അലഞ്ഞുതിരിയുന്ന വിലാസങ്ങള്‍
[caption id="attachment_38476" align="alignleft" width="263"]മേല്‍വിലാസം നഷ്ടപ്പെട്ടവര്‍ പുസ്തക കവര്‍ പുസ്തകത്തിന്‍റെ പുറംചട്ട[/caption] വസന്തം കിഴക്കു നിന്നും പടിഞ്ഞാറോട്ടു സഞ്ചരിക്കുമ്പോള്‍ വിശ്രമിക്കാന്‍ തങ്ങിനില്‍ക്കുന്നത് ലെബനോനിലെ കുന്നിന്‍ ചെരുവുകളിലാണ് എന്ന് ഖലീല്‍ ജിബ്രാന്‍ തന്റെ പ്രിയദേശത്തെ പുകഴ്ത്തിയിട്ടുണ്ട്. പൗരസ്ത്യ സംസ്‌കൃതിയുടെയും പാശ്ചാത്യനാഗരികതയുടെയും രമ്യമായ ഒരു ഇഴയടുപ്പം ലെബനോന്‍ ദേശമെന്ന സംഗമസ്ഥാനത്തിന്റെ സവിശേഷതയാണ്. നൂറ്റാണ്ടുകളായി ജൂതനും ക്രൈസ്തവനും മുസ്‌ലിമും ഒരുമിച്ചു പാര്‍ക്കുന്ന തെരുവുകളും താഴ്‌വാരങ്ങളും അവിടെയുണ്ട്. ഇതേ ലെബനോന് വേദന നിറഞ്ഞ ഒരു കണ്ണീര്‍ക്കഥയുമുണ്ടെ് സമകാലീന ഭൗമരാഷ്ട്രീയമറിയുവര്‍ക്കെല്ലാമറിയാം. അത് സയണിസ്റ്റ് അധിനിവേശത്തിന്റെയും ചെറുത്തുനില്‍പുകളുടെയും കൂട്ടക്കൊലകളുടെയും രക്തസാക്ഷ്യങ്ങളുടെയും കഥയാണ്. സയണിസത്തിന്റെ കുടിലമായ രഹസ്യവഞ്ചനാ പദ്ധതികളില്‍ പെട്ട് പരസ്പരസ്‌നേഹവും വിശ്വാസവും സമാധാനവും നഷ്ടപ്പെട്ടുപോയ ജനതയായി എങ്ങിനെയാണ് സാം എന്ന പൂര്‍വ്വപിതാവിന്റെ പല താവഴികളില്‍ വരുന്ന സന്തതിപരമ്പരകള്‍-സെമിറ്റിക് വംശജര്‍- ഭിന്നിച്ചും തമ്മിലടിച്ചും പോയത് എന്നത് മനുഷ്യചരിത്രത്തിലെ ദീര്‍ഘിച്ചുനീറുന്ന മുറിവുകളിലൊന്നാണ്. ഈ മുറിവിന്റെ -ഫലസ്ഥീന്റെ- അനാഥരായി ചിതറിത്തെറിക്കപ്പെട്ട നിസ്സഹായരായ മനുഷ്യരുടെ ചില ജീവിതചിത്രങ്ങളാണ് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ രണ്ടാമത്തെ നോവലായ 'മേല്‍വിലാസം നഷ്ടപ്പെട്ടവര്‍' അവതരിപ്പിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ അലഞ്ഞുതിരിയുന്നവരുടെയും വലിച്ചെറിയപ്പെടുന്നരുടെയും കഥകളാണ് എന്നു പാഠങ്ങളില്‍സുദീര്‍ഘമായി നോവലിസ്റ്റ് വരച്ചിടുന്നത്.ഫര്‍ഹാന്‍ എന്നഅനാഥബാലനും അവന്റെ ജ്ഞാനിയായ ഗുരു ഉസ്താദ് റാസീ ഹനാന്‍ ആരിഫുമാണ് പാഠങ്ങളെ തമ്മിലിണക്കുന്ന കണ്ണികള്‍.ഉസ്താദ് ഫര്‍ഹാനോടു പറയുന്നകഥകളുടെ രൂപത്തിലാണ് നോവലിന്റെ രചനാസങ്കേതം. ഓരോ കഥയുടെയും സാരാംശം ഒരു പഠനപാഠമായി ആദ്യം കൊടുത്തിരിക്കുന്നു.ഉസ്താദ് പറയുന്നകഥകളുടെയും യാത്രികര്‍ എന്നനിലക്കുള്ള അവരുടെ നിതാന്താനുഭവങ്ങളുടെയും സ്മൃതികള്‍ തീവ്രജൂതരാഷ്ട്രവാദത്തിന്റെ കുടിലമായ ഹിംസ മുറ്റി നില്‍ക്കുന്നവയാണ്.ചരിത്രസംഭവങ്ങളെയും വസ്തുതകളെയും ഭാവനയെയും വേണ്ടുവോളം ഇടകലര്‍ത്തിയാണ് കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. ആമുഖത്തില്‍ തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്.ചരിത്രസംഭവങ്ങളുടെ വിട്ടുപോയ വിവണചരിത്രങ്ങളുടെ ഇടനാഴികകളില്‍ കാണപ്പെടുന്ന ശൂന്യതകളിലാണ് ഈ കഥകള്‍ വിരിയുന്നത്എന്ന രൂപത്തിലാണ് ആ പരാമര്‍ശം. മലയാളിയായ നോവലിസ്റ്റിന് താരതമ്യേന അപ്രാപ്യമാകാനിടയുള്ള ഭൂപ്രദേശങ്ങളാണ് കഥ നടക്കുന്നിടമത്രയും.സ്വാഭാവികമായും നേരിട്ടുള്ള അനുഭവത്തിന്റെ സാധ്യതയും വളരെ കുറവ്. എിന്നിട്ടും കഥ നടക്കുന്ന ദേശങ്ങളുടെ ചരിത്രം ചികയുന്നതിനും വിശദമായ വാഗ്ചിത്രങ്ങള്‍ വരഞ്ഞിടുന്നതിനും ഈ യുവ എഴുത്തുകാരന്‍ നടത്തിയിരിക്കുന്ന കഠിനാധ്വാനം പ്രശംസനീയമാണ്. അതീവ ദൃശ്യസാധ്യത നിറഞ്ഞ ഭൂമി ശാസ്ത്ര വര്‍ണനകളിലൂടെ കടന്നുപോകുമ്പോള്‍ ഒരു ആനിമേഷന്‍ സിനിമയുടെ ദൃശ്യപ്രതലത്തിലേക്ക് ഇതിനെ എളുപ്പം പരിവര്‍ത്തിപ്പിക്കാമല്ലോ എന്നു തോന്നിപ്പോകും. ഫലസ്ഥീനിലെ മനുഷ്യാവകാശലംഘനങ്ങളും അനീതിയും അലച്ചിലുകളും അറ്റമില്ലാതെ തുടരുകയും അവയോടുള്ള നമ്മുടെ സര്‍ഗ്ഗാത്മകപ്രതികരണങ്ങള്‍ വിവര്‍ത്തനങ്ങളിലൊതുങ്ങുകയും ചെയ്യുന്ന വേളയില്‍ ഇദംപ്രഥമമായ ഒരു മുഴുനീള മൗലികരചന പ്രതീക്ഷാജനകമാണ്. പുസ്തകം അറബിയിലാണിറങ്ങിയിരുന്നതെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു. അറബിഭാഷയില്‍ കഴിവുറ്റ ഒരാളുടെ പരിശ്രമം ഇനിയും അതിന്റെ പരിഭാഷയുടെ കാര്യത്തില്‍ പ്രതീക്ഷക്കു വകയുള്ളതാണ്. പല സംഭവങ്ങളിലായി അനേകം കഥാപാത്രങ്ങള്‍ കടന്നുവരുന്നുണ്ടെങ്കിലും 'ഹുബാരയുടെകൊക്കുകള്‍' എന്ന അധ്യായത്തെ ജീവസുറ്റതാക്കി മാറ്റുന്ന ഈസാ ഗലീലി എന്ന മഹാബുദ്ധിശാലിയാണ് നോവലിലെ അവിസ്മരണീയ കഥാപാത്രം. വലിയ പക്ഷിനിരീക്ഷകനും ശാസ്ത്രപണ്ഡിതനും ഭാവനാശാലിയുമാണ് ഈസാഗലീലി. ഈസായുടെ ബഹുമുഖവ്യക്തിത്വത്തെയും ഭാവനാസമ്പന്നതയും വിളക്കിയെടുക്കുന്നതില്‍ നോവലിസ്റ്റ് എടുത്തിട്ടുള്ള മിനക്കേടും രചനാകൗശലവും മുന്‍ അധ്യായങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍ക്കും ആകാമായിരുന്നു. വഞ്ചിതരും പീഢിതരുമായ മനുഷ്യര്‍ എന്നതാണ് ഈസയുള്‍പ്പെടെയുള്ള എല്ലാ കഥാപാത്രങ്ങളുടെയും പൊതുവായ അനുഭവതലം. അവരില്‍ ചിലര്‍ ചെറുത്തുനില്‍ക്കുന്നവരും ചിലര്‍ കെണിയില്‍ വീഴ്ത്തപ്പെടുന്നവരും മിക്കവാറും പേര്‍ രക്തസാക്ഷ്യം വരിക്കുന്നവരുമാണ്. രാഷ്ട്രീയവഞ്ചനകളുടെ വിഷാദാത്മകമോ പ്രസാദപൂര്‍ണമോ ആയ തിരിച്ചറിവുകളിലൂടെയും ദുര്‍ബലമോ ബലിഷ്ഠമോ ആയ ചെറുത്തുനില്‍പ്പുകളിലൂടെയും കടന്നു പോകുന്ന അഭയാര്‍ത്ഥിജീവിതങ്ങളുടെ ചരിത്രപരമായ അനാഥത്വമാണ് നോവലിന്റെ സ്ഥൂലമായ ആഖ്യാനതലം. ഈയൊരു പശ്ചാതലത്തില്‍ സ്വാഭാവികമായും ആര്‍ദ്രതയെക്കാള്‍ ഹിംസമുറ്റിയ കരുത്തിനാണ് ഊന്നല്‍ കൈവന്നിട്ടുള്ളത്. കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങളുടെ അസാന്നിധ്യം കഥാസന്ദര്‍ഭങ്ങളുടെ വികാരസാന്ദ്രമായ സൂക്ഷ്മവികാസങ്ങളെ സാധ്യമല്ലാതാക്കുന്നുണ്ട്. ചരിത്രപരമായ വിശകലനത്തില്‍ സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയുടെ അകമ്പടിയോടു കൂടിയല്ലാതെ ഇസ്രയേല്‍ രാഷ്ട്ര സംസ്ഥാപനം ഒട്ടുമേ സാധ്യമാകുമായിരുന്നില്ല. പശ്ചിമേഷ്യന്‍ ജനതയുടെ സ്വഛന്ദവിശുദ്ധമായ നാഗരികജീവിതത്തിനു മീതെ ബ്രിട്ടീഷ്-അമേരിക്കന്‍ സാമ്രാജ്യങ്ങളുടെ സഹായത്തോടെ സയണിസ്റ്റു പ്രസ്ഥാനം അടിച്ചേല്‍പിച്ച രാഷ്ട്രമാണ് ഇസ്രയേല്‍. ഫലസ്തീനികള്‍ അനാഥരും മേല്‍വിലാസമില്ലാത്തവരുമായിത്തീര്‍ന്നത് അങ്ങിനെയാണ്. ഇസ്രായേലിന്റെ അടിസ്ഥാനപരമായ നിലനില്‍പു തന്നെ വെറുപ്പിനും വഞ്ചനക്കും മേല്‍ ഊന്നിയ ഹിംസയിലധിഷ്ഠിതമാണ് എന്ന് നോവല്‍ വായനക്കാരനെ അടിക്കടി ബോധ്യപ്പെടുത്തുന്നുണ്ട്. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുടിലമായ മതവംശീയ വൈരം സൃഷ്ടിച്ച ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തിന് മുഴുവന്‍ ജൂതവംശജരെയും ഉത്തരവാദികളായിക്കാണുകയും എല്ലാ ജൂതന്‍മാരെയും കുറ്റവാളികളും ശത്രുക്കളുമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഒരു കെണിയാണ്. അറിഞ്ഞും അറിയാതെയും മുസ്‌ലിം എഴുത്തുകാരും പൊതുജനങ്ങളും ഈ കെണിയില്‍ എളുപ്പം വീണുപോവാറുണ്ട്. വസ്തുതാപരമായോ ഖുര്‍ആനികമായിപ്പോലുമോ ഈ നിലപാട് സാധൂകരിക്കാനാകാത്തതാണ്. ഓരോ ജൂതനും മുസ്‌ലിമിന്റെ ശത്രുവാണ് എന്ന തീവ്രസിദ്ധാന്തവും അതില്‍ നിന്നുത്ഭവിക്കു മുദ്രാവാക്യ സമാനമായ അമര്‍ഷ വാഗ്‌ദ്ധോരണികളും -മുസ്‌ലിം ലോകത്തെമ്പാടുമുണ്ടിന്ന് രണ്ടും- വിപരീത ഫലമാണു ചെയ്യുകയെുന്നും ആത്യന്തികമായി സയണിസത്തെ സഹായിക്കുന്നതാണെുന്നും മനസ്സിലാക്കപ്പെടേണ്ടതാണ്. സാമുദായികാര്‍ത്ഥത്തിലുള്ള മുസ്‌ലിം-ജൂത ധ്രുവീകരണം ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള പരിഹാരമല്ല. അത് നീതിയുടെയും അനീതിയുടെയും പ്രശ്‌നമാണ്. ആ അര്‍ഥത്തില്‍ മതധാര്‍മികതയുടെ ന്യായമായ താത്പര്യം അതിലുണ്ട്. ഖുദ്‌സിന്റെ വിമോചനം എന്ന അര്‍ഥത്തിലും മതത്തിന്റെ(ഇസ്‌ലാമിന്റെ) ചരിത്രപരമായ കര്‍ത്തവ്യബോധം ഇവിടെ പ്രവര്‍ത്തനനിരതമാകുന്നുണ്ട്. പക്ഷേ അത് നാഗരികതകള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന അര്‍ഥത്തിലല്ല, ആവുകയുമരുത്; മറിച്ച് സംവാദാത്മകവും സഹിഷ്ണുതാപരവുമായ പരിശ്രമങ്ങളിലൂടെയാവണം. ജൂത-മുസ്‌ലിം ധ്രുവീകരണവും അര്‍മാഗെഡോ (ലോകാവസാനയുദ്ധം)മാണ് ക്രൈസ്തവമതമൗലികവാദികള്‍ പോലും ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നത് എന്നിരിക്കേ ഈ വിവേചനം ഇനിയും വൈകിക്കൂടാ. എല്ലാ ജൂതന്‍മാരും (എല്ലാ ഇസ്രയേലികള്‍ പോലും) സയണിസ്റ്റുകള്‍ അല്ല എന്നും ഇസ്രയേല്‍ വിരോധികള്‍ ധാരാളമവരിലുണ്ടെന്നും വിസ്മരിച്ചു കൂടാത്തതാണ്. രാഷ്ട്രീയമായ വായനയില്‍ ആദ്യത്തെ ആറ് അധ്യായങ്ങളില്‍ നമ്മുടെ നോവലിസ്റ്റും ജൂതന്‍ സമം വഞ്ചകന്‍ എന്ന സമവാക്യത്തിന്റെ ഇത്തരമൊരു കെണിയില്‍ അകപ്പെടും എന്ന തോന്നലുളവാകുന്നുണ്ട്. പക്ഷേ, അവസാന അധ്യായത്തിന്റെ കരവിരുതിലൂടെ ഈ കെണിയുടെ താഴ്ചയില്‍ നിന്നും നോവലിനെ നോവലിസ്റ്റ് രക്ഷപ്പെടുുത്തുന്നുണ്ട്. ടൈറ്റസ് യഹൂദ് അല്‍മാനി എന്ന ജൂതപ്പട്ടാളക്കാരന് കഥാന്ത്യത്തില്‍ സംഭവിക്കുന്ന മനംമാറ്റം വിശ്വസനീയവും ആത്മാര്‍ഥത നിറഞ്ഞതും ആണ്. ഫലസ്തീനു വേണ്ടിയുള്ള ആശയപരവും സര്‍ഗ്ഗാത്മാകവുമായ സംവാദങ്ങളില്‍ ഒരു നോവല്‍ എന്ന നിലക്ക് മലയാളത്തിലെ ആദ്യത്തെ ഇടപെടലാണിത്. വിശദവും ശ്രമകരവുമായ ഗവേഷണത്തില്‍ നിന്നല്ലാതെ ഇത്തരമൊരു രചന സാധ്യമല്ല. കൂടുതല്‍ ആര്‍ദ്രഗഹനവും പ്രത്യാശാപൂര്‍ണവും ദര്‍ശനനിബിഢവുമായ രചനകള്‍ക്ക് ഇതൊരു പ്രചോദനമായിത്തീരട്ടെ. സ്വബ്‌റയുടെയും ശാത്വിലയുടെയും മുറിവുകളുടെ നൈരന്തര്യത്തിലേക്ക് സൂചന നല്കിക്കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. മനം മാറ്റം വന്ന യഹൂദ പട്ടാളക്കാരന്‍ വഴി ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകന്റെ ബെയ്‌റൂത്തിലെ വീട്ടില്‍ എത്തിക്കപ്പെട്ട രേഖകളുടെ ആഖ്യാനം എന്ന തരത്തിലുള്ള രചനാസങ്കേതം കൗതുകം നിറഞ്ഞതാണ്. വായനയും സംവാദവും അര്‍ഹിക്കുന്ന ഒരു ഫലസ്തീന്‍ പുസ്തകമായി ഇതനുഭവപ്പെടുു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter