ഹൈദര്‍ അലി മുസ്‍ലിയാര്‍, നരിവാലമുണ്ടക്കാര്‍ക്ക് എല്ലാം അദ്ദേഹമാണ്
പതിനായിരത്തിലേറെ മദ്റസകളും അവയിലുള്ള ലക്ഷത്തിലേറെ വരുന്ന അധ്യാപകരും അടങ്ങുന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ സംരംഭമായ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോഡ്, സെപ്റ്റംബര്‍ 1 മുതല്‍ 20 വരെയുള്ള ദിനങ്ങള്‍ മുഅല്ലിം ഡേകളായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സേവനരംഗത്ത് വേറിട്ടുനില്‍ക്കുന്ന ചില മുഅല്ലിമുകളെ (അധ്യാപകര്‍) നമുക്ക് ഈ വേളയില്‍ പരിചയപ്പെടാം.
നാടുകാണി ചുരമിറങ്ങി വരുന്നത് മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള വഴിക്കടവ് പഞ്ചായത്തിലെ ഗ്രാമങ്ങളിലേക്കാണ്. അവയിലൊന്നാണ് മരുതക്കടുത്തുള്ള നരിവാലമുണ്ട. ആ ഗ്രാമത്തിലേക്ക് കടന്ന് ചെല്ലുമ്പോള്‍ നമ്മെ സ്വീകരിക്കുന്നത് ഒരു പള്ളിയാണ്, മസ്‌ജിദ് അദ്‌നാന്‍. എന്നാല്‍ പള്ളിയുടെ പേരിനേക്കാള്‍ കണ്ണുകളില്‍ ആദ്യം പതിയുക, പള്ളിയുടെ തന്നെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന മിസ്ബാഹുൽ ഹുദാ മദ്റസ എന്ന പച്ച നിറത്തിലെഴുതിയ ചെറിയൊരു ബോഡ് ആയിരിക്കും. താഴെ 9856 എന്ന് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോഡിന്റെ റെജിസ്ട്രേഷന്‍ നമ്പറും. ഒരു മുഅല്ലിമിന്റെ അധ്വാനവും വിയര്‍പ്പും അതിലേറെ നിശ്ചയ ദാര്‍ഢ്യവുമാണ് പള്ളിക്കുള്ളിലെ ഈ മദ്റസ എന്ന് പറയുന്നതാവും ശരി. നരിവാലമുണ്ടക്കാരുടെ പ്രിയങ്കരനായ ഹൈദര്‍ അലി മുസ്‍ലിയാര്‍ ആണ് ഈ മദ്റസയുടെ ശില്‍പിയും നടത്തിപ്പുകാരനും അവിടത്തെ അധ്യാപകനുമെല്ലാം.
മുപ്പതോളം വീടുകള്‍ മാത്രമാണ് നരിവാലമുണ്ടയില്‍ മുസ്‍ലിംകളുടേതായുള്ളത്. ബാക്കി വരുന്നതൊക്കെ ക്രിസ്തീയരോ ഹൈന്ദവരോ ആണ്. ഒരു നിസ്കാരപ്പള്ളി മാത്രമായിരുന്നു പത്ത് വര്‍ഷം മുമ്പ് വരെ അവര്‍ക്കുണ്ടായിരുന്നത്. നിസ്കരിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കാനുള്ള പ്രാഥമിക മദ്റസ പോലും കിലോമീറ്ററുകള്‍ക്കപ്പുറത്തായിരുന്നു. പന്നിയക്കടമുള്ള വന്യജീവികളുടെ സാധ്യതയേറെയുള്ള വഴികള്‍ താണ്ടി അവിടെയെത്തുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു, രക്ഷിതാക്കള്‍ക്ക് അതിലേറെ ആശങ്കാജനകവും. അത് കൊണ്ട് തന്നെ, മദ്റസാ പഠനം എന്നത് അവിടുത്തെ കുട്ടികള്‍ക്ക് കിട്ടാക്കനിയായിരുന്നു എന്ന് തന്നെ പറയാം.
അങ്ങനെയിരിക്കെയാണ് നാട്ടുകാര്‍ ചേര്‍ന്ന് വിദേശപണം ഉപയോഗപ്പെടുത്തി നിസ്കാരപള്ളി പുതുക്കി പണിയുന്നത്. അതോടെ, പള്ളി വൃത്തിയാക്കുന്നത് മുതല്‍ നിസ്കാരത്തിന് നേതൃത്വം നല്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം ചെയ്യാനുള്ള ഒരാള്‍ വേണമെന്ന അന്വേഷണത്തിലായി നാട്ടുകാര്‍. ആ അന്വേഷണം എത്തിപ്പെട്ടത് രണ്ടര കിലോമീറ്റര്‍ അപ്പുറത്ത് മാമാങ്കരയിലെ ഹൈദര്‍ അലി മുസ്‍ലിയാരിലും.
ഏഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള പുവ്വത്തിപ്പൊയില്‍ മദ്റസയില്‍ രാവിലെ അധ്യാപനവും അത് കഴിഞ്ഞ്, മുസ്ഹഫ്, സബീന, ഏടുകള്‍ തുടങ്ങിയവ തലയിലേറ്റി വീടുകള്‍ തോറും കയറിയിറങ്ങി വില്‍പ്പനയുമായി ജീവിതം നയിക്കുകയായിരുന്നു ഹൈദര്‍ അലി മുസ്‍ലിയാര്‍. പ്രതീക്ഷിക്കാതെ കടന്നുവന്ന ചില ആരോഗ്യപ്രശ്നങ്ങളാല്‍ നടത്തം സാധിക്കാതെ വരികയും അധ്യാപനം കഴിഞ്ഞ് ബാക്കി സമയം വീട്ടില്‍ ഇരിക്കുകയും ചെയ്യേണ്ടിവന്ന വേളയിലാണ്, തങ്ങളുടെ പള്ളിയുടെ കാര്യങ്ങള്‍ നോക്കിനടത്താമോ എന്ന അന്വേഷണവുമായി നരിവാലമുണ്ടക്കാര്‍ മുസ്‍ലിയാരുടെ വീട്ടിലെത്തുന്നത്. അല്ലാഹുവിന്റെ വീടിന്റെ പരിപാലനം എന്നത് എന്ത് കൊണ്ടും അനുഗ്രഹീതമാണെന്നതിനാല്‍ തന്നെ അദ്ദേഹം സസന്തോഷം അത് സ്വീകരിച്ചു. ചെറിയൊരു നാടാണെന്നും മുപ്പതോളം വീടുകള്‍ മാത്രമാണെന്നും പറയത്തക്ക സാമ്പത്തിക നേട്ടമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നുമെല്ലാം അറിയാമായിരുന്നിട്ടും അദ്ദേഹത്തിന് രണ്ട് വട്ടം ആലോചിക്കേണ്ടത് പോലുമില്ലായിരുന്നു.
പള്ളിയിലൊരു ഓത്തുപള്ളിയും
ജോലിക്കായി പള്ളിയിലെത്തിയ ഹൈദര്‍ അലി മുസ്‍ലിയാര്‍ ആദ്യ ദിവസങ്ങളില്‍ തന്നെ നാടിനെ കുറിച്ച് നന്നായി പഠിച്ചു. അവിടത്തെ കുട്ടികള്‍ക്ക് പഠിക്കാന്‍ മദ്റസയില്ലെന്നത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. മതപഠനം ലഭിക്കാതെ വളരുന്ന ബാല്യങ്ങളെ നോക്കി നെടുവീര്‍പ്പിട്ടിരിക്കുന്നതിന് പകരം, അദ്ദേഹം അവര്‍ക്ക് വിദ്യ പകര്‍ന്നുകൊടുക്കാന്‍ തന്നെ തീരുമാനിച്ചു. അത് തന്റെ ജോലിയല്ലെന്നോ അതിന് പ്രത്യേകമായി ശമ്പളമൊന്നും അധികം ലഭിക്കില്ലെന്നോ അദ്ദേഹം ആലോചിച്ചതേയില്ല. അല്ലാഹുവിനെയും തിരുദൂതരെയും അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന, നിസ്കാരവും നോമ്പും യഥാവിധി നിര്‍വ്വഹിച്ച് ജീവിക്കുന്ന ഒരു തലമുറ മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അത് മാത്രം മതിയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി.
പിന്നീടങ്ങോട്ട് ഹൈദര്‍ അലി മുസ്‍ലിയാര്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. നാട്ടുകാരായ കുട്ടികള്‍ക്കായി പള്ളിയില്‍ തന്നെ അദ്ദേഹം തന്റെ ഒഴിവു സമയം ഉപയോഗപ്പെടുത്തി ഒരു ഓത്തുപള്ളി തുടങ്ങി. പ്രായവും വലിപ്പവും നോക്കാതെ, വരുന്നവര്‍ക്കെല്ലാം ഖുര്‍ആന്‍ പാരായണവും അടിസ്ഥാന വിവരങ്ങളും നല്കുന്ന ഓത്ത് പള്ളിയായിരുന്നു ആദ്യം അത്. നാല് കുട്ടികള്‍ മാത്രമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. രക്ഷിതാക്കളെയെല്ലാം നേരില്‍ കണ്ട് കാര്യം ബോധിപ്പിച്ച് പതുക്കെ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയിച്ചു.
ഓത്ത് പള്ളിയിൽ നിന്നും മദ്റസയിലേക്ക്
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ, നാട്ടുകാര്‍ സാധ്യമാവുന്ന എല്ലാ പിന്തുണയോടെയും കൂടെ നിന്നതോടെ, ഓത്തുപള്ളിയെ ഒരു മദ്റസയാക്കി മാറ്റി. മിസ്ബാഹുല്‍ ഹുദാ എന്ന് പേര് വെച്ച് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോഡിന് കീഴില്‍ അത് റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇന്ന് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള സെകണ്ടറി മദ്റസയായി മിസ്ബാഹുല്‍ ഹുദാ വളര്‍ന്നെങ്കിലും ഏഴ് പെണ്‍കുട്ടികളടക്കം ആകെ ഇരുപത്തിയെട്ട് കുട്ടികള്‍ മാത്രമാണ് ഇപ്പോഴും അവിടെയുള്ളത്. മുപ്പതോളം വീടുകള്‍ മാത്രമുള്ള ആ നാട്ടില്‍ അത്രയേ കുട്ടികളുള്ളൂ എന്നത് തന്നെ കാരണം. ഈ പത്ത് ക്ലാസുകളും ഇപ്പോഴും കൈകാര്യം ചെയ്യുന്നത് ഹൈദര്‍ അലി മുസ്‍ലിയാര്‍ എന്ന ഏക അധ്യാപകനും. ഓരോ വർഷവും നടക്കുന്ന പൊതു പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉന്നത മാർക്കുകൾ വാങ്ങി വിജയം നേടുന്നതും ഇന്ന് നരിവാലമുണ്ടയുടെ ആഘോഷങ്ങളാണ്, എല്ലാം ഹൈദര്‍ അലി മുസ്‍ലിയാര്‍ എന്ന ഏകാധ്യാപകന്റെ പരിശ്രമഫലവും.
മതസേവനത്തിനായി ഉഴിഞ്ഞിട്ട ജീവിതം
ഹൈദരലി മുസ്‍ലിയാരുടെ ഇപ്പോഴത്തെ ദിനചര്യ ഇങ്ങനെ വായിക്കാം. സ്വദേശമായ മാമാങ്കര പള്ളിയില്‍നിന്ന് സുബ്ഹി നിസ്കരിക്കുന്ന അദ്ദേഹം, നേരെ പൂവത്തിപൊയിൽ മദ്രസ്സയിലേക്ക് പോകുന്നു. ഒമ്പത് മണിയോടെ അവിടത്തെ ക്ലാസുകള്‍ തീര്‍ത്ത് നേരെ നരിവാലമുണ്ടയിലേക്ക്. പള്ളിയുടെ ശുചീകരണം അടക്കമുള്ള കാര്യങ്ങളെല്ലാം ചെയ്ത് ളുഹ്റ് നിസ്കാരവും കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്നു. ഭക്ഷണം കഴിച്ച് അസ്റ് ബാങ്കിന്റെ സമയമാകുമ്പോഴേക്ക് പള്ളിയില്‍ തന്നെ തിരിച്ചെത്തുന്നു. അസ്റ് നിസ്കാരത്തിന് ശേഷം മദ്റസ ആരംഭിക്കുന്നു. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ആദ്യം വരിക. മഗ്‍രിബ് വരെ അവര്‍ക്ക് ക്ലാസുകള്‍ നല്കി, അവരെയും കൂട്ടി മഗ്‍രിബ് നിസ്കാരത്തിനായി പള്ളിയിലെത്തുന്നു. 6 മുതല്‍ 10 വരെയുള്ള കുട്ടികളും അപ്പോഴേക്കും നിസ്കരിക്കാനായി പള്ളിയിലെത്തിട്ടുണ്ടാവും. നിസ്കാര ശേഷം അവര്‍ക്കുള്ള ക്ലാസുകളും നല്കി, അവരെയും കൂട്ടി ഇശാ നിസ്കാരവും നിര്‍വ്വഹിച്ച് പള്ളിയെല്ലാം അടച്ച് അദ്ദേഹം വീട്ടിലേക്ക് തന്നെ തിരിക്കുന്നു.
ശനി മുതല്‍ വ്യാഴം വരെ ഹൈദര്‍ അലി മുസ്‍ലിയാരുടെ ഈ ദിനചര്യയില്‍ കാര്യമായി മാറ്റമൊന്നും ഉണ്ടാവാറില്ല. വെള്ളിയാഴ്ച മാത്രമാണ് ഇതില്‍ മാറ്റം വരുന്നത്. ജുമുഅക്കായി നാട്ടുകാരെല്ലാം പോവുന്നത് പാലേമാട് ജുമുഅത് പള്ളിയിലേക്കാണ്. ഹൈദര്‍ അലി മുസ്‍ലിയാര്‍ ജുമുഅക്ക് തന്റെ നാട്ടില്‍ തന്നെ കൂടുകയും ചെയ്യുന്നു. അടുത്ത കാലം വരെ ഈ യാത്രകളെല്ലാം സൈകിളിലായിരുന്നു. ഇപ്പോള്‍ പ്രായമായി വരുന്നതോടെ സൈകിള്‍ യാത്ര പ്രയാസകരമായതിനാല്‍ ഒരു സ്കൂട്ടറിലാണ് അദ്ദേഹത്തിന്റെ യാത്രകള്‍.
