ഭരണഘടനയാണ് ഇന്ത്യ.. അതൊരു കളിപ്പാട്ടമല്ല

ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും.”

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്. ആരുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ക്ക് ഇരയാവാതെ, സ്വേഛാധിപതികളുടെ കൈകളിലേക്ക് വീണ് പോകാതെ, വിവിധ മതങ്ങളിലും ആശയങ്ങളിലും വിശ്വസിക്കുന്നവരെല്ലാം വിവിധ പൂക്കളെപ്പോലെ ഒത്തുചേര്‍ന്ന് ലോകമാകെ സൌരഭ്യം പരത്താന്‍ ഭാരതത്തെ പാകമാക്കും വിധമാണ് ഇത് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ആമുഖം തന്നെ അത് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വിളിച്ചുപറയുന്നുണ്ട്. ഈ ഭരണഘടന അംഗീകരിച്ച് സ്വതന്ത്ര റിപബ്ലിക് ആയി നാം തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് 71 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 

ഇത്തരം ഒരു ഭരണ ഘടന ഇല്ലാത്തത് കൊണ്ടായിരിക്കാം നമ്മോടൊപ്പം സ്വാതന്ത്ര്യത്തിലേക്ക് ചുവട് വെച്ച അയല്‍ രാഷ്ട്രങ്ങളും സഹസ്രാബ്ദങ്ങളുടെ തന്നെ സമ്പന്നമായ ചരിത്രമുള്ള ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളുമെല്ലാം പലവുരു സ്വേഛാധിപതികളുടെ കറുത്ത കരങ്ങളിലേക്ക് വീണുപോയതും. 

അത് കൊണ്ട് തന്നെ, സ്വേഛാധിപതികളും തങ്ങളുടേതായ കുടില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രത്തെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കളും ഏറ്റവും ആദ്യം ഭയക്കുന്നത് ഈ ഭരണ ഘടനയെയാണ്. മേതതര രാജ്യമെന്ന ആശയത്തെ തന്നെ രഹസ്യമായും പരസ്യമായും എതിര്‍ക്കുന്ന ആര്‍.എസ്.എസ് അടക്കമുള്ള മത തീവ്രവാദികളും ഇത് തന്നെയാണ് ചെയ്യുന്നത്. 

അത്തരം ശക്തികള്‍ അധികാരം കൈയ്യാളുന്ന ഈ സാഹചര്യത്തില്‍ നാം എന്ത് വില കൊടുത്തും സംരക്ഷിക്കേണ്ടത് ഈ ഭരണഘടനയെത്തന്നെയാണ്. മറ്റെന്ത് നഷ്ടപ്പെട്ടാലും നമുക്ക് പിടിച്ച് നില്‍ക്കാനും നിയമപരമായി അതിനെതിരെ ശബ്ദിക്കാനും ലഭിക്കേണ്ട അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനുമെല്ലാം അവസരം നല്‍കുന്നത് ഈ ഭരണഘടനയാണ്. പൌരത്വനിയമവും ഭേദഗതിയുമെല്ലാം കൊണ്ടുവന്ന് ഏറ്റവും മൌലി അവകാശമായ പൌരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നിടത്ത് എത്തിയപ്പോഴും നാം അതിനെതിരെ ശബ്ദിച്ചത് ഈ ഭരണഘടനയുടെ പിന്‍ബലത്തിലായിരുന്നു.

ആയതിനാല്‍ ഈ റിപബ്ലിക് ദിനത്തില്‍ നമുക്ക് മനസ്സറിഞ്ഞ് ഉറക്കെ പറയാം, ഭീം റാവു അംബേദ്കര്‍, കെ.എം. മുന്‍ഷി, അല്ലാദി രാമകൃഷ്ണ അയ്യര്‍, മുഹമ്മദ് സഅ്ദുല്ല തുടങ്ങിയ രാജ്യസ്നേഹികളായ ഇന്ത്യയുടെ അഭിമാനപുത്രന്മാര്‍ ചേര്‍ന്നൊരുക്കിയ ഈ ഭരണഘടനയെ, ഇതിന്റെ മഹത്വമോ മൂല്യമോ തിരിച്ചറിയാന്‍ കഴിയാത്ത ഏതാനും പേരുടെ കൈകളിലെ കളിപ്പാട്ടമാവാന്‍ നാം അനുവദിക്കില്ലെന്ന്. അതിനെതിരെ നടത്തുന്ന ഓരോ ചലനങ്ങളും സാകൂതം വീക്ഷിക്കുന്ന, അതിനെ പ്രതിരോധിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇവിടെ എല്ലായ്പ്പോഴും ഉണ്ടെന്ന ബോധം തന്നെയാണ് അതിനാവശ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter