പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഇവിടെ പ്രവേശനമുണ്ട്
രണ്ട് മൂന്ന് ദിവസമായി പളിയിലെ ഇമാം കുട്ടികളോടൊത്ത് ട്രൈന്‍ കളിക്കുന്ന ഒരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. തുര്‍കിയിലെ ഒരു പള്ളിയിൽ രക്ഷിതാക്കളോടൊപ്പം തറാവീഹ് നിസ്ക്കരിക്കാൻ വന്ന കുട്ടികളുമായി പള്ളിയിലെ ഇമാം കളിക്കുന്നതാണ് ആ ചിത്രം.
നമ്മുടെ പല പള്ളികളിലും ഇത് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത വിധം നാം മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. “പ്രായപൂർത്തി എത്താത്തവര്‍ക്ക് പള്ളിയിൽ പ്രവേശനമില്ല” എന്ന ബാനർ തൂക്കിയ പള്ളികളും ഇല്ലാതില്ല.
ഈ ചിത്രം നമ്മെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കട്ടെ. പ്രായപൂർത്തി എത്താത്ത കുട്ടി പള്ളിയിൽ കയറിയാല്‍, അത് നിസ്കരിക്കുന്നവര്‍ക്ക് പ്രയാസമാവില്ലേ എന്നതാണ് ചിലരുടെ ആശങ്ക. എന്നാല്‍, അതേക്കാള്‍ പ്രധാനമാണ് കുട്ടികള്‍ നമ്മുടെ ആരാധനാകര്‍മ്മങ്ങള്‍ കണ്ട് വളരുന്നതും കൂടെക്കൂടി ശീലിക്കുന്നതും.
പുണ്യ പ്രവാചകരുടെ ചരിത്രത്തില്‍ ഇത്തരം എത്രയോ ചാരുചിത്രങ്ങള്‍ കാണാനാവും. നിസ്കരിക്കുമ്പോൾ പുറത്ത് കുട്ടി കയറി ഇരുന്നതിനാല്‍ സുജൂദ് ദീര്‍ഘിപ്പിച്ചതും, കാലിനിടയിലൂടെ ഓടിപ്പോകാൻ വന്ന കുട്ടിക്ക് കാൽ വിശാലമാക്കി കൊടുത്തതുമെല്ലാം അവിടത്തെ മഹത്തായ മാതൃകകളാണ്.
സഹൽ ഇബ്നു സഅ്ദ് അസ്സാഇദി (റ) പറയുന്നു. നബി (സ്വ) യുടെ സദസിലേക്ക് ആരോ ഒരു പാനീയം നല്കി. നബിയുടെ വലത് ഭാഗത്ത് ഒരു കുട്ടിയും ഇടത് ഭാഗത്ത് വൃദ്ധന്മാരുമാണുണ്ടായിരുന്നത്. നബി (സ്വ) കുട്ടിയോട് ചോദിച്ചു: ''ബാക്കിയുള്ളത് ഞാനവർക്ക് നൽകട്ടെ? കുട്ടിയുടെ മറുപടി: ''അരുത്, അല്ലാഹുവാണെ, തിരുദൂതരിൽ നിന്ന് എനിക്ക് ലഭിക്കേണ്ട വിഹിതം മറ്റൊരാൾക്കും ഞാൻ നൽകുകയില്ല'' (മുവത്വ).
അതുപൊലെ പ്രവാചകരുടെ കൈ പിടിച്ച് പള്ളിയിലേക്ക് വരുന്ന കുട്ടികളെയും ചരിത്രത്തില്‍ കാണാം. നബി (സ്വ) ഒരിക്കൽ പളളിയിലേക്ക് പേരക്കുട്ടികളായ ഹസൻ (റ), ഹുസൈൻ (റ) എന്നിവരെയും കൊണ്ടു വന്നു. നബി (സ്വ) ജനങ്ങൾക്ക് ഇമാമായി നമസ്കാരം ആരംഭിച്ചു. കുട്ടികൾ നബി (സ്വ) യുടെ പുറത്ത് കയറി കളിക്കുകയും മറ്റും ചെയ്തു കൊണ്ടേയിരുന്നു. നമസ്കാരം കഴിഞ്ഞപ്പോൾ അവര്‍ ചോദിച്ചു.
''അല്ലാഹുവിന്റെ റസൂലേ, നമസ്‌കാരത്തിൽ ഒരു സുജൂദ് വളരെ നീണ്ടു പോയല്ലോ. താങ്കൾക്കെന്തെങ്കിലും അത്യാഹിതം സംഭവിച്ചോ അതോ വഹ്‌യ് അവതരിച്ചോ എന്ന് ഞങ്ങള്‍ വിചാരിച്ചു. ഇതിനു നബിയുടെ മറുപടി ഇപ്രകാരമായിരുന്നു: ''അതൊന്നുമല്ല, എന്റെ കുട്ടിയെന്നെ വാഹനമാക്കി. അവന്റെ കളി തീരുന്നതിനു മുമ്പ് തലയുയർത്തുന്നത് ഞാനിഷ്ടപ്പെട്ടില്ല'' (അഹ്മദ്)
കുട്ടികള്‍ കളിചിരികളില്‍ ഏര്‍പ്പെടുമെന്നത് സ്വാഭാവികമാണ്. അത് കുട്ടികളുടെ ഭാഷയില്‍ തന്നെ തിരുത്തുകയാണ് വേണ്ടത്. അതേ സമയം "ഇങ്ങനെ ചിരിച്ചു കളിക്കാനെങ്കിൽ ഇനി പള്ളിയിലേക്ക് വരണ്ട" എന്ന രീതിയില്‍ ചിലര്‍ നടത്തുന്ന ശകാരങ്ങള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചെറുപ്പത്തില്‍ കേള്‍ക്കേണ്ടിവന്ന ഇത്തരം ശാസനകള്‍ കാരണം, പള്ളി കാണുമ്പോൾ മുഖം തിരിച്ചു നടക്കുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്.
ചുരുക്കത്തില്‍, ഈ ചിത്രം നമ്മുടെ ചിന്താഗതിയെ മാറ്റാന്‍ കാരണമാവട്ടെ. നമ്മുടെ പള്ളികള്‍ കുട്ടികള്‍ക്ക് കൂടിയുള്ളതാവട്ടെ. വരും തലമുറയെ പള്ളിയോട് അടുപ്പിക്കുന്ന വിധമുള്ള വിവിധ പദ്ധതികള്‍ നമ്മുടെ പള്ളികളുടെ ഭാഗമാവട്ടെ. ഈ റമദാനില്‍ നാം വരുത്തുന്ന വലിയ ചില മാറ്റങ്ങളില്‍ ഒന്നാവും അത്, തീര്‍ച്ച.
Leave A Comment