അഖീദത്തുൽ അവാം: അടിസ്ഥാന വിശ്വാസങ്ങളുടെ കാവ്യരൂപം
വിശുദ്ധ ഇസ്‍ലാമിന്റെ അടിസ്ഥാനാദർശങ്ങളെ ഹൃദ്യവും ലളിതവുമായ കാവ്യശകലങ്ങളായി അവതരിപ്പിക്കുന്ന കൃതിയാണ്, സയ്യിദ് അഹ്‌മദ് മർസൂഖിയുടെ അഖീദതുല്‍ അവാം.
കേവലം അമ്പത്തേഴ് വരികളിലൊതുങ്ങി നിൽക്കുന്ന ഈ കാവ്യവിസ്മയം, ഒരു മുസ്‍ലിം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിശ്വാസകാര്യങ്ങളുടെ സംക്ഷിപ്തമാണ്. അല്ലാഹുവിനെയും അവന്റെ അതുല്യങ്ങളായ സ്വിഫാതുകളെയും വിവരിച്ച് തുടങ്ങുന്ന മർസൂഖി പതിയെ പ്രവാചകന്മാരിലേക്കും അവരുടെ സവിശേഷതകളിലേക്കും കടക്കുന്നു. നമുക്കൊക്കെ സുപരിചിതരായ പത്ത് മലകുകളെയും നാല് വേദങ്ങളെയും പരിചയപ്പെടുത്തിയ ശേഷം, നബി തങ്ങളിലേക്കും അവിടത്തെ വംശം, കുടുംബം, ജീവിതകാലം, സന്താനപരമ്പര, ഭാര്യമാർ, ഇസ്‌റാഅ് മിഅറാജ് തുടങ്ങിയവയിലേക്കും തികഞ്ഞ ആധികാരികതയോടെ വെളിച്ചം വീശുന്നുണ്ട് ഈ കൊച്ചു കൃതി.
അഖീദത്തുൽ അവാമിനെ ലോകമൊട്ടാകെയുള്ള മുസ്‍ലിം ജനത പല രൂപങ്ങളിലായി ഉൾക്കൊണ്ടിട്ടുണ്ട് എന്നതാണ് സത്യം. "ഹും ആദമുൻ ഇദ്‌രീസു നൂഹ്" എന്ന് തുടങ്ങി ഇരുപത്തഞ്ച് പ്രവാചകരുടെ പേരുകൾ പരാമർശിക്കുന്ന വരികൾ, പ്രവാചകന്റെ പിതൃപരമ്പര പറയുന്ന പ്രസിദ്ധമായ വരികള്‍ തുടങ്ങിയവയെല്ലാം സയ്യിദ് മര്‍സൂഖിയുടേതാണ്. അറബിക്കവിതകളുടെ സവിശേഷമായ പ്രാസഭംഗിയും ആകർഷണീയമായ കോർവയുമൊത്ത വരികൾ വളരെ എളുപ്പത്തിൽ തന്നെ വായനക്കാരന്റെ മനസ്സിലേക്ക് പതിയുന്നവയാണ്. വിശ്വാസശാസ്ത്രരംഗത്ത് അഖീദത്തുൽ അവാം തീർത്ത മുന്നേറ്റം, ദേശ-ഭാഷാ-പ്രായഭേദമന്യേ ദൈവികാദർശത്തെ സജീവമാക്കി നിര്‍ത്തി എന്ന് തന്നെ പറയാം.
അഖീദത്തുൽ അവാമിന്റെ കർത്താവ് മർസൂഖിയുടെ വിശുദ്ധജീവിതം മനസ്സിലാക്കുമ്പോഴാണ് മഹാനവർകളുടെ ഈ രചന എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് തിരിച്ചറിയുക. ഹിജ്‌റ വർഷം 1205ല്‍ ഈജിപ്തിലെ സമ്പാത്തിൽ പിറന്ന മർസൂഖി ഖുർആൻ മനഃപാഠമാക്കുകയും ശേഷം പത്തു വ്യത്യസ്ത രീതികളിലുള്ള ഖിറാഅത് ശൈലികൾ പഠിക്കുകയും ചെയ്തു. ആ കാലഘട്ടം കണ്ട മികച്ച പണ്ഡിതരിലൊരാളായിരുന്ന തന്റെ സഹോദരൻ സയ്യിദ് മുഹമ്മദ് എന്നവർ വഫാത്തായതോടെ അദ്ദേഹം വഹിച്ചിരുന്ന മാലികി മുഫ്തി എന്ന പദവിയില്‍ ശൈഖവർകൾ നിയമിതനായി. പരിപാവനമായ മസ്ജിദുൽ ഹറമിൽ വിഭിന്ന ദേശങ്ങളിൽ നിന്നും ജ്ഞാനദാഹം തീർക്കാനെത്തുന്ന അനേകം ശിഷ്യഗണങ്ങൾക്ക് വിശുദ്ധ ഖുർആനും തഫ്സീറുകളും ഇതര ശറഈ വിജ്ഞാനങ്ങളും പകർന്നുനൽകി മർസൂഖി ശിഷ്ടകാലം മക്കയിൽ തന്നെ അധ്യാപക ജീവിതം നയിച്ചു.
ശൈഖ് മർസൂഖി അഖീദത്തുൽ അവാമെന്ന മഹത്ഗ്രന്ഥം രചിച്ചതിന് പിന്നിൽ അത്ഭുതകരമായൊരു ചരിത്രമുണ്ട്. ഹിജ്‌റ വർഷം 1258ലെ റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിൽ മഹാനവർകൾ നബി ത്നങ്ങളെ സ്വപ്നത്തിൽ ദർശിക്കുകയുണ്ടായി. തിരുനബിയുടെ ചാരത്തു അനവധി സ്വഹാബികൾ ആ പുണ്യവചനങ്ങൾക്കായി കാതോർത്തിരിക്കുന്നു.
അന്നേരം പ്രവാചകര്‍ മർസൂഖിയോടായി ഇങ്ങനെ മൊഴിഞ്ഞു: മനഃപാഠമാക്കുന്നവർക്ക് സ്വർഗപ്രവേശം സാധ്യമാകുന്ന, ഖുർആനിനോടും സുന്നത്തിനോടും യോജിച്ച എല്ലാ ഖൈറുകളും കരഗതമാക്കാവുന്ന മൻളൂമതു തൗഹീദ് നീ പാരായണം ചെയ്യുക!. അത്ഭുതപ്പെട്ടുപോയ മർസൂഖി, അല്ലാഹുവിന്റെ റസൂലേ, എന്താണ് ആ മൻളൂമത്ത് എന്നാരാഞ്ഞപ്പോൾ അത് നബി തങ്ങൾ തന്നെ പറഞ്ഞുതരും, ശ്രദ്ധിച്ചുകേട്ടോളൂ എന്ന് സ്വാഹാബികള്‍ പ്രതിവചിച്ചു. അന്നേരം നബി പറഞ്ഞു: നീ أبدأ باسم الله والرحمن (കാരുണ്യവാനായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ തുടങ്ങുന്നു) എന്ന് ചൊല്ലുക. നബിയുടെ നിർദേശമനുസരിച്ച് മർസൂഖി ആ വരികളും അതിന് ശേഷം അദ്ദേഹം രചിക്കേണ്ടിയിരുന്ന വരികളും മനോഹരമായി ചൊല്ലിക്കൊടുത്തു. തിരുനബി തങ്ങൾ ആ വരികൾ സാകൂതം ശ്രവിക്കുകയും ചെയ്യുണ്ടായിരുന്നു.
ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ മർസൂഖി താൻ സ്വപ്നത്തിൽ ഉരുവിട്ട വരികളൊന്നുകൂടെ ഓർത്തുനോക്കാൻ ശ്രമിച്ചപ്പോൾ തനിക്കത് മുഴുവൻ മനഃപാഠമായിരിക്കുന്നു എന്ന സത്യം അദ്ദേഹം അതിശയത്തോടെ തിരിച്ചറിഞ്ഞു.
പിന്നീട് കുറച്ചുകാലത്തിന് ശേഷം ദുൽഖഅദ ഇരുപത്തെട്ടിലെ വെള്ളിയാഴ്ച രാവിൽ മർസൂഖി പുണ്യപ്രവാചകനെ വീണ്ടും സ്വാപ്നത്തിൽ ദർശിച്ചു. നീ മനഃപാഠമാക്കിയ ആ വരികൾ ചൊല്ലിത്തരൂ എന്ന് തിരുനബി ആവശ്യപ്പെട്ടപ്പോൾ തിരുസവിധം മുമ്പാകെ അദ്ദേഹമാ വരികൾ ചൊല്ലിക്കൊടുത്തു. മർസൂഖി ചൊല്ലിയ ഓരോ വരികൾക്കും മഹാന്മാരായ സ്വഹാബാക്കൾ ആമീൻ പറയുന്നുണ്ടായിരുന്നു. ബൈത്ത് മുഴുവൻ ചൊല്ലിക്കഴിഞ്ഞപ്പോൾ തിരുനബി(സ്വ) അദ്ദേഹത്തിന് വേണ്ടി ഇങ്ങനെ പ്രാർഥിക്കുകയുണ്ടായി: അല്ലാഹു അവൻ തൃപ്തിപ്പെടുന്ന സുകൃതങ്ങൾ ചെയ്യാൻ നിനക്ക് തൗഫീഖ് നൽകട്ടെ, നിന്നിൽ നിന്നുമിത് സ്വീകരിക്കട്ടെ, നിനക്കും സർവ്വസത്യവിശ്വാസികൾക്കുമവൻ ബർകത് ചെയ്യട്ടെ, ഈ മഹത്തായ കർമം കൊണ്ട് ലോകജനതക്ക് ഉപകാരം ലഭിക്കട്ടെ". പ്രവാചകാശീർവാദം നേടിയ, അവിടുത്തെ നിർദേശപ്രകാരം ഉടലെടുത്ത ഈ രചന പിന്നീടങ്ങോട്ട് ആഗോളതലത്തിൽ തന്നെ അംഗീകാരം നേടിയെടുക്കുകയുണ്ടായി എന്നത് ചരിത്രം.
അശ്അരി സരണിയിലൂടെ വിരചിതമായ അഖീദത്തുൽ അവാമിന് അനേകം വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വിരചിതമായിട്ടുണ്ട്. മർസൂഖി തന്നെ രചിച്ച ശർഹടക്കം പത്തോളം വ്യാഖ്യാനങ്ങൾ ഇന്ന് ലഭ്യമാണ്. മർസൂഖിയെ വായിച്ചറിഞ്ഞ ജാവാദേശക്കാരനായ മുഹമ്മദ് ബിൻഅലി നവവിയെന്ന വിഖ്യാത തർക്കശാസ്ത്ര പണ്ഡിതൻ രചിച്ച നൂറുള്ളലാം എന്ന മനോഹരമായ വ്യാഖ്യാനം ഇവയില്‍ പ്രത്യേകം പ്രസ്താവ്യമാണ്. കോടമ്പുഴ ബാവ മുസ്ലിയാര്‍, അതീദത്തുൽ മുഹാം എന്ന പേരിലെഴുതിയ ശർഹ് ഈ രംഗത്തെ കേരളീയ സംഭാവനയാണെന്ന് പറയാം.
ദീർഘദൃഷ്ടിയുണ്ടായിരുന്ന നമ്മുടെ പൂർവീകർ ദർസ് സമ്പ്രദായത്തിൽ ഫത്ഹുൽ മുഈനിനും മഹല്ലിക്കുമൊപ്പം അഖീദത്തുൽ അവാമിനെ കൂടി ഉൾപ്പെടുത്തി എന്നതിൽ നിന്ന് തന്നെ ഇതിന്റെ അക്കാദമിക പ്രാധ്യാന്യം വ്യക്തമാണ്. ദീനുൽ ഇസ്‍ലാമിന്റെ ആശയാദർശങ്ങളെ അതിന്റെ തനിമ ചോരാതെ പിൻപറ്റി ജീവിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ!
2 Comments
-
-
Islamonweb Admin
11 months ago
try from here: https://www.noor-book.com/كتاب-منظومه-عقيده-العوام-العلامه-احمد-المرزوقي-المالكي-المكي-pdf
-
-
Leave A Comment