ബിലാലിന്റെ ബാങ്കൊലികളില്ലാത്ത മദീന

ബിലാല്‍, ആ പേര് തന്നെ ഒരു പ്രചോദനമാണ്. നീഗ്രോ അടിമയില്‍ നിന്നു പുണ്യ നബിയുടെ ബാങ്ക് വിളിക്കാരനായി മാറിയ ബിലാല്‍, മനുഷ്യസമത്വത്തിന്റെ മകുടോദാഹരണമാണ്. 

ചുട്ടുപഴുത്ത മണലാരണ്യത്തില്‍ ഉമയ്യത്തും മക്കളും ഏല്‍പിച്ച പീഢനപര്‍വ്വം പറഞ്ഞറിയിക്കാനാവത്തതാണ്. എന്നിട്ടും ആ വിശ്വാസത്തിന്റെ കരുത്ത് കൂടുകയല്ലാതെ ഒട്ടും കുറഞ്ഞതേ ഇല്ല.

വിജയ ശ്രീലാളിതനായി നബി മക്കയില്‍ തിരിച്ചെത്തിയപ്പോള്‍ പ്രവാചകന്റെ വിജയ പ്രഖ്യാപനത്തിന് ശേഷം കഅ്ബയുടെ മട്ടുപ്പാവില്‍ കയറി മക്കയുടെ മലമടക്കുകളെ ത്രസിപ്പിച്ചത് ബിലാലിന്റെ ബാങ്കൊലിയായിരുന്നു.  

ഇങ്ങനെയൊരു കാഴ്ചക്കു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് ബിലാലിനെ പീഢിപ്പിക്കാന്‍ മുന്നിലുണ്ടായിരുന്ന സഫ്‍വാന്‍ ബിന്‍ ഉമയ്യ അന്നു പറഞ്ഞത്. 

ആ ശബ്ദ സൌകുമാര്യമാണ് ഓരോ പ്രഭാതത്തിലും മദീനയിലെ വിശ്വാസികളെ വിളിച്ചുണര്‍ത്തിയത്. ആഫ്രിക്കയുടെ വന്യമായ കരുത്ത് ആ വിശ്വാസത്തിനെന്നപ്പോലെ ആ ശബ്ദത്തിനുമുണ്ടായിരുന്നു. 

നബിയുടെ വീടിനു മുന്നിലൂടെയാണ്‌ ബാങ്ക് വിളിക്കാനായി ബിലാല്‍ എന്നും പള്ളിയിലെത്തുന്നത്. നബിയുടെ വീടിനു മുന്നിലെത്തുമ്പോള്‍ “നബിയേ നിസ്കാരം നിസ്കാരം” എന്ന് ബിലാല്‍ വിളിച്ചു പറയും. 

നബി രോഗശയ്യയിലായിരിക്കെ ആ ദിവസവും ബിലാല്‍ നബിയുടെ വീടിനു മുന്നിലെത്തി “അസ്സ്വലാത്ത അസ്സ്വലാത്ത യാ റസൂലല്ലാഹ്” പക്ഷേ നബിക്ക് പള്ളിയിലേക്ക് നീങ്ങാന്‍ കഴിയാതെ രോഗത്തോട് മല്ലിടിച്ചു കിടക്കുകയാണ്. 

“ബിലാല്‍, അബൂബകറിനോട്‌ നിസ്കാരത്തിനു നേതൃത്വം നല്‍കാന്‍ പറയൂ” നബിയുടെ രോഗം കലശലായെന്നു മനസ്സിലായി ബിലാലിന്റെ കണ്ണുകള്‍ നിറഞ്ഞു. 

തിങ്കളാഴ്ച ഉച്ചയോടെ  തിരുനബി നാഥാനിലേക്ക് യാത്രയായി. പക്ഷേ ഖബറടക്കം നടന്നിട്ടില്ല. 
അടുത്ത നിസ്കാര സമയമായപ്പോൾ ബിലാലിന്റെ ബാങ്കൊലി വീണ്ടുമുയർന്നു. വലിയൊരു വിഭാഗം മദീന പള്ളിയിൽ തന്നെയുണ്ട്. 

അല്ലാഹു അക്ബർ അല്ലാഹു അക്ബർ... 
അശ്ഹദു അന്ന മുഹ.. ആ പേരു പറഞ്ഞ് പൂർത്തീകരിക്കുന്നതിനു മുമ്പ് തന്നെ ബിലാലിന്റെ കണ്ഠമിടറി, തൊണ്ട വരണ്ടു. പള്ളിയിൽ പല ഭാഗത്തു നിന്നും നെടുവീർപ്പുകൾ ഉയർന്നു. അതു തേങ്ങലും കൂട്ടക്കരച്ചിലുമായി മാറി. 

Read More: നബിയെ കാണാനാവാത്ത കവിയുടെ യാത്ര

അതിനിടയില്‍ നബിയുടെ ഖബറടക്കത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 

പുതിയ ഖലീഫയുടെ തെരഞ്ഞടുപ്പ് പൂര്‍ത്തിയായതോടെ ചൊവ്വാഴ്ച നബിയെ കുളിപ്പിക്കാന്‍ കുടുംബം തയ്യാറെടുത്തു.

പിതൃവ്യന്‍ അബ്ബാസ്, അദ്ദേഹത്തിന്‍റെ മക്കളായ ഫദ്ല്‍, ഖുഥം, നബിയുടെ ജാമാതാവ് കൂടിയായ പിതൃസഹോദര പുത്രന്‍ അലി, നബിയുടെ ദത്തുപുത്രന്‍ സൈദിന്റെ മകന്‍ ഉസാമ, നബിയുടെ പരിചാരകന്‍ സ്വാലിഹ് എന്ന ശഖ്റാന്‍ എന്നിവരാണ് മയ്യിത്ത് കുളിപ്പിച്ചത്. 

കുളിപ്പിക്കാന്‍ തുടങ്ങുമ്പോഴേക്ക് വാതില്‍ പൊളിയിലൂടെ  അന്‍സാരികളുടെ ശബ്ദം, അല്ലാഹുവാണേ സത്യം! പുണ്യ നബിയുടെ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കും അവസരം വേണം. 

അവരുടെ പ്രതിനിധിയായി ബദ്ര്‍ ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളിലെ സാന്നിധ്യമായിരുന്ന ഔസ് ബിന്‍ ഖൌലി അല്‍-അന്‍സാരി, നബിയുടെ കുടുംബാംഗങ്ങളോടൊപ്പം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. 

അതിനിടയില്‍ കുടുംബാംഗങ്ങള്‍ക്കൊരു സംശയം. കുളിപ്പിക്കാന്‍ നബിയുടെ വസ്ത്രം നീക്കം ചെയ്യാമോ... പെട്ടെന്ന് അവര്‍ക്കെല്ലാം ഒരു മയക്കം പിടിപെടുകയും അവര്‍ ഒരശരീരി കേള്‍ക്കുകയും ചെയ്തു. “നിങ്ങള്‍ തിരുനബിയെ ആ വസ്ത്രത്തില്‍ തന്നെ കുളിപ്പിക്കുക”
അങ്ങനെ നബി ധരിച്ചിരുന്ന വസ്ത്രം നീക്കാതെയാണ് അവര്‍ ആ കര്‍മ്മം നിര്‍വഹിച്ചത്. ഉസാമയും ശഖ്റാനും വെള്ളം ഒഴിച്ചു കൊടുത്തു. അലി കുളിപ്പിച്ചു. അബ്ബാസും മക്കളും അലിയെ സഹായിച്ചുകൊണ്ടിരുന്നു. 

കുളിപ്പിക്കുമ്പോള്‍ ആ തിരു ശരീരത്തിന് പറഞ്ഞറിയിക്കാനാകാത്ത സുഗന്ധമായിരുന്നുവെന്നു അലി സാക്ഷ്യപ്പെടുത്തുന്നു. 
കുളി പൂര്‍ത്തിയായപ്പോള്‍ മൂന്നു യമനി പരുത്തി വസ്ത്രത്തില്‍ നബിവ യെ അടക്കം ചെയ്ത് അവര്‍ ആ തിരു ശരീരം കട്ടിലില്‍ കിടത്തി. 

പുണ്യനബിയുടെ മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നല്‍കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. അവസാനമായി അല്‍പം നേരമെങ്കിലും സ്വകാര്യമായി ആ തിരുസവിധത്തില്‍ ചെലവഴിക്കാന്‍ ഓരോരുത്തരും കൊതിച്ചു. 

അതോടെ ചെറു സംഘങ്ങളായി മദീനയിലെ ആബാലവൃദ്ധം വിശ്വാസികളും ആ ചെറുകുടിലിലേക്ക് കടന്നുവരാന്‍ തുടങ്ങി.  കുടുംബാംഗങ്ങള്‍, മുഹാജിറുകള്‍, അൻസാറുകൾ, സ്ത്രീകള്‍, കുട്ടികള്‍, അടിമകള്‍ അടക്കം മദീനയിലെ മുഴുവന്‍ വിശ്വാസികളും.  
പത്തുപ്പേർ വീതം അടങ്ങുന്ന ചെറു സംഘങ്ങളായി വീട്ടില്‍ പ്രവേശിച്ചു ഒറ്റക്ക് ഒറ്റക്ക് നിസ്കാരം നിര്‍വഹിച്ചു. 

അപ്പോഴേക്കും ചൊവ്വാഴ്ച നേരം ഇരുട്ടി തുടങ്ങി. പ്രവാചകന്റെ മരണത്തിനു ശേഷം ഒരു ദിവസത്തിലധികം പിന്നിട്ടിരിക്കുന്നു. 
ഇനി പ്രവാചകനെ അടക്കം ചെയ്യണം. പക്ഷേ എവിടെയാണ് അടക്കം ചെയ്യേണ്ടതെന്ന കാര്യത്തില്‍ അവര്‍ ആശയക്കുഴപ്പത്തിലായി. നിസ്കരിക്കുന്ന സ്ഥലം, ജന്നത്തുല്‍ ബഖീഅ് തുടങ്ങി പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു.

അപ്പോഴാണ്‌ അബൂബക്റിനു നബിയുടെ ഒരു വചനം ഓര്‍മ്മവന്നത്. പ്രവാചകന്മാര്‍ എവിടെയാണോ മരിക്കുന്നത് അവിടെ തന്നെയാണ് അടക്കം ചെയ്യപ്പെടേണ്ടത്. അതോടെ അക്കാര്യത്തില്‍ തീരുമാനമായി.

ഖബ്റോ അതോ ലഹ്ദോ എന്നതായിരുന്നു പിന്നീടുള്ള സംശയം. തര്‍ക്കത്തെ തുടര്‍ന്ന് ശബ്ദം അല്‍പം ഉയര്‍ന്നോ എന്നു സംശയം. ഉമര്‍ പെടുന്നനെ ഇടപെട്ടു. ജീവിച്ചിരിക്കുംപോലെ തന്നെ മരിച്ച ശേഷവും തിരു സാന്നിധ്യത്തില്‍ ശബ്ദം ഉയര്‍ത്തെരുതെന്നു ഓര്‍മ്മപ്പെടുത്തി.

ലഹ്ദ് കുഴിച്ചിരുന്നത് അബൂ തല്‍ഹയും ഖബ്ര്‍ കുഴിച്ചിരുന്നത് അബൂ ഉബൈദയുമായിരുന്നു. അബ്ബാസ് രണ്ടു പേരെയും വരുത്താനായി ആളയച്ചു. എന്നിട്ട് പറഞ്ഞു: അല്ലാഹുവേ നീ തന്നെ തെരഞ്ഞെടുക്ക്, നിന്റെ ദൂതന് എന്തു വേണമെന്ന്. 
അബൂതല്‍ഹയെ അന്വേഷിച്ചു പോയ വ്യക്തിക്ക് അദ്ദേഹത്തെ വേഗം കിട്ടിയതോടെ ലഹ്ദ് രൂപത്തില്‍ ഖബ്ര്‍ തയ്യാറാക്കി. 

തിരുനബിയുടെ തിരു ശരീരം ആ മണ്ണിലേക്ക് ചേര്‍ത്തുവെക്കാനായി അലിയ്യും ഫദ്ലും ഖുഥമും കൂടെ ശഖ്റാനും ഔസും ഖബറിലേക്കിറങ്ങി.  ആ പുണ്യശരീരം ലഹ്ദിലേക്ക് ചേര്‍ത്തുവെച്ചു. 

തിരുനബിയുടെ ഭൌതിക ശരീരം ഇനി കാണുക സാധ്യമല്ല. ഖബ്ര്‍ മൂടാന്‍ പോവുകയാണ്. തങ്ങളുടെ നായകന്റെ ഇനി ഭൌതിക സാമീപ്യം ഇനിയില്ലെന്ന ബോധ്യം അവരുടെ മനസ്സുകളില്‍ വല്ലാത്ത വേദന സൃഷ്ടിക്കുന്നുണ്ട്.

തന്ത്രശാലിയായ മുഗീറ ബിന്‍ ശുഅ്ബക്ക് ഒരാഗ്രഹം. പുണ്യനബിയോട് അവസാനമായി സാമീപ്യം പുലര്‍ത്തിയത് താനാകണം. മുഗീറ തന്റെ മോതിരം അറിയാത്തത് പോലെ ഖബറിലേക്കിട്ടു. എന്നിട്ട് അതെടുക്കാനായി ഖബ്റിലേക്ക് ഇറങ്ങി. 
തിരുനബിയെ അവസാനമായി ഒന്ന് തൊടാന്‍ വേണ്ടി ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതായിരുന്നു അതെന്നു പിന്നീട് അദ്ദേഹം പറഞ്ഞു.

ഖബ്ര്‍ കുഴിച്ചതിനടുത്തായി ഒരു ചുവന്ന പുതപ്പ് ഉണ്ടായിരുന്നു. ശഖ്റാന്‍ അതെടുത്ത് ഖബ്റിലിട്ടു. “നബിയേ താങ്കള്‍ ഉപയോഗിച്ച ആ വസ്ത്രം ഇനി ആരും ഉപയോഗിക്കേണ്ട” എന്ന് വിളിച്ചുപറയുകയും ചെയ്തു. 

ഖബ്ര്‍ മൂടിക്കഴിഞ്ഞപ്പോള്‍ ബിലാല്‍ ഒരു തോല്‍ പാത്രത്തില്‍ വെള്ളം നിറച്ചു ഖബ്റിന്റെ തല ഭാഗം മുതല്‍ കാല്‍ ഭാഗം വരെ വെള്ളം കുടഞ്ഞു. 
അപ്പോഴേക്കും സമയം പാത്രി രാത്രി പിന്നിട്ടിരുന്നു. 

ഉമ്മു സലമ പറയുന്നു: ഞങ്ങള്‍ അപ്പുറത്ത് ഉറങ്ങാതെ രാത്രി കരഞ്ഞുകരഞ്ഞു കഴിച്ചുകൂട്ടുകയായിരുന്നു.  പാതിരാത്രി പിന്നിട്ടപ്പോള്‍ മണ്‍വെട്ടികളുടെ ശബ്ദം ഞങ്ങള്‍ കേട്ടു. അതോടെ ഞങ്ങളില്‍ നിന്നും രോദനം ഉയര്‍ന്നു. മസ്ജിദുന്നബവിയില്‍ നിന്ന് കരച്ചിലുകള്‍ ഉയര്‍ന്നു. മദീന മുഴുവന്‍ ആ കരച്ചിലില്‍ മുങ്ങി...

വൈകാതെ പള്ളിയില്‍ നിന്ന് ബിലാലിന്റെ ശബ്ദം. സുബ്ഹ് വാങ്ക്... പക്ഷേ അശ്ഹദു അന്ന മുഹമ്മദന്‍ എന്ന് പറഞ്ഞപ്പോഴേക്കും ഒരു ദീര്‍ഘ നിശ്വാസത്തോടെ ബിലാലിന്റെ കണ്ഠമിടറി. അതോടെ ഞങ്ങളുടെ ദു:ഖം അണപൊട്ടിയൊഴുകാന്‍ തുടങ്ങി.

അതോടെ ബിലാല്‍ ഒരുകാര്യം ഉറപ്പിച്ചു. തിരുനബിക്ക്  വേണ്ടി ബാങ്ക് കൊടുത്തിരുന്ന തനിക്ക് ആ ഓര്‍മകളില്‍ ഇനി ബാങ്ക് കൊടുക്കാനാവില്ല. ഈ സങ്കടക്കടലുമായി ഇനി മദീനയില്‍ തുടരുക തന്നെ അസാധ്യമാണ്. 

ദീനി പ്രബോധനവുമായി ശാമിലേക്ക് പോകാന്‍ മദീനയുടെ പുതിയ ഭരണാധികാരി  ഖലീഫ അബൂബക്റിനോട് ബിലാല്‍ സമ്മതം ചോദിച്ചു. ബാങ്ക് വിളി തുടരണമെന്ന് ഖലീഫ അബൂബക്ര്‍ ബിലാലിനോട് ആവശ്യപ്പെട്ടുനോക്കി.  

അബൂബക്റിനോട് ബിലാലിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഉമയ്യത്തിന്റെ അടിമയായി കഴിയവെ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടും പീഢനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ വലിയ തുക കൊടുത്തു ബിലാലിനെ മോചിപിച്ചത് അബൂബക്റാണ്. 

“താങ്കളോടൊപ്പം നില്‍ക്കാനാണ് എന്നെ താങ്കള്‍ മോചിപ്പിച്ചതെങ്കില്‍ അങ്ങനെയാവട്ടെ. അതല്ല അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചാണ് മോചനമെങ്കില്‍ എന്നെ എന്റെ വഴിക്ക് വിടണം”

ബിലാലിന്റെ വാക്കുകൾക്കുമുമ്പിൽ അബൂബക്റിന്റെ മറുപടിക്ക് താമസമുണ്ടായില്ല
“തീര്‍ച്ചയായും അല്ലാഹുവിന്റെ തൃപ്തി മാത്രമായിരുന്നു എന്റെ ലക്‌ഷ്യം”
“എങ്കില്‍ തിരുദൂതര്‍ക്ക് ശേഷം ആര്‍ക്കു വേണ്ടിയും ഇനി ഞാന്‍ ബാങ്ക് കൊടുക്കാനില്ല” ബിലാല്‍ ഉറപ്പിച്ചു. 
നിങ്ങളുടെ ഇഷ്ടം പോലെയാവട്ടെയെന്നു അബൂബക്റും.

മുത്ത് നബി ജീവനോടെയില്ലാത്ത മദീനവിട്ടു ബിലാൽ ശാമിലെത്തി. അബൂബക്റിന്റെ മരണശേഷം ഉമർ ഖലീഫയായി. 

ഖുദ്സ് ഇസ്ലാമിക കൊടിക്കുക്കീഴിൽ വന്നപ്പോൾ ഖുദ്സിന്റെ താക്കോൽ ഏറ്റുവാങ്ങാനായി ഉമർ ഖുദ്സിലേക്ക് യാത്ര തിരിച്ചു. 
യാത്രാമദ്ധ്യേ ദമസ്കസിനടുത്തുള്ള ജാബിയ എന്ന കൊച്ചുഗ്രാമത്തിൽ അവർ തമ്പടിച്ചു. അബൂ ഉബൈദ, യസീദ് ബിൻ അബൂസുഫ്‍യാൻ, ഖാലിദ് ബിൻ വലീദ് തുടങ്ങിയവർ അടങ്ങിയ സേനാ നായകരോട് അങ്ങോട്ട് വരാന്‍ ഉമർ ആവശ്യപ്പെട്ടിരുന്നു. കൂട്ടത്തിൽ ബിലാലുമുണ്ട്. 

പ്രഭാത നിസ്കാരത്തിന്നു ശേഷം പ്രസംഗവും ചർച്ചകളുമായി സമയം മുന്നോട്ട് നീങ്ങി. ളുഹർ നിസ്കാരം സമയം അടുത്തുകൊണ്ടിരിക്കുന്നു.  
പ്രമുഖരായ പല സ്വഹാബികളുമുണ്ട്. എല്ലാവർക്കും ഒരാഗ്രഹം. ബിലാലിന്റെ ബാങ്ക് ഒന്നുകൂടി കേൾക്കണം. നബിയോർമ്മകളുടെ ആ സുഗന്ധം ഒന്നു കൂടി അനുഭവിക്കണം.

