ശുഭ ചിന്തകളേ, സ്വാഗതം!
ദൈവ വിശ്വാസം മനുഷ്യന് സമ്മാനിക്കുന്ന ഏറ്റവും വലിയ ഗുണമെന്തെന്ന് ചോദിച്ചാൽ രണ്ട് വട്ടം ആലോചിക്കാതെ ശുഭാപ്തി വിശ്വാസമെന്ന് മറുപടി നൽകാം. തൻ്റെ മുകളിൽ, ചോദിക്കാനും പറയാനുമായി എന്തിനും കെൽപ്പും കരുത്തും ഉള്ള, എന്തും നൽകാനും തടയാനും കഴിവുള്ള ഒരു ശക്തിയുണ്ടെന്നറിയുമ്പോൾ ലഭിക്കുന്ന സുരക്ഷിതബോധം സ്വാഭാവികമാണല്ലോ.
ഈമാൻ (വിശ്വാസ ) കാര്യങ്ങളിൽ ആറാമത്തെ ഘടകം എല്ലാ നൻമയും തിൻമയും അല്ലാഹുവിൻ്റെ വിധിയനുസരിച്ചെന്നാണ്. ഇത്തരമൊരു വിധിവിശ്വാസം ഉറപ്പിച്ചു നീങ്ങുന്നവൻ ദുരിതം വന്നാൽ അമിതമായി ആകുലപ്പെടുകയോ നേട്ടമുണ്ടായാൽ അതിര് കടന്നു ആഹ്ലാദിക്കുകയോ ചെയ്യില്ല. അവൻ എപ്പോഴും മനസ്സിൻ്റെ ബാലൻസ് തെറ്റാതെ നിയന്ത്രിച്ചു നിർത്തും.
അന്ത്യ പ്രവാചകരു (സ)ടെ വാക്കുകളും പ്രവൃത്തികളുമെല്ലാം അനുയായികളിൽ ശുഭ ചിന്ത വളർത്തുകയും അവരെ പ്രതീക്ഷയോടെ കാര്യങ്ങളെ സമീപിക്കാൻ പഠിപ്പിക്കുകയും ചെയ്തു. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത, പരീക്ഷണങ്ങളിൽ പതറിപ്പോകാത്ത മനസ്സ് തിരുനബി(സ)യുടെ സവിശേഷതയായിരുന്നു. കൂടെയുള്ളവരിൽ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിൻ്റെയും വിത്തുകൾ മുളപ്പിച്ചെടുക്കാൻ കഴിയുന്ന നേതാവാണ് യഥാർത്ഥ നായകൻ. അത്തരമൊരു നായകൻ്റെ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന ഒരാളെ അന്വേഷിച്ചിറങ്ങുന്നവർ തിരുദൂതരു (സ) യുടെ ചാരത്താകും ചെന്നണയുക.
ശുഭവിശ്വാസികളാകണമെന്ന് മറ്റുള്ളവരെ ഉപദേശിക്കുക എളുപ്പമാണ്. എന്നാൽ സ്വന്തം അനുഭവങ്ങളിലൂടെ അത് പകർന്നു നൽകുകയാണ് പ്രധാനം. അതാണ് റസൂൽ കരീം(സ)ജീവിതത്തിൻ്റെ വിവിധ ദശാസന്ധികളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തത്. എറ്റവും പ്രതികൂല സാഹചര്യത്തിൽ നിന്ന് കൊണ്ട് ഭാവിയിൽ നേടാൻ പോകുന്ന അവിശ്വസനീയമായ നേട്ടങ്ങളിലേക്ക് അവരെ മാനസികമായി ആനയിക്കുകയും അതിന് മുന്നിൽ നിലവിലുള്ള പ്രശ്നങ്ങൾ വെറും നിസ്സാരമായി മാറുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കയായിരുന്നു നബി(സ). വെല്ലുവിളികളുടെ മുന്നിൽ നട്ടം തിരിയുന്നവനെ പ്രത്യാശയുടെ ശാദ്വല തീരത്തേക്ക് കൈപിടിച്ചു നയിക്കാൻ പോന്ന വാക്കുകളിലൂടെയും നീക്കങ്ങളിലൂടെയും തിരുനബി ഇടപെട്ടു.
