കൊറോണ പള്ളി നോക്കി നടക്കുകയാണോ?
കോവിഡിന്റെ രണ്ടാം തരംഗമാണ് പുതിയ ആശങ്കാ വിശേഷം. മൂർദ്ധന്യ സന്ധി കഴിഞ്ഞ് പതിയെ ആശങ്കകൾക്ക് അവധി നൽകിയ ഈ മഹാമാരി വീണ്ടും 'ശബ്ദ പ്രചാരണ'വുമായി വീട് കയറിത്തുടങ്ങിയിട്ടുണ്ട്. പ്രതിരോധ മാനദണ്ഡങ്ങളും നിയന്ത്രണ നിർദ്ദേശങ്ങളും കൂടുതൽ സജീവമായതോടെ പ്രാരംഭ സന്ധിയിലേതിന് സമാനമായ ഒരു കാലാവസ്ഥയെ മുന്നിൽ കാണുകയാണ് നമ്മൾ. അതിനിടയിൽ കോവിഡിനോളം പോന്ന മറ്റു ചില ആശങ്കകൾക്ക് കൂടി മരുന്ന് കണ്ടെത്തേണ്ട സ്ഥിതിയിലാണ് നാം.
പറഞ്ഞ് വരുന്നത് ആർക്കൊക്കെയാണ് ഏതൊക്കെ നിയന്ത്രണങ്ങളാണ് ബാധകമാവുന്നത് എന്ന കാര്യത്തിൽ അധികാരികൾ ഇപ്പോഴും സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ കുറിച്ചാണ്. തിരഞ്ഞെടുപ്പ് മഹാമഹങ്ങളും പൂര ഉത്സവാദികളും അരങ്ങേറുമ്പോൾ കൊറോണ വീട്ടിലിരിക്കുമെന്നും ആരാധനാലയങ്ങൾ വിശിഷ്യാ മുസ്ലിം പള്ളികൾ കണ്ടാൽ കൊറോണക്ക് ഭക്തി കേറുകയുമാവും എന്ന തരത്തിലാണ് പുതിയ നിയന്ത്രണങ്ങളുടെ പോക്ക്. കേസ് ലക്ഷം കടന്നതൊന്നും ബംഗാളിൽ ജനാധിപത്യം സംരക്കാൻ ലക്ഷങ്ങളെ തെരുവിലിറക്കുന്ന രാജ്യാധിപൻ അറിഞ്ഞിട്ടില്ലെന്നതവിടെയിരിക്കട്ടെ, രാജ്യത്തിന്റെ എകോണമിക്ക് ഭംഗം വരുമോ എന്ന ഭയം മൂലം പതിനായിരങ്ങൾ തടിച്ച് കൂടുന്ന കേരളത്തിലെ തന്നെ പൊതു സ്ഥാപനങ്ങൾ അടച്ചിടാൻ മടിക്കുമ്പോഴാണ് ആറാമതൊരാൾ കയറിയാൽ മലപ്പുറത്തെ പള്ളികളിൽ കൊറോണ വരുമെന്ന അയുക്തമായ തിട്ടൂരം. മറ്റൊരു ചിത്രം ഇതേക്കാൾ അപഹാസ്യമാണ്. വെറും 78 കിലോമീറ്റർ അപ്പുറത്ത് മേളപ്പെരുക്കം നടക്കുന്നതിന്റെ ലൈവിന് താഴെയാണ് മാധ്യമങ്ങൾ മലപ്പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്ത ഈ അപഹാസ്യ വാർത്ത ഒട്ടും പ്രതിഷേധമില്ലാതെ നൽകിയിരിക്കുന്നത്. തത്വത്തിൽ, കൊറോണയെ മതം കൂട്ടാനുള്ള ബോധപൂർവ്വമായ ശ്രമത്തിന് ചൂട്ട് പിടിക്കുകയാണ് എല്ലാവരും.
Also Read:മതം കൂടിയ കൊറോണയും 'മത'മില്ലാത്ത ആൾക്കൂട്ടങ്ങളും
ഇറക്കമുള്ളിടത്ത് മാത്രം പ്രതിരോധം തീർക്കുന്ന തടയണ തന്ത്രമാണ് കോവിഡിന്റെ കാര്യത്തിൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ചുറ്റ് നിന്നും എല്ലാവരും ചേർന്ന് എതിർത്ത് തോൽപ്പിക്കേണ്ടതാണ് ഇതെന്ന സാമാന്യ ബോധം ഇല്ലാഞ്ഞിട്ടല്ല, വഴങ്ങുമെന്നറിയുന്നവർക്ക് വില കൊടുക്കേണ്ടതില്ലെന്ന സാമൂഹ്യ നീചത്വം അറിഞ്ഞോ അറിയാതെയോ തികട്ടി വരുന്നതാണിത്. മതമെന്ന കാര്യമെവിടെ നിൽക്കട്ടെ, പ്രതിരോധം സൃഷ്ടിക്കുന്നുവെങ്കിൽ എല്ലാ കീഴ്വഴക്കവും മാറ്റി വെച്ച് സർവ്വ നിയന്ത്രണ ഭൂഷിതരായി ഒരിക്കൽ കൂടി കൊറോണയെ എതിരിടാൻ നമ്മൾ തയ്യാറാവണം. അല്ലെങ്കിൽ കൊറോണക്കൊപ്പം മുന്നോട്ട് പോവാനും. ഇത് രണ്ടുമല്ലാതെ, ഒരു ഭാഗം മാത്രം അടച്ചിടുന്നത് മതിലില്ലാതെ പടിവാതിൽ പണിയുന്നത്ര അപഹാസ്യമാണ് എന്ന് ആർക്കാണറിയാത്തത്?
Leave A Comment