നമ്മുടെ ജീവിതം അർത്ഥവത്താകണം...
മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുനോവലുകളിൽ മുൻനിരയിൽ നിൽക്കുന്നതാണ് "കേശവദേവിന്റെ ഓടയിൽ നിന്ന്" എന്ന കൃതി.
അതിൽ നമുക്ക് കാണാം പപ്പു എന്ന കഥാപാത്രത്തിൻ്റെ ജീവിതത്തെ.
പപ്പു എന്ന റിക്ഷാ വലിക്കാരൻ ലക്ഷ്മി എന്ന പെൺകുട്ടിയെ വളർത്തി വലുതാക്കി ഉന്നതമായ നിലയിൽ എത്തിക്കുകയാണ്. പപ്പുവിന്റെ ജീവിതലക്ഷ്യം തന്നെ അതായിരുന്നു.
അതിനു വേണ്ടി തൻ്റെ കഴിവിലും കൂടുതൽ കഷ്ടപ്പെട്ട് അയാൾ പണിയെടുക്കുന്നു. അങ്ങനെ പണിയെടുത്ത് ഒരു ക്ഷയ രോഗിയായി മാറുന്നു.
എന്നാൽ നല്ല നിലയിലെത്തി കഴിഞ്ഞപ്പോൾ ലക്ഷ്മിയ്ക്കും അമ്മയ്ക്കും പപ്പുവിനെ പുച്ഛമായി.
അയാളോട് വെറുപ്പായി. പപ്പുവാകട്ടെ ആവശ്യത്തിലേറെ കഷ്ടപ്പെട്ട്,
അല്ലേൽ തന്റെ കഴിവിലും ഏറെ കഷ്ടപ്പെട്ട്,
ചുമച്ച് ചുമച്ച് ക്ഷയ രോഗം മൂർച്ഛിച്ച് എരിഞ്ഞ് എരിഞ്ഞു തീരുകയാണ്.
ചിലപ്പോഴൊക്കെ കേശവദേവിന്റെ ഈ ഭാവന കഥാപാത്രങ്ങളെ വെല്ലുന്ന രീതിയിലുള്ള മനുഷ്യരെ നമ്മുടെ ഇടയിലും നമുക്ക് കാണാൻ സാധിക്കും.
Also Read:പ്രതീക്ഷ കൈവിടരുതൊരിക്കലും...
അതായത് സ്വന്തം അച്ഛനമ്മമാരോടും അവരുടെ പഴഞ്ചൻ രീതികളോടുമൊക്കെ ഒത്തിരിയേറെ വെറുപ്പ് സൂക്ഷിക്കുന്ന, അതിനെ ദേഷ്യത്തോടെ മാത്രം കാണുന്ന പുതുതലമുറയിൽ പെട്ട ധാരാളം ചെറുപ്പക്കാർ നമുക്ക് ചുറ്റും ഉണ്ടാകും.
ഉന്നത ബിരുദങ്ങൾ നേടിയതു കൊണ്ടോ, വിദേശത്ത് ലക്ഷങ്ങൾ സമ്പാദിച്ചതു കൊണ്ടോ വിവേകം ഉണ്ടാകണമെന്നില്ല.
പ്രിയമുള്ളവരെ,
ദാരിദ്ര്യം ഒരിക്കലും ഒരു കുറ്റമല്ല...
അന്തസ്സോടെ പണിയെടുത്ത് അവനവന്റെ കുടുംബം പോറ്റുന്ന മാതാപിതാക്കളെ ഓർത്ത് നമുക്കാർക്കും നാണമോ അപമാനമോ തോന്നേണ്ടതില്ല.
സ്വന്തം മുണ്ട് മുറുക്കിയുടുത്ത് കഷ്ടതകളേറെ സഹിച്ച് മക്കളെ വളർത്തി വലുതാക്കുന്ന മാതാപിതാക്കൾ അവരുടെ ത്യാഗത്തെക്കുറിച്ച് ഒരിക്കലും ഒരു കാലത്തും വിളിച്ചു പറഞ്ഞെന്നു വരില്ല.
പക്ഷേ, മക്കൾ ആ ത്യാഗത്തെ തിരിച്ചറിയണം.
നന്ദി, നന്ദികേട് എന്നീ വാക്കുകളൊന്നും അച്ഛനമ്മമാരുടെ കാര്യത്തിൽ തീരെ പ്രസക്തവും അല്ല. എങ്കിലും ഏണി കേറി മുകളിൽ ചെന്ന് കഴിയുമ്പോൾ ഏണി പിറകോട്ട് തള്ളിക്കളയുന്നത് ഒരുതരം നന്ദികേട് തന്നെയാണ്.
നന്ദികേട് എന്ന് പറയുന്നത് പ്രതികാരത്തെക്കാൾ നിന്ദ്യമായ ഒരു വികാരമാണെന്ന് പലപ്പോഴും പണ്ഡിതൻമാർ പറയാറുണ്ട്.
തിന്മയ്ക്കു പകരം തിന്മ ചെയ്യുന്നതാണ് പ്രതികാരം.
നന്മയ്ക്കു പകരം തിന്മ ചെയ്യുന്നതാണ് നന്ദികേട്.
നമ്മുടെ ജീവിതത്തിൽ ഒരാളോടും ഒരിക്കലും നന്ദികേടോ, പ്രതികാരമോ കാട്ടാൻ പാടില്ല. പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കളോട്...
ചെറിയ ഉപകാരങ്ങൾ, ചെറിയ സഹായങ്ങൾ അതെത്ര നിസ്സാരമായതാവട്ടെ... അത് ചെയ്തവരെ പോലും നന്ദിയോടെ ഓർക്കാൻ നമുക്ക് എന്നും സാധിക്കട്ടെ.
അതിലായിരിക്കട്ടെ നമ്മുടെ ജീവിതത്തിന്റെ സ്വഭാവത്തിന്റെ മഹത്വം.
നൻമകൾ നേരുന്നു..
(സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം
മുജീബുല്ല KM
www.cigii.org)
Leave A Comment