാനമുണ്ടായത്. സ്വകാര്യവ്യക്തികള്‍ക്ക് കീഴില്‍ പലയിടങ്ങളിലായി നടന്നിരുന്ന മദ്റസകളെയെല്ലാം താല്പര്യപ്പെടുന്ന പക്ഷം, ബോഡിന് കീഴില്‍ റെജിസ്റ്റര്‍ ചെയ്യാമെന്ന് കൂടി ആ യോഗം തീരുമാനത്തിലെത്തി. അതിന്റെ ആദ്യപടിയെന്നോണം, സമസ്തയിലെ പണ്ഡിതര്‍ നടത്തുന്ന മദ്റസകള്‍ റെജിസ്റ്റര്‍ ചെയ്ത് തന്നെ തുടക്കം കുറിച്ചു. ആദ്യമായി തന്റെ മദ്റസ ഇനി മുതല്‍ ബോഡിന് കീഴിലായിരിക്കുമെന്ന് പ്രഖ്യാപിച്ചത് പ്രസിഡണ്ട് അബ്ദുല്‍ ബാരി മുസ്‍ലിയാര്‍ തന്നെയായിരുന്നു. അതോടെ, പുതുപ്പറമ്പ് ബയാനുല്‍ ഇസ്‍ലാം മദ്റസ സമസ്തയുടെ ഒന്നാം നമ്പര്‍ മദ്റസയായി മാറി. സെക്രട്ടറിയായിരുന്ന മുഹ്‍യിദ്ദീന്‍ കുട്ടി മുസ്‍ലിയാരുടെ പറവണ്ണയിലെ മദ്റസ രണ്ടാമത്തേതും. 

ദര്‍സ് പഠനം ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടതോടെ, അബ്ദുല്‍ ബാരി മുസ്‍ലിയാര്‍ തന്നെ അദ്ദേഹത്തെ തന്റെ മദ്റസയില്‍ അധ്യാപകനായി നിയമിച്ചു. ദര്‍സ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തോട് പുതുപ്പറമ്പില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടതും അബ്ദുല്‍ ബാരി മുസ്‍ലിയാര്‍ തന്നെയായിരുന്നു. വൈകാതെ തന്റെ മദ്റസയിലെ പ്രധാന അധ്യാപകനായും പുതുപ്പറമ്പ് ജുമുഅത് പള്ളിയിലെ ഖതീബ് ആയും അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു. അതോടെ സമസ്തയുടെ ഒന്നാം നമ്പര്‍ മദ്റസയിലെ സ്വദര്‍ എന്ന ബഹുമതിയും കുഞ്ഞാലി മുസ്‍ലിയാര്‍ക്ക് സ്വന്തമായി. 

1965ല്‍, തന്റെ എല്ലാമെല്ലാമായിരുന്ന അബ്ദുല്‍ ബാരി ഉസ്താദ് ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും, കുഞ്ഞാലി മുസ്‍ലിയാര്‍ ആ ആത്മബന്ധം കാത്ത് സൂക്ഷിച്ച് പുതുപ്പറമ്പില്‍ തന്നെ തുടര്‍ന്നു. സ്ഥല പരിമിത കാരണം രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അത് കൊണ്ട് തന്നെ മദ്റസയും അങ്ങനെത്തന്നെയായിരുന്നു. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകള്‍ രാവിലെയും മുതിര്‍ന്ന ക്ലാസുകള്‍ ഉച്ചക്ക് ശേഷവും ആയിട്ടായിരുന്നു മദ്റസ നടന്നിരുന്നത്. ആദ്യഷിഫ്റ്റില്‍ ഒന്നാം ക്ലാസും രണ്ടാം ഷിഫ്റ്റില്‍ അഞ്ചാം ക്ലാസുമായിരുന്നു കുഞ്ഞാലി മുസ്‍ലിയാര്‍ കൈകാര്യം ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ, പുതുപ്പറമ്പുകാര്‍ക്കെല്ലാം അലിഫില്‍ തുടങ്ങി അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നത് കുഞ്ഞാലി മുസ്‍ലിയാര്‍ ആയിരുന്നു എന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ പറയാം. 

