മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ഇറാഖി പാര്‍ലമെന്റ് അംഗീകാരം നല്‍കി

ഒരു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന പ്രതിസന്ധി അവസാനിപ്പിച്ച് ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു.
മുന്‍ മനുഷ്യാവകാശ മന്ത്രിയായും തൊഴില്‍-സാമൂഹ്യ കാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ച  മുഹമ്മദ് ഷിയ അല്‍ സുഡാനി (52) യാണ് പുതിയ പ്രധാനമന്ത്രി. 21 മന്ത്രിമാരെയും ഇതോടൊപ്പം തെരഞ്ഞെടുത്തു. 

സമ്പദ് വ്യവസ്ഥ പരിഷ്‌കരിക്കുമെന്നും അഴിമതിക്കെതിരെ പോരാടുമെന്നും മോശമായിക്കൊണ്ടിരിക്കുന്ന പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പോരാടുമെന്നും സുഡാനി വ്യക്തമാക്കി.

മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നിയമം ഭേദഗതിചെയ്യുമെന്നും ഒരു വര്‍ഷത്തിനകം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

തൊഴിലില്ലായ്മയും വരേണ്യവര്‍ഗത്തിന്റെ രാജിയും ആവശ്യപ്പെട്ട് 2019 ല്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയ സമയത്ത് കെയര്‍ടേക്കര്‍ ഗവണ്‍മെന്റിനെ നയിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി മുസ്തഫ അല്‍-കാദിമില്‍ നിന്നാണ് അദ്ധേഹം ചുമതലയേറ്റത്. ഷിയാ മുസ്‍ലിം മതപ്രഭാഷകന്‍ മുഖ്താദ അല്‍-സദര്‍ ഏറ്റവും വലിയ വിജയിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റ് വോട്ടെടുപ്പ് നടക്കുന്നത്. മുന്‍ പ്രധാനമന്ത്രി നൂറി അല്‍-മാലിക്കിയുടെ സഖ്യകക്ഷിയായതിനാല്‍ സുഡാനിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് സദര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില കാരണം ബാഗ്ദാദ് റെക്കോഡ് എണ്ണ വരുമാനം നേടുമ്പോഴും തൊഴിലവസരങ്ങള്‍ കുറയുകയും പൊതുസേവനങ്ങള്‍ കൂടുതല്‍ മോശപ്പെടുകയും ചെയ്യുന്നതാണ് ഇറാഖിലെ നിലവിലെ അവസ്ഥ. ഇതെല്ലാം മറികടക്കാനും രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കാനും പുതിയ സര്‍ക്കാറിന് സാധിക്കുമെന്ന് അഡ്വൈസറി കൌണ്‍സില്‍ ചെയര്‍മാന്‍ ഫര്‍ഹാദ് അലാവുദ്ദീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter