ഒരു പുതിയ ജീവിതം: 01. നിരന്തരം സ്വയം പുതുക്കിക്കൊണ്ടേയിരിക്കുക
ജീവിതത്തിൽ പുതുതായി എന്തെങ്കിലും നല്ലൊരു കാര്യം ആരംഭിക്കാൻ ആഗ്രഹിക്കുമ്പോൾ, അത് പലപ്പോഴും നാളേക്കോ വരാനിരിക്കുന്ന നല്ലൊരു ദിനത്തിലേക്കോ മാറ്റി വെക്കുന്നതാണ് നമ്മുടെ പതിവ്. അജ്ഞാത ഭാവിയിലെ ചില അനുകൂല സാഹചര്യങ്ങൾ, അല്ലെങ്കിൽ ഒരു പ്രത്യേക തീയതി അല്ലെങ്കിൽ സംഭവം എന്നിവയുമായി നമ്മൾ അത്തരമൊരു ആഗ്രഹം ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഉദാഹരണമായി, അടുത്ത വെള്ളിയാഴ്ച മുതല്‍ തുടങ്ങാം, അടുത്ത റമദാന്‍ മുതല്‍ തുടങ്ങാം എന്നിങ്ങനെ. നമ്മെ ഉത്തേജിപ്പിക്കാനും നിരാശയ്ക്ക് ശേഷം പ്രത്യാശ ഉണർത്താനും ആ സമയത്ത് ഒരു പ്രത്യേക ശക്തി നമുക്ക് വരുമെന്ന വിശ്വാസത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്.
ഇത്തരം നീട്ടിവെക്കലുകള്‍ പ്രഥമദൃഷ്ട്യാ നല്ലതായി തോന്നാമെങ്കിലും ഇത് വെറും മിഥ്യയാണെന്നതാണ് സത്യം. ഉദ്ദിഷ്ട കാര്യം നല്ലതാണെങ്കില്‍ അത് അല്പം പോലും മാറ്റിവെക്കരുതെന്നതാണ് വിശുദ്ധ ഇസ്‍ലാം പറയുന്നത്. നാളെ എന്നത് നമ്മുടെ കൈകളില്ലല്ലോ, അത് കൊണ്ട് അത് ലഭിക്കുമോ ഇല്ലേ എന്ന യാതൊരു ഉറപ്പുമില്ല. നാളേക്ക് മാറ്റിവെക്കുന്നത് പിന്നീടൊരിക്കലും നടക്കാറില്ലെന്നതാണ് മറ്റൊരു കാരണം. ജീവിതത്തിന്റെ നവീകരണം, എല്ലാറ്റിനുമുപരിയായി, സ്വയം ഉള്ളിൽ നിന്നാണ് ഉണ്ടാവേണ്ടത്. ലക്ഷ്യവും ഉൾക്കാഴ്ചയും ശക്തമാണെങ്കില്‍, ചുറ്റുപാടുമുള്ള സാഹചര്യങ്ങൾ എത്ര കയ്പേറിയതാണെങ്കിലും അതിന് ഒരിക്കലും മനുഷ്യന്‍ കീഴടങ്ങില്ല. മണ്ണിന് താഴെ കിടക്കുന്ന വിത്തുകൾ ഉന്മേഷദായകമായ വെളിച്ചത്തിലേക്ക് വഴിമാറുന്നതുപോലെ, തടസ്സങ്ങളെയെല്ലാം വകഞ്ഞ് മാറ്റി മുളച്ചുപൊന്തുന്നത് പോലെ, മണ്ണിനെയും ചെളി നിറഞ്ഞ വെള്ളത്തെയും ആഹ്ലാദകരമായ നിറങ്ങളിലേക്കും സുഗന്ധങ്ങളിലേക്കും അവ മാറ്റുന്നത് പോലെ, ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജയിക്കേണ്ടവനാണ് വിശ്വാസി.
പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ നിയന്ത്രണം നമ്മുടെ തന്നെ കൈകളിലാണെങ്കില്‍ നമുക്കും ഇതെല്ലാം സാധ്യമാവും. ഒരിക്കലും ബാഹ്യ സഹായത്തിന് കാത്തുനിൽക്കേണ്ടതില്ല. സത്യത്തിലേക്ക് സഞ്ചരിക്കുന്നവർക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കാതിരിക്കില്ല. എന്നാൽ നിഷ്ക്രിയത്വത്താൽ കാര്യങ്ങളെ നാളേക്ക് മാറ്റിവെക്കുന്നവര്‍ക്ക് മുന്നോട്ട് നീങ്ങാനുള്ള ശക്തി ലഭിക്കുകയുമില്ല. അജ്ഞാതമായതിൽ നിന്ന് പൊട്ടിപ്പുറപ്പെടാനിടയുള്ളതോ അല്ലാത്തതോ ആയ ഏതോ അവസരങ്ങളിലാവരുത് ജീവിതം കെട്ടിപ്പടുക്കുന്നത്. നിങ്ങളുടെ കൈയിലുള്ള ഇന്നത്തെ ദിവസം, നിങ്ങൾക്കുള്ളിലെ ആത്മാവ്, നിങ്ങൾക്ക് ചുറ്റുമുള്ള പുഞ്ചിരി അല്ലെങ്കിൽ മുഖം ചുളിക്കുന്ന സാഹചര്യങ്ങൾ എന്നിവ നിങ്ങളുടെ ഭാവിയുടെ അടിത്തറയാണ്.
മുഹമ്മദ് നബി(സ്വ) പറഞ്ഞു: "പകൽ പാപം ചെയ്തവരുടെ പശ്ചാത്താപം സ്വീകരിക്കാൻ രാത്രിയിൽ അല്ലാഹു തന്റെ കൈ നീട്ടുന്നു, രാത്രിയിൽ പാപം ചെയ്തവരുടെ പശ്ചാത്താപം സ്വീകരിക്കാൻ പകൽ അവൻ തന്റെ കൈ നീട്ടുന്നു." (മുസ്‍ലിം). അഥവാ, ഏത് സമയത്തും മാറാന്‍ തയ്യാറാവുന്നവരെ കാത്തിരിക്കുകയാണ് നാഥന്‍ എന്നര്‍ത്ഥം. ജീവിതം പുതുക്കുന്ന പദ്ധതിയുടെ ഓരോ മാറ്റിവെക്കലും, ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇരുട്ടിന്റെ കാലയളവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് അറിയാതെ നിങ്ങളെ പ്രലോഭനങ്ങൾക്കും അശ്രദ്ധയ്ക്കും മുന്നിൽ പരാജയപ്പെടുത്തുകയും ശക്തിഹീനരാക്കുകയും ചെയ്യുന്നു. അവസാനം അത് നിങ്ങളെ ഏറ്റവും വലിയ കുഴിയിലേക്ക് വീഴ്ത്തിയെന്നും വരാം, ഇവിടെയാണ് ദുരന്തം പതിയിരിക്കുന്നത്. പിന്നീടാവാം എന്ന ചിന്ത പിശാചിന്റെ കെണിവലകളില്‍ പെട്ടതാണ് എന്ന് പറയുന്നതും അത് കൊണ്ട് തന്നെയാണ്. മരണം ഏത് സമയത്തും കടന്ന് വരാം. അല്ലാഹുവിന്റെ ക്ഷമയിൽ നാം ഒരിക്കലും വഞ്ചിതരാകരുത്. പറുദീസയും നരകാഗ്നിയും പാദരക്ഷയേക്കാൾ അടുത്ത് കിടക്കുന്നവയാണ്.
കാലാകാലങ്ങളിൽ ജീവിതം പുനഃക്രമീകരിക്കേണ്ടത് പ്രധാനമാണ്. വൈകല്യങ്ങളും പരാജയങ്ങളും സ്വയം മനസ്സിലാക്കുക. അവ ആവര്‍ത്തിക്കാതിരിക്കാന്‍ ഹ്രസ്വവും ദീർഘകാലവുമായ പദ്ധതികള്‍ രൂപീകരിക്കുക. ഇടക്കിടെ നാം വീട്ടിലെ അലമാരിയും മേശയുമെല്ലാം വൃത്തിയാക്കി, ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കാറില്ലേ. എല്ലാം ശരിയായ സ്ഥാനത്ത് തിരിച്ച് വയ്ക്കുാനും ഉപയോഗശൂന്യമായവ വലിച്ചെറിയാനും വൃത്തികേടായവ വൃത്തിയാക്കാനും നാം ഇടക്ക് സമയം കണ്ടെത്താറില്ലേ. നമ്മുടെ ജീവിതത്തെയും ഇടക്കിടെ അത്തരത്തില്‍ പുനക്രമീകരിക്കേണ്ടതുണ്ട്. പരിഹരിക്കേണ്ട എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ, അല്ലെങ്കിൽ അതിനെ ഭാരപ്പെടുത്തുന്ന ഏതെങ്കിലും പാപങ്ങൾ ശുദ്ധീകരിക്കേണ്ട ആവശ്യമുണ്ടോ എന്നറിയാൻ അതിന്റെ കാര്യങ്ങൾ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കേണ്ടതുണ്ട്. ഈ ജീവിതയാത്രയിലൂടെ കടന്നുപോകുന്ന ഓരോ ഘട്ടത്തിന് ശേഷവും അതിന്റെ ലാഭനഷ്ടങ്ങൾ കണക്ക് കൂട്ടാനും പ്രതിസന്ധികളാലും സംഘർഷങ്ങളാലും ആടിയുലയുമ്പോഴെല്ലാം അതിനെ സന്തുലിതാവസ്ഥയിലേക്കും സ്ഥിരതയിലേക്കും പുനഃസ്ഥാപിക്കാനും നാം സമയം കണ്ടെത്തുക തന്നെ വേണം.
ദൈനംദിനം പുതിയ പ്രതീക്ഷ മറ്റേതൊരു ജീവിയേക്കാളും, മനുഷ്യർക്ക് അവരുടെ മനസ്സിനെയും ശരീരത്തെയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമാണ്. ധാർമ്മികവും മാനസികവുമായ ഘടന കേടുകൂടാതെ സൂക്ഷിക്കാനും ആഗ്രഹങ്ങൾക്കും പ്രലോഭനങ്ങൾക്കും എതിരെ മനസ്സിനെ പാകമാക്കി നിര്‍ത്താനും അത് സഹായിക്കും.
അതിനാൽ, സ്വയം ക്രമീകരിക്കാനും കൃത്യമായി നിരീക്ഷിക്കാനും തുടർച്ചയായ ശ്രമം ആവശ്യമാണ്. ഓരോ പുതിയ പ്രഭാതവും അത്തരം ക്രിയാത്മക ചിന്തകളോടെയായിരിക്കണം തുടങ്ങേണ്ടത്. മരിപ്പിച്ച ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും എന്ന് പറഞ്ഞാണ് വിശ്വാസിയുടെ ഓരോ ദിവസവും തുടങ്ങുന്നത് തന്നെ. അതിലൂടെ, ഇന്നലെ വരെ വന്നുപോയ ഇടർച്ചകൾ, വീഴ്ചകൾ, പാപങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കാനാകും. ഓരോ ദിവസത്തെയും ഒരു പുനര്‍ജ്ജീവിതമായി കണ്ട്, വരും ദിനങ്ങളെ കൂടുതല്‍ ധന്യമാക്കാനാവും, നാഥന്‍ തുണക്കട്ടെ.
സ്വതന്ത്രവിവര്‍ത്തനം: മുഹമ്മദ് മുഫീദ്
2 Comments
-
-
-
Islamonweb Admin
11 months ago
ان شاء الله...
-
Leave A Comment