Read More: ഹൈദര്‍ അലി മുസ്‍ലിയാര്‍, നരിവാലമുണ്ടക്കാര്‍ക്ക് എല്ലാം അദ്ദേഹമാണ് വസാനം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഇനി അധ്യാപനം സാധ്യമല്ലെന്ന അവസ്ഥയിലെത്തുന്നത് വരെ അദ്ദേഹം മദ്റസയിലെ സ്വദര്‍ മുഅല്ലിമായി തന്നെ തുടര്‍ന്നു. തന്റെ ശിഷ്യരല്ലാത്ത ആരും പുതുപ്പറമ്പിലില്ലെന്ന അവസ്ഥയിലെത്തിയിരുന്നു അദ്ദേഹം പിരിയുമ്പോഴേക്ക്. അത് കൊണ്ട് തന്നെ, ഏതെങ്കിലും ഉസ്താദിന്റെ ഭാഗത്ത് നിന്ന് സാധാണക്കപ്പുറം ശിക്ഷാ മുറകളുണ്ടായാല്‍ അത് വീട്ടില്‍ പരാതി പറഞ്ഞാല്‍ പോലും ചോദ്യം ചെയ്യാന്‍ പോലും രക്ഷിതാക്കള്‍ ധൈര്യപ്പെട്ടിരുന്നില്ല. ചോദിക്കാന്‍ പോകുന്ന രക്ഷിതാവിനെ പോലും ചോദ്യം ചെയ്യാന്‍ അധികാരമുള്ള തങ്ങളുടെ കൂടി ഉസ്താദിനോടാണല്ലോ ചോദിക്കാനുള്ളത് എന്നതായിരുന്നു കാരണം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉസ്താദ് തങ്ങളുടെ നാട്ടില്‍ വരണമെന്ന നിര്‍ബന്ധം കൊണ്ട് തന്നെ ഖുതുബ തുടരാന്‍ നാട്ടുകാര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞ്, ആരോഗ്യം അനുവദിച്ചിടത്തോളം അതും അദ്ദേഹം തുടര്‍ന്നു. പിന്നീട് വീട്ടില്‍ വിശ്രമത്തിലായിരുന്ന ഉസ്താദിനെ കാണാനായി നാട്ടുകാര്‍ ഇടക്കിടെ അങ്ങോട്ട് പോകുകയായിരുന്നു പതിവ്.

ആറ് പതിറ്റാണ്ടുകളോളം ഒരേ നാട്ടില്‍ സേവനം ചെയ്തിട്ടും തന്റെ ആവശ്യങ്ങളൊന്നും തന്നെ ഒരിക്കല്‍ പോലും അവരോട് പറഞ്ഞില്ലെന്നത്, ആ അഭിമാനബോധത്തെയും ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള വലിയ മനസ്സിനെയുമാണ് സൂചിപ്പിക്കുന്നത്. സേവനം അവസാനിപ്പിച്ച് വിശ്രമ ജീവിതം തുടങ്ങിയപ്പോള്‍, പ്രതിമാസം ഒരു തുക ഉസ്താദിന്റെ ചെലവുകളിലേക്കായി എത്തിക്കാന്‍ ആ നാട്ടുകാര്‍ സ്വയം തീരുമാനമെടുത്ത് അവസാനം വരെ സസന്തോഷം അത് തുടര്‍ന്നതും അത് കൊണ്ട് തന്നെയാവാം. എല്ലാവര്‍ക്കും ഒരേ പുഞ്ചിരിയായിരുന്നു ഉസ്താദിന് സമ്മാനിക്കാനുള്ളത്. അതില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വലിയവരെന്നോ കുട്ടികളെന്നോ തനിക്ക് വല്ലതും തന്നവനെന്നോ താന്‍ വല്ലതും നല്കിയവനെന്നോ വ്യത്യാസമുണ്ടായിരുന്നില്ല.

വയസ്സ് നൂറിനോട് അടുത്ത്, വീട്ടില്‍ വിശ്രമത്തിലിരിക്കുമ്പോഴും, എഴുത്ത് അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. സൂറതു യാസീന്‍, അല്‍കഹ്ഫ്, ഹദ്ദാദ് റാതീബ്, വെള്ളിയാഴ്ചയിലെ ഹിസ്ബ് തുടങ്ങിയവയെല്ലാം അദ്ദേഹം ഏട് രൂപത്തില്‍ എഴുതിക്കൊണ്ടേയിരുന്നു. ഭൌതികമായ ലക്ഷ്യങ്ങളൊന്നും അതിന് പിന്നിലുണ്ടായിരുന്നില്ല. തന്റെ ഗുരുവര്യന് വേണ്ടി ചെയ്ത് തുടങ്ങിയ ആ ജോലി തുടരുക എന്നതാവാം അദ്ദേഹം അതില്‍ കണ്ടെത്തിയ സംതൃപ്തി.  ഒന്നര മാസം മുമ്പ് ആഗസ്റ്റ് 4ന് ഉസ്താദിനെ വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം എഴുത്തിലായിരുന്നു. എഴുതി പൂര്‍ത്തിയാക്കി വെച്ച ഏതാനും ഏടുകളും തൊട്ടടുത്ത ജനാലപ്പടിയില്‍ ഇരിപ്പുണ്ടായിരുന്നു. എന്തിനാണ് ഇത് എഴുതുന്നത് എന്ന ചോദ്യത്തിന് ആ സ്വതസിദ്ധമായ പുഞ്ചിരി മാത്രമായിരുന്നു മറുപടി. അതോടൊപ്പം സംതൃപ്തിയുടെ ഒരായിരം പൂക്കള്‍ ആ മുഖത്ത് വിടരുന്നുമുണ്ടായിരുന്നു.

ഇന്ന് (2022, സെപ്റ്റംബര്‍ 19, 1444, സ്വഫര്‍ 22, തിങ്കളാഴ്ച) പുലര്‍ച്ചയോടെ നാട്ടുകാരുടെ പ്രിയ ഗുരുവര്യന്‍ നാഥനിലേക്ക് യാത്രയായി. സ്വര്‍ഗ്ഗലോകത്ത് കണ്ട് മുട്ടാന്‍ നാഥന്‍ തുണക്കട്ടെ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter