ഖോജ അഹ്മദ് യസവി : തുർക്കിക് സൂഫിധാരയുടെ അതികായന്‍
ഇന്നത്തെ കസാക്കിസ്ഥാനിൽ ജീവിച്ചിരുന്ന ഒരു തുർക്കി സൂഫി നേതാവും കവിയുമായിരുന്നു ഖോജ അഹ്മദ് യസവി (1093-1166). തുർക്കീ ഭാഷയിൽ കവിതകൾ രചിച്ച പ്രാചീന തുർക്കി കവി കൂടിയാണ് അദ്ദേഹം.
ഇസ്‍ലാമിക മിസ്റ്റിസിസം, ഷാമനിസം, ആദ്യകാല തുർക്കി സാംസ്കാരിക പാരമ്പര്യങ്ങൾ എന്നിവയെ സംയോജിപ്പിച്ച് കൊണ്ട് യെസവിയ എന്ന് വിളിക്കുന്ന ആദ്യത്തെ തുർക്കി സൂഫി ധാര സ്ഥാപിച്ചത് അദ്ദേഹമാണ്. പടിഞ്ഞാറൻ, മധ്യേഷ്യ എന്നിവിടങ്ങളിലെ തുർക്കി സംസാരിക്കുന്ന പ്രദേശങ്ങളിലേക്ക് ദ്രുതഗതിയിൽ ഈ മാർഗ്ഗം വ്യാപിക്കുകയുണ്ടായി. ജനകീയ മിസ്റ്റിസിസത്തിന്റെ അമരക്കാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഒരു സൂഫി മിസ്റ്റിക്കായി ജനിച്ച് ഒരു പ്രാദേശിക ആത്മീയ നേതാവായി വളർന്ന യസവി നിരവധി പ്രമുഖ അറബ്, സെൻട്രൽ ഏഷ്യൻ ഇസ്‍ലാമിക പണ്ഡിതർക്കൊപ്പം ബുഖാറയിൽ സൂഫി ഇസ്‍ലാം പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ കവിതകൾ മധ്യേഷ്യൻ സാഹിത്യ, നാടോടി പാരമ്പര്യങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. തെക്കൻ കസാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന യസവിയുടെ വാസ്തുവിദ്യാപരമായ വിപുലമായ മഖ്ബറ ദേശീയ കസാഖ് സ്വത്വത്തിന്റെ പ്രതീകമായി ഉയർന്നുവരുകയും ഒരു തീർത്ഥാടന കേന്ദ്രമായി നിലകൊള്ളുകയും ചെയ്യുന്നു.
ആത്മീയ സാമീപ്യത്തിലേക്കുള്ള ചുവടുവെപ്പ്
ഏഴാം വയസ്സിൽ പിതാവ് ഷെയ്ഖ് ഇബ്രാഹിമിന്റെ വേർപാടോടെ അനാഥനായ അദ്ദേഹം മറ്റൊരു ആത്മീയ പിതാവായ അർസലാൻ ബാബയുടെ തണലിലാണ് വളർന്നത്. ഏഴാം വയസ്സിൽ തന്നെ അഹ്മദ് യസവി ആത്മീയതയുടെ വിഹായസുകളിലേക്ക് മുന്നേറിക്കഴിഞ്ഞിരുന്നു. തുടർന്ന് അർസലാൻ ബാബയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വായത്തമാക്കിയ അദ്ദേഹം ആ രംഗത്ത് ഏറെ മുന്നേറുകയും എല്ലാ ദേശങ്ങളിലും പ്രശസ്തി നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവ് ഷെയ്ഖ് ഇബ്രാഹിം നേരത്തെ ആ പ്രദേശങ്ങളില്‍ പ്രശസ്തനായിരുന്നു. കൂടാതെ നിരവധി ഐതിഹ്യങ്ങളും അദ്ദേഹത്തെക്കുറിച്ച് ലിഖിതമായിരുന്നു. തൽഫലമായി ശാന്തനും നിസ്സംഗനുമായ ഈ ബാലൻ ആത്മീയമായി സുപ്രധാന സ്ഥാനം വഹിക്കുമെന്ന് നേരത്തെ പലരും തിരിച്ചറിഞ്ഞിരുന്നു.
അഹമ്മദ് യസവി പിന്നീട് ബുഖാറയിലേക്ക് താമസം മാറുകയും പ്രസിദ്ധനായ യൂസുഫ് ഹമദാനിയുടെ വഴി പിന്തുടരുകയും ചെയ്തു. മധ്യേഷ്യയിലുടനീളം ഇസ്‌ലാം പ്രചരിപ്പിക്കാൻ യസവി ഗണ്യമായ ശ്രമങ്ങൾ നടത്തി. ഈ പ്രദേശങ്ങളിലെല്ലാം ധാരാളം വിദ്യാർത്ഥികൾ വളർന്നു വരുകയും ചെയ്തു. യസവിയുടെ കവിതകൾ മധ്യേഷ്യൻ തുർക്കിക് സാഹിത്യത്തിൽ മതപരമായ നാടോടി കവിതകളുടെ ഒരു പുതിയ ശൈലി സൃഷ്ടിക്കുകയും വിവിധ രാജ്യങ്ങളിലെ നിരവധി കവികളെ സ്വാധീനിക്കുകയും ചെയ്തു. യാസി നഗരത്തെ കസാഖ് നൃത്തത്തിന്റെ പ്രധാന പഠന കേന്ദ്രമാക്കി മാറ്റിയതും യസവി തന്നെയായിരുന്നു.
ഇലാഹിലേക്കുള്ള മടക്കം
63-ാം വയസ്സിൽ പ്രവാചക വചനങ്ങളെ ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായി ധ്യാനജീവിതം തിരഞ്ഞെടുത്ത അദ്ദേഹം സ്വയം ഒരു ഖബറിടം കുഴിക്കുകയും അവിടെ തന്റെ ശിഷ്ട കാലം ചെലവഴിക്കുകയുമായിരുന്നു. തുർക്കി പണ്ഡിതനായ ഹസൻ ബസ്‍രി കാന്തയ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് "മഹാനായ സൂഫി കവിയായ റൂമിയെ കോനിയയിലേക്ക് കൊണ്ടുവന്നത് ഒരു സെൽജൂക്ക് രാജാവായിരുന്നു. സെൽജൂക്കിന്റെ കാലത്താണ് മറ്റൊരു മഹാനും സൂഫിയുമായ അഹ്മദ് യെസവി ജീവിക്കുകയും അധ്യാപനം നടത്തുകയും ചെയ്തത്."
തുർക്കിസ്ഥാനിലെ ടമെർലെയ്നിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പിന്നീട് ഒരു മഖ്ബറ നിർമ്മിക്കപ്പെട്ടു. അദ്ദേഹം സ്ഥാപിച്ച യസവിയ്യ ത്വരീഖത്ത് പിന്നീട് നിരവധി നൂറ്റാണ്ടുകളോളം സ്വാധീനം ചെലുത്തി. 19-ആം നൂറ്റാണ്ട് വരെ ബുഖാറയിലെ കൊട്ടാരങ്ങളിൽ യസവി സയ്യിദ് അത്താ ശൈഖുകൾ പ്രമുഖ സ്ഥാനം വഹിച്ചിരുന്നു. മറ്റ് സൂഫി ക്രമങ്ങളെ അപേക്ഷിച്ച് യസവിയ്യ സൂഫികളിൽ ഏറ്റവും കൂടുതൽ ഷാമനിസ്റ്റിക് ഘടകങ്ങൾ കാണാം.
ആദ്യത്തെ കസാഖ്-ടർക്കിഷ് സർവ്വകലാശാല, അഹ്മദ് യെസവി യൂണിവേഴ്സിറ്റി, ലൈസിയം, ഹോക്ക അഹമ്മദ് യെസവി ലിസെസി എന്നിവ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട സ്ഥാപനങ്ങളാണ്.
നഖ്ശബന്ദി സൂഫി ഇദ്‍രീസ് ഷാ തന്റെ "ദ ബുക്ക് ഓഫ് ദ ബുക്ക്" എന്ന കൃതിയിൽ അഹമ്മദ് യസവിയുടെ വംശപരമ്പരയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇന്ന് യസവി സൂഫികൾ കാശ്മീരിന്റെ പല ഭാഗങ്ങളിലും അധിവസിക്കുന്നുണ്ട്. ഹസ്‍റത് അമീർ-ഇ-കബീർ മിർ സയ്യിദ് അലി ഹംദാനിക്കൊപ്പം തുർക്കിസ്ഥാനിൽ നിന്ന് സിൽക്ക് റൂട്ട് വഴിയാണ് ഇവർ ഇന്ത്യയിലെത്തിയത്. കശ്മീരിലെ യസവി കുടുംബത്തിലെ മൂത്ത അംഗമായ പീർസാദ മുഹമ്മദ് ഷാഫി യസവി എഴുതിയ "സിൽസിലേ യസവി" എന്ന പുസ്തകത്തിൽ യസവി ധാരയുടെ ചരിത്ര പശ്ചാത്തലം ദർശിക്കാവുന്നതാണ്. ഉറുദു ഭാഷയിലാണ് ഈ പുസ്തകം വിരചിതമായിരിക്കുന്നത്.
Leave A Comment