പരസ്പരം കണ്ടുമുട്ടുമ്പോൾ കൈമാറുന്ന അഭിവാദന രീതിയിൽ നിന്ന് തന്നെ പ്രവാചകാധ്യാപനത്തിലെ ശുഭ ചിന്ത തുടങ്ങുന്നു. അപരന് രക്ഷയും ശാന്തിയും നേർന്നാണ് ബന്ധത്തിൻ്റെ ആരംഭം. അത് തന്നെ സർവശക്തനും സർവാധിപനുമായ സ്രഷ്ടാവിൻ്റെ പക്കൽ നിന്നുള്ള രക്ഷയും ശാന്തിയുമാകുമ്പോൾ പരമപ്രധാനമാണല്ലോ. നല്ല വാക്കുകൾ കേൾക്കുക, കേൾപ്പിക്കുക ആർക്കും മാനസികമായി ഏറെ ഉത്തേജനം നൽകുന്ന കാര്യമാണല്ലോ.
അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങൾക്കും വികല ചിന്തകൾക്കും അന്ത്യം കുറിച്ച നബി, നൻമയുടെയും ശുഭ ചിന്തകളുടെയും എല്ലാ വാതിലുകളും അവരുടെ മുന്നിൽ തുറന്നിട്ടു.
പക്ഷികൾ പറക്കുന്ന ദിശ നോക്കിയും മൃഗങ്ങളുടെ ശബ്ദവും സാന്നിധ്യവും നോക്കിയുമെല്ലാം ഭാഗ്യ- നിർഭാഗ്യങ്ങളും അപ/ശുഭ ശകുനങ്ങളും നിരീക്ഷിച്ചെടുത്തിരുന്നവരുടെ മുന്നിൽ നിന്ന് തിരുനബി പ്രഖ്യാപിച്ചു. 'പകർച്ചവ്യാധിയും പക്ഷി ശകുനവുമില്ല. പക്ഷെ, നല്ല 'ഫാൽ' എന്നെ ആകർഷിക്കുന്നു. അത് എന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങൾ കേൾക്കുന്ന നല്ല വാക്കുകൾ എന്നായിരുന്നു, തിരുനബിയുടെ വിശദീകരണം. (ബുഖാരി)
എല്ലാ നന്മയിലും തിരുനബി(സ) ശുഭ ശകുനം കണ്ടു. പുഞ്ചിരി പോലും ശുഭലക്ഷണമാണ്. അത് കൊണ്ടാണ് സഹോദരൻ്റെ മുഖത്ത് പുഞ്ചിരിക്കുക ദാനമാണെന്ന് പഠിപ്പിച്ചത്. രോഗിയെ സന്ദർശിച്ചു അയാളിൽ പ്രത്യാശ ജനിപ്പിക്കുന്ന ആശംസകൾ നേരുക. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ നല്ല വാക്ക് കൊണ്ടെങ്കിലും ആശ്വാസം പകരുക. പരീക്ഷയോ പരീക്ഷണങ്ങളോ നേരിടുന്നവർക്ക് നല്ല ആശംസാ വചനങ്ങൾ കേൾപ്പിച്ചു കരുത്ത് പകരുക, ഇതെല്ലാം റസൂൽ കരീം (സ) പഠിപ്പിച്ച നല്ല ശീലങ്ങളാണ്.
Also Read:നമ്മുടെ ജീവിതം അർത്ഥവത്താകണം...
മദീനാ പലായന വേളയിൽ ശ്രത്രുക്കൾ വീട് വളഞ്ഞപ്പോൾ അവരിൽ നിന്ന് രക്ഷ നേടാനായി വഴിയിൽ സൗർ ഗുഹയിൽ അഭയം തേടിയിരുന്നു. അവിടെ അകത്ത് രണ്ട് പേർ മാത്രം. പുറത്ത് ഇവരെ തിരഞ്ഞ് നടക്കുന്ന എതിരാളികളുടെ കാൽപ്പെരുമാറ്റം. അവരുടെ ശ്രദ്ധയിൽ പെട്ടാൽ കഥ കഴിഞ്ഞത് തന്നെ. സിദ്ദീഖ് (റ) ഉൽകണ്ഠാകുലനായി കാര്യം ഉണർത്തുന്നു. ശാന്തചിത്തനായി തിരുനബി(സ)യുടെ മറുപടി. 'വിഷമിക്കണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്. ' ആ വാക്കിൽ സഹചാരിയുടെ മനസ്സിലെ കടലിരമ്പം അടങ്ങി.
അവിടെ നിന്ന് പുറത്ത് വന്നു യാത്ര തുടരുന്നതിനിടയിൽ ശത്രുക്കൾ പ്രഖ്യാപിച്ച സമ്മാനം മോഹിച്ചു ഇരുവരേയും വധിക്കാൻ സുറാഖത് ബിൻ മാലിക് അടുത്ത് വരുന്നു. ഉദ്ദിഷ്ട കാര്യം സാധിക്കാതെ റസൂൽ(സ) നൽകിയ ഉറപ്പിൽ തിരിച്ചു പോകുമ്പോൾ പറഞ്ഞ വാക്ക് സുറാഖ, കിസ് റാ ചക്രവർത്തിയുടെ രണ്ട് വളകളും അരപ്പട്ടയും കിരീടവും നിങ്ങൾ അണിഞ്ഞാൽ എങ്ങനെയിരിക്കും?
'ഹോർമുസിലെ കിസ്റ)യുടെതോ?'
'അതെ.'
ഇത് പറയുന്നത് സ്വന്തം ജൻമദേശത്ത് ജീവിതം ദു:സഹമായി മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യുന്ന വേളയിലാണെന്നോർക്കണം.
പിന്നീട് അത് പുലർന്നു. ഉമർ(റ) ഭരണകാലത്താണ് അതുണ്ടായത്. പറഞ്ഞത് പോലെ ഉമർ(റ) ആ ആഭരണങ്ങൾ സുറാഖയെ അണിയിച്ചു.
അഹ്സാബ് യുദ്ധവേള. കടുത്ത ക്ഷാമവും പട്ടിണിയും നിറഞ്ഞ പരീക്ഷണങ്ങളുടെ ഘട്ടം. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഖന്തഖ് (കിടങ്ങ്) കുഴിക്കുകയാണ്. വിശപ്പ് കാരണം പലരും വയറ്റത്ത് കല്ല് വച്ചുകെട്ടിയിരിക്കുന്നു. തിരു നബി വയറ്റിൽ രണ്ട് കല്ല് വച്ച് കെട്ടിയിട്ടുണ്ട്. കിടങ്ങ് കുഴിക്കുന്നതിനിടെ ഉറപ്പുള്ള പാറ പ്രതിബന്ധം സൃഷ്ടിച്ചു. അനങ്ങുന്നില്ല. തിരുദൂതർ പിക്കാസ് കയ്യിലെടുത്ത് പാറയിൽ ആഞ്ഞ് വെട്ടി. ഒന്നാമത്തെ വെട്ടിൽ പാറ അൽപ്പം ഇളകി.
മിന്നൽ പാറിയപ്പോൾ പറഞ്ഞു - 'അല്ലാഹു അക്ബർ, എനിക്ക് സിറിയയുടെ താക്കോൽ നൽകപ്പെട്ടു. അവിടത്തെ ചുവന്ന കൊട്ടാരങ്ങൾ ഞാൻ ഇപ്പോൾ കാണുന്നു.
രണ്ടാമത്തെ വെട്ടിൽ കുറച്ചു കൂടി ഇളക്കം വന്നു. 'അല്ലാഹു അക്ബർ, പേർഷ്യയുടെ താക്കോലുകൾ എനിക്ക് ലഭിച്ചു. അവിടത്തെ വെള്ള കൊട്ടാരങ്ങൾ എനിക്കിപ്പോൾ കാണാം.'
മൂന്നാമത്തെ വെട്ടിൽ പാറ പൊട്ടിച്ചിതറി. അന്നേരം തിരുനബി:
'അല്ലാഹു അക്ബർ, യമനിലെ കൊട്ടാരങ്ങൾ എനിക്ക് നൽകപ്പെട്ടു. അവിടെയുള്ള സൻആയിലെ വാതിലുകൾ എനിക്കിപ്പോൾ കാണാം.'
അന്ന് തികച്ചും പ്രതികൂലമായ അന്തരീക്ഷത്തിൽ അനുയായികളിൽ പ്രതീക്ഷയുടെ മിന്നൽ പിണറായി വന്ന ആ വാക്കുകൾ പിന്നീട് പുലർന്നുവെന്നത് ചരിത്രം.
പേരിലെന്തിരിക്കുന്നുവെന്ന് ഷേക്സ്പിയറിൻ്റെ കഥാപാത്രം ചോദിച്ചത് പലരും വലിയ കാര്യമായി എടുത്തുദ്ധരിക്കാറുണ്ട്. എന്നാൽ പേരിൽ പലതും ഉണ്ടെന്ന പാഠമാണ് തിരുനബി(സ) നൽകിയത്. പ്രസവിച്ചാൽ കുട്ടിക്ക് നല്ല പേർ നൽകുക ശുഭസൂചനയായി തിരുനബി കണ്ടു. ഒരാൾക്ക് ലഭിക്കുന്ന നല്ല പേര് അയാളിൽ ശുഭ ചിന്തയും ആത്മവിശ്വാസവും വർധിപ്പിക്കുമെന്ന് മാത്രമല്ല, നല്ല പേരുകാരെ സ്വീകരിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി പ്രത്യാശയുടെ ഊർജം ലഭിക്കുമെന്ന് അവിടന്ന് സൂചിപ്പിച്ചു.
ആധുനിക മന:ശാസ്ത്രജ്ഞർ ഇപ്പോൾ സ്ഥിരീകരിച്ച ഇക്കാര്യം അന്ത്യപ്രവാചകൻ (സ)14 നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കണ്ടെത്തി പ്രയോഗത്തിൽ വരുത്തിയിരുന്നു. ഹുദൈബിയ്യ സന്ധിയുമായി ബന്ധപ്പെട്ടു നിർണായക നീക്കങ്ങൾ നടക്കുന്ന വേളയിൽ ശത്രു പക്ഷത്ത് നിന്ന് ചർച്ച നടത്താൻ പ്രതിനിധിയായി വന്ന ആളുടെ പേര് സുഹൈൽ എന്ന് കേട്ടപ്പോൾ നമ്മുടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് (സുഹൈൽ എന്ന വാക്കിൻ്റെ അർത്ഥം ) നിരീക്ഷിച്ച നബി.
ഹിജ്റയുടെ അന്ത്യഘട്ടത്തിൽ നബി(സ) യേയും സഹചാരിയായ സിദ്ദീഖി (റ)നേയും വകവരുത്താനായി ഖുറൈശികളുടെ അച്ചാരം പ്രതീക്ഷിച്ചു 70 പേരടങ്ങിയ സംഘം അടുത്തെത്തിയപ്പോൾ കുശലാന്വേഷണത്തിൻ്റെ ഭാഗമായി തലവൻ്റെ പേര് ചോദിച്ചു. ബുറൈദയെന്ന് കേട്ടപ്പോൾ ( ബർദ് എന്നാൽ കുളിര് എന്നാണ് അർത്ഥം) തിരുനബി, സിദ്ദീഖിനോട് അടക്കം പറഞ്ഞു - നമ്മുടെ കാര്യം കുളിരണിഞ്ഞു. ഏത് ഗോത്രമാണെന്ന് ചോദിച്ചപ്പോൾ അസ് ലമി (സലിമ എന്നാൽ രക്ഷപ്പെട്ടു എന്നാണർത്ഥം) എന്ന ഉത്തരം കേട്ടതോടെ നമ്മൾ രക്ഷപ്പെട്ടുവെന്നായി റസൂൽ.
ഇങ്ങനെ നിരവധി സംഭവങ്ങളിൽ ആളുകളുടെയും സ്ഥലങ്ങളുടെയും ഗോത്രങ്ങളുടെയും പേരിൽ വരെ ശുഭസൂചന കണ്ട തിരുനബി ദു:ശകുനം കുറിക്കുന്ന പേരു കളെ മാറ്റിയ സംഭവങ്ങളും ധാരാളം. മുത്വീഅ ബിൻത് നു അമാൻ അൽ അൻസാരിയ്യയുടെ പഴയ പേര് ആസ്വിയ (ധിക്കരിക്കുന്നവൾ ) അത് മാറ്റി മുത്വീഅ (അനുസരിക്കുന്നവൾ ) നബി നൽകുകയായിരുന്നു. ഒരാളുടെ പേർ കിടക്കുന്നവൻ എന്നർത്ഥമുള്ള മുദ് ത്വജീ എന്ന് കേട്ടപ്പോൾ അത് മാറ്റി മുൻബയിസ് ( ഉണർന്നെഴുന്നേൽക്കുന്നവൻ) എന്ന് നിർദേശിച്ചു. കുറഞ്ഞതിൻ്റെ അർത്ഥമുള്ള പേര് മാറ്റി കൂടുതൽ എന്ന അർത്ഥ ധ്വനിയുള്ള പേര് നൽകിയതും കാണാം. സുബൈഹ് ബിൻ സഈദ് അൽ മദനിയുടെ ഉമ്മയുടെ പേര് ഇനബ (ഒറ്റ മുന്തിരി ) എന്നായിരുന്നു. പകരം റസൂൽ നിർദേശിച്ച പേർ ഉൻ ഖൂദ ( മുന്തിരിക്കുല) എന്നായിരുന്നു.
ഹർബ് (യുദ്ധം) എന്ന പേര് മാറ്റി സിൽമ് (സന്ധി) എന്ന് നൽകിയതും ചരിത്രം. മദീനയുടെ പഴയ പേര് 'യത് രിബ് ' എന്നായിരുന്നു. അതിന് കുറ്റം, ആക്ഷേപം എന്നീ അർത്ഥമുണ്ട്. അത് മാറ്റി ത്വൈബ, ത്വാബ എന്നീ പേരുകൾ നൽകി. പക്ഷെ, പ്രദേശം അറിയപ്പെട്ടത് നബിയുടെ നഗരം എന്ന അർത്ഥത്തിൽ മദീന തുർ റസൂൽ എന്നാണ്.
ഓരോരുത്തർക്ക് നൽകുന്ന ഓമനപ്പേരിലും സ്ഥാനപ്പേരിലും വരെ കേൾക്കുമ്പോൾ അവർക്കും മറ്റുള്ളവർക്കും ഇമ്പവും ഉത്തേജനവും ലഭിക്കണമെന്ന് തിരുനബി ഉദ്ദേശിച്ചു. അബൂബക്റി (റ) ന് സ്വിദ്ദീഖ് എന്നും ഉമറി(റ)ന് ഫാറൂഖ് എന്നും ഹംസ (റ) യ്ക്ക് അസദുല്ലാഹ് എന്നും ഖാലിദി(റ)ന് സൈഫുല്ലാഹ് എന്നും അത് പോലെ അനേകം പേരുകളിൽ ആ ശുഭസൂചന പ്രകടമാണ്.
അംറ് ബ് നി ഹിശാം എന്ന ഖുറൈശി പ്രമാണി തിരുനബിയുടെ കൊടിയ ശത്രു. അദ്ദേഹം അറിയപ്പെട്ടത് അബുൽ ഹകം ( ന്യായയുക്തൻ) എന്നാണ്. റസൂൽ അതിന് പകരം അബൂജഹ് ല് (വിവരദോഷി )എന്ന പേര് പ്രയോഗിച്ചു. പിന്നീട് മുസ് ലിംകൾക്കിടയിൽ അബൂജഹ് ല് എന്ന പേരിനാണ് പ്രചാരം ലഭിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ ഇക്രിമ ഇസ് ലാം സ്വീകരിച്ചപ്പോൾ പിതാവിനെ അബൂജഹ് ൽ എന്ന് വിളിക്കുന്നതിനെ തിരുനബി വിലക്കി. കാരണം അത് കേട്ട് മുസ് ലിമായ മകൻ്റെ വികാരം വ്രണപ്പെടരുത് ! എന്തൊരു കരുതലാണെന്ന് നോക്കൂ.
Leave A Comment