Read More: അധ്യാപനം തൊഴിലല്ല, ഒരു കലയാണ്
നരിവാലമുണ്ടയിലെ ജനങ്ങള്‍ക്ക് അത്യാവശ്യ മത വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ്, ഹൈദര്‍ അലി മുസ്‍ലിയാര്‍ സ്വന്തം ജീവിതത്തിലൂടെയും പ്രയത്നങ്ങളിലൂടെയും ചെയ്യുന്നത്. പള്ളിയിലെ സേവനങ്ങള്‍ക്കും മദ്റസാ ക്ലാസുകള്‍ക്കും പുറമെ, പള്ളിയില്‍ മാസാന്തം നടക്കുന്ന മജ്‍ലിസുന്നൂര്‍ അടക്കമുള്ള ആത്മീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നതും പൊതുജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന കാര്യങ്ങളും മസ്അലകളും പഠിപ്പിക്കുന്ന ദീനീ ക്ലാസുകള്‍ നല്കുന്നതും അദ്ദേഹം തന്നെയാണ്. ചുരുക്കത്തില്‍ നരിവാലമുണ്ടയെന്ന കൊച്ചു പ്രദേശത്തിന്റെ മതപരമായ തുടിപ്പുകളെയെല്ലാം സജീവമാക്കി നിര്‍ത്താനുള്ള നിതാന്ത ജാഗ്രതയിലും പരിശ്രമത്തിലുമാണ് ഈ സാധാരണക്കാരനായ മുഅല്ലിം. അതോടൊപ്പം നാട്ടിലെ ഇതര മതസ്ഥരുമായും വളരെ നല്ല ബന്ധവും സ്നേഹവും കാത്ത് സൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരു പോലെ സ്വീകാര്യനാണ് ഹൈദര്‍ അലി മുസ്‍ലിയാര്‍.
ജോലിഭാരത്തെ കുറിച്ചോ, ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളെ കുറിച്ചോ പരാതികളൊന്നുമില്ലാത്ത അദ്ദേഹത്തിന് വീണ്ടും വീണ്ടും പറയാനുള്ളത് ആ നാടിന്റെ ഇനിയും തീരാത്ത മതരംഗത്തെ ആവശ്യങ്ങളെ കുറിച്ചാണ്. ആരെ കാണുമ്പോഴും അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്, മദ്റസക്ക് ഇത് വരെ സ്വന്തമായി ഒരു കെട്ടിടമുണ്ടാക്കാനായിട്ടില്ല. ഒരു ദീനീ സ്നേഹി മൂന്ന് സെന്റ് സ്ഥലം നല്കിയിരിക്കുന്നു. അവിടെ സ്വന്തമായി ഒരു കെട്ടിടം പണിയണം. അതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍. നിങ്ങളൊക്കെ അതിനായി ആത്മാര്‍ത്ഥമായി ദുആ ചെയ്യണം. സാധിക്കുന്ന പിന്തുണയും നല്കണം.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ കണ്ണുകളില്‍ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു, മുഖത്ത് കര്‍മ്മസാഫല്യത്തിന്റെ നിറഞ്ഞ സംതൃപ്തിയും. എന്ത് ലഭിക്കുന്നുവെന്ന് നോക്കാതെ പൊതുജനങ്ങളുടെ മതകീയ ജീവിതം ഭദ്രമാവണമെന്ന നിസ്വാര്‍ത്ഥ ചിന്തയോടെ സേവനരംഗത്ത് സജീവമായ ഇത്തരം മുഅല്ലിമുകളാണ് ഈ സമുദായത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാര്‍. നാഥന്‍ അവരുടെയെല്ലാം സേവനകര്‍മ്മങ്ങളെ സ്വീകരിച്ച് ഇരുലോകത്തും അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, ആമീന്‍.
നിങ്ങളുടെ പരിചയത്തിലുള്ള ഇത്തരം വേറിട്ട അധ്യാപകരെയും അവരുടെ ശ്രമങ്ങളെയും നിങ്ങള്‍ക്കും പരിചയപ്പെടുത്താം. അവരെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങളുമായി പങ്ക് വെക്കുക (islamonweb.net@gmail.com)
Leave A Comment