പക്ഷേ ബിലാലിനോട് അക്കാര്യം ആവശ്യപ്പെട്ടാൽ നടക്കില്ലെന്ന് അവർക്കറിയാം. അവർ ഖലീഫയോട് കാര്യം പറഞ്ഞു. അപ്പോൾ ഉമറിനും കൊതിയായി. 
“തിരുദൂതരുടെ അനുചരർ നിങ്ങളുടെ ബാങ്ക് കേൾക്കാൻ കൊതിക്കുന്നു, ബിലാൽ, ഞങ്ങൾക്ക് വേണ്ടി ഒന്നു ബാങ്ക് കൊടുക്കുമോ”
“തിരുദൂതർക്കും ശേഷം ആർക്കു വേണ്ടിയും ബാങ്ക് കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അങ്ങ് പറഞ്ഞതുകൊണ്ടു ഈ ഒരൊറ്റ നിസ്കാരത്തിന് മാത്രം ഞാൻ അനുസരിക്കാം”

അതോടെ എല്ലാവരും ആകാംക്ഷയോടെ, തങ്ങളെ ഓർമകളുടെ സുഗന്ധ തീരത്ത് കൂട്ടികൊണ്ടു പോകുന്ന ബിലാലിന്റെ ബാങ്കിനായി കാത്തിരിപ്പായി. 

ളുഹറിന്റെ സമയമായി. മദീനയിൽ ഒരു പതിറ്റാണ്ട് മുഴങ്ങിയ ബിലാലിന്റെ ശബ്ദം ദമസ്കസിലെ ആ കൊച്ചു ഗ്രാമത്തിൽ മുഴങ്ങി. 

അല്ലാഹു അക്ബർ.. ഓർമകളുടെ വേലിയേറ്റം 

അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹ്.. സ്വഹാബികളുടെ ഹൃദയം പിടക്കാന് തുടങ്ങി.

അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്..  

അത് വരെ പിടിച്ചുനിന്നവർക്ക് പോലും അതോടെ നിയന്ത്രണം നഷ്ടപ്പെടുന്നത് പോലെ.

കെട്ടിനിറുത്തിയ തടയണ പൊട്ടിയൊഴുകുന്നത് പോലെ അവരുടെ കണ്ണുകൾ ജലപ്രവാഹമായി. 

കരച്ചിലടക്കാൻ ഉമർ പാടുപെട്ടു. ഉഖ്ബത്ത് ബിൻ ആമിറും മുആദ് ബിൻ ജബലും നിറുത്താതെ കരയുകയാണ്.
അവസാനം ഉമർ ഇടപെട്ടു , ഉഖ്ബ, മുആദ്, മതിയാക്കൂ,  അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ. 

കാലം പിന്നെയും മുന്നോട്ട് നീങ്ങി. ബിലാൽ മരണശയ്യയിലാണ്. മക്കളില്ലാത്ത ബിലാലിന്റെ കൂടെ ഭാര്യമാത്രമാണുള്ളത്. 

ഭർത്താവ് മരണത്തിലേക്ക് നീങ്ങുന്നുവെന്ന് കണ്ട ഭാര്യ പറഞ്ഞു: എന്റെ കഷ്ടമേ .. 

ഉടനെ ബിലാൽ തിരുത്തി: എന്റെ ആനന്ദമേ.. നാളെ എനിക്ക് എന്റെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാം. തിരുനബിയെയും കൂട്ടുകാരെയും.


ബിലാൽ, എത്ര കൊതിയോടെയാണ് താങ്കൾ മരണത്തെ കാത്തിരുന്നത്. തിരുനബിയെ കാണാനുള്ള ആഗ്രഹത്തിൽ മരണത്തെപ്പോലും അങ്ങ് തോൽപ്പിച്ചു കളഞ്ഞല്ലോ ബിലാൽ. 
ബിലാൽ, ഞങ്ങളും കാത്തിരിക്കുന്നു.. ആ ദിനത്തിനായി ആ സൌഭാഗ്യത്തിനായി..
കിട്ടുമോയെന്നറിയില്ല, എങ്കിലും കൊതിയോടെ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter