ഫത്ഹുല്‍ മുഈന്റെ സ്വാധീനം

കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഫത്ഹുല്‍ മുഈന്‍ ഒരേസമയം കര്‍മ്മശാസ്ത്രത്തിന്റെ ബാലപാഠവും അവസാനപാഠവുമാണ്. പണ്ഡിതരും പാമരരും ഫത്ഹുല്‍ മുഈനില്‍ നോക്കി തന്നെയാണ് ജീവിതപാഠം തിട്ടപ്പെടുത്തിയത്. ഏതൊരാള്‍ക്കും നോക്കാനും കണ്ടെത്താനും കഴിയുംവിധം ഫത്ഹുല്‍ മുഈനിന്റെ ഓരോ ഏടുകളും കേരള മുസ്‌ലിംകള്‍ക്ക് സുപരിചിതമാണ്. ദര്‍സുകളിലൂടെയും മതപാഠശാലകളിലൂടെയും മതവേദികളിലൂടെയും കേരളത്തിലെ പണ്ഡിതന്‍മാര്‍  ഫത്ഹുല്‍ മുഈനിലെ ഓരോ ലഫ്‌ളും മഅ്‌നയും നമ്മെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുഈനിന്റെ ആദ്യഭാഗം ഓതിക്കൊടുത്താണ് കേരളത്തില്‍ പലയിടത്തും മതപഠനത്തിന്റെ പ്രോദ്ഘാടനം നടത്തപ്പെടുന്നത്.

ഇബ്‌നുഹജര്‍  ഹൈതമി(റ)യും റംലി സഗീറും(റ), ഖത്വീബ് സര്‍ബീനി(റ)യും ശൈഖ് അല്ലാമാ ബാ മഖ്‌റമയും(റ)മൊക്കെ കര്‍മശാസ്ത്ര രംഗത്ത് സജീവമായിരുന്ന പത്താം നൂറ്റാണ്ടില്‍ തന്നെയാണ് കേരളത്തില്‍നിന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍(റ)(938-991) എന്ന മഹാപ്രതിഭ ഉയര്‍ന്നുവരുന്നത്. പ്രാഥമിക പഠനം പിതാവില്‍നിന്ന് നേടി ഉപരിപഠനാര്‍ത്ഥം പൊന്നാനിയിലേക്ക് പോയി. പൊന്നാനിയിലെ പഠനം കഴിഞ്ഞ് മക്കയിലേക്ക് പുറപ്പെട്ട മഖ്ദൂം(റ) ഹജ്ജ് കഴിഞ്ഞ് ഹറമില്‍ തന്നെ താമസിച്ചു. ഇബ്‌നു ഹജര്‍ ഹൈതമി(റ), ഇമാം റംലി(റ), ഖത്വീബ് ശര്‍ബീനി(റ), അബ്ദുല്ലാ ബാ മഖ്‌റമ(റ), അബ്ദുറഹ്മാനുബിനു സിയാദ്(റ) തുടങ്ങിയ പത്തോളം പണ്ഡിതരില്‍ നിന്നും ഫത്‌വ സ്വീകരിച്ചു. ഇവരടക്കമുള്ളവരോട് ഹി. 997നു മുമ്പ് ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും സമാഹരിച്ചതാണ് 'അല്‍ അജ്‌വിബത്തുല്‍ അജീബ അനില്‍ അസ്ഇലത്തില്‍ ഗരീബ' എന്ന ഗ്രന്ഥം. തുഹ്ഫത്തുല്‍ മുജാഹിദീന്‍ അടക്കം വിവിധ വിഷയങ്ങളില്‍ പത്തോളം ഗ്രന്ഥങ്ങളെഴുതിയ മഖ്ദൂം സഗീര്‍(റ), 33 വര്‍ഷം പൊന്നാനി വലിയ പള്ളിയില്‍ ജ്ഞാനവഴിയില്‍ വലിയ സേവനങ്ങളര്‍പ്പിച്ചു. 'മഖ്ദൂം' എന്ന വാക്ക് പോലും ആ അര്‍ത്ഥത്തെ സൂചിപ്പിക്കുന്നുണ്ട്.

'ഖുര്‍റത്തുല്‍ ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍' എന്ന മൂലകൃതിയും 'ഫത്ഹുല്‍ മുഈന്‍ ബി ശര്‍ഹി ഖുര്‍റത്തില്‍ ഐന്‍' എന്ന വ്യാഖ്യാന കൃതിയുമാണ് മഖ്ദൂം(റ)നെ എക്കാലത്തും സ്മര്യപുരുഷനാക്കിയത്. ഫത്ഹുല്‍ മുഈന് പുറമെ ഇന്തോനേഷ്യയിലെ ശൈഖ് മുഹമ്മദ് നവവി(മ: 1314)എന്ന പണ്ഡിതന്‍ രചിച്ച 'അസ്സൈനു അലാ ഖുര്‍റത്തില്‍ ഐന്‍' എന്ന വ്യാഖ്യാന ഗ്രന്ഥം കൂടിയുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചെറിയ കര്‍മശാസ്ത്രഗ്രന്ഥമാണ് 'ഖുര്‍റത്തുല്‍ ഐന്‍'70 കൊച്ചുവരിയിലെഴുതിയ 'ഖുര്‍റത്ത്' സാധാരണക്കാര്‍ക്കുപകരിക്കില്ലെന്ന് കരുതി മഖ്ദൂം(റ) തന്നെ ശര്‍ഹ് രചിക്കുകയായിരുന്നു. ഹി 982 റമളാന്‍ 24ന് വെള്ളിയാഴ്ച രാവിലാണ് ഫത്ഹുല്‍ മുഈനിന്റെ രചന പൂര്‍ത്തിയാക്കുന്നത്.71

ഉസ്താദുമാരായ ഇബ്‌നു ഹജര്‍(റ), ഇബ്‌നു സിയാദ്(റ), ഉസ്താദുമാരുടെ ഉസ്താദായ ശൈഖ് സക്കരിയ്യല്‍ അന്‍സ്വാരി(റ), ഇമാം അംജദ് അഹമ്മദുല്‍ മുസജ്ജദ്(റ) തുടങ്ങിയവരാണ് കിതാബിന്റെ ആശയസ്രോതസുകളെന്ന് ഫത്ഹുല്‍ മൂഈനിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. സയ്യിദ് ബക്‌രി ശത്വല്‍ മക്കി(റ)യുടെ ഇആനത്തുത്വാലിബീന്‍, സയ്യിദ് സഖാഫി(റ)ന്റെ തര്‍ശീഹുല്‍ മുസ്തഫീദീന്‍,  കേരളീയ പണ്ഡിതനും സ്വൂഫിയുമായ ശൈഖ് അബ്ദുറഹ്മാന്‍ തങ്ങളുടെ (താനൂര്‍) മകന്‍ അലി എന്ന കുഞ്ഞുട്ടി മുസ്‌ലിയാര്‍ രചിച്ച തന്‍ശീത്വുല്‍ മുതാലിഈന്‍ തുടങ്ങിയയ ഫത്ഹുല്‍ മൂഈനിന്റെ സഹായക ഗ്രന്ഥങ്ങളാണ്. 'ഫത്ഹുല്‍ മുഈനി കിതാബുന്‍ ശഅ്‌നുഹു അജബു..' എന്നു തുടങ്ങുന്ന പ്രസിദ്ധമായ കവിത അല്ലാമ ഫരീദുദ്ദീന്‍ അല്‍ ബരീരി(മ:1300)യുടേതാണ്. വളരെ സരളവും ശാസ്ത്രീയവുമായ ശൈലിയില്‍ രചിക്കപ്പെട്ട ഫത്ഹുല്‍ മുഈന്‍ കേരളത്തിനു പുറത്തും വളരെ പ്രസിദ്ധമാണ്. ഈജിപ്ത്, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ പാഠ്യവിഷയമായി സ്വീകരിച്ചുവരുന്നുണ്ട്.

മുസ്‌ലിം കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റേതു ഗ്രന്ഥവും സ്വാധീനിച്ചതിലേറെ കൂടുല്‍ ഫത്ഹുല്‍ മുഈന്‍ സാമൂഹികവും വൈയക്തികവുമായ രീതിയില്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുണ്ട്. കേരള മുസ്‌ലിംകളെ കര്‍മപരമായി ഏകോപിപ്പിച്ചു എന്നതാണ് 'ഫത്ഹുല്‍ മുഈന്‍' ചെയ്ത ഏറ്റവും വലിയ ദൗത്യം. കേരളത്തിലെവിടെ യുമുള്ള പള്ളികളില്‍ ചെന്ന് നോക്കിയാലും അവരുടെ നിസ്‌കാരവും നിസ്‌കാരശേഷമുള്ള പ്രാര്‍ത്ഥനയുമൊക്കെ പരസ്പരം ശക്തമായ സാമ്യത പുലര്‍ത്തുന്നത് കാണാം. കേരളത്തിലെ മുസ്‌ലിംകള്‍ക്കാകമാനം നിസ്‌കാരത്തിന്റെയും സകാത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും ഒരേ കര്‍മശാസ്ത്രം നല്‍കി എന്നതാണ് അഞ്ചു നൂറ്റാണ്ടോളം 'ഫത്ഹുല്‍ മുഈന്‍' ചെലുത്തിയ ആന്തരിക സ്വാധീനത്തിന്റെ അകക്കാമ്പ്. ഫത്ഹുല്‍ മുഈനിന്റെ അഞ്ചു ശത കാലത്തെ മാറ്റങ്ങളെ താത്വികമായി തന്നെ സമീപിക്കുന്ന പുതിയ പഠനങ്ങള്‍ അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്.

പ്രമാണ അവലംബത്തിന്റെ മുന്‍ഗണാക്രമങ്ങള്‍

ഹിജ്‌റ രണ്ടാം നൂറ്റാണ്ട് മുതല്‍ പത്താം നൂറ്റാണ്ട് വരെയുണ്ടായ ശാഫിഈ കര്‍മശാസ്ത്രത്തിന്റെ ആശയപരവും രചനാപരവുമായ വികാസം മദ്ഹബിനെ എല്ലാ അര്‍ത്ഥത്തിലും കരുത്തുറ്റതാക്കി. വിവിധ കാലങ്ങളില്‍ കടന്നുവന്ന ഇമാമുകള്‍ അടിസ്ഥാനപരമായി ഒരേ ഉള്ളടക്കങ്ങളെ പ്രതിനിധീകരിച്ചുവെങ്കിലും ശാഖാപരമായ വിഷയങ്ങളില്‍ അഭിപ്രായാന്തരങ്ങളുണ്ടായിരുന്നു. അതിനാല്‍തന്നെ മദ്ഹബില്‍ പ്രബലതയുടെ മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിക്കേണ്ടിവന്നു.

മുന്‍ഗണനാ ക്രമത്തില്‍ പ്രഥമസ്ഥാനീയര്‍ ഇമാം നവവി(റ)യും ഇമാം റാഫിഈ(റ)യുമാണ്. അവര്‍ രണ്ട് പേരും യോജിച്ച അഭിപ്രായമാണ് മദ്ഹബില്‍ ഏറ്റവും പ്രബലം. അതിനാല്‍തന്നെ അവര്‍ക്ക് മുമ്പുള്ള ഗ്രന്ഥങ്ങള്‍ പ്രഥമദൃഷ്ട്യാ അവലംബയോഗ്യമല്ല. സൂക്ഷ്മ പരിശോധനക്ക് ശേഷം മദ്ഹബീ കാഴ്ച്ചപ്പാടാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ അവ അംഗീകാരത്തിനു വരൂ. റാഫിഈ(റ)യും നവവി(റ)യും വിയോജിക്കുന്നുവെങ്കില്‍ നവവി(റ)യെയാണ് പ്രബലപ്പെടുത്തേണ്ടത്. എന്നാല്‍ അംറദിനെ നോക്കുന്ന മസ്അലയില്‍ റാഫിഈ ഇമാമിന്റെ അഭിപ്രയത്തെ ചില പണ്ഡിതന്‍മാര്‍ പ്രബലപ്പെടുത്തിയിട്ടുണ്ട്. നവവി(റ)ക്കില്ലാത്ത വല്ല തര്‍ജീഹും റാഫിഈ(റ)ക്കുണ്ടെങ്കില്‍ അവിടെ റാഫിഈ ഇമാമിന്റെ അഭിപ്രായം തന്നെയാണ് സ്വീകരിക്കുക.

ശൈഖാനിയുടെ അഭിപ്രായങ്ങളെ തര്‍ജീബ് ചെയ്യാന്‍ അധികാരമില്ലാത്തവര്‍ 'അഹ്‌ലുത്തര്‍ജീവുകാരായ' ഇബ്‌നു ഹജര്‍ ഹൈതമി(റ)യും ഇമാം റംലി സഗീറും ഒന്നിച്ചു പറഞ്ഞ അഭിപ്രായം അനുസരിച്ചാണ് ഫത്‌വ നല്‍കേണ്ടത്. അവരോട് വിശിഷ്യാ തുഹ്ഫയോടും നിഹായയോടും എതിരാകുന്ന അഭിപ്രായ പ്രകാരം ഫത്‌വ നല്‍കല്‍ അനുവദനീയമല്ലെന്നാണ് 'ഫവാഇദുല്‍ മദനിയ്യയില്‍' ഇമാം കുര്‍ദി(റ) പറയുന്നത്. 'തുഹ്ഫയെയാണ്' ഹൈതമി(റ)യുടെ ഗ്രന്ഥങ്ങളില്‍ പ്രഥമമായി അവലംബിക്കേണ്ടത്. പിന്നീട് ഫത്ഹുല്‍ ജവാദ്, ഇംദാദ്, ശര്‍ഹുബാഫള്ല്‍, ഫത്‌വകള്‍, ശര്‍ഹുല്‍ ഉബാബ് എന്നീ ഗ്രന്ഥങ്ങളെ യഥാക്രമം പരിഗണിക്കുന്നു. 'നിഹായ'ക്കാണ് റംലി(റ)യുടെ ഗ്രന്ഥങ്ങളില്‍ ആദ്യപരിഗണന.

ഹൈതമി(റ)യും റംലി(റ)യും ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളാണെങ്കില്‍ ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ അഭിപ്രായമാണ് ഫത്‌വ നല്‍കുമ്പോള്‍ പ്രഥമമായി പരിഗണിക്കേണ്ടത്. അതിനു ശേഷമാണ് മുഗ്‌നിയുടെ കര്‍ത്താവായ ഖത്വീബ് ശര്‍ബീനി(റ)യുടെ അഭിപ്രായം സ്വീകരിക്കേണ്ടത്.

ഇവരാരും ചര്‍ച്ച ചെയ്യാത്ത വിഷയമാണെങ്കില്‍ മുഹശ്ശികളുടെ (ഹാശിയ രചയിതാക്കള്‍) അഭിപ്രായമാണ് പിന്നീട് സ്വീകരിക്കേണ്ടത്. അവരില്‍ പ്രഥമസ്ഥാനം സിയാദി(റ)ക്കും (മ:1024) തന്റെ ഹാശിയക്കുമാണ്. ശേഷം, ഇബ്‌നു ഖാസിം(റ), ഉമൈറ(റ), അലി ശബ്‌റാമല്ലസി(റ), അല്‍ ഹലബി(റ), അശ്ശൗബരി(റ) തുടങ്ങിയവരുടെ ഹാശിയകള്‍ യഥാക്രമം സ്വീകരിക്കണം. 72 ഹിജ്‌റ രണ്ടാം നൂറ്റാണ്ട് മുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള വലിയ കാലയളവില്‍ ശാഫിഈ കര്‍മ്മശാസ്ത്രത്തില്‍ വലിയ വികാസ-പരിണാമങ്ങളാണ് സംഭവിച്ചത്. വിവിധ കാലങ്ങളില്‍ കടന്നുവന്ന തലക്കനമുള്ള പണ്ഡിതന്‍മാര്‍ ശാഫിഈ ഫിഖ്ഹില്‍ തങ്ങളുടെ ഭാഗധേയം തെളിയിച്ചു കടന്നുപോയി. ഇസ്‌ലാമിക തത്വസംഹിത എന്നാല്‍ ഇതു ഫിഖ്ഹ് തന്നെയാണെന്ന ചിന്ത അവരെ മുഴുസമയ പരിശ്രമശാലികളാക്കി. ഓരോ കാലത്തുമുണ്ടായ പുതിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അവര്‍ കണ്ടെത്തുക തന്നെയായിരുന്നു. ഇനിയും പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം; കണ്ടെത്താന്‍ പുതിയ ആളുകളും.

റഫറന്‍സ്

70. തര്‍ജമത്തു മുസ്വന്നിഫി ഫത്ഹുല്‍ മുഈന്‍,  പേജ് 10 71. ഫത്ഹുല്‍ മുഈന്‍ / മഖ്ദൂം സഗീര്‍(റ), പേജ് 525 72. മുഖ്തസ്വറുല്‍ ഫവാദില്‍ മക്കിയ, പേജ് 38.       

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter